25 Thursday
April 2024
2024 April 25
1445 Chawwâl 16

വേദം, ദൂതന്‍, റമദാന്‍ ദിവ്യകാരുണ്യത്തിന്റെ മുദ്രകള്‍

വി എസ് എം കബീര്‍


പരമ കാരുണികനായ അല്ലാഹു ലോകര്‍ക്കാകെ കാരുണ്യമായി നിയോഗിച്ച തിരുനബി(സ) വഴി മാനവരാശിക്ക് നല്‍കിയ കാരുണ്യത്തിന്റെ വേദമാണ് വിശുദ്ധ ഖുര്‍ആന്‍. അത് അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത മാസമാകട്ടെ, കാരുണ്യത്തിന്റെ മാസമായ റമദാനും. വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യമാണ്, അല്ലാഹുവും ഖുര്‍ആനും പ്രവാചകനും റമദാനും വിശ്വാസികള്‍ക്കെന്നല്ല സര്‍വ മനുഷ്യര്‍ക്കും കാരുണ്യത്തിന്റെ കരുതലും തണലുമേകുന്നതാണെന്ന്.
കാരുണ്യ വേദം
ദിവ്യകാരുണ്യത്തിന്റെ നേരടയാളം നമുക്ക് ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നു. മനുഷ്യനെ നരകമാകുന്ന തീസമുദ്രത്തില്‍ മുക്കി ആനന്ദം കൊള്ളുന്ന ക്രൂരനാണ് ദൈവം എന്ന് പറയുന്ന ഹതഭാഗ്യരുണ്ട് നമ്മില്‍. കഠിനമായി ശിക്ഷിക്കുന്ന ദൈവത്തിന് എങ്ങനെ കാരുണ്യ മൂര്‍ത്തിയാവാന്‍ സാധിക്കും എന്നാണിത്തരക്കാരുടെ സന്ദേഹം. ഇവര്‍ പക്ഷെ ഖുര്‍ആനിന്റെ ഒരധ്യായം പോലും വായിച്ചു തുടങ്ങാത്തവരാണ്. ഖുര്‍ആനിലെ 114 അധ്യായങ്ങളില്‍ 113 ഉം തുടങ്ങുന്നത് അല്ലാഹുവിന്റെ കാരുണ്യഭാവം ആവര്‍ത്തിച്ചുരുവിട്ടു കൊണ്ടാണല്ലോ. ഖുര്‍ആനിലെ ഒന്നാം അധ്യായമായ സൂറത്തുല്‍ ഫാതിഹയുടെ രണ്ടാം വചനവും സര്‍വലോക നിയന്താവിന്റെ അതിരില്ലാ കാരുണ്യം വിളംബരം ചെയ്യുന്നതാണ്.
അതേസമയം, അല്ലാഹു ശിക്ഷിക്കുന്നവനുമാണ്. അതു പക്ഷെ ചിലരെ മാത്രം ബാധിക്കുന്നതാണ്. എന്നാല്‍ അവന്റെ കാരുണ്യമാകട്ടെ പ്രപഞ്ചത്തിലെ അഖില ചരാചരങ്ങള്‍ക്കും സുലഭ്യവുമാണ്. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ദിവ്യകാരുണ്യം അനുഭവിക്കാനാവുന്നു. ഇക്കാര്യവും അല്ലാഹു വ്യക്തമാക്കുന്നുണ്ട്: ”അല്ലാഹു പറഞ്ഞു: എന്റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുഭവിപ്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ, എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതുമാണ്.” (അഅ്‌റാഫ് 156)
”എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു” എന്ന് അല്ലാഹു പറഞ്ഞതായി തിരുനബിയുടെ വചനത്തിലും കാണാം (ബുഖാരി). മനുഷ്യനെ സദ്‌വഴിയിലൂടെ നടത്തി സ്വര്‍ഗാവകാശിയാക്കുക എന്നതാണ് ഇഹലോക ജീവിതം വഴി ലക്ഷ്യമാക്കുന്നത്. ഇതിന് വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തിനാണ്. സൃഷ്ടിജാലങ്ങളോടും വിശേഷിച്ച് മനുഷ്യനോടുമുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന് ഇതില്‍പ്പരം തെളിവെന്താണ് വേണ്ടത്?
