വിധിയിലുള്ള വിശ്വാസം മനുഷ്യര്‍ക്ക് പ്രതീക്ഷയേകുന്നു
ഡോ. ജാബിര്‍ അമാനി
ഇസ്‌ലാമിലെ ആറാമത്തെ വിശ്വാസകാര്യമാണ് വിധിവിശ്വാസം. ‘നന്മയും തിന്മയും അല്ലാഹുവിങ്കല്‍ നിന്നാണ് എന്ന വിശ്വാസമാണ് വിധിവിശ്വാസ താല്‍പര്യമായി പൊതുവില്‍ വിവക്ഷിക്കുന്നത്.’ അല്ലാഹുവിലുള്ള വിശ്വാസം, പ്രവാചകരിലുള്ള വിശ്വാസം തുടങ്ങിയ പദപ്രയോഗങ്ങളെപ്പോലെ നേര്‍ക്കുനേരെ ഖുര്‍ആനില്‍ അഞ്ച് വിശ്വാസകാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും(1) (2:286) ‘അല്‍ ഈമാനു ബില്‍ ഖദാഇ വല്‍ ഖദ്‌രി’ എന്നോ ‘അല്‍ഖൈറു വശ്ശര്‍റു മിനല്ലാഹി’ എന്നോ പ്രത്യക്ഷമായിട്ടുള്ള പദപ്രയോഗം ഖുര്‍ആനില്‍ കാണാന്‍ സാധിക്കില്ല. ഖദാഅ്-ഖദ്ര്‍ ഒരു സ്വതന്ത്ര വിശ്വാസസ്തംഭമെന്ന നിലയില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ വിശദീകരണങ്ങളിലും വിശകലനങ്ങളിലുമാണ് വിധിവിശ്വാസത്തിന്റെ മിക്ക ഭാഗങ്ങളും താല്‍പര്യങ്ങളും കാണാന്‍ കഴിയുന്നത്.
എന്നാല്‍ ഹദീസില്‍ ആറാമത്തെ വിശ്വാസസ്തംഭം എന്നുതന്നെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അല്ലാഹുവിലുള്ള വിശ്വാസം യഥോചിതം അംഗീകരിക്കുന്ന ഒരാള്‍ക്ക് മാത്രമാണ് ഇസ്‌ലാമിന്റെ വിധിവിശ്വാസ താല്‍പര്യങ്ങളും പാഠങ്ങളും സുവ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുക. അല്ലാഹുവിന്റെ അസ്തിത്വവും നടപടിക്രമങ്ങളും ദൈവികമായ തീരുമാനങ്ങളും വ്യവസ്ഥകളും കൃത്യവും കണിശവുമായി വിശ്വസിക്കാത്ത ഒരാള്‍ക്ക് വിധിവിശ്വാസത്തിന്റെ താല്‍പര്യങ്ങളെയും പാഠങ്ങളെയും സംതൃപ്തിയോടെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാവില്ല. ഒരു സൃഷ്ടിയെന്ന നിലയിലുള്ള നിസ്സഹായതകളും പരിമിതികളും ഉള്‍ക്കൊള്ളുകയും ഒരു സ്രഷ്ടാവെന്ന നിലയില്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളിലെ അന്യൂനതയും അപ്രമാദിത്വവും അംഗീകരിച്ച് ബോധ്യപ്പെടുകയും ചെയ്യുക എന്നത് വിധിവിശ്വാസത്തിന്റെ മൗലികപാഠങ്ങളെയും ജീവിതദര്‍ശനത്തെയും ഉള്‍ക്കൊള്ളാന്‍ അനിവാര്യമാണ്. അല്ലാഹുവിന്റെ എല്ലാ നടപടിക്രമങ്ങളും വേദഗ്രന്ഥ സന്ദേശങ്ങളും അന്യൂനമാണെന്ന അടിസ്ഥാന ബോധ്യം വിധിവിശ്വാസത്തിന്റെ ആത്യന്തിക താല്‍പര്യമാണ്.
