വിദ്വേഷ രാഷ്ട്രീയത്തെ സാമാന്യജനങ്ങള്‍ പരാജയപ്പെടുത്തി
ഡോ. കെ ടി അന്‍വര്‍ സാദത്ത്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിരവധി പാഠങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. മൂന്നാം തവണ ലഭിക്കുന്ന തുടര്‍ഭരണം മൃഗീയ ഭൂരിപക്ഷത്തിലൂടെ സ്വന്തമാക്കി ഇന്ത്യയുടെ മുഖചിത്രം മാറ്റിവരക്കാനാണ് ബി ജെ പി ആഗ്രഹിച്ചത്. ‘ഇസ് ബാര്‍ ചാര് സൗ പാര്’ (ഇത്തവണ നാനൂറ് കടക്കും) എന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത് ഈ പ്രതീക്ഷയിലാണ്. എന്നാല്‍ ബി ജെ പിയുടെയും പ്രധാനമന്ത്രിയുടെയും പ്രതീക്ഷകളെ അപ്പാടെ തരിപ്പണമാക്കുന്ന ഫലമാണ് പുറത്തുവന്നത്. രാജ്യത്തിന്റെ ആത്മാവ് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ബി ജെ പിക്ക് വിനയായതെന്ന് നിസ്സംശയം പറയാം.
ഒന്നാം എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ഉയര്‍ന്നുവന്ന അരക്ഷിതാവസ്ഥകളുണ്ട്. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകള് നേരിടേണ്ടി വന്ന അസ്തിത്വ പ്രതിസന്ധി മതേതര ഇന്ത്യക്ക് കളങ്കമായിരുന്നു. മതേതരത്വത്തിന് ഊന്നല്‍ നല്കി ബലപ്പെടുത്തിയെടുത്ത ഇന്ത്യന്‍ ജനാധിപത്യത്തെ മതാധിഷ്ഠിതമാക്കി ചുരുക്കി കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു ബി ജെ പി രാജ്യത്തോട് നടത്തിയ കൊടിയ അക്രമം. മതഭ്രാന്തിനെ വിമര്‍ശിച്ച ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദഭോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ക്ക് അവരുടെ ജീവനുകള്‍ രാജ്യത്തിനു വേണ്ടി ബലി നല്‍കേണ്ടി വന്നു. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും മതം തിരഞ്ഞതിന്റെ ബലിയാടുകളായിരുന്നു മുഹമ്മദ് അഖ്ലാഖും ജുനൈദും. 2010 മുതല്‍ പശുവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ 28 പേര് കൊല ചെയ്യപ്പെടുകയും 124 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട 28 പേരില്‍ 24 പേര് മുസ്ലിംകളായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക് നേരെ കടുത്ത മൗനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചത്.
പാര്‍ലമെന്റില്‍ പ്രതികരിക്കുന്നതിനു പോലും അദ്ദേഹം തയ്യാറായില്ല. ന്യൂനപക്ഷ വേട്ടക്ക് പിന്തുണ നല്കുന്ന പ്രസംഗങ്ങളാണ് മോഡി സര്‍ക്കാറിലെ മന്ത്രിമാരില്‍ നിന്ന് ഇക്കാലത്ത് പുറത്തുവന്നുകൊണ്ടിരുന്നത്. 2019ല്‍ 303 സീറ്റ് നേടിയ ബി ജെ പി 353 എംപിമാരുടെ പിന്തുണയോടുകൂടിയാണ് രണ്ടാം തവണ അധികാരത്തിലേറിയത്. കേവല ഭൂരിപക്ഷമായ 272 മറികടന്ന് സ്വന്തമായി ഭരിക്കാനുള്ള മൃഗീയമായ പിന്തുണയാണ് ബി ജെ പിക്ക് ലഭിച്ചത്. മോഡി സര്‍ക്കാറിന്റെ ഈ രണ്ടാമൂഴത്തില്‍ ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണത്തിനായി നിരവധി നിയമങ്ങളാണ് നിര്‍മിച്ചത്. രാജ്യത്തെ പ്രധാന മതന്യൂനപക്ഷമായ മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ച് നിയമനിര്‍മാണങ്ങള്‍ നടന്നു.
പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ എന്നിവയിലൂടെ മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തി സാമൂഹിക വിഭജനം നടത്താനുള്ള കുടില തന്ത്രങ്ങളായിരുന്നു ബി ജെ പി നടത്തിയത്. രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ താല്പര്യങ്ങള്ക്ക് അനുസൃതമായി അടക്കി ഉപയോഗിച്ചു. ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും ശൈലി പിന്തുടര്ന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ അടക്കി വാഴാനായിരുന്നു ബി ജെ പി ആഗ്രഹിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തി ബില്‍ അവതരിപ്പിച്ചു. തങ്ങളുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍വിനിയോഗം ചെയ്യാനുളള നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഭരണ സിരാകേന്ദ്രങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും ഈവിധത്തില്‍ അധികാരത്തിന്റെ ചൊല്പ്പടിയിലാക്കിയാണ് പുതിയ തെരഞ്ഞെടുപ്പിലേക്ക് ബി ജെ പി പോയത്.
ഉണ്ടാക്കിയെടുത്ത നിയമങ്ങളുടെ ആനുകൂല്യങ്ങളുടെ ഓരം പിടിച്ചും അധികാര കേന്ദ്രങ്ങളെ വശംവദരാക്കി അധീനപ്പെടുത്തിയും ഈ തെരഞ്ഞെടുപ്പിലൂടെ 400ലധികം സീറ്റുകള്‍ നേടി ഏകപക്ഷീയമായി രാജ്യം ഭരിക്കാമെന്നത് കണക്കു കൂട്ടലുകള്‍ക്കപ്പുറം ബി ജെ പിയുടെ ആത്മവിശ്വാസമായിരുന്നു. മുഖ്യമന്ത്രിമാരെ ജയിലിലടച്ച് ഫെഡറല്‍ സംവിധാനത്തെ അപായപ്പെടുത്തുന്ന ചില സൂചനകളും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി നല്കി.
‘ഒരൊറ്റ രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം തന്നെ ഫെഡറലിസത്തെ തകര്‍ക്കുന്നതിനു മുന്നോടിയാണെന്നത് സുവിദിതമാണ്. ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ തന്നെയായിരുന്നു ബിജെപി മുന്നോട്ടുപോയിരുന്നത്. ആഭ്യന്തര ശത്രുക്കളെന്ന് വിചാരധാര പരിചയപ്പെടുത്തുന്ന മുസ്ലിംകള്, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരില്‍ പ്രഥമ ടാര്‍ഗറ്റായി മുസ്ലിംകളെ നിശ്ചയിച്ച് അക്രമോല്സുകമായ അടിച്ചമര്‍ത്തലുകള്‍ക്കാണ് മുസ്ലിംകളെ വിധേയരാക്കിയത്. ഏത് തരത്തിലുള്ള അട്ടിമറികളിലൂടെയും അധികാരത്തിന് വഴിയൊരുക്കാന്‍ കെല്‍പ്പുള്ള ആഭ്യന്തര മന്ത്രി അമിത് ഷായെ പോലുള്ളവരുടെ സാന്നിധ്യവും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തായാണ് ബി ജെ പി കണക്കാക്കിയത്. ബാബരി മസ്ജിദ് കേസിന്റെ വിധി പ്രഖ്യാപിച്ച് തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയും നടത്തി. രാമക്ഷേത്ര നിര്‍മാണം ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു. ചുരുക്കത്തില്‍ പ്രതീക്ഷയുടെ പരമകോടിയിലായിരുന്നു ബി ജെ പി. സാഹചര്യങ്ങളെയെല്ലാം അനുകൂലമാക്കി ‘ഇസ് ബാര്‍ ചാര് സൗ പാറി’-ലേക്ക് ബി ജെ പി തയ്യാറെടുത്തു. എന്നാല്‍ ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ കാലാവസ്ഥ പ്രതികൂലമാണെന്ന് ബി ജെ പി പതിയെ തിരിച്ചറിഞ്ഞു.