കാരുണ്യ ദൂതന്‍
കാരുണ്യവേദം നമുക്കായി കൊണ്ടുവന്ന തിരുനബി അലിവിന്റെയും ദയാവായ്പിന്റെയും മനുഷ്യരൂപമായിരുന്നു. ഇതേ വേദം നബിയെ പരിചയപ്പെടുത്തുന്നത് തന്നെ ഇങ്ങനെയാണല്ലോ: ”സര്‍വലോകര്‍ക്കും കാരുണ്യമായാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്” (അന്‍ബിയാഅ് 107). ആ കാരുണ്യവായ്പിന് ഒരുദാഹരണം മാത്രം പറയാം. ബദ്‌റിലെ വിജയം തിരുനബിക്കും മുസ്‌ലിംകള്‍ക്കും നല്‍കിയ ആവേശവും ആത്മവിശ്വാസവും വാക്കുകള്‍ക്കപ്പുറമായിരുന്നു. അടുത്ത വര്‍ഷം ഉഹ്ദാണ് മുസ്‌ലിംകളെ കാത്തിരുന്നത്. പ്രതികാര ദാഹവുമായി, സര്‍വസജ്ജമായി, ജൂത-ക്രൈസ്തവരുടെ ആശീര്‍വാദത്തോടെ ഖുറൈശിപ്പട ഉഹ്ദിലെത്തുമ്പോള്‍ ബദ്‌റാവേശം അല്പം പോലും കെടാതെത്തന്നെയാണ് മുസ്‌ലിം സൈന്യവും മറുഭാഗത്ത് വിന്യാസം നടത്തിയത്. എന്നാല്‍ ഇത്തവണ ചരിത്രം ആവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല കനത്ത നഷ്ടങ്ങളാണ് ഉഹ്ദിന്റെ താഴ്‌വര ദൂതര്‍ക്കായി കരുതിവെച്ചത്. ഹംസ(റ) ഉള്‍പ്പെടെ പ്രമുഖര്‍ രക്തസാക്ഷികളായി. പലരും രണഭൂമിയില്‍ പരിക്കേറ്റു വീണു. അങ്കലാപ്പും ആശയക്കുഴപ്പങ്ങളും മുസ്‌ലിം നിരയെ പിടികൂടി. കവിളിന് ഗുരുതരമായി പരിക്കേറ്റ തിരുനബി, രക്തസാക്ഷിയായി എന്ന കിംവദന്തി വരെ മുസ്‌ലിംകള്‍ക്ക് ഞെട്ടലോടെ കേള്‍ക്കേണ്ടി വന്നു. വ്യാകുലരും നിരാശരുമായിത്തീര്‍ന്ന ചില സ്വഹാബിമാര്‍ ഈ സന്നിഗ്ധ വേളയില്‍ ദൂതരെ കണ്ട് ഒരാവശ്യമുയര്‍ത്തി: ”വിശ്വാസികളായ നമ്മെ ഇത്തരമൊരു സന്ധിയിലേക്ക് നിഷ്‌കരുണം തള്ളിയിട്ട നിഷേധിക്കൂട്ടത്തിനെതിരെ അങ്ങ് ശാപപ്രാര്‍ഥന നടത്താമോ?”
മുഖാവരണത്തിന്റെ ആണികള്‍ കവിളില്‍ തുളച്ചു കയറിയതിന്റെ രക്തപ്പാടുകളുള്ള മുഖമുയര്‍ത്തി തിരുനബി ചോദിച്ചു: ”ശാപ പ്രാര്‍ഥനയോ? ശപിക്കുന്നവനായിട്ടല്ല എന്റെ നാഥന്‍ എന്നെ അയച്ചിരിക്കുന്നത്, കാരുണ്യവാനായിട്ടാണ്.” (മുസ്‌ലിം)
ആരാണീ പ്രവാചകനെന്നറിയാമോ? തന്റെ തന്നെ വിശിഷ്ട നാമങ്ങളിലൊന്നായ ‘റഹീം’ എന്ന പദം കൊണ്ട് അല്ലാഹു പരിചയപ്പെടുത്തിയ ലോകത്തെ ഏക വ്യക്തി. ദൈവിക നാമങ്ങളില്‍ അതി മഹത്തരമായതാണല്ലോ റഹ്മാനും റഹീമും. അഥവാ പരമകാരുണികനും കരുണാനിധിയും. ഇതില്‍ റഹീം എന്ന പദം 288 തവണയാണ് ഖുര്‍ആനില്‍ വന്നിട്ടുള്ളത്. അതില്‍ 287 വട്ടം തന്നെയും, ഒരു പ്രാവശ്യം തന്റെ പ്രവാചകനായ നബി(സ)യെയും വിശേഷിപ്പിക്കാനാണ് അല്ലാഹു ഉപയോഗിച്ചത്.
