ഇന്ത്യന്‍ മുസ്്‌ലിംകളുടെ വിദ്യാഭ്യാസ ദു:സ്ഥിതി അനാവരണം ചെയ്യപ്പെടാത്തതെന്തുകൊണ്ട്?
ജോണ്‍ കുര്യന്‍
സാമുദായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും തുടര്‍ന്നു കൊണ്ടു പോകുന്നതിനും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ അത്യാവശ്യമാണ്. ഇന്ന് ഇന്ത്യയില്‍ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ ഈ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനു മുന്‍പു തന്നെ ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച ഔദ്യോഗിക രേഖകളുടെ പരിമിതിയെക്കുറിച്ച് പറയേണ്ടതുണ്ട്. കൃത്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനമില്ലെങ്കില്‍ വിദ്യാഭ്യാസ ആസൂത്രണം വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകളെ ആശ്രയിച്ചായിപ്പോകും. 2006-ലെ മുസ്‌ലിംകളെ സംബന്ധിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇത് എടുത്തു കാണിക്കുന്നുണ്ട്. മിക്ക മുസ്ലിം കുട്ടികളും മദ്‌റസകളില്‍ പഠിക്കുന്നുവെന്നും അത് മതമൗലികവാദത്തിനു വളം വെക്കുന്നുവെന്നും വ്യക്തമായ ഔദ്യോഗിക രേഖകളുടെ പിന്‍ബലമില്ലാതെ തന്നെ പൊതുവെ കരുതപ്പെടുന്നതായി പ്രസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരെ മറിച്ച് ലഭ്യമായ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഏഴിനും പത്തൊന്‍പതിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ഏകദേശം നാലു ശതമാനം മാത്രമേ മദ്‌റസകളില്‍ പഠിക്കുന്നുള്ളൂ എന്നാണ്. മറ്റു മിക്ക മുസ്ലിം കുട്ടികളും ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂളുകളിലാണ് പഠിക്കുന്നത്.
ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിക്കുന്ന കണക്കുകള്‍, പ്രത്യേകിച്ചും അവരുടെ വിദ്യാഭ്യാസ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ എത്ര കുറവാണ് എന്ന് എടുത്തു കാണിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ ഒരു പ്രധാന സംഭാവന. തുടര്‍ന്ന് ഔദ്യോഗികമായി വിദ്യാഭ്യാസ സംബന്ധമായ കൂടുതല്‍ കണക്കുകള്‍ പുറത്തു വിടപ്പെട്ടെങ്കിലും ഗവണ്‍മെന്റിന്റെ വിവര ശേഖരണത്തില്‍ ഒട്ടേറെ പോരായ്മകളും കണക്കുകള്‍ വിട്ടു കളയലും ഒക്കെയുണ്ടായി.
2018-ല്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ‘വിദ്യാഭ്യാസ വിവര രേഖ ഒറ്റനോട്ടത്തില്‍’ അത്തരത്തിലൊരു കണക്കാണ്. സ്വാതന്ത്ര്യാനന്തരം പിന്തുടര്‍ന്നു വരുന്ന അതേ രീതിയില്‍ പൊതു വിഭാഗത്തിന്റേത് ഒരു വശത്തും പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായും കണക്കാക്കുകയാണ് ഇതിലും ചെയ്തത്. അതേസമയം മുസ്‌ലിംകളെ പ്രത്യേക വിഭാഗമായെടുത്തുള്ള കണക്കുകള്‍ ലഭ്യമാക്കിയതുമില്ല. ഇതേ രീതിയാണ് കേന്ദ്രീയ വിദ്യാലയ സംഘാതന്‍, നവോദയ വിദ്യാലയ സമിതി എന്നിവയുടെ കീഴിലുള്ള സ്‌കൂളുകളിലെ അഡ്മിഷന്‍ രേഖകളിലും പിന്തുടര്‍ന്നു പോരുന്നത്.
NCERT യുടെ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേകളിലെ (NAS) മുസ്‌ലിംകളെ സംബന്ധിച്ച വിവരങ്ങളുടെ അഭാവവും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. 2017-ലെ ഏറ്റവും പുതിയ സര്‍വേ 2.2 ദശലക്ഷം വിദ്യാര്‍ഥികളുടെ പഠന നിലവാരം പരിശോധിച്ചു. മൂന്നാം തരത്തിലെയും അഞ്ചാം തരത്തിലെയും വിദ്യാര്‍ഥികളുടെ ഭാഷ, ഗണിതം, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളിലെയും ഏഴാം തരത്തിലെ വിദ്യാര്‍ഥികളുടെ സാമൂഹ്യപാഠം, ശാസ്ത്രം, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളിലെയും പഠന നിലവാരം പരിശോധിച്ചു. മുന്‍ റിപ്പോര്‍ട്ടുകളിലെ പോലെ തന്നെ ഇതിലും പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠന നിലവാരം പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. അതിനു പുറമെ മറ്റു പിന്നോക്ക വിഭാഗക്കാരുടെ കണക്കും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മുസ്ലിംകളുടെ കണക്കുകള്‍ അപ്പോഴും ഉള്‍പ്പെടുത്തിയില്ല.
ഈ തരത്തിലുള്ള പഠനവിവരങ്ങളുടെയും പേരു ചേര്‍ക്കലിന്റെയും മറ്റനുബന്ധ കണക്കുകളുടെയും പ്രാധാന്യം കൂടുതല്‍ പ്രധാനമാകുന്നത് സ്വാതന്ത്ര്യാനന്തരമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെയും മുസ്ലിംകളുടെയും വിദ്യാഭ്യാസ പുരോഗതി താരതമ്യം ചെയ്യുമ്പോഴാണ്. കൊളോണിയല്‍ കാലഘട്ടത്തിലെ വിദ്യാഭ്യാസ സംബന്ധമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് മുസ്‌ലിംകള്‍ പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികളെക്കാള്‍ പ്രാഥമിക- ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ ബഹുദൂരം മുന്നിലായിരുന്നു എന്നാണ്.