പിന്നീട് ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് തലതാഴ്ത്തിയ ദിനങ്ങളായിരുന്നു. ഒരു രാജ്യത്തിന്റെയും ഭരണാധിപന്റെ നാവില്‍ നിന്ന് പുറത്തുവരാന്‍ പാടില്ലാത്ത അതിവര്‍ഗീയ സംസാരങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍. വര്‍ഗീയത പച്ചയായി ഉപയോഗിച്ച് ധ്രുവീകരണം ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ‘കൂടുതല്‍ മക്കളെ ഉണ്ടാക്കുന്നവര്‍’, ‘നുഴഞ്ഞുകയറ്റക്കാര്‍’ തുടങ്ങിയ പദങ്ങള്‍ രാജ്യത്തെ പ്രധാന ന്യൂനപക്ഷത്തിന് എതിരെ വോട്ടിനായി നിസ്സങ്കോചം മോഡി ഉപയോഗിച്ചു. ഹിന്ദു സ്ത്രീകളുടെ മംഗല്‍സൂത്ര അപഹരിച്ച് കോണ്‍ഗ്രസ് മുസ്ലിംകള്ക്കിടയില് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി സംസാരിച്ചു. ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയിലാണ് വിഷം തുപ്പിയ സംസാരം നടത്തിയത്. എസ്പിയും കോണ്‍ഗ്രസും അധികാരത്തിലേറിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുമെന്ന് മോഡി ആരോപിച്ചു.
തൊട്ടുടനെ തന്നെ വോട്ട് ജിഹാദിലൂടെ ഭരണം അട്ടിമറിക്കപ്പെടുമെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ജാതീയതയും മതദ്വേഷവും പ്രചരിപ്പിച്ച് വോട്ട് പിടിക്കാനാണ് പത്ത് വര്‍ഷം രാജ്യം ഭരിച്ച ഒരു പ്രധാനമന്ത്രി ശ്രമം നടത്തിയതെന്നത് അത്യന്തം ഖേദകരമാണ്. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന്റെ വിഷയമായിരുന്നില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലെ പരിഹാരത്തെയും രാജ്യപുരോഗതിയെയും പറ്റി ഊന്നി സംസാരിച്ച് സര്‍ക്കാറിന്റെ ഹാട്രിക്കിനായി ശ്രമിക്കേണ്ടുന്നതിന് പകരം മതവര്‍ഗീയത പച്ചയായി പറഞ്ഞ് അധികാര തുടര്‍ച്ച കൈവരിക്കാനാണ് ബി ജെ പി ശ്രമിച്ചത്. എന്‍ സി പി, ശിവ്സേന എന്നീ രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തി രാഷ്ട്രീയം ലാഭം കൊയ്യാനുള്ള നെറികെട്ട ശ്രമവും ബി ജെ പി നടത്തി.
കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകള്‍ പോലും ഒറ്റക്ക് നേടാന്‍ സാധിക്കാതെ ബി ജെ പിയുടെ തേരോട്ടം ഈ തെരഞ്ഞെടുപ്പില്‍ 240ല്‍ ഒതുങ്ങി. ഈ ഫലം നല്‍കുന്നത് ചില ശുഭസൂചനകളാണ്. പത്ത് വര്‍ഷത്തെ ധ്രുവീകരണത്തിന്റെയും അക്രമത്തിന്റെയും അരികുവത്കരണത്തിന്റെയും രാഷ്ട്രീയത്തെ ഈ രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചിട്ടില്ലായെന്നതാണ്. വികസിത ഇന്ത്യ എന്ന മുദ്രാവാക്യത്തിനാണ് രണ്ടാമൂഴത്തില്‍ വോട്ട് ലഭിച്ചത്. എന്നാല്‍ അടിസ്ഥാന വികസനങ്ങള്‍ക്കപ്പുറം വര്‍ഗീയതക്ക് ഊന്നല്‍ നല്‍കാനാണ് ബി ജെ പി ലഭിച്ച അവസരങ്ങളില്‍ ശ്രമിച്ചത്.
