ഖുര്‍ആന്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ യുവത മുന്നിട്ടിറങ്ങണം -വെളിച്ചം ലീഡേഴ്സ് മീറ്റ്
കോഴിക്കോട്: ഖുര്‍ആന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് യുവസമൂഹം കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് നടന്ന വെളിച്ചം ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ പഠനം ജനകീയമാക്കാന്‍ വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി സഹായകമായിട്ടുണ്ട്. കൂടുതല്‍ ജനങ്ങളിലേക്ക് ഖുര്‍ആന്റെ വെളിച്ചം എത്തിക്കാന്‍ സംവിധാനങ്ങളുണ്ടാവണം. വെളിച്ചം ചെയര്മാന് അബ്ദുല്‍കരീം സുല്ലമി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലാ, മണ്ഡലം കണ്‍വീനര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. വൈസ് ചെയര്മാന് ഷാനിഫ് വാഴക്കാട് ഐ ടി പരിശീലനത്തിന് നേതൃത്വം നല്കി. ഷറഫുദീന്‍ കടലുണ്ടി, അയ്യൂബ് എടവനക്കാട്, നവാസ് അന്‍വാരി, ഇല്യാസ് മോങ്ങം, മുനീര്‍ തിരൂര്‍, ഇസ്മായില്‍ തലശ്ശേരി പ്രസംഗിച്ചു.