വിചാരങ്ങളെ വിമലീകരിക്കാം
മുഹമ്മദ് നജീബ് തവനൂര്‍
വിചാരങ്ങളും വികാരങ്ങളുമാണ് മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. അവയുടെ ഉത്ഭവ കേന്ദ്രം മനുഷ്യ മനസ്സാണ്. മനസ്സിനെ വിമലീകരിക്കാന്‍ സാധിച്ചാല്‍ മനുഷ്യന് മഹത്തായ സ്വഭാവത്തിന്റെ ഉടമകളാകാം. അതിന് വായക്കാരനെ സഹായിക്കുന്ന ഉത്തമ രചനയാണ് പ്രമുഖ പണ്ഡിതന്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി രചിച്ച ‘ധര്‍മ വിചാരം’ എന്ന പുസ്തകം. മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിച്ച വിശുദ്ധ ഖുര്‍ആനിലെ തിരെഞ്ഞടുത്ത സൂക്തങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഈ പുസ്തകം വിലപ്പെട്ട വിജ്ഞാനീയങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ ദൈവിക വചനങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതത്തെ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നുണ്ട്.
‘വിശ്വാസം, ഭക്തി’, ‘വൈജ്ഞാനിക സമീപനം’, ‘ജീവിത വീക്ഷണം’, ‘ചരിത്രം – പാഠങ്ങള്‍’, ‘മടക്കയാത്ര’ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി പുസ്തകത്തെ ക്രമീകരിച്ചത് വിഷയാധിഷ്ഠിത വായനയ്ക്ക് സഹായിക്കുന്നു. ‘വിശ്വാസം, ഭക്തി’ എന്ന ആമുഖ തലവാചകത്തിലുള്ള ഒന്നാം ഭാഗത്തില്‍ സത്യവിശ്വാസം എങ്ങനെ ആശ്വാസമേകുന്നുവെന്നും വിജ്ഞാനാന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്തണമെന്നും ആരാധനകളും പ്രാര്‍ഥനകളുമായി ത്യാഗ സന്നദ്ധതയോടെ ജീവിക്കണമെന്നും ഉണര്‍ത്തുന്നു.
പ്രപഞ്ചത്തെ വായിച്ചും പ്രപഞ്ചനാഥനെ തിരിച്ചറിഞ്ഞും സൂക്ഷ്മതയോടെ ജീവിക്കണമെന്ന് ‘വൈജ്ഞാനിക സമീപനം’ എന്ന രണ്ടാം ഭാഗത്ത് ഗ്രന്ഥകാരന്‍ വായനക്കാരെ ഓര്‍മപ്പെടുത്തുന്നു. അഹങ്കാരവും ദൈവ നിഷേധവും എത്ര അപകടമാണെന്ന് ഈ ഭാഗം ബോധ്യപ്പെടുത്തുന്നുണ്ട്. സ്വന്തത്തില്‍ നിന്നാരംഭിക്കേണ്ട സംസ്‌കരണ പ്രക്രിയയെക്കുറിച്ചും ദൈവം നല്‍കിയ ജീവിതമെന്ന പരീക്ഷണത്തെ പക്വതയോടെ നേരിട്ടാല്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാമെന്നും ‘ജീവിത വീക്ഷണം’ എന്ന ഭാഗത്ത് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
പില്‍ക്കാലക്കാര്‍ക്ക് പാഠമായി മാറിയ ത്യാഗചരിത്രങ്ങളെ ഓര്‍മപ്പെടുത്തി വിശ്വാസത്തിന്റെ ഉള്‍ക്കരുത്തിലൂടെ എല്ലാ കാലത്തും ജീവിത വിജയം നേടാനാകുമെന്ന് ‘ചരിത്രം – പാഠങ്ങള്‍’ എന്ന ഭാഗം വായനക്കാരനെ പഠിപ്പിക്കുന്നു. വരികളിലൂടെ യാത്ര ചെയ്ത് പുസ്തകത്തിന്റെ അവസാനത്തിലെ ‘മടക്ക യാത്ര’ എന്ന ഭാഗത്തെത്തുമ്പോള്‍, നശ്വരമായ ഇഹലോകത്ത് ധര്‍മ ബോധത്തോടെ ജീവിച്ചാല്‍ അനശ്വരമായ പരലോകത്ത് നിരാശരാകേണ്ടി വരില്ലെന്ന സന്തോഷ സന്ദേശം ഒരോ വായനക്കാരനിലും ആവേശമായി അവശേഷിക്കുമെന്നതില്‍ സംശയമില്ല. വിശുദ്ധ ഖുര്‍ആനിലെ തിരഞ്ഞെടുത്ത സൂക്തങ്ങളുടെ ആശയ ആസ്വാദനം പകരുന്ന ഈ ഉത്തമ ഗ്രന്ഥം യുവത ബുക് ഹൗസാണ് വായനക്കാരിലേക്കെത്തിക്കുന്നത്.