വര്‍ഗീയതയില്‍ രാജ്യത്തിന് താല്പര്യമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മോഡി വിവാദ പ്രസംഗം നടത്തിയ 15 ഇടങ്ങളില്‍ ഒമ്പത് സ്ഥലങ്ങളില്‍ ബി ജെ പി പരാജയപ്പെട്ടു. ഏറ്റവും അപകടകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബന്‍സ്വാരയും ഇതില്‍ ഉള്‍പ്പെടുന്നു. ബനാസ്കാണ്ഡ, സിങ്ഭൂം, കാരാകാട്ട്, പാടലീപുത്ര, ബാരാബങ്കീ, ഹാമിര്‍പുര്‍, ടോങ്ക്സവായി, നാസിക് എന്നിവയാണ് മറ്റിടങ്ങള്‍.
ഹിന്ദുത്വ വര്‍ഗീയതയുടെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശില്‍ കനത്ത തിരിച്ചടി തന്നെയാണ് ബി ജെ പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബി ജെ പിയുടെ തുറുപ്പ്ചീട്ടായ സ്മൃതി ഇറാനി അമേത്തിയില്‍ 1,67,196 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭൂരിപക്ഷം 4,79,505 ലക്ഷത്തില്‍ നിന്ന് 1,52,513 ആയി വരാണസിയില്‍ കുറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിത അയോധ്യ നിലകൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തില്‍ 54567 വോട്ടുകള്‍ക്കാണ് സമാജ്വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് ബി ജെ പിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തിയത്.
80 ലോക്സഭാ സീറ്റുകള്‍ ഉള്ള യു പിയില്‍ കഴിഞ്ഞ തവണ 63 സീറ്റുകളില്‍ ബി ജെ പി വിജയിച്ചിരുന്നു. ഇത്തവണ 33 സീറ്റുകളിലായി ബി ജെ പി പരിമിതപ്പെട്ടു. 2019ല്‍ യുപിയില്‍ 49.6 ശതമാനം വോട്ടിംഗ് ഷെയര്‍ ബി ജെ പിക്ക് ലഭിച്ചുവെങ്കില്‍ ഇത്തവണ അത് 41.4ലേക്ക് താഴ്ന്നു. യു പിയില്‍ 72 സീറ്റുകളില്‍ ബി ജെ പിയുടെ വോട്ടിംഗ് ശതമാനം കാര്യമായി കുറഞ്ഞിരിക്കുന്നുവെന്നാണ് കണക്കുകളില്‍ കാണുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരക്പൂര്‍, രാജ്നാഥ് സിംഗ് മല്‍സരിച്ച ലക്നോ എന്നിവിടങ്ങളിലെ വോട്ടിംഗ് ശതമാനത്തിലെ കുറവ് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ യു പിയില്‍ 8.6 കോടി വോട്ടര്‍മാരില്‍ നിന്ന് 4.3 കോടി വോട്ടുകള്‍ ബി ജെ പിക്ക് ലഭിച്ചെങ്കില്‍ ഇത്തവണ 8.8 കോടി വോട്ടര്‍മാരില്‍ നിന്ന് 3.6 കോടി പേരാണ് ബി ജെ പിക്ക് വോട്ട് ചെയ്തത്. തീവ്രഹിന്ദുത്വത്തിന്റെ അപോസ്തലനായ യോഗിയുടെ യു പിയില്‍ ബി ജെ പിക്ക് കാലിടറിയത് വര്‍ഗീയ കാര്‍ഡിന് നിലനില്ക്കാന് സാധിക്കില്ലെന്ന വ്യക്തമായ സൂചന തന്നെയാണ് നല്‍കുന്നത്.
