8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മനുഷ്യജീവിതത്തിന്റെ ആത്മീയ സൗകുമാര്യം

സഹല്‍ കെ മുട്ടില്‍


മനുഷ്യര്‍ക്ക് നേരിന്റെ വഴിയില്‍ ജീവിക്കാന്‍ സ്രഷ്ടാവ് നല്‍കിയ വഴികാട്ടിയാണ് വേദഗ്രന്ഥങ്ങള്‍. പല കാലങ്ങളില്‍ പ്രവാചകന്മാരിലൂടെ ധാരാളം ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും വിശുദ്ധ ഖുര്‍ആന്‍ അവതരണത്തോടെ ഈ ഒരു ചര്യ അവസാനിച്ചു. ഇനി ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വഴികാട്ടി ഖുര്‍ആനാണ്. ”വായിക്കപ്പെടുന്നത്” എന്ന പേരുതന്നെ ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യ – ദൗത്യങ്ങളെ വ്യക്തമാക്കുന്നതാണ്.
സ്രഷ്ടാവിന് സൃഷ്ടികളോട് പറയുവാനുള്ളതാണ് ഈ വേദഗ്രന്ഥത്തിലൂടെ കൈമാറിയിട്ടുള്ളത്. വഹ്‌യിലൂടെയാണ് ഈ വാക്കുകള്‍ പ്രവാചകന്മാരിലേക്ക് എത്തിയത്. ദൈവിക വചനങ്ങളുടെ മനുഷ്യരുടെ ആദ്യ സ്വീകര്‍ത്താവ് പ്രവാചകനാണ്. അതുകൊണ്ടുതന്നെ അതിലെ ഓരോ വാക്കിന്റെയും അര്‍ഥ വിവക്ഷ എന്തെന്ന് കൂടുതല്‍ വ്യക്തമായി അറിയുന്നതും പ്രവാചകനാണ്. അദ്ദേഹമാണ് ഖുര്‍ആനിന്റെ ആദ്യത്തെ വ്യാഖ്യാതാവ്. ഇദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളാകട്ടെ, നീണ്ട പറച്ചിലുകളല്ല. മറിച്ച്, ജീവിച്ചു കാണിക്കലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ സകല അനക്കങ്ങളും ചിട്ടപ്പെടുത്തിയത് ഈ ഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങളായിട്ടായിരുന്നു. അതുകൊണ്ടാണല്ലോ, പ്രവാചക സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഖുലുകുഹു ഖുര്‍ആന്‍’ (അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആന്‍) എന്നാണ് പ്രിയതമ ആഇശ(റ) ഉത്തരമേകിയത്. വേദവെളിച്ചത്തിന്റെ ഉത്തമ മാതൃകയാണ് പ്രവാചകന്‍(സ).
മരണാനന്തര ജീവിതമാണ് ഈ ലോകത്തിന്റെ ലക്ഷ്യം. ജനനം മുതല്‍ മരണം വരെയുള്ളതാണ് ഭൂമിയിലെ മനുഷ്യന്റെ വാസകാലം. ഉറക്കില്‍ നിന്നുണരുന്നതു മുതല്‍ വീണ്ടും ഉറക്കിലേക്കു പോകുന്നതുവരെയാണ് ഒരു ദിവസത്തെ പ്രവര്‍ത്തനസമയം. ഈ സമയത്ത് മനുഷ്യന്‍ അവന്റെ ജീവിത കറക്കത്തില്‍ വ്യത്യസ്ത മേഖലകളില്‍ എത്തിപ്പെടുന്നു. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, രക്ഷിതാവ്, സഹോദരങ്ങള്‍, ഇണ, അയല്‍വാസി, അതിഥി, വിദ്യാര്‍ഥി, അധ്യാപകന്‍, കച്ചവടക്കാരന്‍, ഉദ്യോഗസ്ഥന്‍, തൊഴിലാളി, സൈനികന്‍, ഭരണാധികാരി…. തുടങ്ങി ധാരാളം മേഖലയിലൂടെ ഒരായുഷ്‌ക്കാലം കടന്നുപോകും.