ഖദാഅ്-ഖദ്ര്‍ നിഷേധം
മതനിഷേധമാണ്
വിധിയിലുള്ള വിശ്വാസം ഇസ്‌ലാമിന്റെ ആറാമത്തെ സ്തംഭമാണ്. അത് നിഷേധിക്കുന്നതും നിസ്സാരമാക്കുന്നതും ഒരു മതവിശ്വാസിക്ക് പാടില്ലാത്തതാണ്. ജിബ്‌രീല്‍(അ) ശുഭ്രവസ്ത്രം ധരിച്ച് പുരുഷരൂപത്തില്‍ പ്രവാചകന്റെ അരികില്‍ വരുകയും ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍ എന്നിവ പഠിപ്പിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ് (ബുഖാരി, മുസ്‌ലിം).
പ്രസ്തുത ഹദീസില്‍, ഈമാന്‍ എന്നാല്‍ ”അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതരിലും അന്ത്യനാളിലും ഖദ്‌റിലും അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കലാണ്” എന്ന് സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണം ദൈവമാര്‍ഗത്തില്‍ ചെലവഴിച്ചാലും ഖദ്‌റില്‍ വിശ്വസിക്കാത്തിടത്തോളം അത് അല്ലാഹു സ്വീകരിക്കില്ലെന്ന് ഇബ്‌നു ഉമറി(റ)ല്‍ നിന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖദ്‌റിനെ സംബന്ധിച്ച് 227 നബിവചനങ്ങള്‍ ഉണ്ടെന്നും ഇവയില്‍ 77 എണ്ണം അത് നിര്‍ബന്ധമായ വിശ്വാസകാര്യമാണെന്നും 155 ഹദീസുകളില്‍ ഖദ്‌റിന്റെ വിശകലനവും അതിനെ സ്ഥാപിക്കലുമാണെന്നും അബൂഅബ്ദുല്ല മുഹമ്മദുബ്‌നു മുര്‍തദ എന്ന യമന്‍ പണ്ഡിതന്റെ ഗവേഷണ പ്രബന്ധത്തെ മുഖവിലയ്‌ക്കെടുത്ത് ഡോ. യൂസുഫുല്‍ ഖറദാവി രേഖപ്പെടുത്തിയിട്ടുണ്ട്.(2)
ഖദ്ര്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യമാണ്. ഗുരുതരമായ അവിശ്വാസവുമാണ് (തിര്‍മിദി, ഇമാം അല്‍ബാനി, അസ്സഹീഹ് 2439). ഖദ്ര്‍ നിഷേധികളായവരുടെ വിഷയത്തിലാണ് സൂറ ഖമര്‍ 48, 49 വചനങ്ങള്‍ അവതരിപ്പിച്ചത് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.(3)
ഖദ്ര്‍ നിഷേധികളായ ഖദ്‌രിയ്യ, ജബ്‌രിയ്യ, മുഅ്തസിലാ വിഭാഗങ്ങളുടെ വാദഗതികളെ മുസ്‌ലിം ലോകം വസ്തുതാപരമായി ഖണ്ഡിക്കുകയും അവരുടെ വിശ്വാസം മതവിരുദ്ധമാണെന്നു സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. യുക്തിവാദ-നാസ്തിക പ്രസ്ഥാനങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്ന ആറാമത്തെ വിശ്വാസസ്തംഭത്തെ ചോദ്യം ചെയ്യുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
ദൈവാസ്തിത്വം പോലും അംഗീകരിക്കാത്തവര്‍ ദൈവവിധിയുടെ യുക്തിപരത വിമര്‍ശനവിധേയമാക്കുന്നത് പരിഹാസ്യമായ സമീപനമാണ്. എന്നിരുന്നാലും പ്രാമാണികമായി തന്നെ ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ നാസ്തികവാദങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. വിധിവാദത്തിന്റെയും ഇച്ഛാസ്വാതന്ത്ര്യത്തിന്റെയും മേഖലയിലുള്ള മതദര്‍ശനങ്ങളിലാണ് ഈ രംഗത്തെ വിമര്‍ശനങ്ങള്‍ മിക്കതും കേന്ദ്രീകരിക്കുന്നത്.
തിന്മ അല്ലാഹുവിങ്കല്‍ നിന്നാണോ?
