വിദ്വേഷ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ഇനിയുമേറെ സഞ്ചരിക്കണം
ബി പി എ ഗഫൂര്‍
മഹാരാഷ്ട്രയിലെ 288 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടനെ ഉപമുഖ്യമന്ത്രിയും മഹായുതി സഖ്യത്തിന്റെ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നേരെ പോയത് നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തേക്കാണ്. ഇലക്ഷന്‍ പ്രചാരണത്തില്‍ ആര്‍ എസ് എസ് നടത്തിയ തുല്യതയില്ലാത്ത പ്രവര്‍ത്തനത്തിന് നന്ദി പറയാനാണ് ഫഡ്‌നാവിസ് ഒട്ടും താമസം വരുത്താതെ നാഗ്പൂരിലെത്തിയത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ പരാജയം ആര്‍ എസ് എസ് ഏറെ ഗൗരവതരമായി കാണുന്നു എന്നതാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഝാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
2025-ഓടെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുകയെന്ന ആര്‍ എസ് എസ് കാത്തുവെച്ച സ്വപ്‌നം 2024-ലെ തിരഞ്ഞെടുപ്പില്‍ തകര്‍ത്തെറിയപ്പെട്ടു എന്ന് ബോധ്യമായതോടെ ആര്‍ എസ് എസ് നിതാന്തമായ ജാഗ്രതയിലായി. മോദിയുടെ നേതൃത്വം ആര്‍ എസ് എസിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് വിഘാതമായി എന്ന് അവര്‍ തിരിച്ചറിഞ്ഞു. ‘മോദി ഗ്യാരണ്ടി’ പോലുള്ള മുദ്രാവാക്യങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായതോടെ ഹിന്ദുത്വ വോട്ടുകള്‍ ശിഥിലമായിട്ടുണ്ട് എന്ന് ആര്‍ എസ് എസ്സിന് ബോധ്യമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും മോദിയെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുന്ന പ്രസ്താവനകളുമായി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് തന്നെ രംഗത്ത് വരികയുണ്ടായി.
മോദി പ്രഭാവത്തില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വന്നതോടെ ഹരിയാന മുതല്‍ മഹാരാഷ്ട്ര, ത്സാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിയന്ത്രണം ആര്‍ എസ് എസ് ഏറ്റെടുക്കുകയായിരുന്നു. മഹായുതി സര്‍ക്കാറിനെതിരെ കര്‍ഷകരുടെയും തൊഴില്‍രഹിതരുടെയും സ്ത്രീകളുടെയും കടുത്ത ഭരണ വിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഫോക്‌സ് കോണ്‍, എയര്‍ ബസ് തുടങ്ങിയവയുടെ ഏഴു ലക്ഷം കോടിയുടെ പദ്ധതികളാണ് മഹാരാഷ്ട്രയില്‍ നിന്ന് ഗുജറാത്തിലേക്ക് പോയത്. ഇത് കാരണം അഞ്ച് ലക്ഷത്തോളം യുവാക്കളുടെ തൊഴിലവസരമാണ് ഇല്ലാതായത്. 59 ശതമാനത്തോളം വരുന്ന കര്‍ഷക കുടുംബങ്ങള്‍ തങ്ങളുടെ ഉല്‍പന്നത്തിന് ന്യായമായ വില ലഭ്യമാവാതെ ദുരിതം പേറുകയാണ്. പ്രധാന വിളകളായ സോയാബീന്‍, പരുത്തി തുടങ്ങിയവക്ക് ന്യായമായ താങ്ങ് വില ഉറപ്പാക്കാന്‍ മഹായുതി സഖ്യ സര്‍ക്കാറിനായിട്ടില്ല.
ധാരാവിയിലെ ജനങ്ങളുടെയും മഹാരാഷ്ട്ര സംസ്ഥാനത്തിന്റെയും താല്‍പര്യം ബലികഴിച്ച് ധാരാവി പുനര്‍വികസന പദ്ധതിയുടെ മറവില്‍ ഒരു ലക്ഷം കോടി രൂപ വില വരുന്ന ധാരാവിയിലെ ഭൂമി അദാനിക്ക് കൈമാറാന്‍ നീക്കം നടക്കുന്നത് ജനങ്ങളില്‍ കടുത്ത പ്രതിഷേധമുളവാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ ഹരിയാനയില്‍ ഒ ബി സി വിഭാഗങ്ങളില്‍ നടത്തിയ ഉപരി വര്‍ഗീകരണ സൂത്രം തന്നെയാണ് മഹാരാഷ്ട്രയിലും ആര്‍ എസ് എസ് പുറത്തെടുത്തത്.
33 ശതമാനം വരുന്ന മറാഠാ വിഭാഗത്തെ ഒ ബി സി യില്‍ ഉള്‍പ്പെടുത്തി 10% സംവരണമെന്ന തീരുമാനമെടുത്ത് ഒ ബി സി വിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി. മറാഠ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാടീലിന് പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാത്ത് വാഡ തുടങ്ങിയ മേഖലകളിലുള്ള സ്വാധീനം കണ്ടറിഞ്ഞ ആര്‍ എസ് എസ് നിലം അറിഞ്ഞ് വിത്തിട്ടു. 175 മണ്ഡലങ്ങളില്‍ മൈക്രോ ഒ ബി സി മാനേജ്‌മെന്റിന് ആര്‍ എസ് എസ് തന്ത്രം മെനഞ്ഞു. എണ്ണയിട്ട യന്ത്രം കണക്കെ ആര്‍ എസ് എസ് സേവകര്‍ വീട് വീടാന്തരം പണിയെടുത്തു. 2019-ല്‍ 288 എം എല്‍ എമാരില്‍ 160 പേരും ലോക്‌സഭ എം പിമാരില്‍ 48 ല്‍ 30 ഉം മറാഠകളായിരുന്നു എന്നത് ആര്‍ എസ് എസ് തന്ത്രത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ്.
