22 Wednesday
September 2021
2021 September 22
1443 Safar 14

വെല്ലുവിളികള്‍ പുതിയതല്ല

അന്‍വര്‍ അഹ്മദ്‌


ഇക്കാലത്ത് മുസ്‌ലിം സമുദായത്തിന്റെ ദുര്‍ബലാവസ്ഥ ആര്‍ക്കും അവ്യക്തമല്ല. ഇത് ശത്രുക്കള്‍ക്ക് കൂടുതല്‍ പ്രചോദനം നല്കുന്നുണ്ട്. നബി(സ) ഒരിക്കല്‍ പറഞ്ഞു: ”ഭക്ഷണ തളികയിലേക്ക് ആളുകള്‍ അടുത്തുവരുന്നതു പോലെ നിങ്ങളുടെ നേര്‍ക്ക് ശത്രുവിഭാഗങ്ങള്‍ അടുത്തുവരുന്നതാണ്. സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങളുടെ എണ്ണക്കുറവായിരിക്കുമോ അതിന്റെ കാരണം. അവിടുന്ന് പറഞ്ഞു: അല്ല, നിങ്ങളന്ന് ധാരാളമുണ്ടാകും. എന്നാല്‍ ഒഴുകുന്ന വെള്ളത്തിലെ ചണ്ടികള്‍ പോലെയായിരിക്കും നിങ്ങള്‍. അല്ലാഹു ശത്രുവിന്റെ മനസ്സില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം നീക്കുകയും നിങ്ങളുടെ മനസ്സുകളില്‍ വഹ്‌ന് ഇട്ടു തരികയും ചെയ്യും. സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, എന്താണ് വഹ്‌ന്? അവിടുന്ന് പറഞ്ഞു: ഭൗതികതയോടുള്ള ഭ്രമവും മരണത്തോടുള്ള വെറുപ്പും.”
ഇന്ന് ലോകത്ത് നടക്കുന്നത് മുസ്‌ലിം രാജ്യങ്ങളില്‍ ശത്രുവിന്റെ സായുധാധിനിവേശം മാത്രമല്ല, വിവിധ മാര്‍ഗത്തിലൂടെയുള്ള ആക്രമണങ്ങളാണ്. അതില്‍ ചിലത് ദൂരവ്യാപകവും ഗുരുതരവുമായ നാശമുണ്ടാക്കുന്നവയാണ്. അവയെല്ലാം ലക്ഷ്യമിടുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നിഷ്‌കാസനവും മുസ്‌ലിംസമൂഹത്തിന്റെ അസ്തിത്വ നിഷേധവുമാണ്. അതിനു വേണ്ടി ചിലപ്പോള്‍ അവര്‍ മതത്തെയും അതിന്റെ പവിത്രതയെയും വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോള്‍ വിശ്വാസത്തെയും ശരീഅത്ത് നിയമങ്ങളെയും കുറിച്ച് സംശയങ്ങളും സന്ദേഹങ്ങളും പ്രചരിപ്പിക്കുന്നു. ഇസ്‌ലാം പ്രചരിപ്പിച്ച സ്വഹാബികളെയും താബിഉകളെയും കുറിച്ച് അധിക്ഷേപമുന്നയിക്കുന്നു. അവസാനം അവര്‍ ഖുര്‍ആനിനെയും നബിയെയും തന്നെ വിമര്‍ശിക്കുന്നതിലേക്ക് എത്തുന്നു.
ഈ ആക്രമണം ചരിത്രത്തില്‍ എക്കാലവും ശത്രുക്കള്‍ തുടര്‍ന്നുവന്നിട്ടുണ്ട്. ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ വിജയം അധികപക്ഷവും ഇസ്‌ലാമിന്റെ ഭാഗത്താണ്. ഇസ്‌ലാമിന്നെതിരില്‍ ശക്തമായ പടയോട്ടം നടത്തിയവരായിരുന്നു താര്‍ത്താരികള്‍. എന്നാല്‍ ജേതാക്കളായ അവരെ ഇസ്‌ലാമിക സംസ്‌കാരം കീഴടക്കുകയും അവരില്‍ വലിയൊരു വിഭാഗം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു!