ജനനം, മരണം, ആഘോഷങ്ങള്‍, ആരാധനകള്‍, ഇടപാടുകള്‍, ബന്ധങ്ങള്‍, സുഖ-ദുഃഖങ്ങള്‍, ഭക്ഷണം, രോഗം, സംസാരങ്ങള്‍, യാത്രകള്‍…. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ദൈനംദിന ചര്യകളില്‍ വരുന്നതാണ്. ആയുസ്സിലെ ഓരോ ദിവസവും വ്യത്യസ്ത മേഖലകളിലൂടെ കടന്നുപോകുന്നു. ഇവിടങ്ങളിലൊക്കെ ഖുര്‍ആനിന്റെ അനുയായി എങ്ങനെയായിരിക്കണമെന്ന് പ്രവാചകന്‍ ജീവിച്ചു കാണിച്ചിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച രംഗങ്ങളിലൂടെയെല്ലാം കയറിയിറങ്ങിയതായിരുന്നു പ്രവാചകന്റെ ആയുഷ്‌ക്കാലം. അതുകൊണ്ടുതന്നെ ഇതിനെല്ലാമുള്ള മാതൃകകളും പ്രവാചക ജീവിതത്തിലുണ്ട്. എന്തുകൊണ്ട് പ്രവാചകന്‍ എന്ന അന്വേഷണത്തിന്റെ സംതൃപ്തമായ മറുപടി ആസ്വദിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഖുര്‍ആനിന്റെ ആദ്യവ്യാഖ്യാനമായ നബി(സ)യുടെ ജീവിതം.
ജനനം – മരണം
ഭൂമിയിലെ ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ് ഇവ. ഒന്ന് സന്തോഷവും മറ്റൊന്ന് ദുഃഖവും ഉണ്ടാക്കുന്നു. ജീവന് വലിയ പ്രാധാന്യവും പവിത്രതയും കല്‍പിക്കുന്ന മതം മരണത്തിനും തുല്യപ്രാധാന്യവും ആദരവും നല്‍കുന്നുണ്ട്. ജീവനുള്ള മനുഷ്യനോടും ജീവജാലങ്ങളോടും ഒരു തരത്തിലുള്ള അനീതിയും പാടില്ല എന്നു പഠിപ്പിച്ചപ്പോള്‍ തന്നെ മൃതശരീരത്തോടുള്ള അനാദരവിനെ ഗൗരവപൂര്‍വം ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ ജനനമോ മരണമോ പ്രാപഞ്ചിക വ്യവസ്ഥയില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല എന്ന അധ്യാപനത്തിലൂടെ ഈ രണ്ട് യാഥാര്‍ഥ്യങ്ങളിലെയും അബദ്ധ വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഇവയുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന എല്ലാ അനാചാരങ്ങളെയും ഒഴിവാക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
ഒരു കുഞ്ഞ് ജനിച്ചതു മുതല്‍ ഓരോ സന്ദര്‍ഭത്തിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ പ്രവാചകന്‍(സ) നല്‍കിയിട്ടുണ്ട്. ഒരു വ്യക്തി മരിച്ചാല്‍ നിര്‍വഹിക്കേണ്ട അനന്തര കര്‍മങ്ങളെ കുറിച്ചും തിരുദൂതര്‍ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ മക്കള്‍ക്ക് നല്ല പേരിടണമെന്നും ജനാസ കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള പ്രവാചകന്റെ അധ്യാപനങ്ങള്‍ ഈ രണ്ടു രംഗങ്ങളിലെയും ബാലപാഠങ്ങളാണ്.
