വിഭവ വിതരണത്തില്‍ മുസ്ലിം സമുദായത്തോട് തുടരുന്ന അനീതി
ടി റിയാസ് മോന്‍
അധികാര പങ്കാളിത്തത്തിലും ഉദ്യോഗ രംഗങ്ങളിലും ലഭിക്കുന്ന പ്രാതിനിധ്യം ഒരു ജനതയുടെ അതിജീവനത്തില്‍ ഏറെ പ്രധാനമാണ്. അധികാരത്തിലും ഉദ്യോഗ മേഖലകളിലും പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ കൃഷി, കച്ചവടം, സേവനം തുടങ്ങിയ വിവിധ മേഖലകളില്‍ വളര്‍ച്ചയും അതിജീവനവും സാധ്യമാവുകയുള്ളൂ. രാഷ്ട്രീയ പിന്തുണയില്ലാതെ ഒരു ജനതയ്ക്കും അതിജീവനവും സാമ്പത്തിക വളര്‍ച്ചയും എളുപ്പമല്ല. ഭരിക്കുന്ന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളോടും എങ്ങനെ പെരുമാറുന്നു എന്നത് സൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്. ന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിംകള്‍ സവിശേഷമായ പരിഗണന അര്‍ഹിക്കുന്നവരാണ്. എന്നാല്‍ പ്രത്യക്ഷമായ അവഗണന ഉണ്ടാകുന്നു എന്നതാണ് യാഥാര്‍ഥ്യം.
സാമൂഹിക വികസനത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഉന്നത വിദ്യാഭ്യാസം മുതല്‍ ഏറ്റവും അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പ് വരുത്തുന്ന ദാരിദ്ര്യ നിര്‍മാര്‍ജനം വരെയുള്ള അനേകം വികസന മേഖലകളില്‍ മുസ്ലിം ന്യൂനപക്ഷത്തിന് കേരള സര്‍ക്കാര്‍ നല്കിയ പരിഗണനയും അവഗണനയും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാകേണ്ടതുണ്ട്. ഓരോ വികസന മേഖലയിലും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എന്ത് ലഭിച്ചു എന്നതും ഏത് തരം പ്രാതിനിധ്യം ലഭിച്ചു എന്നതും പരിശോധിക്കണം.
ഉന്നത വിദ്യാഭ്യാസത്തിന്റെ ആസ്ഥാനം സര്‍വകലാശാലകളാണ്. വി സി പുനര്‍ നിയമനങ്ങളുടെ ഈ കാലത്ത് കേരളത്തിലെ പന്ത്രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരില്‍ മുസ്ലിംകളുടെ എണ്ണം പൂജ്യം, രജിസ്ട്രാര്‍മാരില്‍ ഒന്ന്. കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ സക്കീര്‍ ഹുസൈന്‍ ആണ് കേരളത്തിലെ ഏക മുസ്ലിം രജിസ്ട്രാര്‍. റഗുലര്‍ വിദ്യാര്‍ഥികളോ ഗവേഷകരോ ഇല്ലാത്ത, കോഴ്സുകള്‍ക്ക് ഇനിയും അംഗീകാരം ആയിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവാഴ്സിറ്റിയിലാണ് പേരിനൊരു മുസ്ലിം വൈസ് ചാന്‍സലര്‍ ഉള്ളത്. ഡോ. പി എം മുബാറക് പാഷയാണ് ഓപ്പണ്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ സുപ്രധാന പദവികളില്‍ മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യത്തിന്റെ അഭാവത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ വിവരങ്ങള്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമുദായത്തെ പാടെ അവഗണിക്കാനുള്ള നീക്കങ്ങള്‍ സജീവമായി സംസ്ഥാന സര്‍ക്കാറിന്റെ തന്നെ നേതൃത്വത്തില്‍ നടക്കുകയാണ്.
സംസ്ഥാനത്ത് മുസ്ലിം സംവരണം നിരന്തരം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് 8% ആണ് മുസ്ലിം സംവരണം. 84 സീറ്റാണ് മുസ്ലിംകള്‍ക്ക് സംവരണത്തിലൂടെ നീക്കി വെച്ചിരിക്കുന്നത്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% ആണ് സംവരണം. പത്ത് ശതമാനം സംവരണം നല്കിയപ്പോള്‍ 130 സീറ്റ്. 8% മുസ്ലിം സംവരണം 84 സീറ്റും, 10% മുന്നാക്ക സംവരണം 130 സീറ്റുമാകുന്നതിന്റെ കണക്ക് എങ്ങനെയാണ്?