എന്നാല്‍ ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ഭീഷണി സ്വസമുദായത്തെക്കുറിച്ചുള്ള നിരാശയും ശത്രുസന്നാഹങ്ങളെക്കുറിച്ചുള്ള ഭയവും തല്‍ഫലമായുണ്ടാകുന്ന ദുര്‍ബലതയുമാണ്. അതിനെക്കാള്‍ ഗൗരവമുള്ളത് സമുദായത്തെ ബാധിച്ച പ്രസ്തുത രോഗത്തെക്കുറിച്ചുള്ള അശ്രദ്ധയാണ്. യഥാര്‍ഥത്തില്‍ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.
നബി(സ) പറഞ്ഞു: ”നിങ്ങള്‍ ഈനത്ത് (പലിശ അനുവദനീയമാക്കാനുള്ള സൂത്രം) കച്ചവടം നടത്തുകയും മാടുകളുടെ വാലുപിടിക്കുകയും കൃഷിയില്‍ സംതൃപ്തിയടയുകയും സന്മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമം ഉപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹു നിങ്ങള്‍ക്ക് പതിത്വം അടിച്ചേല്പിക്കുന്നതാണ്. നിങ്ങള്‍ മതത്തിലേക്ക് മടങ്ങുന്നതുവരെ അതവന്‍ നീക്കുകയില്ല.” (അബൂദാവൂദ്)
ആക്ഷേപങ്ങള്‍,
ആക്രമണങ്ങള്‍

സത്യത്തിനെതിരില്‍ പേനയും ആയുധവും കൊണ്ടുള്ള കടന്നാക്രമണത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. ആദമിന് സുജൂദ് ചെയ്യാനുള്ള കല്പന ലഭിച്ചപ്പോള്‍ ഇബ്‌ലീസ് പറഞ്ഞു: ”ഞാന്‍ അവനെക്കാള്‍ ഉത്തമനാണ്. നീ എന്നെ അഗ്‌നികൊണ്ട് സൃഷ്ടിച്ചു. അവനെ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചു.” (അഅ്‌റാഫ് 12)
ഇബ്‌ലീസ് ആദമിനോടും അദ്ദേഹത്തിന്റെ സന്തതികളോടും അസൂയയും ശത്രുതയും പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ”തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം ഇവന്റെ, സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പ്പെടുത്തുകയും ചെയ്യും.” (ഇസ്‌റാഅ് 62)
മനുഷ്യമാര്‍ഗത്തില്‍ ബഹുദൈവാരാധന പ്രകടമായ ശേഷം നിയുക്തനായ പ്രവാചകനാണ് നൂഹ്(അ). അവര്‍ അദ്ദേഹത്തെക്കുറിച്ച് ഭ്രാന്തന്‍, പിഴച്ചവന്‍ എന്നിങ്ങനെ ആരോപണം ഉന്നയിച്ചു. മൂസാനബി(അ) നിയോഗിക്കപ്പെട്ടപ്പോള്‍ ഫിര്‍ഔന്‍ അദ്ദേഹത്തെക്കുറിച്ച് മാരണക്കാരന്‍, ഭ്രാന്തന്‍ എന്നിങ്ങനെ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. പിന്നീട് മൂസാനബി(സ)യുടെ സമൂഹത്തില്‍ ഈസാനബി(അ) നിയോഗിക്കപ്പെട്ടപ്പോള്‍ അവര്‍ അദ്ദേഹത്തിനെതിരെയും ഭ്രാന്തനെന്നാരോപിച്ചു. മുഹമ്മദ് നബി(സ)ക്കെതിരെ ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ സമാശ്വസിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ”അപ്രകാരം തന്നെ ഇവരുടെ പൂര്‍വികന്മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല. അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ പരസ്പരം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല. അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു.” (ദാരിയാത്ത് 52,53)
സത്യവിശ്വാസികള്‍ ശത്രുക്കളാല്‍ പരീക്ഷിക്കപ്പെടും. അല്ലാഹു പറഞ്ഞു: ”പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യമുള്ളവനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം.” (ബുറൂജ് 8)