എന്നാല്‍ പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകളെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാഭ്യാസ പുരോഗതി നേടി. വിദ്യാഭ്യാസ പുരോഗതി സംബന്ധിച്ച കണക്കുകള്‍ ലഭ്യമായതിനാല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു വേണ്ടി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനായി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ആസൂത്രണ വിദഗ്ധരും ഗവണ്‍മെന്റ് ഏജന്‍സികളും വിവിധ തരം വിദ്യാഭ്യാസ സൂചികകള്‍ ഉപയോഗിച്ച് അവരുടെ വിദ്യാഭ്യസ പുരോഗതി (ഗുണപരമായും പാരിമാണികമായുമുള്ളത്) കണക്കാക്കി വേണ്ട പരിഷ്‌കരണങ്ങള്‍ വരുത്തി.
അതേസമയം ഔദ്യോഗിക രേഖകളുടെ അഭാവം മൂലം മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം കൂപ്പുകുത്തുന്നത് പതിറ്റാണ്ടുകളായി ശ്രദ്ധിക്കപ്പെടാതെ പോകാനിടയായി. അവസാനം ഔദ്യോഗിക വിദ്യാഭ്യാസ പുരോഗതി രേഖകളും 2001-ലെ സെന്‍സസിലെ മുസ്ലിംകളുടെ കണക്കും പുറത്തിറക്കിയപ്പോഴാണ് മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയിലെ ഈ തകര്‍ച്ച വെളിവായത്.
ഇന്ത്യയില്‍ത്തന്നെ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് മുസ്ലിംകള്‍. ജനസംഖ്യാനുപാതികമായി ഏറ്റവും കുറഞ്ഞ എന്റോള്‍മെന്റ് റേറ്റാണ് പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമെല്ലാം മുസ്ലിംകളുടേത്.
ഏഏകദേശം ഒരു പതിറ്റാണ്ടായിത്തന്നെ മുസ്ലിംകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ള നിലക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എജുക്കേഷണല്‍ സെന്‍സസ് ഒറ്റനോട്ടത്തില്‍, KVS , NVS, NCERT എന്നിവ മുസ്‌ലിംകളെ അവരുടെ വിവരശേഖരണ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് യുക്തിസഹമല്ല. District Information system for Education and All India Survey on Higher Education സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള മുസ്ലിംകളുടെ കണക്കുകള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമല്ല.
ഈ പ്രശ്‌നത്തിന് എന്തു പ്രതിവിധിയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്? ഒന്നാമതായി പട്ടികജാതി പട്ടികവര്‍ ഗ വിഭാഗങ്ങളുടെ കണക്കുകള്‍ ലഭ്യമാക്കുന്ന എല്ലാ സെന്‍സസുകളും സര്‍വേകളും അവലോകനം ചെയ്ത് ഇതിലെയെല്ലാം മുസ്ലിംകളുടെ കണക്കുകളും വേറിട്ട് പ്രസിദ്ധീകരിക്കുക. എന്റോള്‍മെന്റ്, പഠനം, പരീക്ഷാ ഫലം മുതലായ കണക്കുകളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം. അതു വഴി മുസ്ലിം വിദ്യാര്‍ഥികളുടെ ഓരോ ഘട്ടത്തിലുമുള്ള – സ്‌കൂള്‍, കോളേജ് തലങ്ങളിലുള്ള – വിദ്യാഭ്യാസ പുരോഗതി പിന്തുടരാനാവും. യുണീസെഫ്, യുനെസ്‌കോ, വേള്‍ഡ് ബാങ്ക് എന്നിവയെയും ഇത്തരത്തിലുള്ള കണക്കുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രേരിപ്പിക്കണം.
മുസ്‌ലിംകളുടെയും മറ്റു മതന്യൂനപക്ഷങ്ങളുടെയും കണക്കുകള്‍ പ്രത്യേകമായി റിപ്പോര്‍ട്ടു ചെയ്യണം. അതു വഴി ന്യൂനപക്ഷം, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെയുള്ള സംജ്ഞകള്‍ വഴി മുസ്ലിംകളെ മാത്രമാണോ അതോ എല്ലാ മത ന്യൂനപക്ഷങ്ങളെയും ചേര്‍ത്താണോ വിവക്ഷിക്കുന്നതെന്ന ആശയക്കുഴപ്പം ഒഴിവാക്കാനാവും.
ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്ന് ജനസംഖ്യയുടെ 15% അതായത് ഇരുനൂറ് ദശലക്ഷത്തോളം വരും. അവര്‍ ആഴ്ന്നിരിക്കുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ചതുപ്പില്‍ നിന്ന് അവരെ പിടിച്ചുയര്‍ത്താനുള്ള സുസ്ഥിരമായ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിന് അവരുടെ വിദ്യാഭ്യാസ പുരോഗതിയും നിലവാരവും കണക്കാക്കുന്ന ചിട്ടയായതും കൃത്യമായതുമായ കണക്കുകളുടെ അടിത്തറ അത്യാവശ്യമാണ്.
(നാലു പതിറ്റാണ്ടുകളായി പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നയാളാണ് ലേഖകന്‍)
വിവ. സൗമ്യ പി എന്‍