ആരാധനകള്‍
ജീവിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമായിട്ടാണ് ആരാധനകളെ വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ലക്ഷ്യ പ്രാപ്തിയിലേക്ക് എത്തുന്നതിനു ആരാധനകള്‍ എങ്ങനെയായിരിക്കണമെന്ന് പ്രവാചകന്‍ മാതൃക കാണിച്ചിട്ടുണ്ട്. ആരാധനകള്‍ മനുഷ്യമനസ്സിന് ആശ്വാസമാകണം. തികഞ്ഞ നിര്‍ഭയത്വം ആസ്വദിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയണം. ഈ നേട്ടങ്ങളില്‍ നിന്ന് ആരാധനകള്‍ വഴിമാറിപ്പോകുന്നത് അന്ധവിശ്വാസങ്ങളും അമിത വിശ്വാസങ്ങളും കടന്നുവരുമ്പോഴാണ്. മതം മനുഷ്യനെ പ്രയാസപ്പെടുത്താനുള്ളതല്ല. അതുകൊണ്ടുതന്നെ അനുഷ്ഠാന തീവ്രത മതം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ തന്റെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാനെത്തി, ആരാധനയ്ക്കുമാത്രം ജീവിതം മാറ്റിവെക്കാന്‍ പ്രതിജ്ഞയെടുത്ത മൂന്നുപേരെ വിളിച്ചുവരുത്തി അവരെക്കൊണ്ട് നബി തിരുത്തിച്ചതും. പ്രവാചകന്‍ ഏതു രൂപത്തില്‍ ആരാധനകള്‍ നിര്‍വഹിച്ചുവോ അതേ രൂപത്തില്‍ അത് നിര്‍വഹിക്കുകയും ജീവിതത്തില്‍ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും കരണീയമായിട്ടുള്ളത്. ‘ഞാന്‍ നമസ്‌കരിച്ചതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക’ എന്ന തിരുവചനം അതാണ് നമ്മെ അറിയിക്കുന്നത്.
ബന്ധങ്ങള്‍
സമൂഹമായി ജീവിക്കുന്നവനാണ് മനുഷ്യന്‍. ആ പ്രകൃതത്തോടു കൂടിയാണ് നമ്മെ സൃഷ്ടിച്ചയച്ചത്. ഇതില്‍ നിന്ന് മാറിയുള്ള ഒരു ജീവിതം ദുസ്സഹമാണ്. സമൂഹ ജീവിതം ഏറ്റവും ആസ്വാദ്യകരമാക്കാന്‍ പ്രവാചകന്‍(സ) ധാരാളം മാതൃകകള്‍ കാണിച്ചുതന്നിട്ടുണ്ട്. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബരംഗത്തെ അതിസൂക്ഷ്മ തലങ്ങള്‍, അയല്‍പക്ക മര്യാദകള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവക്കെല്ലാം റസൂല്‍(സ) തികഞ്ഞ മാതൃകയാണ്. അദ്ദേഹം മകനും ഭര്‍ത്താവും പിതാവും വല്യുപ്പയും അയല്‍ക്കാരനും കച്ചവടക്കാരനും നേതാവും സൈനികനും ഭരണാധികാരിയും എല്ലാമായി ജീവിച്ചിട്ടുണ്ട്. ഈ രംഗങ്ങളിലെല്ലാം എങ്ങനെ നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താം എന്ന് അവിടുന്ന് ജീവിച്ചു കാണിച്ചിട്ടുണ്ട്. ഈ രംഗത്തെ എല്ലാ ഉത്തരവാദിത്തങ്ങളുടെയും നന്മകളുടെയും ആകെത്തുക കൈമാറുന്നതാണ് ‘നിങ്ങളെല്ലാം ഭരണകര്‍ത്താക്കളാണ്, നിങ്ങളുടെ ഭരണീയരെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും’ എന്ന തിരുവചനം.