വേദക്കാരോട് ഖുര്‍ആന്‍ ചോദിക്കുന്നു: ”(നബിയേ) പറയുക: വേദക്കാരേ, അല്ലാഹുവിലും (അവങ്കല്‍ നിന്ന്) ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും മുമ്പ് അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നതുകൊണ്ടും, നിങ്ങള്‍ അധികപേരും ധിക്കാരികളാണ് എന്നതുകൊണ്ടും മാത്രമല്ലേ നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നത്.” (മാഇദ 59)
ഫറോവ തന്റെ മാരണക്കാര്‍ വിശ്വസികളായപ്പോള്‍ അവരെ ക്രൂശിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു: ”ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിയുകയും ഞങ്ങളെ നീ മുസ്‌ലിംകളായി മരിപ്പിക്കുകയും ചെയ്യേണമേ!” (അഅ്‌റാഫ് 126)
മാനവലോകത്തിന് സന്മാര്‍ഗദര്‍ശനമായി വന്ന പ്രവാചകന്മാരായിരുന്നു ശത്രുക്കളില്‍ നിന്ന് ആക്ഷേപങ്ങളും മര്‍ദനങ്ങളും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത്. സഅ്ദ്(റ) ചോദിച്ചു: പ്രവാചകരേ, ജനങ്ങളിലേറ്റവും പരീക്ഷിക്കപ്പെട്ടവരാര്? അവിടുന്ന് പറഞ്ഞു: നബിമാര്‍ തന്നെ. പിന്നെ അവരോടടുത്തവരും. ഓരോ വ്യക്തിയും അവന്റെ മതനിഷ്ഠയ്ക്കനുസരിച്ച് പരീക്ഷിക്കപ്പെടും. (ഇബ്‌നുഹിബ്ബാന്‍)
പ്രവാചകന്‍ നേരിട്ട
പരീക്ഷണങ്ങള്‍

മുഹമ്മദ് നബി(സ)ക്ക് ധാരാളം പരീക്ഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നു. മാരണക്കാരന്‍, ജ്യോത്സ്യന്‍, കവി, ഭ്രാന്തന്‍, വ്യാജന്‍, മതഭ്രഷ്ടന്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ ശത്രുക്കള്‍ മാറി മാറി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല വലിച്ചിട്ടു, വിഷം ചേര്‍ത്ത ഭക്ഷണം നല്കി, വെട്ടിമുറിവേല്പിച്ചു തുടങ്ങിയ ദേഹോപദ്രവങ്ങളും അവര്‍ ചെയ്തു. എല്ലാം ക്ഷമയും സഹനവും കൊണ്ട് അദ്ദേഹം അഭിമുഖീകരിച്ചു.
മരിക്കുന്ന അവസരത്തില്‍ അവിടുന്ന് പറഞ്ഞു: ആഇശാ, ഖൈബറില്‍ വെച്ച് കഴിച്ച വിഷമുള്ള ഭക്ഷണത്തിന്റെ വേദന ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു. ആ വിഷത്താല്‍ എന്റെ നട്ടെല്ലിന്റെ ഞരമ്പ് മുറിഞ്ഞുപോകാറായിരിക്കുന്നു.” (ബുഖാരി)
ഖാദി ഇയാദ് പറഞ്ഞതിന്റെ സംക്ഷേപം ശ്രദ്ധേയമാണ്: അതിനേക്കാള്‍ കഠിനമായ പീഡനങ്ങളാണ് മറ്റു പ്രവാചകന്മാര്‍ അനുഭവിച്ചത്. അവരില്‍ വധിക്കപ്പെട്ടവരും അഗ്‌നിയില്‍ എറിയപ്പെട്ടവരും വാളുകൊണ്ട് ഈര്‍ന്ന് പിളര്‍ക്കപ്പെട്ടവരുമുണ്ട്. ചിലപ്പോള്‍ അല്ലാഹുവിന്റെ സംരക്ഷണം ലഭിച്ചവരും അവരിലുണ്ട്. ഉഹ്ദ് യുദ്ധദിനം ഇബ്‌നു ഖംഅയുടെ കൈയില്‍ നിന്ന് നബി(സ)യെ സംരക്ഷിച്ചു. സൗര്‍ ഗുഹയിലായിരിക്കുമ്പോള്‍ ഖുറൈശികളുടെ നേത്രങ്ങളില്‍ നിന്നു അദ്ദേഹത്തെ മറച്ചു. അബൂജഹ്‌ലിന്റെ കല്ലില്‍ നിന്നും സുറാഖയുടെ കുതിരയില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ പ്രത്യേകം സംരക്ഷിച്ചു. ഇതിലൂടെ പ്രവാചകരുടെ പദവികള്‍ ഉയരുകയും കാര്യങ്ങള്‍ വ്യക്തമാവുകയും അല്ലാഹുവിന്റെ വചനം പൂര്‍ത്തിയാവുകയും ചെയ്യുന്നു.