നന്മയും തിന്മയും അല്ലാഹുവിങ്കല്‍ നിന്നാണ് എന്നതാണ് വിധിവിശ്വാസത്തിന്റെ മര്‍മഭാഗമെങ്കില്‍ തിന്മ എങ്ങനെയാണ് അല്ലാഹുവിലേക്ക് ചേര്‍ത്തു പറയുക എന്ന ചോദ്യം പ്രസക്തമാണ്. യഥാര്‍ഥത്തില്‍ വാചകഘടനയില്‍ നിന്ന് ഗ്രഹിക്കാവുന്ന പ്രത്യക്ഷമായ അര്‍ഥത്തെ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു സംശയം വിമര്‍ശകരിലും വിശ്വാസികളിലും കാണപ്പെടുന്നത്. നന്മയും തിന്മയും അല്ലാഹുവിങ്കല്‍ നിന്നാണെന്ന കേവല പ്രസ്താവനയെ മാത്രം പരിഗണിച്ചതുകൊണ്ട് കാര്യമില്ല. മറിച്ച്, അവയുടെ ആത്യന്തികമായ താല്‍പര്യം കൂടി സുവ്യക്തമായി ഗ്രഹിക്കേണ്ടതുണ്ട്.
അല്ലാഹു എല്ലാ നിലയ്ക്കും പരിപൂര്‍ണനാണെന്ന് അംഗീകരിക്കുകയാണ് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ (തൗഹീദിന്റെ കൂടി) ആത്മാവ്. ഏതെങ്കിലുമൊരു കാര്യത്തില്‍ സ്രഷ്ടാവല്ലാത്തവര്‍ക്കുകൂടി പങ്കുണ്ടെന്ന വിശ്വാസം ശിര്‍ക്കുമാണ്. സൃഷ്ടിപ്പ്, ജ്ഞാനം, വ്യവസ്ഥപ്പെടുത്തല്‍, പരിപാലനം, അനുഗ്രഹങ്ങള്‍, ജീവിതവഴികളുടെയും പ്രകൃതിപ്രതിഭാസങ്ങളുടെയും ക്രമീകരണം തുടങ്ങി ഒരു രംഗത്തും അതിസൂക്ഷ്മമായ പങ്കാളിത്തം പോലും മറ്റൊരാള്‍ക്ക് സ്രഷ്ടാവുമായി ചേര്‍ത്തു വിവക്ഷിക്കാന്‍ പാടുള്ളതല്ല. സ്രഷ്ടാവിലേക്ക് ചേര്‍ത്ത് ഉപയോഗിക്കുന്നത് അന്യൂനവുമായിരിക്കണം. ഏതെങ്കിലുമൊരു അര്‍ഥത്തില്‍ സ്രഷ്ടാവിന് ന്യൂനതയുണ്ടെന്ന് വരുന്നതോടെ സ്രഷ്ടാവ്, ദൈവം എന്ന വിശേഷണത്തിന് അര്‍ഹനല്ലാതായിത്തീരും.
ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം (അല്ലാഹു) അതിന്റെ സത്തയിലും പ്രവര്‍ത്തനങ്ങളിലും പ്രപഞ്ചപരിപാലനങ്ങളിലും അന്യൂനമാണ്. അതുകൊണ്ടുതന്നെ അനീതിയോ അനുബന്ധ കാര്യങ്ങളോ സ്രഷ്ടാവില്‍ നിന്ന് ഉണ്ടാവുകയില്ല. തിന്മ സൃഷ്ടിക്കുക, തിന്മയിലേക്ക് ക്ഷണിക്കുക, തിന്മയിലേക്ക് ബോധനം ചെയ്യുക, തിന്മയുടെ പര്യവസാനമായ നരകത്തിലേക്ക്, നരകശിക്ഷയിലേക്ക് ഒരാളെ ബോധപൂര്‍വം വഴിനടത്തുക, അനീതി, അക്രമം എന്നിവ പ്രവര്‍ത്തിക്കുക തുടങ്ങിയവയൊന്നും അല്ലാഹുവിങ്കല്‍ നിന്ന് സൂക്ഷ്മതലത്തില്‍ പോലും സംഭവിക്കില്ല എന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
”അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മയ്ക്കുള്ള പ്രതിഫലം അതിനു തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്റെ കഷണങ്ങള്‍ കൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതുപോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും” (യൂനുസ് 25-27).
”തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യര്‍ അവരോടു തന്നെ അനീതി കാണിക്കുന്നു” (യൂനുസ് 44).