അതിങ്ങനെയാണ്: ”നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനു(റഹീം)മാണ് അദ്ദേഹം.” (തൗബ 128)


കാരുണ്യ റമദാന്‍
ദൈവികമായ പ്രമുഖ വേദങ്ങളെല്ലാം അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണ്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണാരംഭവും റമദാനില്‍ തന്നെ. കാരുണ്യവാനായ ദൈവം തന്റെ കാരുണ്യം വഴിയുന്ന അന്തിമ വേദം അടിമകളിലേക്ക് ഇറക്കാന്‍ കാരുണ്യദിനം തന്നെയാണല്ലോ തെരഞ്ഞെടുക്കുക. റമദാന്‍ കരുണയുടെ മാസമാണെന്ന് തിരുനബി പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. വിശ്രുതമായ ശഅ്ബാന്‍ പ്രസംഗത്തില്‍ നബി(സ) പറയുന്നു: ”..റമദാന്‍ സഹനത്തിന്റെ മാസമാണ്. സഹനത്തിന് പ്രതിഫലം സ്വര്‍ഗമാണ്. സഹാനുഭൂതിയുടെ മാസവുമാണിത്…” (ബൈഹഖി)
ബൈഹഖി ഉദ്ധരിക്കുന്ന മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുമുണ്ട്: ”…റമദാനിന്റെ ആദ്യഭാഗം കാരുണ്യവും രണ്ടാം ഭാഗം പാപമോചനവും അന്ത്യ ഭാഗം നരകവിമുക്തിയുമാണ്. റമദാനില്‍ ആരെങ്കിലും തന്റെ കീഴിലുള്ളവര്‍ക്ക് ജീവിതവൃത്തിയില്‍ ലഘൂകരണം നല്‍കിയാല്‍ അവന് അല്ലാഹു പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതാണ്. നരകമോചനവും നല്‍കും.” റമദാന്‍ മാസത്തില്‍ അല്ലാഹു തന്റെ അടിമകളോടും മനുഷ്യര്‍ തങ്ങളുടെ സഹജീവികളോടും കാണിക്കുന്ന കാരുണ്യവും സഹാനുഭൂതിയും എത്രത്തോളമാണെന്ന് തിരുവചനങ്ങളില്‍ നിന്ന് വ്യക്തമാണ്.
തിന്മകളുടെ സ്രോതസ്സായ പിശാചിനെ ബന്ധനത്തിലാക്കിയും പാപികളുടെ ആവാസ കേന്ദ്രമായ നരകത്തെ അടച്ചിട്ടും സ്വര്‍ഗവാതിലുകള്‍ തുറന്നിട്ട് വിശ്വാസികളെ സ്വാഗതം ചെയ്തും അല്ലാഹു വ്രതമാസത്തെ അനുഗ്രഹിച്ചു. സദ്കര്‍മങ്ങള്‍ക്ക് മോഹപ്രതിഫലം പ്രഖ്യാപിച്ചു. ദിവ്യകാരുണ്യമല്ലാതെ മറ്റെന്താണിത്? ഇതുപോലെ പരസ്പരം കാരുണ്യവും സഹാനുഭൂതിയും കാണിക്കാന്‍ വിശ്വാസികളെ ആഹ്വാനവും ചെയ്തു കരുണാമയനായ അല്ലാഹു.
റമദാനില്‍ ദാനധര്‍മങ്ങളുടെ കാര്യത്തില്‍ ആഞ്ഞു വീശുന്ന കാറ്റുപോലെയായിരുന്നു ദൂതരെന്ന് ഇബ്‌നു അബ്ബാസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് (ബുഖാരി). കാരുണ്യവൃത്തിയില്‍ ഏത് ദരിദ്രനും ഉള്‍പ്പെടാന്‍ പാകത്തില്‍ കാരക്കച്ചീന്തുകൊണ്ടോ ഒരു കവിള്‍ പാലുകൊണ്ടോ എങ്കിലും മറ്റൊരാളെ നോമ്പുതുറപ്പിക്കാന്‍ തിരുനബി പ്രേരണ നല്‍കി. ഇത് വിശ്വാസികള്‍ ഏറ്റെടുത്തപ്പോഴാണ് ലോകത്ത് അത്ഭുതങ്ങള്‍ സംഭവിച്ചത്.
സഹജീവിയുടെ വിശപ്പും കണ്ണീരും കണ്ടറിയുന്ന മതമാണ് ഇസ്ലാം എന്ന് ലോകം തിരിച്ചറിഞ്ഞു. നോമ്പുകാലത്തെ വിശ്വാസികളുടെ കരുണാ മനസ്സും ലോകം വിസ്മയാദരവുകളോടെയാണ് കാണുന്നത്. ഈ വര്‍ഷത്തെ റമദാനില്‍ 10 കോടി പേര്‍ക്കാണ് ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ഭക്ഷണപ്പൊതി പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ മാത്രം 80,000 കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കാന്‍ സൗദി അറേബ്യന്‍ ഭരണകൂടം തീരുമാനിച്ചു. റമദാന്‍ കാരുണ്യത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണിത്.
അല്ലാഹു തന്നെ കാരുണ്യ തീര്‍ഥമാണെങ്കില്‍ അതില്‍ നിന്നുത്ഭവിക്കുന്ന സര്‍വതിലും കരുണയുടെ അംശമുണ്ടാകും. ഖുര്‍ആനിലും ഇസ്ലാമിലും പ്രവാചകനിലും കരുണാംശം തുടിച്ചു നില്ക്കുന്നത് അവയെല്ലാം റഹ്മാനും റഹീമുമായ സര്‍വലോക നാഥനില്‍ നിന്ന് ഉത്ഭവിച്ചതിനാലാണ്. ഖുര്‍ആനിന്റെ അവതരണമാണ് റമദാന്‍ മാസത്തിന്റെ പുണ്യം. അതിന്റെ രാവുകളില്‍ ഉപാസനകളര്‍പ്പിച്ചും പകലുകളില്‍ ഉപവാസമനുഷ്ഠിച്ചും ദിവ്യകാരുണ്യത്തിന് നന്ദി കാണിക്കലാണ് വിശ്വാസികളുടെ ബാധ്യത.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x