3 Tuesday
December 2024
2024 December 3
1446 Joumada II 1

ഇരുട്ടുകളെ അകറ്റി കടന്നുവരുന്ന വേദവെളിച്ചം

കണിയാപുരം നാസറുദ്ദീന്‍

മനുഷ്യ മനസ്സിലെ ഇരുളുകളെ വകഞ്ഞുമാറ്റി വെളിച്ചം പകര്‍ന്നുനല്‍കുകയാണ് വേദഗ്രന്ഥങ്ങള്‍. മൂസ(അ) തന്റെ കുടുംബവുമൊത്ത് നടന്നുവരുകയായിരുന്നു. അപ്പോഴാണ് അകലെ ഒരു വെളിച്ചം കാണുന്നത്. കുടുംബാംഗങ്ങളോട് അദ്ദേഹം പറയുന്നുണ്ട്: ”തീര്‍ച്ചയായും ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. അതിന്റെ അടുത്തു നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വല്ല വിവരവും കൊണ്ടുവരാം. അല്ലെങ്കില്‍ അതില്‍ നിന്ന് ഒരു തീനാളം കൊളുത്തിയെടുത്ത് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ” (ഖുര്‍ആന്‍ 27:7).
വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളിലൂടെ ഈ സംഭവം വിശദീകരിക്കുന്നുണ്ട്: ”മിന്നല്‍ അവരുടെ കാഴ്ചകളെ റാഞ്ചിയെടുക്കുമാറായിരിക്കുന്നു. വെളിച്ചം കിട്ടുമ്പോഴൊക്കെ അവര്‍ നടക്കുന്നു. എന്നാല്‍ അവര്‍ക്കു നേരെ ഇരുളടഞ്ഞുപോയാല്‍ അവര്‍ നിന്നു പോകുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവരുടെ കാഴ്ചയെയും കേള്‍വിയെയും കൊണ്ടുപോയ്ക്കളയും. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനത്രേ” (ഖുര്‍ആന്‍ 2:20).
മനുഷ്യനില്‍ നിലനില്‍ക്കുന്ന സകല തിന്മകളെയും ഇരുളുകള്‍ എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉള്‍പ്പെടുത്തുന്നു. അത്തരം ഇരുളുകളില്‍ നിന്ന് മോചനവും മുക്തിയും നല്‍കുന്ന തരത്തില്‍ വെളിച്ചം പകര്‍ന്നുനല്‍കുന്നതിന് വിവിധ കാലഘട്ടങ്ങളില്‍ ദൈവത്തിങ്കല്‍ നിന്ന് അവതീര്‍ണമായിട്ടുള്ള ഗ്രന്ഥങ്ങളെ വേദഗ്രന്ഥങ്ങളെന്നു നാം പറയുന്നു. വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ് വിശുദ്ധ ഖുര്‍ആന്‍. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ പകര്‍ന്നുനല്‍കിയ വേദവെളിച്ചം. ”അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുതരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്ക് ഇറക്കിത്തന്നിരിക്കുന്നു. വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കാന്‍ വേണ്ടി…” (വി.ഖു: 65:11). അജ്ഞത തന്നെ ഏറ്റവും വലിയ ഇരുട്ടാണ്. വെളിച്ചമാണ് വിജ്ഞാനം. അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തില്‍ ഉറപ്പിച്ചുനിര്‍ത്തും. വിജ്ഞാനം തിരിച്ചറിവ് നല്‍കുന്നു. സ്വന്തം സഹോദരനെ തിരിച്ചറിയാതെ അക്രമത്തിന് തയ്യാറാകുന്നു. ബന്ധുവിനെ പോലും ശത്രുവായി കാണുകയും പെരുമാറുകയും ചെയ്യുക എന്നത് അജ്ഞതയും വെളിച്ചമില്ലായ്മയുമാണ്. നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും കൊള്ളയും ചൂഷണവുമെല്ലാം ഇരുട്ടു വ്യാപിച്ചതുകൊണ്ടാണ് സംഭവിക്കുന്നത്. സ്ത്രീകളോടും കുട്ടികളോടും മുതിര്‍ന്നവരോടും സമൂഹം വെച്ചുപുലര്‍ത്തുന്ന സമീപനം അജ്ഞതയില്‍ നിന്ന് ഉണ്ടായതാണ്. മനുഷ്യന്‍ ചെയ്യുന്ന എല്ലാ തെറ്റുകളും അവനെ ഇരുട്ടില്‍ തന്നെ വലിച്ചെറിയും.
അറേബ്യ ഇരുട്ടിന്റെ പ്രതീകമായിരുന്നു. അവിടെയില്ലാത്ത ഒരു തിന്മയുമില്ല. എല്ലാ തരം അധര്‍മങ്ങളുടെയും കേളീരംഗമായിരുന്നു അവിടം. പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടുക, ആവോളം മദ്യപിച്ച് ആസ്വദിച്ച് ജീവിക്കുക, പരദൈവങ്ങളിലേക്ക് പ്രാര്‍ഥനകളും അര്‍ച്ചനകളും അര്‍പ്പിക്കുക തുടങ്ങിയ എല്ലാ തരം ഇരുട്ടുകളും അന്ധകാരങ്ങളും മൂടിപ്പുതച്ചുകിടന്നിരുന്ന അറബ് നാടിനെക്കുറിച്ച് പ്രിയ കവി സുകുമാര്‍ കക്കാട് പറയുന്നു: ”അക്കാലം അറേബ്യയിലധര്‍മം കൊടികുത്തി. അക്രമം തേരോടിച്ചു. സംസ്‌കൃതി നിലംപൊത്തി. കൈയൂക്കുള്ളവന്‍ നാട്ടില്‍ കൈകാര്യകര്‍ത്താവായി. കള്ളു മോന്തലും ധൂമപാനവും നിറഞ്ഞാടി. സത്യവും മര്യാദയും നീതിബോധവും വിലകെട്ട നാണയങ്ങളായി. വേണ്ടാത്ത ചരക്കായി. കാമവും കള്ളച്ചൂതും ക്രോധവും കൊള്ളിവെപ്പും കൊള്ളയും നൂറുകൂട്ടം കൊള്ളരുതായ്മകളും” (നബിചരിതം കിളിപ്പാട്ട്, പേജ് 20, സുകുമാര്‍ കക്കാട്). പരസ്പരമുള്ള ഐക്യബോധവും സാഹോദര്യവും ഒക്കെയാണ് ഏത് സമൂഹത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനം. അതുതന്നെയാണ് വെളിച്ചവും.

Back to Top