27 Saturday
July 2024
2024 July 27
1446 Mouharrem 20

കേരളത്തിലെ വി സിമാര്‍


കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം പലപ്പോഴും ഒരു രാഷ്ട്രീയ വിവാദം കൂടിയാണ്. വൈജ്ഞാനിക അന്വേഷണങ്ങളുടെയും അറിവുല്‍പ്പാദനത്തിന്റെയും കേദാരമാവേണ്ട സര്‍വകലാശാലകള്‍ രാഷ്ട്രീയ നിയമനങ്ങളുടെ കൂത്തരങ്ങായി മാറുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് സുപ്രീംകോടതി റദ്ദാക്കിയത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിലെ അക്കാദമിക രംഗം പരിശോധിച്ചാല്‍ കഴിവു തെളിയിച്ച പ്രഗത്ഭനായ ഒരു ചരിത്രകാരനാണ് ഡോ. ഗോപിനാഥ്. വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കാന്‍ യു ജി സി നിര്‍ദേശിക്കുന്ന യോഗ്യതകളെല്ലാം അദ്ദേഹത്തിനുണ്ട്. ചരിത്രമേഖലയില്‍ അവഗാഹവും കൃത്യമായ നിലപാടുകളും അദ്ദേഹത്തിനുണ്ട്. ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ ചരിത്രവിഭാഗം പ്രൊഫസറായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി സിയായി നിയമിതനാവുന്നത്.
ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കൃത്യമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് അദ്ദേഹം. മോദി ഭരണത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ സംഘപരിവാര്‍ സഹയാത്രികരെ നിയമിച്ചുകൊണ്ട് നടത്തിയ സ്വജനപക്ഷപാതിത്വത്തിനെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. ഐ സി എച്ച് ആറിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്ന ഡോ. ഗോപിനാഥിന്റെ രാജിയിലാണ് അത് കലാശിച്ചത്. സംഘപരിവാര്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വൈജ്ഞാനികമായ ചെറുത്ത്‌നില്‍പ് അദ്ദേഹം നടത്തി. വൈജ്ഞാനിക ധീരത കൊണ്ടും അക്കാദമിക സംഭാവന കൊണ്ടും വി സിയായി നിയമനം നേടാന്‍ യോഗ്യതയുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാല്‍, അദ്ദേഹത്തിന്റെ പുനര്‍നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. അദ്ദേഹം പ്രസ്തുത പദവിക്ക് യോഗ്യത ഇല്ലാത്തയാളാണെന്ന് കോടതി പറഞ്ഞിട്ടില്ല. മറിച്ച്, കോടതി പരിഗണിച്ചത് അദ്ദേഹത്തിന്റെ നിയമനാധികാരിയായ ചാന്‍സലറുടെ അധികാര പ്രയോഗത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായി എന്ന വസ്തുതയാണ്.
ഡോ. ഗോപിനാഥിന് തുടര്‍ നിയമനം നല്‍കാന്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായി എന്നതാണ് യാഥാര്‍ഥ്യം. അത് കേരളത്തില്‍ പുതുമയുള്ള കാര്യവുമല്ല. എന്നാല്‍, ഇടതുപക്ഷം അധികാരത്തിലെത്തിയതിന് ശേഷം ബന്ധുനിയമനങ്ങളിലും രാഷ്ട്രീയ നിയമനങ്ങളിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് ഒട്ടുമിക്ക യൂണിവേഴ്‌സിറ്റി നിയമനങ്ങളും കോടതി നടപടികളിലോ വിവാദങ്ങളിലോ ആണ്. നേതാക്കളുടെ ബന്ധുക്കള്‍ക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ മാത്രമായി നിയമനങ്ങള്‍ സംവരണം ചെയ്ത പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഡോ. ഗോപിനാഥിന് പുനര്‍നിയമനം നല്‍കിയത് തന്നെ മുഖ്യമന്ത്രിയുടെ പൈവ്രറ്റ് സെക്രട്ടറിയുടെ ബന്ധുവിന് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഉറപ്പുവരുത്താനാണ് എന്ന് ആക്ഷേപമുണ്ടായിരുന്നു. ഇങ്ങനെ നിരവധി ബന്ധുനിയമനങ്ങളുടെ എപിസോഡുകളാണ് കഴിഞ്ഞുപോയത്. സര്‍ക്കാറിന്റെ നിക്ഷിപ്ത താല്‍പ്പര്യത്തിനേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.
കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ അഡ്മിഷന്‍ സംബന്ധിച്ച ഡാറ്റ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റുകള്‍ ബാക്കിയാണ്. ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ 40 ശതമാനത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സ്വാശ്രയ കോഴ്‌സുകളും സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. സ്വാശ്രയ കോഴ്‌സുകള്‍ മാത്രമല്ല, എയ്ഡഡ് കോഴ്‌സുകളില്‍ പോലും ജനറല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നത് ഗൗരവതരമാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ അക്കാദമിക നിലവാരത്തില്‍ പിറകോട്ട് സഞ്ചരിക്കുന്നത് ശുഭസൂചനയല്ല. രാഷ്ട്രീയ അതിപ്രസരവും നിയമനങ്ങളിലെ ഇടപെടലുകളും വ്യാപകമാവുമ്പോള്‍ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം താഴോട്ട് പോകുമെന്നതില്‍ സംശയമില്ല. പുതുധിഷണകള്‍ കേരളം വിട്ടുപോകുന്ന ഈ ബൗദ്ധിക ശോഷണ പ്രക്രിയയെ മറികടക്കാന്‍ സത്യസന്ധവും സുതാര്യവുമായ നടപടികള്‍ ഉണ്ടാവണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x