8 Thursday
January 2026
2026 January 8
1447 Rajab 19

വേരിനൊരിടം

സാജിദ് പുതിയോട്ടില്‍


ഒരു പ്ലാസ്റ്റിക് പതാക
അഴുക്കു പുരണ്ട ഭാണ്ഡത്തിലെ
ദേശക്കൂറിലെവിടെയോ
കാത്തുവെച്ചത്
അയാള്‍ പുറത്തെടുത്തു.

പണ്ട് കാറ്റില്‍
സ്‌കൂള്‍ബസില്‍ നിന്ന്
പാറിവീണതായിരുന്നു,
അന്നമ്പതാണ്ട്.

നിവര്‍ത്തിയപ്പോള്‍
വെള്ളക്കീറുകള്‍
വേരുകള്‍ പാഞ്ഞ മാതിരി
പടര്‍ന്നിരിക്കുന്നു.
അന്തിമാനം പോലെ
അലിഞ്ഞു മങ്ങിയ നിറഭേദവും.

ഉപ്പുമണം കുറുക്കിയെടുത്ത
കടല്‍ക്കാറ്റില്‍
ഗാന്ധിയുടെ ഒറ്റക്കീറ് മുണ്ട് കണക്കെ
പതാക ഒന്നിളകി.
അയാളൊന്നു വിറച്ചു.

അതിലൂര്‍ന്ന് പുറത്തേക്ക് ചാടി
ഒരു ചോദ്യം
ഭഗത് സിങിനെ പോലെ തലയുയര്‍ത്തി
അമ്പതാണ്ടിന്റെ അതേ ചോദ്യം.

അന്ന്
ഉയര്‍ത്തിയത് ഒരു ചോദ്യമായിരുന്നു;
പതാകയല്ല
എഴുപത്തിയഞ്ചിന്റെ അമൃതിലും
എല്ലൊട്ടി കവിളുന്തി
അതേ ചോദ്യം അയാള്‍ വാനിലേക്കുയര്‍ത്തി
വേരാഴ്ന്നിറങ്ങി പാറിപ്പറക്കാന്‍
എവിടെയെന്റെ ഒരു തുണ്ട് മണ്ണ്?

വരണ്ടു കീറിയ പാദങ്ങള്‍
ഉമ്മവെച്ചു മുദ്രണം ചെയ്ത ഇടങ്ങളൊക്കെയും
നവ ‘ഈസ്റ്റ് ഇന്ത്യാ’ കമ്പനികള്‍
പേര് വെച്ചു മുദ്രണം ചെയ്തു.

നാട്ടുശീലുകളിലൊക്കെയും
തമ്പ്രാക്കളുടെ അമര്‍ച്ചയും മുരളലും.
പാടങ്ങള്‍ താജ്മഹലുകള്‍ പൂത്ത
വിളവെടുക്കാനാവാത്ത
കൃഷിയിടങ്ങളും.

ശേഷം
സ്വന്തമായൊരു ‘ഇന്ത്യയെ കണ്ടെത്താന്‍’
നെഹ്‌റുവിന്റെ പാഠങ്ങളില്‍ നിന്നിറങ്ങി
അയാള്‍ നീട്ടിവലിച്ചു നടന്നു.

നൂറ്റാണ്ടിലേക്കായി
ആ പ്ലാസ്റ്റിക് പതാക
അപ്പോഴും ഭാണ്ഡക്കെട്ടില്‍
ഒരു തുണ്ട് മണ്ണ്
സ്വപ്‌നം കണ്ടു.

പൊട്ടിയ കാലില്‍ നിന്നിറ്റിവീണ
ദേശസ്‌നേഹത്തില്‍
ത്രിവര്‍ണ പക്ഷികള്‍ വാനിലേക്കുയര്‍ന്നു.

അടുത്ത സ്‌കൂളില്‍ നിന്നു
‘ജനഗണമന…’ പുറത്തേക്കൊഴുകി.

Back to Top