21 Sunday
July 2024
2024 July 21
1446 Mouharrem 14

വികലമായ ആശയങ്ങള്‍ തൗഹീദിനെ ഇല്ലാതാക്കുന്നു

ഡോ. സുഹൈര്‍ അബ്ദുറഹ്മാന്‍ / വിവ. റാഫിദ് ചെറവന്നൂര്‍


മിക്ക ലിബറല്‍ സമൂഹങ്ങളിലും, ഒരു കാര്യം ശരിയോ തെറ്റോ എന്നു തീരുമാനിക്കുന്നതിന്റെ നിയമാനുസൃതമായ മാനദണ്ഡം ഹാം പ്രിന്‍സിപ്പിളാണ്. അതിനാല്‍ തന്നെ ഒരാള്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍ പോലും വ്യക്തമായ ദ്രോഹത്തിന്റെ (ഹാമിന്റെ) അഭാവത്തില്‍ കുറ്റവാളി പലപ്പോഴും ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. വ്യക്തമായ ദോഷങ്ങളില്ലാത്ത പല അനാചാരങ്ങളും ഇങ്ങനെയൊരു നിയമവ്യവസ്ഥയില്‍ തിന്മയായി അംഗീകരിക്കപ്പെടുന്നില്ല.
എന്താണ് ദ്രോഹം എന്ന ചോദ്യം കേവലം ഭൗതിക ലോകത്ത് മാത്രം ഒതുങ്ങിനിന്ന് വിശദീകരിക്കാവുന്നതല്ല. മനുഷ്യരുടെ മനസ്സിലും ആത്മാവിലും കൂടാതെ മരണാനന്തര ജീവിതത്തിലും അനുഭവിക്കേണ്ടിവരുന്ന ദ്രോഹങ്ങളും ദോഷങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വ്യാഖ്യാനം ഇവിടെ അനിവാര്യമാണ്. ഇതുപോലെ ശിര്‍ക്കില്‍ നിന്ന് ഉണ്ടാകുന്ന വിവിധ ദോഷങ്ങള്‍ മനഃശാസ്ത്രപരം, ബൗദ്ധികം, സാമൂഹികം എന്നിങ്ങനെ പല തലങ്ങളിലുള്ളതായി കാണാം. എന്നിരുന്നാലും, ആ ദ്രോഹങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് നാം ആത്യന്തികമായ ദോഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. അത് മരണാനന്തര ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന വലിയ നഷ്ടമാണ്.
മരണാനന്തര ജീവിതം
ശിര്‍ക്ക് ചെയ്യുന്ന ആളുകള്‍ക്ക് ഈ ലോകത്ത് അതിന്റെ എല്ലാ ദോഷകരമായ അനന്തര ഫലങ്ങളും അനുഭവപ്പെടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മദ്യം കഴിക്കുന്ന എല്ലാവരും ആസക്തിയുള്ളവരോ ജീവിതം ലഹരിക്ക് അടിപ്പെട്ടവരോ ആയിരിക്കണമെന്നില്ല. അല്ലെങ്കില്‍ എല്ലാ മദ്യപാനികളുടെയും അന്ത്യം ലിവര്‍ സിറോസിസ്, ന്യൂറോപതി, എന്‍സെഫലോപതി മുതലായവ ബാധിച്ചാവണമെന്നില്ല. അതുപോലെ, സിഗരറ്റ് വലിക്കുന്ന എല്ലാവര്‍ക്കും ശ്വാസകോശ അര്‍ബുദം, എംഫിസിമ അല്ലെങ്കില്‍ ഹൃദയാഘാതം എന്നിവ ഉണ്ടാകില്ല. അതുപോലെ, വിഗ്രഹാരാധനയോ മറ്റു രൂപത്തിലുള്ള ശിര്‍ക്കോ ഒന്നും ഈ ജീവിതത്തില്‍ തന്നെ വലിയ ദോഷങ്ങളിലേക്ക് നയിക്കണമെന്നില്ല. എന്നാല്‍ തീര്‍ച്ചയായും മരണാനന്തര ജീവിതത്തില്‍ ശിര്‍ക്ക് ജീവിതത്തില്‍ വന്നുപോയ ഒരാള്‍ വലിയ നഷ്ടത്തിലായിരിക്കും.
അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രേ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിലാവുകയും ചെയ്യും” (39:65). ”നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട് ) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍” (28:64).
ശിര്‍ക്ക് മൂലമുള്ള ദോഷങ്ങള്‍ ഈ ലോകത്ത് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ വലുതാണ്. അതിനാല്‍ ‘ദ്രോഹ തത്വ’ത്തിന്റെ (ഹാം പ്രിന്‍സിപ്പിള്‍) അടിസ്ഥാനത്തില്‍ ആണെങ്കില്‍ പോലും ശിര്‍ക്ക് ഒരു വലിയ തിന്മയായി കണക്കാക്കാം. അല്ലാഹു പറയുന്നു: ”അല്ലാഹു അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷേ, അവര്‍ അവരോടു തന്നെ അക്രമം ചെയ്യുകയായിരുന്നു” (16:33). മാത്രവുമല്ല, ശിര്‍ക്ക് ചെയ്യുന്ന ഒരാള്‍ മറ്റാര്‍ക്കും നേരിട്ട് ദോഷം വരുത്തിയിരിക്കണമെന്നില്ല. എന്നാല്‍ അത് ആത്യന്തികമായി പ്രയാസത്തിലാക്കുന്നത് ശിര്‍ക്ക് ചെയ്യുന്ന ആളെത്തന്നെയാണ്. അതിനാല്‍ തന്നെ ഇതിനെ ആത്മനാശത്തിന്റെ (സെല്‍ഫ് ഹാം) ഗണത്തില്‍ പെടുത്താം.
മരണാനന്തര ജീവിതത്തില്‍ ശിര്‍ക്ക് കൊണ്ടുണ്ടാവുന്ന വലിയ ദോഷങ്ങളെക്കുറിച്ച് ഇബ്‌നുല്‍ ഖയ്യിം വിവരിക്കുന്നുണ്ട്: ”നമ്മുടെ ആത്മാക്കളെ വിലക്കെടുക്കുന്നുവെന്ന് അല്ലാഹു പറഞ്ഞപ്പോള്‍, ചരക്കിന്റെ മൂല്യം വാങ്ങുന്നവന്റെ നിലയും വിലയുമായി പരസ്പരബന്ധിതമാണെന്ന് നാം മനസ്സിലാക്കണം. നമ്മള്‍ അല്ലാഹുവിന്റെ അടുത്ത് വലിയ മൂല്യമുള്ളവരാണെന്നര്‍ഥം. അല്ലാഹു നമുക്ക് നല്‍കുന്ന മൂല്യം സ്വര്‍ഗമാണ്. അത് അല്ലാഹുവിനെ കാണുകയും അവന്റെ സംസാരം കേള്‍ക്കുകയും ചെയ്യുന്നതിലൂടെ, സമ്പൂര്‍ണ സമാധാനത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും വാസസ്ഥലം നമുക്ക് ലഭിക്കും. അല്ലാഹു നമ്മെ തിരഞ്ഞെടുത്തു. ആദരണീയവും അനുഗൃഹീതവുമായത് മാത്രം തിരഞ്ഞെടുക്കുന്നവനാണ് അല്ലാഹു.
നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഈ ലോകത്ത് നമ്മള്‍ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, അവനോട് ചേര്‍ന്നുള്ള ഒരു വാസസ്ഥലം നമ്മള്‍ക്കായി നിര്‍മിച്ച്, മാലാഖമാരെ നമുക്കായി സേവകരാക്കി… അങ്ങനെയങ്ങനെ എത്രയോ കാര്യങ്ങള്‍ സ്‌നേഹനാഥന്‍ നമുക്കായി ചെയ്തുവെച്ചു. ഒരു വ്യക്തി ശിര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ സ്വയം മറ്റ് ദൈവങ്ങള്‍ക്ക് വില്‍ക്കുകയാണ്. പടച്ചവന്‍ തനിക്ക് കണക്കാക്കിയ മൂല്യം അവഗണിച്ച് മറ്റു ദൈവങ്ങളെ ആരാധിക്കുകയാണ്. അതിനാല്‍ അയാള്‍ക്ക് സ്വര്‍ഗവും അല്ലാഹുവിന്റെ കാരുണ്യവും സ്‌നേഹവും പരിചരണവും നഷ്ടപ്പെടുന്നു.