2019ലെ തെരഞ്ഞെടുപ്പില്‍ 224 സീറ്റുകളില്‍ ബി ജെ പിക്ക് 50 ശതമാനത്തില്‍ അധികം വോട്ട് ഷെയര്‍ ലഭിച്ചിരുന്നു. ഇത്തവണ 156 മണ്ഡലങ്ങളില്‍ മാത്രമേ 50 ശതമാനത്തിന് മുകളില്‍ ബി ജെ പി പോയിട്ടുള്ളൂ. 60-70 ശതമാനത്തിനിടയില്‍ വോട്ടു നേടിയ 77 സീറ്റുകള്‍ 2019ല്‍ ബി ജെ പിക്കുണ്ടായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ 39 ഇടങ്ങളില്‍ മാത്രമാണ് ബി ജെ പി 60-70 ശതമാനത്തിനിടയില്‍ വോട്ടുനേടിയത്. മധ്യപ്രദേശ് (25), ഡല്‍ഹി (ഏഴ്), ഉത്തരാഖണ്ഡ് (അഞ്ച്), ഹിമാചല്‍ പ്രദേശ് (നാല്), ത്രിപുര (രണ്ട്) എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലും 50 ശതമാനത്തിലധികം വോട്ട് നേടി വിജയിക്കാന്‍ ബി ജെ പിക്ക് ഇത്തവണ സാധിച്ചിട്ടുണ്ട്. ഗുജറാത്തിലെ 26 സീറ്റുകളില്‍ 23, കര്‍ണാടകയിലെ 28 സീറ്റുകളില്‍ 17 എന്നിവയിലും ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ പകുതിയിലധികവും നേടി ബി ജെ പി വിജയിച്ചതാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ 240ലേക്ക് എത്തിച്ചത് പ്രധാനമായും ഈ സംസ്ഥാനങ്ങള്‍ ആണ്. ഈ മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികള്‍ക്ക് സാധിച്ചാല്‍ ഇന്ത്യയുടെ ചിത്രം മറ്റൊന്നായി തീരുമെന്ന് പ്രതീക്ഷിക്കാം. യു പിയിലെയും രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായ കുറവ് ബി ജെ പി വിരുദ്ധ വികാരം അനുകൂലമാക്കിയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചതിലുള്ള വിജയം കൊണ്ടുതന്നെയാണ്.
64 കോടി വോട്ടര്‍മാരാണ് രാജ്യത്തിന്റെ ഭാഗധേയം തീരുമാനിക്കുന്നതിന് ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ബാബ സാഹേബ് ഭീംറാവു റാംജി അംബേദ്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ വൈവിധ്യങ്ങളെ ഉള്‍ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത ഭരണഘടന ഈ രാജ്യത്ത് നിലനില്ക്കണമോ വേണ്ടയോ എന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ കാതലായ ചോദ്യം. രാജ്യം സ്വേച്ഛാധിപതികള്‍ക്ക് വാഴാന്‍ കളമൊരുക്കേണ്ടതുണ്ടോ എന്നതിലും ഉത്തരം കാണേണ്ടതുണ്ടായിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് ഏതെങ്കിലും മതവിശ്വാസികളുടെ മാത്രം ബാധ്യതയായിരുന്നില്ല; ഓരോ ഇന്ത്യക്കാരന്റേതും ആയിരുന്നു.
ഭരണഘടനയെ അടിമുടി മാറ്റാനുള്ള മുദ്രാവാക്യമായാണ് ‘ചാര് സൗ പാര്’ ബി ജെ പി സ്വീകരിച്ചത്. സംവരണം അടക്കമുള്ള തുല്യനീതിയുടെ ആനുകൂല്യങ്ങളെ ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. ദലിത് വിഭാഗങ്ങള്‍ ഉണര്‍ന്ന് ചിന്തിച്ചു. പ്രാണപ്രതിഷ്ഠ നടത്തിയിട്ടും അയോധ്യ ബി ജെ പിയെ കൈവിട്ടു. വിഭാഗീയ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ കുടികൊള്ളാന്‍ പ്രയാസമാണെന്ന കൃത്യമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് നല്‍കുന്നത്.