ഇതര വിശ്വാസികള്‍
മനുഷ്യരെല്ലാം ഏകനായ സ്രഷ്ടാവിനെയും അവന്റെ നിയമവ്യവസ്ഥയെയും പൂര്‍ണമായും അംഗീകരിച്ച് ജീവിക്കുന്നവരായിട്ടല്ല സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മനുഷ്യരില്‍ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. വിശ്വാസികളില്‍ തന്നെ പല വിശ്വാസങ്ങളുള്ളവരുണ്ട്. ഇതെല്ലാം മനുഷ്യര്‍ക്കിടയിലെ വൈവിധ്യങ്ങളാണ്. വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട് വൈരുധ്യങ്ങളില്ലാതെ ജീവിക്കുവാനാണ് വേദം നമ്മോട് ആവശ്യപ്പെടുന്നത്. ‘അല്ലാഹുവിനു പുറമെ ജനങ്ങള്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആക്ഷേപിക്കരുത്’ എന്ന സന്ദേശം ഏറെ ശ്രദ്ധേയമാണ്. എല്ലാ ദിവസവും വഴിയില്‍ തന്നെ ഉപദ്രവിച്ചവളെ ഒരുദിവസം കാണാതായപ്പോള്‍ അന്വേഷിച്ച് സന്ദര്‍ശിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. തന്നെ എറിഞ്ഞോടിച്ചവര്‍ക്ക് നന്മക്കുവേണ്ടി പ്രാര്‍ഥിച്ചു. ജീവിത പ്രതിസന്ധിയില്‍ തന്റെ പടയങ്കി പണയംവെക്കാന്‍ റസൂല്‍ തെരഞ്ഞെടുത്തത് ജൂതവിശ്വാസിയെയാണ്. യുദ്ധവേളയില്‍ പോലും ഇതര വിശ്വാസികളുടെ (ശത്രുക്കളുടെ) സമ്പത്ത്, കുടുംബങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയൊന്നും നശിപ്പിക്കരുത് എന്ന കര്‍ശന നിര്‍ദേശം വിശ്വമാനവികതയുടെ മൂര്‍ത്താശയങ്ങളാണ്.
ഇടപാടുകള്‍
സമ്പത്ത് മനുഷ്യ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണ്. സമ്പത്തുണ്ടാക്കുന്നതില്‍ ഇടപാടുകള്‍ മുഖ്യസ്ഥാനത്താണ്. മനുഷ്യ ബന്ധങ്ങളുടെ ശക്തിക്കും ദുര്‍ബലതയ്ക്കും ഇടപാടുകള്‍ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈ രംഗം ഏറ്റവും വിശ്വാസ്യതയും സുതാര്യതയും ഉള്ളതാകണമെന്ന് വേദഗ്രന്ഥത്തിലൂടെ ദൈവം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മറ്റുള്ളവരെക്കാള്‍ വേദഗ്രന്ഥത്തിന്റെ ആളുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നത് നിര്‍ബന്ധമാണ്. ഇടപാടുകള്‍ സാക്ഷികളുടെ സാന്നിധ്യത്തിലാകണമെന്നും അത് എഴുതിവെക്കണമെന്നുമുള്ള നിര്‍ദേശം അതാണറിയിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ശ്രദ്ധക്കുറവ്, വരവ് ചെലവുകളെക്കുറിച്ചുള്ള ധാരണയില്ലായ്മ ഇവയൊക്കെ വ്യക്തി-കുടുംബ-സമൂഹ ബന്ധങ്ങളില്‍ ഉണ്ടാക്കുന്നത് ഗുരുതര പ്രശ്നങ്ങളാണ്. കടബാധ്യതയുള്ള മയ്യിത്തിന് നമസ്‌കാര നേതൃത്വം നല്‍കാത്ത പ്രവാചകമാതൃക വിഷയത്തിന്റെ ഗൗരവമാണ് ഉണര്‍ത്തുന്നത്.