ശിര്‍ക്കിന്റെ മാനസിക പ്രത്യാഘാതങ്ങള്‍
ഇതിനപ്പുറം, ഈ ലോകത്ത് ശിര്‍ക്കിന്റെ പ്രത്യാഘാതങ്ങള്‍ നാം വിശകലനം ചെയ്യുമ്പോള്‍, ശിര്‍ക്കിന്റെ ദോഷങ്ങള്‍ അടുത്ത ജീവിതത്തിനു മാത്രമുള്ളതല്ലെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. വിഗ്രഹാരാധനയെ ഖുര്‍ആന്‍ ഉപമിക്കുന്നത് വഴക്കിടുന്ന രണ്ടു പങ്കാളികളുടെ പങ്കാളിത്തത്തോടാണ്: ”അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്‍മാര്‍. ഒരു യജമാനനു മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടു പേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ അവരില്‍ അധികപേരും അറിയുന്നില്ല” (39:29).
ഈ ഉപമ തെളിയിക്കുന്നത് ശിര്‍ക്കാണ് ലോകത്ത് ഒരാളുടെ സ്വബോധത്തിനും ജീവിത സാക്ഷാത്കാരത്തിനും ഏറ്റവും വലിയ ഭീഷണി എന്നാണ്. പ്രമുഖ പണ്ഡിതന്‍ റാസി അഭിപ്രായപ്പെടുന്നു: ”അതിനാല്‍, അവരില്‍ (താന്‍ വിളിച്ചു തേടുന്ന ദൈവങ്ങളില്‍) ആരാണ് സന്തുഷ്ടനാകാന്‍ ഏറ്റവും അര്‍ഹതയുള്ളതെന്നും അവരില്‍ ആരെയാണ് തന്റെ ആവശ്യങ്ങള്‍ക്കായി താന്‍ അന്വേഷിക്കേണ്ടതെന്നും അറിയാതെ അവന്‍ ആശയക്കുഴപ്പത്തിലായി. ഇക്കാരണത്താല്‍ അവന്‍ തുടര്‍ച്ചയായ ശിക്ഷയിലും അനന്തമായ ദുരിതത്തിലുമാണ്.”
ജീവിതത്തില്‍ ആത്യന്തികമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കേണ്ടത് മാനസിക ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. ഹോളോകാസ്റ്റിനെ അതിജീവിച്ച മനഃശാസ്ത്രജ്ഞനായ ഡോ. വിക്ടര്‍ ഫ്രാങ്ക്, മനുഷ്യമനസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി വിവരിച്ചത് ‘ജീവിതത്തിന്റെ അര്‍ഥത്തിനായുള്ള തേട്ട’മാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച 60 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ നടത്തിയ ഒരു പഠനത്തില്‍ ആ വിദ്യാര്‍ഥികളില്‍ 85% പേരും പറഞ്ഞത് ‘ജീവിതം അര്‍ഥശൂന്യമായി തോന്നിയതുകൊണ്ടാണ്’ അങ്ങനെ ചെയ്തതെന്നാണ്. പ്രതികരിച്ചവരില്‍ 93% പേരും സാമൂഹികമായി ഇടപഴകുന്നവരും അക്കാദമികമായി വിജയിച്ചവരും കുടുംബാന്തരീക്ഷത്തിലുള്ളവരുമായിരുന്നു. ഫ്രാങ്ക് അഭിപ്രായപ്പെടുന്നു: ”ഒരു വ്യക്തി അന്വേഷിക്കുന്ന അര്‍ഥം കണ്ടെത്തിയാല്‍, അവന്‍ കഷ്ടപ്പെടാനും ത്യാഗങ്ങള്‍ അര്‍പ്പിക്കാനും, ആവശ്യമെങ്കില്‍ തന്റെ ജീവന്‍ നല്‍കാനും തയ്യാറാണ്. നേരെമറിച്ച് അര്‍ഥമില്ലെങ്കില്‍, അവന്റെ എല്ലാ ആവശ്യങ്ങളും എല്ലാ ഭാവങ്ങളും തൃപ്തികരമാണെങ്കിലും അവന്‍ തന്റെ ജീവനെടുക്കാന്‍ പോലും ഒരുങ്ങിയെന്നു വരും.”
