28 Thursday
March 2024
2024 March 28
1445 Ramadân 18

മുഖംമൂടി കീറിയ കുരങ്ങന്മാര്‍

സി കെ റജീഷ്‌


കൊട്ടാരത്തിന് ചുറ്റും കുറെ കുരങ്ങന്മാരുണ്ട്. ഇത് കണ്ട രാജകുമാരന്‍ ഒരു കാര്യം തീര്‍ച്ചപ്പെടുത്തി. കുരങ്ങന്മാരെ നൃത്തം പരിശീലിപ്പിച്ച് ജനങ്ങളെ രസിപ്പിക്കണം. വിലപിടിപ്പുള്ള ഉടുപ്പുകളും മുഖംമൂടികളും വാങ്ങി അവയെ ധരിപ്പിച്ചു. അരങ്ങിലെത്തുമ്പോള്‍ മതിമറന്ന് രാജനര്‍ത്തകരെ പോലെ അവര്‍ നൃത്തമാടും. നിറഞ്ഞ കയ്യടിയോടെ ജനം അത് ആസ്വദിക്കും. രാജകുമാരന്‍, ഇതൊക്കെയാണ് കണക്ക് കൂട്ടിയത്. എന്നാല്‍ സംഭവിച്ചതോ? നൃത്തം നടക്കുന്നതിനിടയില്‍ കാണികളില്‍ ഒരാളുടെ കീശയില്‍ കിടന്ന കപ്പലണ്ടി കണ്ട കുരങ്ങന്മാര്‍ നൃത്തമെല്ലാം മറന്നു. മുഖംമൂടി വലിച്ചെറിഞ്ഞു. ഉടുപ്പുകള്‍ കീറിയെറിഞ്ഞു. കപ്പലണ്ടിക്ക് വേണ്ടിയുള്ള കടിപിടിയായിരുന്നു പിന്നീട് അവിടെ നടന്നത്.
പലവിധ വേഷങ്ങളിട്ട് കൊണ്ടുള്ള അഭിനയമാണ് മനുഷ്യ ജീവിതം. വേഷഭൂഷാധികള്‍ക്കപ്പുറം ഓരോരുത്തരുടെയും ഉള്ളിലുള്ളതാണ് വ്യക്തിത്വം. എത്ര ഒളിപ്പിച്ചാലും ഉള്ളിലുള്ളത് ഒരിക്കല്‍ പുറത്തു വരും. കപ്പലണ്ടി കണ്ടപ്പോള്‍ എല്ലാം മറന്ന കുരങ്ങന്മാരെപ്പോലെ ഭൗതിക വിഭവങ്ങളുടെ മാസ്മരികതയില്‍ എല്ലാം മറന്ന് നമ്മളും ലയിക്കും. വേഷ ഭൂഷാധികളുടെ അലങ്കാരപ്പെരുമയില്‍ വ്യക്തിത്വത്തെ കളഞ്ഞ് കുളിക്കുന്നവരായി നാം മാറരുത്. അലങ്കാരങ്ങളുടെ ആകര്‍ഷണ വലയത്തില്‍ നാം വേഷങ്ങള്‍ മാറുന്നത് അസ്തിത്വത്തെ പണയപ്പെടുത്തിയാവരുത്.
ഓരോരുത്തരുടെയും ഉള്ളിലുള്ള തനിമയുടെ മുദ്രയാണ് വ്യക്തിത്വം. തനിമയുടെ മേന്മ തിരിച്ചറിഞ്ഞവര്‍ സ്വന്തം പ്രതിഭയെ കണ്ടെത്തും. ഉള്ളിലുള്ള ആ വിളക്ക് അണയാതെ കാത്തുവെച്ചാല്‍ കര്‍മരംഗങ്ങളിലൊക്കെ അതിന്റെ കയ്യൊപ്പ് ചാര്‍ത്താനാവും. കര്‍മ സവിശേഷത കൊണ്ട് സ്വന്തം പെരുമ ആലേഖനം ചെയ്തവര്‍ തലമുറകള്‍ക്കപ്പുറം ജീവിക്കുന്നവരാണ്. ഓരോരുത്തര്‍ക്കും സ്വന്തമായി സവിശേഷതകളുണ്ട്. സവിശേഷതകള്‍ അനന്യമാകുന്നതുപോലെ തന്നെയാണ് ബലഹീനതകളും. അവ തിരിച്ചറിയാനും തിരുത്താനുമുള്ള സന്മനസ്സുണ്ടായാല്‍ വ്യക്തിത്വത്തിന് മാറ്റ് കൂടും.
ഓരോ ജീവിതവും ഓരോ നിയോഗമാണ്. വലുപ്പച്ചെറുപ്പത്തിന്റേയോ ഏറ്റക്കുറച്ചിലുകളുടെയോ ഏകകം കൊണ്ട് അതിനെ അളന്നെടുക്കരുത്. സമൂഹമെന്നത് കെട്ടിപ്പൊക്കിയ സൗധം കണക്കെ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ സൗധത്തിന്റെയും വിടവുകള്‍ക്കിടയിലിരിക്കുന്ന മണല്‍ത്തരികള്‍ക്കുപോലും ചില കഥകള്‍ പറയാനുണ്ട്. മണല്‍ത്തരികള്‍ക്ക് പകരം വെക്കാന്‍ വെള്ളാരം കല്ലിനാവില്ല. വെള്ളാരംകല്ലിന്റെ ദൗത്യം നിര്‍വഹിക്കാന്‍ കരിങ്കല്‍കൂട്ടത്തിനും കഴിയില്ല. ഓരോ ചെറുതും ‘വലുതാണ്’ എന്ന തിരിച്ചറിവുണ്ടായാല്‍ ആര്‍ക്കും ആരേയും നിസ്സാരമായി കാണാനാകില്ല.
ഭൗതിക വിഭവങ്ങളുടെ വര്‍ണശബളമായ കാഴ്ചകള്‍ നമ്മെ വല്ലാതെ വശീകരിക്കുന്നുണ്ട്. നാം നേടിയതിന്റെ നന്ദിയായി നന്മകള്‍ മാത്രം നല്‍കാന്‍ കഴിയുമ്പോഴാണ് ആയുസ്സിനെ അടയാളപ്പെടുത്താനാവുന്നത്. എന്തൊക്കെ അവകാശമാക്കി എന്നതിലുപരി എന്തൊക്കെ അവശേഷിപ്പിച്ചു എന്നതിന്റെ ഉത്തരമാവണം നമ്മുടെ ഈ ജീവിതം. സുഖാസ്വാദനങ്ങളോട് പൂര്‍ണമായും രാജിയാവാന്‍ ആര്‍ക്കും കഴിയില്ല.
പക്ഷേ അത് വഞ്ചനയുടെ വിഭവമാണെന്ന തിരിച്ചറിവില്ലെങ്കില്‍ നാം വിരല്‍ കടിക്കേണ്ടിവരും. പരമകാരുണികന്‍ ഉണര്‍ത്തുന്നു: ”സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.” (18:46)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x