തൊഴിലാളി, മുതലാളി
അധ്വാനിച്ച് ഭക്ഷിക്കണമെന്നതാണ് ഉപജീവന രംഗത്തെ വേദാധ്യാപനം. അനുവദനീയമായ എല്ലാ തൊഴിലുകളും മഹത്വമുള്ളതാണ് എന്നതാണ് വേദ സമീപനം. തൊഴിലിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ മതം അംഗീകരിക്കുന്നില്ല. ഉപജീവനത്തിനായി മതം നിശ്ചയിച്ച മൂല്യങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഏതു തൊഴിലെടുക്കുന്നവനെയും ഒരുപോലെ ഉള്‍ക്കൊള്ളണം.
ഒന്ന് മറ്റൊന്നിന്റെ നിലനില്‍പിന് അടിസ്ഥാനമാണ് എന്നത് ഒരു പൊതുതത്വമാണ്. എല്ലാവരും മുതലാളിമാര്‍, എല്ലാവരും ഉദ്യോഗസ്ഥര്‍, എല്ലാവരും ദേഹത്ത് ചെളിയാവാതെ സമ്പാദിക്കുന്നവര്‍ എന്നൊരവസ്ഥ സാധ്യമല്ല. വളരെ നിസ്സാരമെന്ന് നാം വിചാരിക്കുന്ന(അങ്ങനെ പാടില്ല) തൊഴിലെടുക്കുന്നവര്‍ ഉണ്ടായാലേ മറ്റുള്ളവര്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ഈ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
തൊഴില്‍ നല്‍കുന്നവനും തൊഴിലെടുക്കുന്നവനും തമ്മില്‍ ഏറ്റവും നല്ല ബന്ധമാണുണ്ടാകേണ്ടത്. തട്ടിപ്പുകളും ചൂഷണമനോഭാവവും ഇവര്‍ക്കിടയില്‍ പാടില്ല. തൊഴിലാളി മുതലാളിക്കും മുതലാളി തൊഴിലാളിക്കും പരസ്പരം അമാനത്താണ് എന്ന ചിന്ത നമ്മെ അസ്വസ്ഥരാക്കേണ്ടതുണ്ട്. നീതിയിലധിഷ്ഠിതമായ ബന്ധങ്ങളാണ് ഇവിടെ സാധ്യമാകേണ്ടത്. ‘തൊഴിലാളിക്കു വിയര്‍പ്പുണങ്ങും മുമ്പ് വേതനം നല്‍കണ’മെന്ന തിരുവചനം രണ്ടാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്, തൊഴിലാളിക്ക് കൃത്യമായ കൂലി നല്‍കണം. രണ്ട്, കൂലി വാങ്ങണമെങ്കില്‍ തൊഴിലാളി കൃത്യമായി അധ്വാനിക്കണം.
തൊഴില്‍ മേഖലയില്‍ ഈയൊരു തിരിച്ചറിവ് പരസ്പരം ഉണ്ടായാല്‍ എത്ര മനോഹരമാണ് കാര്യങ്ങള്‍. ഉപജീവനത്തിനായി ആളുകള്‍ ഏര്‍പ്പെടുന്ന തൊഴിലുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഒരു വേര്‍തിരിവും പാടില്ല എന്നതാണ് അടിമയെയും ഉടമയെയും ഒരേ സ്വഫ്ഫില്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രാര്‍ഥനയ്ക്ക് അണിനിര്‍ത്തിയതിലൂടെ പ്രവാചകന്‍(സ) മാതൃക കാട്ടിയതും നമ്മോട് കല്‍പിച്ചതും.
ഇങ്ങനെ ജീവിതഗന്ധിയായ എല്ലാ മേഖലകളിലേക്കും ഉത്തമമാതൃക പകര്‍ന്നാണ് റസൂല്‍(സ) ജീവിച്ചത്. ആ ജീവിത മാതൃക എല്ലാ രംഗത്തും നിലനിര്‍ത്തുന്നതില്‍ ജാഗ്രത കാണിക്കുക എന്നതാണ് വേദവെളിച്ചം പ്രസരിപ്പിക്കുന്നതിനുള്ളഎളുപ്പമാര്‍ഗം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x