ഒന്നിലധികം പഠനങ്ങള്‍ ജീവിതത്തിന്റെ അര്‍ഥവും ക്ഷേമവും തമ്മിലുള്ള ശക്തമായ പരസ്പര ബന്ധം സ്ഥിരീകരിക്കുന്നവയായുണ്ട്. വാസ്തവത്തില്‍, മതപരമായ ഒരു ലോകവീക്ഷണത്തിനും സന്തോഷത്തിനും ഇടയിലുള്ള ഒരു പാലമായി ജീവിതത്തിന്റെ ലക്ഷ്യത്തെ കാണാനാവും. ഇതിനര്‍ഥം, മതവിശ്വാസം സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. കാരണം മതവിശ്വാസിക്ക് ജീവിതത്തില്‍ വിശാലമായ ഒരു ലക്ഷ്യമുണ്ട്. എന്നാല്‍, മതപരമായ ഐഡന്റിറ്റിയെ കേവലം സംസ്‌കാരിക ഐഡന്റിറ്റിയായി കാണുന്നവര്‍ക്ക് ഇങ്ങനെ പാരത്രികമായ ഒരു ലക്ഷ്യത്തെ കാണാനാവില്ല. മതവിശ്വാസം ആന്തരികവത്കപ്പെടേണ്ട ഒരു ജീവിതരീതിയായി മാറുന്നതിന്റെ അനിവാര്യതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ഉപരിപ്ലവമായ മതജീവിതം ആത്യന്തികമായ സന്തോഷം പ്രദാനം ചെയ്യുന്നില്ല.
ബഹുദൈവാരാധന അര്‍ഥവത്തായ ലോകവീക്ഷണത്തെ നിരാകരിക്കുന്നുവെങ്കില്‍ തന്നെയും ലോകത്തുള്ള വിവിധ ദര്‍ശനങ്ങളില്‍ ബഹുദൈവാരാധന നിലനില്‍ക്കുന്നുണ്ടല്ലോ എന്നു ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. ബഹുദൈവാരാധന വിവിധ മതങ്ങളില്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അവയില്‍ പലപ്പോഴും ഏകദൈവ വിശ്വാസത്തിന്റെ ഒരു ഘടകമോ അടയാളമോ അടങ്ങിയിരിക്കുന്നതായി കാണാം. പലപ്പോഴും മറ്റു ദൈവങ്ങളെ ഭരിക്കുന്ന ഒരു ‘പരമോന്നത’ ദൈവം വിവിധ ദര്‍ശനങ്ങളുടെ ഭാഗമാണ്. അതുകൊണ്ടാണ് അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്: ”അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്” (12:106).
പാശ്ചാത്യ ലോകത്ത് ബഹുദൈവാരാധന അപൂര്‍വമാണെങ്കിലും മറ്റു പല ആശയങ്ങളെയും വിഗ്രഹവത്കരിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. പ്രത്യയശാസ്ത്രത്തിലുള്ള യഥാര്‍ഥ വിശ്വാസം മനുഷ്യമനസ്സിലേക്ക് നുഴഞ്ഞുകയറാന്‍ കഴിയുന്ന ഏറ്റവും ദുര്‍ബലമായ ആശയമാണ്. മദ്യവും മയക്കുമരുന്നും മറ്റേതെങ്കിലും ന്യൂറോടോക്‌സിനുകളും തലച്ചോറിനെ ഗുരുതരമായി നശിപ്പിക്കുന്നതുപോലെ, വികലമായ ആശയങ്ങളും ഇസങ്ങളും കള്‍ട്ടുകളും നമ്മുടെ ആത്മാവിനെ ഗുരുതരമായി നശിപ്പിക്കുന്നു. തൗഹീദാകുന്ന ജീവസ്രോതസ്സിനെ അത് ഞെരുക്കി ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നു.