നന്മ അല്ലാഹുവിങ്കല്‍ നിന്നും തിന്മ മനുഷ്യരുടെ ചെയ്തികള്‍ മൂലമാണ് – അത് കാരണമാണ്- ഉണ്ടാവുകയെന്നുമുള്ള പൊതുതത്വമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ അറിവിന്റെയും (ഇല്‍മ്) ഉദ്ദേശ്യത്തിന്റെയും (ഇറാദാത്ത്, മശീഅത്ത്) കാര്യങ്ങളെല്ലാം കാരണങ്ങളോടെ നേരത്തേ രേഖപ്പെടുത്തിയതിന്റെയും (കിതാബത്ത്), സൃഷ്ടിപരിപാലന പ്രക്രിയയുടെയും (ഖല്‍ഖ്) ഭാഗമായി കാലാതീതനായ സ്രഷ്ടാവിന്റെ അറിവില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവയല്ല നന്മ പോലെത്തന്നെ തിന്മയും എന്നു മാത്രം.
”നന്മയായി നിന്നെ എന്ത് ബാധിക്കുന്നുവോ അത് അല്ലാഹുവില്‍ നിന്നത്രേ! തിന്മയായി നിന്നെ എന്ത് ബാധിക്കുന്നുവോ അത് നിന്നില്‍ (മനുഷ്യനില്‍) നിന്നുമാണ്” (4:79). ”നന്മയായി (അനുഗ്രഹമായി) നിങ്ങളിലുള്ളതെന്തും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്” (16:53). ”നന്മയെല്ലാം നിന്റെ കൈയിലത്രേ” (3:26).
ഒരു വ്യക്തിയെ തിന്മയില്‍ നടത്തുന്നതോ തിന്മക്കാരനാക്കുന്നതോ സ്രഷ്ടാവല്ല, അത് മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഓരോരുത്തരുടെയും ഹിതപ്രകാരം ചെയ്യുന്നതാണ്. ഏതാണ് നന്മതിന്മകളെന്നും ഏത് വഴികളിലൂടെയാണ് സ്വര്‍ഗ-നരകാവകാശികളാവുകയെന്നും സ്രഷ്ടാവ് വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകരിലൂടെയും സുവ്യക്തമായി മനുഷ്യരെ ബോധനം നടത്തിയിട്ടുണ്ട്. ഒരാള്‍ ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും രേഖപ്പെടുത്തിവെക്കുകയെന്നതല്ല സ്രഷ്ടാവിന്റെ വിധിപ്രസ്താവത്തില്‍ ഉള്ളത്. അത് വേദഗ്രന്ഥങ്ങളിലാണ് ഉണ്ടാവുക. ഒരാള്‍ എന്താണ് നിര്‍വഹിക്കുന്നത് എന്നു കാരണസഹിതം രേഖപ്പെടുത്തുകയാണ് അല്ലാഹു ചെയ്യുന്നത്.
ഒരാളുടെ ജനനമല്ല സ്വര്‍ഗത്തിലോ നരകത്തിലോ എത്താന്‍ കാരണം. ഏതൊരു വ്യക്തിയും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. മറിച്ച് ജീവിതമാണ് നന്മതിന്മകളുടെ ഭാഗം നിര്‍ണയിക്കുന്നത്. ഒരാള്‍ വഴികേടിലാവുന്നതും വഴിവിളക്കാകുന്നതും കാരണങ്ങള്‍ വഴിയാണ്. നന്മതിന്മകളുടെ കാരണവും വഴിയും സുവ്യക്തമാക്കിയിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ നന്മയും തിന്മയും തിരഞ്ഞെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍ ‘തെറ്റുകാരനും നരകാവകാശിയും’ ആയതിന്റെ ഉത്തരവാദിത്തം സ്രഷ്ടാവിലേക്ക് ചേര്‍ക്കുന്നത് ബുദ്ധിശൂന്യതയാണ്. എന്നാല്‍ കാലാതീതമായ സ്രഷ്ടാവിന് കാലബന്ധിതമായി മനുഷ്യന്‍ നിര്‍വഹിക്കുന്ന കാര്യങ്ങള്‍ അറിയാം എന്നു മാത്രം.
