10 Monday
March 2025
2025 March 10
1446 Ramadân 10

വിടവാങ്ങിയത് സ്ത്രീകളെ സമുദ്ധരിച്ച മതപണ്ഡിത


അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ സ്ത്രീ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ധീരമായ പങ്കുവഹിച്ച പണ്ഡിതയും പ്രഭാഷകയുമായിരുന്നു രണ്ടത്താണി എം കുഞ്ഞിബീവി ടീച്ചര്‍. തങ്ങളുപ്പാപ്പ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന കുഞ്ഞിക്കോയ തങ്ങളുടെ മകളായി രണ്ടത്താണി പൂവന്‍ചിനയിലാണ് ടീച്ചര്‍ ജനിച്ചത്. യാത്രാസൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലഘട്ടത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച് ഇസ്‌ലാഹി പ്രബോധനദൗത്യം നിര്‍വഹിച്ചു ടീച്ചര്‍. വിശുദ്ധഖുര്‍ആന്‍ ഉദ്ധരിച്ചു ലളിതവും ശക്തവുമായ ഭാഷയില്‍ ടീച്ചര്‍ സാധാരണക്കാരായ സഹോദരിമാരോട് സംവദിച്ചു. ആദ്യമായി ഒരു വനിതാ പണ്ഡിതയെ കേള്‍ക്കാനാവസരം ലഭിച്ച സ്ത്രീകള്‍ ടീച്ചറുടെ മുമ്പില്‍ തങ്ങളുടെ സംശയങ്ങളുടെ കെട്ടഴിച്ചു. സരസമായി മറുപടി പറഞ്ഞ് അവരുടെ മനസിലേക്ക് തൗഹീദിന്റെ സന്ദേശം ആഴത്തില്‍ പതിപ്പിക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു.
‘സ്ത്രീകള്‍ മതപ്രഭാഷണം നടത്തുകയോ?’ പൗരോഹിത്യം നെറ്റിചുളിച്ചു. യാഥാസ്ഥിതിക കേന്ദ്രങ്ങളിലെ ഗൃഹാങ്കണങ്ങളില്‍ നിന്ന് ടീച്ചറുടെ മതപ്രഭാഷണം ഉയരുമ്പോള്‍ മറുഭാഗത്ത് യാഥാസ്ഥിതികത്വത്തിന്റെ കൂക്കുവിളികളുമുയര്‍ന്നു. എന്നാല്‍ എതിര്‍പ്പുകളെയും പരിഹാസങ്ങളെയും അവഗണിച്ച് ടീച്ചര്‍ തന്റെ പ്രബോധന ദൗത്യം തുടര്‍ന്നപ്പോള്‍ അത് സ്ത്രീ സമൂഹത്തില്‍ വമ്പിച്ച പ്രതിഫലനം സൃഷ്ടിച്ചു.
കുഞ്ഞിബീവി ടീച്ചര്‍ ഉള്‍പ്പെടെ എണ്ണത്തില്‍ പരിമിതമായിരുന്ന ഇസ്‌ലാഹി പണ്ഡിതകളും പ്രഭാഷകകളുമാണ് ഇസ്‌ലാഹി നവോത്ഥാന പ്രസ്ഥാനത്തിന്റെ വനിതാവിഭാഗമായ എം ജി എം രൂപീകരണത്തിന് പ്രതലമൊരുക്കിയത്. എം ജി എം രൂപീകൃതമായതു മുതല്‍ ഊര്‍ജസ്വലയായ സംഘാടകയായി മാറി ടീച്ചര്‍. എം ജി എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ട് വരെ വ്യവസ്ഥാപിതമായി എത്തിക്കുന്നതില്‍ ടീച്ചര്‍ തന്റെ കഴിവ് വിനിയോഗിച്ചു. പുടവ മാസികക്ക് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള ശാഖകളിലൊന്നായി സ്വദേശമായ രണ്ടത്താണിയെ ടീച്ചര്‍ വളര്‍ത്തിയെടുത്തു. ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത പുടവ ഏജന്റിനുള്ള പുരസ്‌കാരം ഒന്നിലധികം തവണ ടീച്ചര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഉപ്പ നഷ്ടപ്പെട്ട മക്കളുടെ ഉന്നതിക്കായി ഐ എസ് എം ആരംഭിച്ച ദയ ഓര്‍ഫന്‍ കെയറിന്റെ കോര്‍ഡിനേറ്റര്‍ ആയി ടീച്ചര്‍ സേവനമനുഷ്ഠിച്ചു. പല ദേശങ്ങളിലുമുള്ള അനാഥമക്കള്‍ക്കുള്ള പഠനസാമഗ്രികള്‍ എത്തിച്ചും അവരുടെ പഠന നിലവാരം വിലയിരുത്തിയും തന്റെ ഉത്തരവാദിത്വങ്ങള്‍ ടീച്ചര്‍ ഭംഗിയായി നിര്‍വഹിച്ചു. ഈ കാര്യത്തിനായി കേരളത്തിലുടനീളം ടീച്ചര്‍ നിരന്തരം യാത്രചെയ്തു. അല്‍മനാര്‍ ഹജ്ജ് സെല്‍ ആദ്യ വനിതാവളണ്ടിയര്‍ ആയി തെരഞ്ഞെടുത്തതും ടീച്ചറെ ആയിരുന്നു.
കുഞ്ഞിബീവി ടീച്ചറുടെ പിതാവിന്റെ നേതൃത്വത്തില്‍ രണ്ടത്താണി മുജാഹിദ് പള്ളിയുടെ വരാന്തയിലായിരുന്നു ആദ്യകാലത്ത് മദ്‌റസാ പഠനം നടന്നിരുന്നത്. ആദര്‍ശവിശുദ്ധിയുള്ള പിതാവില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ടീച്ചര്‍ പാവാടപ്രായത്തില്‍ തന്നെ മദ്‌റസാ അധ്യാപികയായത്. പിന്നീട് അര നൂറ്റാണ്ടുകാലം രണ്ടത്താണിയിലെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറുമ്മയായി അവര്‍ക്കു ഇസ്‌ലാമിക അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കുകയും ഒരുപാട് ആളുകളിലേക്ക് തൗഹീദിന്റെ സന്ദേശമെത്തിക്കാന്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.
രോഗബാധിതയായി വിശ്രമജീവിതത്തിലേക്ക് മടങ്ങുംവരെ പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ചതായിരുന്നു ടീച്ചറുടെ സമയവും ദിനങ്ങളും. ഡയാലിസിസിന് വിധേയമായിക്കൊണ്ടിരുന്ന ഘട്ടത്തിലും കാണാനെത്തുന്നവരോട് ടീച്ചര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് സംഘടനാവിശേഷങ്ങള്‍ തന്നെയായിരുന്നു. പ്രസ്ഥാന പ്രതിസന്ധിയില്‍ സത്യത്തോടൊപ്പം ഉറച്ചുനില്‍ക്കാന്‍ ടീച്ചര്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. നിലപാടുകളില്‍ ഉറച്ചുനിന്നപ്പോള്‍ സംഘടനാ വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവരുമായും ഗുണകാംക്ഷാപരമായ സൗഹൃദബന്ധം ടീച്ചര്‍ കാത്തുസൂക്ഷിച്ചു.
തൗഹീദിമാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിച്ചു കടന്നുപോയ കുഞ്ഞിബീവി ടീച്ചര്‍ക്ക് നാഥന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top