ദൈവിക ഗുണങ്ങളുള്ള ഒരു അസ്തിത്വമായി പ്രകൃതിയെ കാണുന്ന ശിര്‍ക്കിന്റെ ഒരു ആധുനിക രൂപമാണ് നിരീശ്വരവാദം. സ്രഷ്ടാവിന്റെ സ്ഥാനത്ത് ‘ഒന്നുമില്ലായ്മ’, ‘സിങ്കുലാരിറ്റി’ എന്നിങ്ങനെയുള്ള ആശയങ്ങളെ പ്രതിഷ്ഠിക്കുകയും പദാര്‍ഥപരമായ അസ്തിത്വത്തിന്റെ ഉറവിടം അവയെല്ലാമാണെന്ന് പറയുകയും ചെയ്യുന്ന ഈ ലോകവീക്ഷണം സാങ്കേതികമായി ശിര്‍ക്കിന്റെ ഒരു രൂപമാണെന്ന് പറയാം. ബഹുദൈവത്വത്തേക്കാള്‍ നിരീശ്വരവാദത്തിന്റെ അനന്തരഫലമാണ് നിഹിലിസം.
സെലിബ്രിറ്റി ആരാധന
സ്വന്തം ഈഗോക്കല്ലാതെ മറ്റൊരു അധികാരത്തിനും വഴങ്ങാതെ, സ്വന്തം ധാര്‍മികതകളും വിശ്വാസങ്ങളും കണ്ടുപിടിച്ചുകൊണ്ട് ആളുകള്‍ എങ്ങനെയാണ് വിഗ്രഹങ്ങള്‍ കൊത്തിയെടുത്തതെന്ന് നാം മുമ്പ് ചര്‍ച്ച ചെയ്തു. മറ്റൊരു തരത്തിലുള്ള വിഗ്രഹമുണ്ട്. അത് നമ്മുടെ മനുഷ്യരാശിയുടെ വ്യര്‍ഥമായ ആഗ്രഹങ്ങളിലാണ് കുടികൊള്ളുന്നത്. സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റികളായും ഇന്‍ഫ്‌ളുവന്‍സേഴ്‌സായുമൊക്കെ പ്രത്യക്ഷപ്പെടുന്നത് ഇങ്ങനെയുള്ള വിഗ്രഹങ്ങളാണ്. പ്രശസ്ത സമകാലിക എഴുത്തുകാരനായ ക്രിസ് ഹെഡ്ജസ്, ‘സെലിബ്രിറ്റി ആരാധന’യുടെ പ്രശ്‌നം ഉള്‍പ്പെടെ അമേരിക്കന്‍ മനഃസാക്ഷിയില്‍ വ്യാപിക്കുന്ന വിവിധ സാംസ്‌കാരിക രോഗങ്ങളെക്കുറിച്ച് ‘എംപയര്‍ ഓഫ് ഇല്യൂഷന്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്:
മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞു: ”നമുക്കെല്ലാവര്‍ക്കും ദൈവങ്ങളുണ്ട്. അവ ഏതൊക്കെ രീതിയിലുള്ളവയാണ് എന്നത് മാത്രമാണ് പ്രശ്‌നം.” അമേരിക്കന്‍ സമൂഹത്തില്‍ നമ്മുടെ ദൈവങ്ങള്‍ സെലിബ്രിറ്റികളാണ്. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും സാധാരണയായി സെലിബ്രിറ്റികളോടുള്ള ആരാധനയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ദൈവിക ചക്രവര്‍ത്തിമാര്‍ക്കും പൂര്‍വികര്‍ക്കും വീട്ടുദൈവങ്ങള്‍ക്കും വേണ്ടി റോമക്കാര്‍ ചെയ്തതുപോലെ നമ്മുടെ സംസ്‌കാരം സെലിബ്രിറ്റികള്‍ക്കായി ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നു. നമ്മള്‍ ഒരു യഥാര്‍ഥ ബഹുദൈവാരാധക സമൂഹമാണ്. പഴയ ബഹുദൈവാരാധക സംസ്‌കാരങ്ങളുടെ അതേ തരത്തിലുള്ള പ്രാകൃത വിശ്വാസങ്ങളില്‍ നാം ഏര്‍പ്പെടുന്നുണ്ടല്ലോ. സെലിബ്രിറ്റി സംസ്‌കാരത്തില്‍, സെലിബ്രിറ്റിയുമായി കഴിയുന്നത്ര അടുക്കുക എന്നതാണ് ലക്ഷ്യം. സെലിബ്രിറ്റികളുടെ അവശിഷ്ടങ്ങള്‍ ഏറെ പവിത്രതയുള്ളതും അമൂല്യവുമാവുന്നു. അവ സ്വന്തമാക്കാന്‍ നാം കൊതിക്കുന്നു. സെലിബ്രിറ്റികളുമായി ഇടപഴകാനോ അവരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സ്വന്തമാക്കാനോ കഴിയുന്നവര്‍ക്കുപോലും സമൂഹത്തില്‍ വലിയ പദവി ലഭിക്കുന്നു. അവര്‍ പുരോഹിതരോ ഇടയാളന്മാരോ കണക്കെ വിലയിരുത്തപ്പെടുന്നു.”