‘…. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ’ (16:125). ഒരാളെയും തെറ്റുകാരനാക്കി മാറ്റുന്നത് അല്ലാഹുവല്ല. ഓരോരുത്തരും അവരവരുടെ മാര്‍ഗം തെരഞ്ഞെടുക്കുക വഴി സന്മാര്‍ഗവും ദുര്‍മാര്‍ഗവും ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്. ഓരോരുത്തരും തെറ്റുകുറ്റങ്ങള്‍ ചെയ്ത് ധിക്കാരികളായി മാറുന്നതിന് കാരണം സ്രഷ്ടാവിലേക്ക് ചേര്‍ത്ത് ന്യായീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ഒരാളുടെ വീട്ടിലേക്ക് ഒരു തീപ്പൊരി വീഴുന്നത് ശ്രദ്ധയില്‍പെട്ട വ്യക്തി ഗൃഹനാഥനോട് അതിന്റെ ദുരന്തങ്ങള്‍ ഉണര്‍ത്തിയപ്പോള്‍, എന്റെ വീട്ടിന്റെ മുകളിലേക്ക് തീപ്പൊരി വീഴ്ത്തിയത് ഞാനല്ല, വീഴ്ത്തിയവര്‍ തന്നെ പരിഹാരം കാണട്ടെയെന്ന് പ്രഖ്യാപിച്ച് ഗൃഹനാഥന്‍ പിന്‍മടങ്ങിയാല്‍ അദ്ദേഹത്തിന്റെ വീട് കത്തിച്ചാമ്പലാവുമെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇന്ന മാര്‍ഗം സ്വീകരിക്കുക വഴി ഒരു വ്യക്തി ദുര്‍മാര്‍ഗത്തിലാവുമെന്ന് സ്രഷ്ടാവ് അറിയിക്കുമ്പോള്‍ അറിയിച്ചവര്‍ തന്നെ തിരുത്തണമെന്ന പ്രഖ്യാപനം യുക്തിസഹമല്ല.
പരിചയസമ്പന്നനായ ഡോക്ടര്‍ രോഗിയോട് ഒരു പ്രത്യേക മെഡിക്കല്‍ ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. അദ്ദേഹം ഉദ്ദേശിച്ച രോഗം എഴുതിവെക്കുകയും ചെയ്തുവെന്നിരിക്കട്ടെ. ടെസ്റ്റിനുശേഷം, ഡോക്ടര്‍ ഉദ്ദേശിച്ച രോഗം തന്നെ സ്ഥിരീകരിച്ചുവെങ്കില്‍, രോഗി നിങ്ങള്‍ നിര്‍ദേശിച്ച മെഡിക്കല്‍ ടെസ്റ്റാണ് എന്റെ രോഗത്തിന്റെ അടിസ്ഥാന കാരണമെന്ന് വിലയിരുത്തി ഡോക്ടറെ ചോദ്യം ചെയ്യുമോ? അതോ തന്റെ ജീവിതത്തില്‍ വലിയൊരനുഗ്രഹം ചെയ്തു തന്നുവെന്ന ആശ്വാസം പ്രകടിപ്പിക്കുമോ?
ത്രികാല ജ്ഞാനിയായ സ്രഷ്ടാവ്, ദുര്‍മാര്‍ഗം സ്വീകരിച്ച വ്യക്തികളുടെ അറിവ് മുന്‍കൂട്ടി അറിയുന്നുവെന്നത് ഒരു അപരാധമായി വിലയിരുത്തുന്നത് എങ്ങനെയാണ്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്റെ ദോഷവും അവനുതന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല’ (സുമര്‍ 55)
അല്ലാഹുവിന്റെ വിധിയുടെ ഭാഗംതന്നെയാണ് ഒരു കാര്യം നിര്‍വഹിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ കൂടി പിന്തുടരുക എന്നത്. കാരണത്തിന്റെ ഭാഗമായി ഓരോരുത്തരും സ്വീകരിക്കുന്ന സമീപനങ്ങളെയും അധ്വാനങ്ങളെയും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഫലപ്രാപ്തി കൈവരിക്കുന്നതിന് സൗകര്യപ്പെടുത്തുക എന്നതുകൂടി ദൈവനിശ്ചയത്തിന്റെ ഭാഗമാണ്. (92:410)
കുറിപ്പുകള്‍
1. 2:62,126,228,232; 3:114; 4:38,59; 5:69.
2. യൂസുഫുല്‍ ഖറദാവി, വിധി വിശ്വാസം ചില ലളിത പാഠങ്ങള്‍.
3. അബൂഹുറയ്‌റ നിവേദനം ചെയ്ത ഹദീസ്. ബുഖാരി മുസ്ലിം.