ഇതിനു പുറമെ ഡോ. ബി ആര്‍ അംബേദ്കറുടെ കൊച്ചു മകന്‍ പ്രകാശ് അംബേദ്കറുടെ വഞ്ചിക് ബഹുജന്‍ അഘാഡി കൂടി തെരഞ്ഞെടുപ്പ് രംഗത്ത് വന്നതോടെ മഹാ വികാസ് അഘാഡിയുടെ വോട്ടുകള്‍ പിന്നെയും ശിഥിലമായി. മറാഠകള്‍ക്ക് ഒ ബി സി സംവരണം നല്‍കുന്നതിനെ എതിര്‍ക്കുന്ന പ്രകാശ് അംബേദ്കറിനൊപ്പം ഒ ബി സി മഹാസംഘ്, ഏക ലവ്യ ആദിവാസി ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളും ചേര്‍ന്ന് മൂന്നാം മുന്നണിയായി 199 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ഇന്‍ഡ്യാ സഖ്യത്തിന് കടുത്ത ഭീഷണിയായി തീരുകയും ബി ജെ പി സഖ്യത്തിന്റെ വിജയം എളുപ്പമാക്കുകയും ചെയ്തു.
ഝാര്‍ഖണ്ഡിലും വിദ്വേഷത്തിന്റെ രാഷ്ട്രീയം തന്നെയാണ് ബി ജെ പി പയറ്റിയതെങ്കിലും സോറന്റെയും രാഹുലിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ പരാജയപ്പെടുകയായിരുന്നു. 28 ശതമാനം വരുന്ന ആദിവാസികളെയും ഹിന്ദുക്കളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റം പറഞ്ഞ് ഭീതിപ്പെടുത്തി ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള തന്ത്രമാണ് ബി ജെ പി പയറ്റിയത്.
അതിര്‍ത്തി വഴി ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറി വന്‍തോതില്‍ അനധികൃത പണമിടപാട് നടക്കുന്നെന്നും ഇതിന് ജെ എം എം ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു ബി ജെ പിയുടെ വ്യാപകമായ പ്രചാരണം. ആരോപണം സത്യമെന്ന് വരുത്തിത്തീര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും പതിനേഴിടങ്ങളില്‍ ഇ ഡി റെയ്ഡ് സംഘടിപ്പിക്കുകയും ചെയ്തു. അവസാന പിടിവള്ളിയെന്ന നിലക്ക് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പേഴ്‌സനല്‍ സെക്രട്ടറി ശ്രീ സുനില്‍ ശ്രീവാസ്തവയുടെ വീട്ടിലും റെയ്ഡ് നടത്തി.
28 ശതമാനം വരുന്ന ആദിവാസികള്‍ക്കിടയില്‍ ലാന്റ് ജിഹാദ് എന്നൊരു പുതിയ ആരോപണവും ഉയര്‍ത്തിക്കൊണ്ടുവന്നു. നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികള്‍ ആദിവാസികളെ വിവാഹം ചെയ്ത് ആദിവാസി ഭൂമി തട്ടിയെടുക്കുന്നു എന്നും നുഴഞ്ഞു കയറ്റം ആദിവാസി ജനസംഖ്യാനുപാതം അട്ടിമറിക്കുന്നു എന്നും ബി ജെ പി ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ആകെയുള്ള 81 നിയമസഭാ മണ്ഡലങ്ങളില്‍ 28 ഉം പട്ടികവര്‍ഗ സംവരണമാണെന്നതിനാല്‍ തന്നെ ജെ എം എമ്മിന്റെ ആദിവാസി വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുകയെന്നതാണ് ഈ പ്രചാരണം കൊണ്ട് ബി ജെ പി ലക്ഷ്യം വെച്ചത്.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ജെ എം എം സഖ്യം നേടിയ 47 ല്‍ 25 ഉം ഗോത്ര മേഖലയില്‍ നിന്നാണെന്നതും 90% ഗോത്ര വോട്ടും മുന്നണിക്കായിരുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര മേഖല പൂര്‍ണമായും ഇന്‍ഡ്യ മുന്നണി തൂത്തുവാരുകയുണ്ടായി. കാര്യമായ ഭരണ വിരുദ്ധ വികാരമൊന്നും എടുത്തു കാണിക്കാനില്ലെന്നിരിക്കെ ബി ജെ പി യുടെ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് പൂര്‍വോപരി ആവേശത്തോടെ ഝാര്‍ഖണ്ഡ് ജനത ഇന്‍ഡ്യ സഖ്യത്തെ പിന്തുണച്ചു എന്നതിനാല്‍ തന്നെ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തിനാണ് ഇന്‍ഡ്യാ സഖ്യം വീണ്ടും അധികാരത്തിലേറുന്നത്.
ഒരു കാര്യം വ്യക്തമാണ്. രാജ്യം ഇന്നഭിമുഖീകരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാവില്ല ബി ജെ പി തുടര്‍ന്നും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ്. ആഗോള തലത്തില്‍ ശക്തി പ്രാപിച്ചു വരുന്ന വലതു പക്ഷ തീവ്രവാദത്തെ ചേര്‍ത്ത് പിടിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യ സാധ്യത്തിനായ് വംശീയതയും ജാതീയതയും ഇളക്കിവിട്ട് പൗരന്‍മാരെ തമ്മിലടിപ്പിച്ച് ഭരണം നിലനിര്‍ത്തുകയെന്നത് തന്നെയാവും ബി ജെ പിയുടെ തുടര്‍ന്നുമുള്ള നിലപാട് എന്ന് വ്യക്തം.