വെടിനിര്‍ത്തലിന് സമ്മര്‍ദം; തയ്യാറല്ലെന്ന് ഇസ്രായേല്‍
ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുമ്പോഴും കൂസലില്ലാതെ ഇസ്രായേല്‍. യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ സംസാരിച്ച സ്‌പെയിന്‍, ബെല്‍ജിയം, മാള്‍ട്ട, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികള്‍ വെടിനിര്‍ത്തല്‍ ആവശ്യം ശക്തമായി ഉയര്‍ത്തിയതും വെസ്റ്റ് ബാങ്കില്‍ അക്രമം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് വിസ നല്‍കില്ലെന്ന് യു കെ പ്രഖ്യാപിച്ചതും ഇസ്രായേലിന് തിരിച്ചടിയായി. എന്നാല്‍, ലോകത്തിന്റെ പൊതുവികാരത്തെ അവഗണിച്ച് വിജയം നേടുന്നതുവരെ യുദ്ധം തുടരാനുള്ള തീരുമാനത്തിലാണ് ഇസ്രായേല്‍. ഹമാസിനെ പൂര്‍ണമായി തകര്‍ക്കുന്നതുവരെ ഗസ്സയില്‍ യുദ്ധം തുടരുമെന്നും അതില്‍ ഒരു ചോദ്യവുമില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞു. തങ്ങളെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, തെക്കന്‍ ഗസ്സയില്‍ ഈജിപ്തുമായുള്ള അതിര്‍ത്തിയിലെ റഫയിലും ഇസ്രായേല്‍ ആക്രമണം ശക്തമാക്കി. വടക്കന്‍ ഗസ്സയും മധ്യ ഗസ്സയും തകര്‍ത്ത ഇസ്രായേല്‍ സൈന്യം തെക്കന്‍ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കും.
റഫയില്‍ കഴിഞ്ഞദിവസം രാത്രി രണ്ടു പാര്‍പ്പിട സമുച്ചയങ്ങളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 179 പേര്‍ കൊല്ലപ്പെടുകയും 303 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫുല്‍ ഖുദ്ര പറഞ്ഞു. ഒക്ടോബര്‍ ഏഴിനുശേഷം ഇതുവരെ 18,787 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 50,897 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആറാഴ്ച പിന്നിടുന്ന യുദ്ധത്തില്‍ വടക്കന്‍ ഗസ്സയിലെ പല ഭാഗങ്ങളും തകര്‍ക്കുകയും ഗസ്സക്കുമേല്‍ ഇസ്രായേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും ഹമാസിന്റെ പോരാട്ടശേഷി അവസാനിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഫലസ്തീന്‍ ജനതക്കിടയില്‍ ഹമാസിന് പിന്തുണ വര്‍ധിക്കുകയും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ സമ്മര്‍ദത്തിലാണ്.