മെഡിക്കല്‍ പി ജിക്ക് മുസ്ലിം സംവരണം 2% ആണ്. മുസ്ലിംകള്‍ക്ക് ആകെ നീക്കി വെച്ചത് 9 സീറ്റ്. 10% മുന്നാക്ക സംവരണം നടപ്പാക്കി 30 സീറ്റ് മുന്നാക്കക്കാര്‍ക്ക് നല്കി. മെഡിക്കല്‍ പി ജി കോഴ്സുകള്‍ക്കും മറ്റു പ്രൊഫഷനല്‍ പാരാ മെഡിക്കല്‍ പി ജി കോഴ്സുകള്‍ക്കും എസ് ഇ ബി സി സംവരണം 27 ശതമാനമായി ഉത്തരവിറക്കിയതോടെ മെഡിക്കല്‍ പി ജി കോഴ്സുകളില്‍ മുസ്ലിം സംവരണ സീറ്റുകളില്‍ വര്‍ധനവ് 2022 മുതല്‍ ഉണ്ടാകും. അതേസമയം എം ബി ബി എസ് പ്രവേശത്തിന് നിലവിലുള്ള മുസ്ലിം സംവരണ വിഹിതം 2022 മുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
2006-ലെ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനുള്ള കമ്മിറ്റിയായിരുന്നു. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് പകരം കേരളം പാലൊളി മുഹമ്മദ് കുട്ടി ചെയര്‍മാനായി പത്തംഗ കമ്മിറ്റിയെ നിയോഗിച്ചു. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉണ്ടാക്കിയ കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കി വന്നപ്പോള്‍ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ളവയില്‍ 80:20 അനുപാതം പാലിക്കാനാണ് തീരുമാനിച്ചത്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമുള്ള 100% ആനുകൂല്യങ്ങള്‍ മുസ്ലിംകള്‍ക്ക് നല്കേണ്ടിടത്ത് 80% എന്ന് പറഞ്ഞ് ആരംഭിച്ച് ഇപ്പോള്‍, ഉള്ള 80-ഉം നഷ്ടപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷനില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ 20% പിന്നാക്കക്കാര്‍ക്ക് നല്കാറില്ല. പട്ടിക വര്‍ഗ വകുപ്പിലെ പദ്ധതികളില്‍ മറ്റുള്ളവര്‍ക്ക് പങ്ക് നല്കാറില്ല. എന്നാല്‍ ഈ സാമാന്യയുക്തി പോലും മുസ്ലിം ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ ലംഘിക്കാന്‍ ധൃതി കാണിച്ചു.
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കിയപ്പോള്‍ അതില്‍ വെള്ളം ചേര്‍ത്തുവെന്നതാണ് പാലോളി മുഹമ്മദ് കുട്ടിയുടെ സംഭാവന. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേസിനെ തുടര്‍ന്ന് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച സംഭവിച്ചതായി സംശയിക്കുന്നതായി മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി കോടതി വിധിക്ക് ശേഷം പ്രതികരിക്കുകയുണ്ടായി. (മെക്ക ന്യൂസ്, 2021 ഓഗസ്റ്റ്). കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടുവെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ സംശയം അസ്ഥാനത്തല്ല. അത് കേവലമായ സംശയം അല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകരില്‍ പോലും മുസ്ലിം പ്രാതിനിധ്യം ഇടതുഭരണത്തില്‍ കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായ നിയമ ഓഫിസര്‍മാരിലെ മുസ്ലിം പ്രാതിനിധ്യം എത്രയാണ്? അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള ഏഴ് ഉയര്‍ന്ന തസ്തികകളില്‍ ആരും മുസ്ലിംകളില്ല. സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ 20-ല്‍ മൂന്ന്, 56 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ നാല്, 58 ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ എട്ട് എന്നിങ്ങനെയാണ് മുസ്ലിം പ്രാതിനിധ്യം. (2021 മെയ് 20-ലെ കണക്ക്, സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമായത്.)
ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമുദായം കൈവരിക്കുന്ന വളര്‍ച്ച സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന മുസ്ലിം വിദ്യാര്‍ഥികളില്‍ വലിയൊരു പങ്ക് സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളെയാണ് ആശ്രയിക്കുന്നത്. വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് സഹായകരമായ നിലപാടല്ല കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ സമുദായത്തിന്റെ വളര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ വിഘാതം സൃഷ്ടിക്കുന്നത് ഗൗരവതരമാണ്.
