3 Thursday
July 2025
2025 July 3
1447 Mouharrem 7

വിദ്വേഷ പ്രചാരകരെ ചങ്ങലക്കിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും വിഭാഗീയതയും വളര്‍ത്തി തമ്മിലടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച വിദ്വേഷ പ്രചാരകരെ ചങ്ങലക്കിടാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിനു നേരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ദുഷ്ടശക്തികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും തയ്യാറാവാത്ത സംസ്ഥാന ആഭ്യന്തര വകുപ്പ് കേരളത്തെ ഭ്രാന്താലയമാക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. വര്‍ഗീയ വിഷം ആളിക്കത്തിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന പി സി ജോര്‍ജ്, മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയ തുടങ്ങിയ വര്‍ഗീയ വിഷജീവികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്താണെന്ന് വ്യക്തമാക്കണം. സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശങ്ങള്‍ പുറത്തുവരേണ്ട അരമനകളില്‍ നിന്ന് മുസ്‌ലിം സമുദായത്തിനെതിരെ ഉയര്‍ന്നുവരുന്ന വിദ്വേഷത്തിന്റെ കറുത്ത പുക ഇല്ലാതാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. സംഘപരിവാര്‍ ശക്തികള്‍ പടച്ചുവിടുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് സമുദായത്തെ ജാഗരണം കൊള്ളിക്കുന്നവര്‍ ആത്മഹത്യാപരമായ നിലപാടുകളാണ് സ്വീകരിക്കുന്നത് എന്ന ബോധ്യം ഉത്തരവാദപ്പെട്ട സഭാനേതൃത്വങ്ങള്‍ക്ക് ഉണ്ടാവണമെന്നും യോഗം ഉണര്‍ത്തി. വൈസ് പ്രസിഡന്റ് എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, എഞ്ചി. സൈതലവി, കെ എം ഹമീദലി ചാലിയം, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, എം കെ മൂസ, എം അഹ്മദ്കുട്ടി മദനി, കെ എ സുബൈര്‍ ആലപ്പുഴ, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്‍അലി മദനി, അബ്ദുസ്സലാം പുത്തൂര്‍, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top