മാത്രമല്ല, അവരില്‍ നിന്ന് അത്ഭുതങ്ങള്‍ വെളിവാകുന്നതിനാല്‍ അവര്‍ മനുഷ്യരല്ലെന്ന് തെറ്റിദ്ധരിച്ച് ക്രിസ്ത്യാനികളെപ്പോലെ പിഴച്ചുപോകാതിരിക്കുകയും ചെയ്യും. പൂര്‍ണമായും പ്രതിഫലം നേടാനും സമുദായങ്ങള്‍ക്ക് മാതൃകകള്‍ ലഭിക്കാനും അത് ഉപകരിക്കും. ആശ്ചര്യമുള്ള കാര്യം ജനങ്ങളെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തി സ്വര്‍ഗത്തിലേക്ക് എത്തിക്കാന്‍ വേണ്ടി ഒരു പ്രതിഫലവും ചോദിക്കാതെ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന പ്രവാചകന്മാരെ ശത്രുക്കള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും വധിക്കുകയും ചെയ്യുന്നതാണ്.
എന്നാല്‍ ഈ ജനങ്ങള്‍ തന്നെ തങ്ങളെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ഉപജീവനം നല്കുകയും ചെയ്യുന്ന അല്ലാഹുവെ ധിക്കരിക്കുന്നത് ആ ആശ്ചര്യത്തെ ലഘൂകരിക്കുന്നു. അവരില്‍ ചിലര്‍ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരുമാണ്. അല്ലാഹു പറഞ്ഞു: ”അവര്‍ പറയുന്നതും അന്യായമായി നബിമാരെ അവര്‍ വധിച്ചതും നാം രേഖപ്പെടുത്തും. കരിക്കുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിക്കൂ എന്ന് നാം അവരോട് പറയുകയും ചെയ്യും.” (ആലുഇംറാന്‍ 181)
തെമ്മാടിത്തം ചെയ്തിട്ട് ചിലര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്മാരെ ഞങ്ങള്‍ കണ്ടത് അത് ചെയ്യുന്നവരായിട്ടാണ്. അല്ലാഹു ഞങ്ങളോട് അത് ചെയ്യാന്‍ കല്പിക്കുകയും ചെയ്തിരിക്കുന്നു (അഅ്‌റാഫ് 28). അല്ലാഹു മറുപടി പറഞ്ഞു: (നബിയേ) പറയുക: നിശ്ചയം അല്ലാഹു ദുര്‍വൃത്തികള്‍ ചെയ്യാന്‍ കല്പിക്കുകയില്ല. നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറയുകയാണോ? (അഅ്‌റാഫ് 28)
മറ്റു ചിലര്‍ പറഞ്ഞു: ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചുകളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.” (അന്‍ആം 148)
നിസ്സംഗത അരുത്
മൂസാ നബി(അ)യോട് ധിക്കാരം കാണിച്ചുകൊണ്ട് ഇസ്‌റാഈല്‍ വിഭാഗം ”നീയും നിന്റെ റബ്ബും യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്” എന്ന് പറഞ്ഞതു പോലെയാണ് ഇന്ന് മുസ്‌ലിം സമുദായവുമെന്നത് മറ്റൊരാശ്ചര്യമാണ്. ഇസ്‌ലാമിനെ സഹായിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും സന്നദ്ധമാവുകയാണല്ലോ സത്യത്തിന്റെ ആളുകള്‍ ചെയ്യേണ്ടത്. നീയും നിന്റെ റബ്ബും സമരം ചെയ്യുക, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് പൂര്‍വീകര്‍ പ്രഖ്യാപിച്ചതുപോലെ പ്രത്യേകിച്ചും അത് ആവശ്യമാവുന്ന ഘട്ടത്തില്‍ മൗനംപാലിച്ചു നിസ്സംഗത പാലിക്കാതെ ഉണരാനും പ്രതികരിക്കാനും സാധിക്കണം. മുസ്‌ലിം സമുദായം ദുര്‍വ്യയം ചെയ്യുന്ന ഊര്‍ജവും ധനവും സമയവും ഒരുപക്ഷെ, മതപ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി വിനിയോഗിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതലായിരിക്കും. എന്നാല്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ അവരുടെ ആശയ പ്രചാരണത്തിന് ലഭ്യമായ ഏതൊരവസരവും ഉപയോഗപ്പെടുത്തുന്നു. എന്നാലും സത്യമേ വിജയിക്കുകയുള്ളൂ. അതിനു മാത്രമേ ജഗന്നിയന്താവിന്റെ സഹായം ലഭിക്കുകയുള്ളൂ.