കേരള നിയമസഭാ സെക്രട്ടറിയേറ്റിലെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി, ‘മെക്ക’ സ്റ്റേറ്റ് കമ്മിറ്റി നല്കിയ ഹര്‍ജിയെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്: ”സമയബന്ധിതമായ ചില പ്രോജക്ടുകളിലും മറ്റും നടത്തുന്ന ദിവസ വേതന/ കരാര്‍ നിയമനങ്ങളില്‍ ഏകീകൃത റിക്രൂട്ടിങ് ഏജന്‍സി ഇല്ലാത്തതിനാല്‍ സംവരണം പാലിക്കുന്നത് സങ്കീര്‍ണമായ കാര്യമാണ്. കൂടാതെ മതിയായ യോഗ്യതയുള്ളതും സംവരണ സമുദായത്തില്‍ പെട്ടതുമായ ഉദ്യോഗാര്‍ഥിയെ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്ന പക്ഷം അത് സമയ ബന്ധിതമായി നടപ്പാക്കേണ്ട പ്രോജക്ടുകളെ സാരമായി ബാധിക്കാറുണ്ട്. അതിനാല്‍ ദിവസ വേതന/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങളില്‍ സംവരണം പാലിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.” (മെക്ക ന്യൂസ്, ഡിസംബര്‍ 2021)
കേരള സര്‍ക്കാറിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ ആണ് കുടുംബശ്രീ. പിണറായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത കുടുംബശ്രീ ഗവേണിങ് ബോഡിയില്‍ മുസ്ലിംകളുടെ എണ്ണം പൂജ്യം. കുടുംബശ്രീയുടെ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ടീമില്‍ 31-ല്‍ മുസ്ലിം ഒന്ന്. അഗ്രിക്കള്‍ച്ചര്‍ ആന്റ് ജന്‍ഡര്‍ ടീമില്‍ 12-ല്‍ മുസ്ലിം പൂജ്യം. ഡി ഡി യു -ജി കെ വൈ ടീമില്‍ 12-ല്‍ മൂന്ന് മുസ്ലിം. കേരള ചിക്കന്‍ ടീമില്‍ 9-ല്‍ പൂജ്യം മുസ്ലിം. മൈക്രോ എന്റര്‍പ്രൈസസ് ആന്റ് മാര്‍ക്കറ്റിങ് ടീമില്‍ 11-ല്‍ ഒന്ന് മുസ്ലിം. എന്‍ ആര്‍ എല്‍ എം ടീമില്‍ അഞ്ചില്‍ പൂജ്യം മുസ്ലിം. (കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.)
സംസ്ഥാന സര്‍ക്കാറിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന മിഷനുകളിലേക്ക് മതിയായ യോഗ്യതയുള്ള സംവരണ സമുദായത്തില്‍ പെട്ട ആളുകള്‍ ഇല്ലാത്തത് കൊണ്ടല്ല. ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളില്‍ മുസ്ലിംകള്‍ പുറന്തള്ളപ്പെട്ടു പോകുന്നതാണ്. കുടുംബശ്രീ സംസ്ഥാന മിഷനില്‍ മാത്രമല്ല പഞ്ചായത്ത്- നഗരസഭാ തലങ്ങളില്‍ നടക്കുന്ന ദിവസക്കൂലി നിയമനങ്ങളും കരാര്‍ നിയമനങ്ങളും പരിശോധിച്ചാല്‍ മുസ്ലിംകളുടെ പ്രാതിനിധ്യക്കുറവ് ദൃശ്യമാകും. ഇതിന്റെ കാരണം വിശദീകരിക്കേണ്ടത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറാണ്.
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ അംഗത്വത്തില്‍ കേരളത്തിലെ 27 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് നല്കിയ പ്രാതിനിധ്യവും പഠന വിധേയാക്കേണ്ടതുണ്ട്. വിവിധ അക്കാഡമികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ മുസ്ലിം പ്രാതിനിധ്യം എന്ത് കൊണ്ട് കുറഞ്ഞു പോയി എന്നതും വിശദീകരിക്കപ്പെടണം. സംസ്ഥാന സര്‍ക്കാര്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ പോലും മുസ്ലിം പ്രാതിനിധ്യം കുറയുന്നുണ്ട്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ 29 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ബാക്ക്ലോഗ് നികത്താനുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ നാല് തസ്തികയും നികത്താനുണ്ട്. ബാക്ക് ലോഗ് നികത്താനുള്ള യു ജി സിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. അത് മറികടന്നാണ് കാലിക്കറ്റില്‍ അധ്യാപക നിയമനങ്ങള്‍ നടന്നത്.
ബാക്ക് ലോഗ് നികത്തിയില്ലെന്ന് മാത്രമല്ല നടന്ന നിയമനങ്ങളില്‍ പോലും സംവരണ തസ്തികകളെ കുറിച്ച് വ്യക്തതയില്ല. കേരള സംസ്ഥാനത്ത് ഔദ്യോഗിക പിന്തുണയോടെയാണ് സംവരണ വിരുദ്ധ ലോബികള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ – അധികാര പങ്കാളിത്തത്തില്‍ നിന്ന് മുസ്ലിംകളെ അകറ്റി നിര്‍ത്താന്‍ നേതൃത്വം നല്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.