ഈ വിഗ്രഹങ്ങള്‍ മനുഷ്യര്‍ തന്നെയാണെങ്കിലും, അവരുടെ ‘ആരാധകരുടെ’ കാഴ്ചപ്പാടില്‍ സെലിബ്രിറ്റികള്‍ തങ്ങളുടെ ആഗ്രഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും മൂര്‍ത്തരൂപമാണ്. ആളുകളുടെ കാഴ്ചപ്പാടിലൂടെയാണ് സെലിബ്രിറ്റികള്‍ വിഗ്രഹവത്കരിക്കപ്പെടുന്നത്. അതേസമയം ആളുകളുടെ ഇച്ഛകളോടും താല്‍പര്യങ്ങളോടും പൊരുത്തപ്പെടുന്നില്ലെങ്കില്‍ ഒരാള്‍ക്ക് സെലിബ്രിറ്റിയായി നിലനില്‍ക്കാന്‍ പ്രയാസമാണ്. ഇവിടെ സ്വാധീനിക്കുന്നയാളും (ഇന്‍ഫ്‌ളുവന്‍സര്‍) സ്വാധീനിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൂടുതല്‍ മോശമായ ആഗ്രഹങ്ങളുടെയും ഇച്ഛകളുടെയും പൂര്‍ത്തീകരണത്തിലൂടെ അധഃപതിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍ കള്‍ച്ചര്‍ മനുഷ്യരാശിയുടെ തീര്‍ത്തും ഉപരിപ്ലവവും ഇരുണ്ടതുമായ ഭാവിയുടെ പ്രൊജക്ഷനായി മാറുന്നു.
ട്രാന്‍സെന്‍ഡന്റലിസ്റ്റ് സ്‌കൂളില്‍ നിന്നുള്ള 19-ാം നൂറ്റാണ്ടിലെ അമേരിക്കന്‍ തത്വചിന്തകനായ റാല്‍ഫ് എമേഴ്‌സന്റെ ചിന്തകളും ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ്: ”ഒരു വ്യക്തി എന്തിനെയെങ്കിലും ആരാധിക്കും, അതില്‍ യാതൊരു സംശയവുമില്ല. നമ്മുടെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ആരുമറിയാതെ നാം അതിയായി ആരാധിക്കുന്ന ഒരാളെക്കുറിച്ചു മറ്റുള്ളവര്‍ എങ്ങനെയറിയുമെന്ന് നാം ചിന്തിച്ചേക്കാം. പക്ഷേ അത് പുറത്തുവരും. നമ്മുടെ ഭാവനകളിലും ചിന്തകളിലും ആധിപത്യം പുലര്‍ത്തുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തെയും സ്വഭാവത്തെയും നിര്‍ണയിക്കും. അതിനാല്‍ നാം എന്തിനെ ആരാധിക്കുന്നുവെന്നതും ആ ആരാധനയിലൂടെ നാം എന്തായിത്തീരുന്നുവെന്നതുമെല്ലാം മനുഷ്യ ജീവിതത്തില്‍ നിര്‍ണായകമാണ്.”
മായ, നാര്‍സിസിസം, ഇന്ദ്രിയത, ആലസ്യം, സമ്പത്ത്, ആര്‍ത്തി, വിനോദം എന്നിങ്ങനെ പലതും പുതിയ കാലത്ത് സൃഷ്ടിക്കപ്പെടുകയും പിന്നീട് ആരാധിക്കപ്പെടുകയും ചെയ്യുന്ന മലിനമായ വസ്തുക്കളില്‍ ചിലത് മാത്രമാണ്. ”തന്റെ തന്നിഷ്ടത്തെ തന്റെ ദൈവമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ?” (25:43).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x