ആരോപണവും
വിമര്‍ശനങ്ങളും

നബി(സ) മക്കയിലും മദീനയിലും ഇസ്‌ലാം പ്രചരിപ്പിച്ചപ്പോള്‍ വിവിധ ആരോപണങ്ങള്‍ ശത്രുക്കള്‍ പറഞ്ഞു. അതിലൊന്ന് പ്രവാചകത്വ സാധ്യതയെ നിരാകരിക്കുന്ന തരത്തിലായിരുന്നു. ഭ്രാന്തന്‍, ജോത്സ്യന്‍, കവി, മാരണം ബാധിച്ചവന്‍, കള്ളവാദി, പഠിപ്പിക്കപ്പെട്ടവന്‍ തുടങ്ങിയവ മാറിമാറി ആരോപിച്ചു. ആരോപണങ്ങളിലെ വൈരുധ്യം തന്നെ അത് വ്യാജവാദമാണെന്ന് വ്യക്തമാക്കുന്നു. അറിവുള്ളവനാവുക, കവിയാവുക അതോടൊപ്പം ഭ്രാന്തനാവുകയും ചെയ്യുക സാധ്യമല്ലല്ലോ.
ഖുര്‍ആനെ കുറിച്ചായിരുന്നു മറ്റൊരാരോപണം. അത് പാഴ്ക്കിനാവുകളാണ്, പൂര്‍വികരുടെ കെട്ടുകഥകളാണ്, മാരണമാണ് എന്നീ ആരോപണങ്ങള്‍ അവര്‍ പറഞ്ഞു. ഇതൊക്കെ കള്ളാരോപണങ്ങളാണെന്ന് വ്യക്തമായി അറിയുന്നതിനാല്‍ അവരിലെ പ്രധാനിയായിരുന്ന വലീദുബ്‌നുല്‍ മുഗീറ പറഞ്ഞു: അല്ലാഹുവാണ, നിങ്ങളില്‍ എന്നേക്കാള്‍ നന്നായി കവിത അറിയുന്നവരില്ല. ജിന്നുകളുടെ വചനങ്ങളറിയുന്നവരില്ല. അല്ലാഹുവാണ, അവയോടൊന്നും ഇത് സാദൃശ്യമാവുന്നില്ല. ഇതൊരു പ്രത്യേക വചനമാണ്. ഇതിന് മാധുര്യമുണ്ട്, പ്രകാശമുണ്ട്, ഇതിന്റെ മുകള്‍ഭാഗം ഫലം നല്കുന്നതും മുരട് രൂഢവുമാണ്. ഇത് ഉന്നതിയിലെത്തും. ഇതിനെ അതിജയിക്കുകയില്ല. ഇതിന്റെ ചുവടെയുള്ളതിനെയെല്ലാം ഇത് തകര്‍ക്കും. ഈ വിധി പ്രഖ്യാപിച്ച സാഹിത്യനിരൂപകനായ അദ്ദേഹം ശത്രുക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി ആക്ഷേപിച്ചുകൊണ്ട് പറഞ്ഞു: ”ഇത് തെരഞ്ഞെടുക്കപ്പെടുന്ന മാരണം മാത്രമാണ്. ഇത് മനുഷ്യവചനം മാത്രമാണ്. അപ്പോള്‍ അല്ലാഹു താക്കീത് ചെയ്തു: ഞാന്‍ അവനെ നരകത്തില്‍ വെച്ച് കത്തിയെരിയിക്കുന്നതാണ്.” (മുദ്ദഥിര്‍ 16)
ഇത്തരത്തിലുള്ള ആരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് അല്ലാഹു മറുപടി നല്കി: ”അവര്‍ ഈ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ. അത് അല്ലാഹുവല്ലാത്തവരില്‍ നിന്നായിരുന്നുവെങ്കില്‍ അതില്‍ ധാരാളം ഭിന്നതകള്‍ അവര്‍ കാണുമായിരുന്നു.” (നിസാഅ് 82)
പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നത് അതിന്റെ മറ്റൊരു രൂപമാണ്. അവര്‍ പറഞ്ഞു: ”ഇയാളെയാണോ അല്ലാഹു പ്രവാചകനായി നിയോഗിച്ചത്” (ഫുര്‍ഖാന്‍ 41). ”ഈ രണ്ടു പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും മഹാന്റെ പേരില്‍ ഈ ഖുര്‍ആന്‍ എന്തുകൊണ്ട് ഇറക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു.” (സുഖ്‌റുഫ് 31)
ആണ്‍മക്കള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ നബി(സ) പിന്‍തലമുറയില്ലാത്തവനാണെന്ന് തുടങ്ങി നിരവധി പരിഹാസങ്ങള്‍ അവര്‍ പറഞ്ഞപ്പോള്‍ അല്ലാഹു അതിന് മറുപടി പറഞ്ഞു: ”തീര്‍ച്ചയായും താങ്കളോട് വിദ്വേഷം പുലര്‍ത്തുന്നവനാണ് പിന്‍തലമുറയില്ലാത്തവന്‍.” (കൗഥര്‍ 3)
ഈ പറഞ്ഞത് പിന്നീട് യാഥാര്‍ഥ്യമാവുകയും ചെയ്തു. മക്കയിലെ ശത്രുക്കളുടേതില്‍ നിന്ന് ഒട്ടും കുറവായിരുന്നില്ല മദീനയിലെ യഹൂദന്മാരുടെയും കപടന്മാരുടെയും ശത്രുത. മുസ്‌ലിംകള്‍ മദീനയില്‍ ശക്തരായതിനാല്‍ പരസ്യമായി അധിക്ഷേപിക്കാനോ പരിഹസിക്കാനോ ശത്രുക്കള്‍ക്ക് സാധിച്ചിരുന്നില്ല. എങ്കിലും നബിയുടെ ചില പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും രഹസ്യമായി കുറ്റപ്പെടുത്തിയും ഉപദ്രവിച്ചുകൊണ്ടിരുന്നു. അവരെപ്പറ്റി അല്ലാഹു പറഞ്ഞു: ”അവരുടെ കൂട്ടത്തില്‍ ദാനധര്‍മങ്ങളുടെ കാര്യത്തില്‍ താങ്കളെ ആക്ഷേപിക്കുന്ന ചിലരുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് നല്കപ്പെടുന്ന പക്ഷം അവര്‍ തൃപ്തിപ്പെടും. അവര്‍ക്ക് അതില്‍ നിന്ന് നല്കപ്പെട്ടില്ലെങ്കിലോ അവര്‍ കോപിക്കും.” (തൗബ 58).
”നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലര്‍ അവരിലുണ്ട്. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാണ്.” (തൗബ 61)
എന്നാല്‍ നബിയെ അവര്‍ ആക്ഷേപിച്ചത് രഹസ്യമായി മാത്രമായിരുന്നു. അവരുടെ രഹസ്യം അല്ലാഹു വ്യക്തമാക്കുമോ എന്നവര്‍ ആശങ്കിച്ചിരുന്നു. അല്ലാഹു പറഞ്ഞു: ”തങ്ങളുടെ മനസ്സുകളില്‍ ഉള്ളതിനെ പറ്റി അവരെ വിവരമറിയിക്കുന്ന (ഖുര്‍ആനില്‍ നിന്നുള്ള) ഏതെങ്കിലും ഒരധ്യായം അവരുടെ കാര്യത്തില്‍ അവതരിപ്പിക്കപ്പെട്ടേക്കുമോ എന്ന് കപട വിശ്വാസികള്‍ ഭയപ്പെട്ടുകൊണ്ടേയിരിക്കുന്നു. പറയുക: നിങ്ങള്‍ പരിഹസിച്ചുകൊള്ളൂ. നിശ്ചയം നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരുന്നതാണ്.”(തൗബ 64)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x