8 Thursday
January 2026
2026 January 8
1447 Rajab 19

വെട്ടിമാറ്റിയാല്‍ ഇല്ലാതാകുമോ?

സുഫ്‌യാന്‍


എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രവും ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ഭാഗങ്ങളും നീക്കം ചെയ്യുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിവിധ ക്ലാസുകളിലെ ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, സിവിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലാണ് ഏറെ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളത്. നിലവില്‍ കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ നയങ്ങള്‍ക്കും ആര്‍ എസ് എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്കും അനുരൂപമെന്ന നിലയിലാണ് ഈ തിരുത്തലുകള്‍ വരുത്തുന്നത്.
2014-ല്‍ മോദി അധികാരത്തിലെത്തിയതിന് ശേഷം, 2017 മുതല്‍ തുടങ്ങിയതാണ് എന്‍ സി ഇ ആര്‍ ടിയുടെ ‘പരിഷ്‌കാരങ്ങള്‍’. പിന്നീട് പല ഘട്ടങ്ങളിലായി ഒട്ടേറെ തിരുത്തലുകള്‍ വരുത്തി. ഇപ്പോഴിതാ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗളന്മാരുടെ ചരിത്രം വെട്ടിമാറ്റിയിരിക്കുന്നു. മൂന്ന് നൂറ്റാണ്ടിലധികം നീണ്ടുനിന്ന ഒരു ഭരണ സംവിധാനത്തെ പാഠപുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റിയതു കൊണ്ട് ഇല്ലാതായിത്തീരുമോ? പാഠപുസ്തക പരിഷ്‌കരണമെന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ചരിത്രപരമായ നിഷേധമാണ്. അക്കാദമിക ഭാഷയില്‍ ഹിസ്‌റ്റോറിക്കല്‍ നെഗേഷനിസം എന്നാണിതിന് പറയുക.
ഹിസ്‌റ്റോറിക്കല്‍ നെഗേഷനിസം
ചരിത്രപരമായ നിഷേധാത്മകത എന്ന് ഇതിനെ വിളിക്കാവുന്നതാണ്. എന്നാല്‍, പലപ്പോഴും ഇത് ചരിത്രപരമായ പുനര്‍വായനയുടെ വേഷമണിഞ്ഞാണ് രംഗത്തുവരിക. ഹിസ്‌റ്റോറിക്കല്‍ റിവിഷനിസത്തിന്റെ ലേബലിലാണ് ഇത് അവതരിപ്പിക്കാറുള്ളത്. ചരിത്രപരമായ പുനര്‍വായന എന്നാല്‍, മുഖ്യധാര ചരിത്രത്തില്‍ പരിഗണിക്കപ്പെടാതെ പോയ ചരിത്രവസ്തുതകളെയും സത്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്ന ചരിത്രപഠനത്തിന്റെയും വ്യാഖ്യാനത്തിന്റെയും മാര്‍ഗമാണ്. എന്നാല്‍, നെഗേഷനിസം എന്നത് ചരിത്രവസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും മറച്ചുവെച്ചുള്ള വ്യാജനിര്‍മിതികളാണ്. ചരിത്രപരമായ വ്യവഹാരത്തില്‍ അസ്വീകാര്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക, വ്യാജ രേഖകള്‍ യഥാര്‍ഥമാണെന്ന് അവതരിപ്പിക്കുക, യഥാര്‍ഥ രേഖകളെ അവിശ്വസിക്കുന്നതിനുള്ള തന്ത്രപരവും എന്നാല്‍ അസംഭവ്യവുമായ കാരണങ്ങള്‍ കണ്ടുപിടിക്കുക, തെറ്റായ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സീരീസ്, ടെക്സ്റ്റുകള്‍ തുടങ്ങിയ വ ബോധപൂര്‍വ്വം തെറ്റായി വിവര്‍ത്തനം ചെയ്യുക തുടങ്ങിയ വഴികളിലൂടെയാണ് ചരിത്രപരമായ നിഷേധാത്മകത മുന്നേട്ടുപോവുന്നത്. ഭരണകൂടം ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ചാണ് ഇത് നടപ്പിലാക്കുക.
ഫ്രഞ്ച് ചരിത്രകാരനായ ഹെന്റി റൂസോ തന്റെ 1987-ലെ പുസ്തകമായ ദി വിച്ചി സിന്‍ഡ്രോം എന്ന പുസ്തകത്തിലാണ് ഈ കീവേഡ് ആദ്യമായി ഉപയോഗിക്കുന്നത്. ഹോളോകോസ്റ്റ് പഠനങ്ങളിലെ നിയമാനുസൃതവും ചരിത്രപരവുമായ റിവിഷനിസവും ഹോളോകോസ്റ്റിന്റെ രാഷ്ട്രീയ പ്രേരിത ചരിത്രനിഷേധവും തമ്മില്‍ വേര്‍തിരിച്ചറിയേണ്ടത് അനിവാര്യമാണെന്ന് റൂസോ അഭിപ്രായപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് അദ്ദേഹം ചരിത്രപരമായ നിഷേധാത്മകത എന്ന് വിശേഷിപ്പിക്കുന്നത്. ഹോളോകോസ്റ്റിനെ നിഷേധിക്കുന്ന ചരിത്രകാരന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്.
സമാനമായി, കുറച്ചു കാലത്തിന് ശേഷം, ഗുജറാത്തില്‍ വംശഹത്യ നടന്നു എന്ന വസ്തുത, കേവലം പ്രചാരണം മാത്രമാണ്, അങ്ങനെ ഒന്ന് സംഭവിച്ചിട്ടേ ഇല്ല എന്ന തരത്തിലേക്ക് ചരിത്രത്തെ വികലമാക്കി മാറ്റിപ്പണിയാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് നൂറ്റാണ്ടിന്റെ ചരിത്രത്തെ തന്നെ നിഷേധിക്കാന്‍ ഒരുമ്പെടുന്നവര്‍ക്ക് 2002-ലെ ഗുജറാത്ത് വംശഹത്യയെ മായ്ച്ചുകളയുക എന്നത് ശ്രമകരമായ ഒരു ദൗത്യമേ അല്ല. ശത്രുവിനെ പൈശാചികവത്കരിക്കുക, വിജയത്തിന്റെ മിഥ്യാധാരണ സൃഷ്ടിക്കുക, കുറ്റം അപരനിലേക്ക് ചാര്‍ത്തുക, സങ്കുചിത സൗഹൃദവും ദേശീയതയും പരിപോഷിപ്പിക്കുക, രാഷ്ട്രീയ ലാഭം കൊയ്യുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായാണ് ഹിസ്‌റ്റോറിക്കല്‍ നെഗേഷനിസം നടപ്പിലാക്കുന്നത്. ഇത് ചരിത്രകാരന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ തന്നെ മുന്‍കൈയ്യാലാണ് നടപ്പാകാറുള്ളത്. അതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് റിവിഷനിസവും നെഗേഷനിസവും കൃത്യമായി വേര്‍തിരിച്ച് മനസ്സിലാക്കുക എന്നത് അക്കാദമികവും രാഷ്ട്രീയപരവുമായ ഉത്തരവാദിത്തമാണ്.

Back to Top