എല്ല് കൂടാരമായിത്തീര്‍ന്ന ഭീമന്‍ മത്സ്യം
സി കെ റജീഷ്
വിശ്വസാഹിത്യകാരനായ ഹെമിങ് വേയുടെ പ്രസിദ്ധമായ കഥയാണ് ‘കിഴവനും കടലും.’ സാന്റിയാഗോ എന്ന് പേരുള്ള ഒരു വൃദ്ധനുണ്ടായിരുന്നു. ഒരു ബാലന്റെ കൂടെ അയാള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി. വലിയ മത്സ്യത്തെ പിടിക്കണമെന്നതാണ് അയാളുടെ മോഹം. ആഗ്രഹിച്ചത്ര വലിപ്പമുള്ള മത്സ്യത്തെ കിട്ടിയില്ല. ബാലന്‍ നിരാശനായി മടങ്ങി. വലിയ മത്സ്യത്തെ അന്വേഷിച്ച് വൃദ്ധന്‍ തനിച്ച് യാത്ര തിരിച്ചു.
ഒരു ദിവസം സാന്റിയാഗോയുടെ ചൂണ്ടയില്‍ ഭീമാകാരനായ ഒരു സ്രാവ് കുടുങ്ങി. കെണിയിലകപ്പെട്ട സ്രാവ് വിഭ്രാന്തിയോടെ കടലില്‍ തിരമാലകള്‍ തീര്‍ത്തു. അയാളുടെ കൊച്ചു തോണിവല്ലാതെ ഉലഞ്ഞു. സാന്റിയാഗോവിനെയും വലിച്ച് ആ സ്രാവ് കൊടുങ്കാറ്റിന്റെ വേഗത്തില്‍ പുറങ്കടലിലെത്തി. നീന്തി നീന്തി കുഴഞ്ഞ ആ മത്സ്യം ഒടുവില്‍ ചത്തു. കരയിലേക്ക് തോണി തുഴഞ്ഞ സാന്റിയാഗോ നന്നേ ക്ഷീണിച്ചിട്ടുണ്ട്. വലിയ മോഹംവെച്ച് പിടിച്ച ആ മത്സ്യത്തെ കൈവിടാന്‍ അയാള്‍ തയ്യാറായില്ല. ചത്ത മത്സ്യത്തെ കൊത്തിതിന്നാന്‍ കടല്‍ കാക്കകളും പിറകെ കൂടി. ദിവസങ്ങള്‍ക്ക് ശേഷമാണ് ചെറുതോണി കരയ്ക്കടുപ്പിക്കാനായത്.
ക്ഷീണിച്ച് അവശനായ അയാള്‍ ആ മത്സ്യത്തെ കരയിലിട്ടു. കഷ്ടം! അതൊരു മത്സ്യമേ അല്ലാതായിരുന്നു. പറവകളും ചെറു മത്സ്യങ്ങളും ചേര്‍ന്ന് അതിന്റെ മാംസമെല്ലാം തിന്നു തീര്‍ത്തിരുന്നു. ബാക്കിയുള്ളത് വലിയ മത്സ്യത്തിന്റെ എല്ലിന്‍ കൂടാരം മാത്രം. മോഹത്തിന് പിന്നാലെപോയ സാന്റിയാഗോവിന് നിരാശ മാത്രം ബാക്കിയായി.
തിരയടങ്ങാത്ത കടലുപോലെയാണ് മനുഷ്യമനസ്സ്. ഒരു തിര തീരം തല്ലി തകരുമ്പോഴേക്കും നിരവധി തിരമാലകള്‍ രൂപം കൊണ്ടിട്ടുണ്ടാവും. ഒരു മോഹം പൂര്‍ത്തീകരിക്കുമ്പോഴേക്കും മറ്റൊന്നിനായി മനസ്സ് വെമ്പല്‍ കൊള്ളുന്നു. മോഹങ്ങള്‍ക്ക് പിന്നാലെയുള്ള മനുഷ്യന്റെ നെട്ടോട്ടം മരണം വരെ തുടരുന്നു. സഫലമായ മോഹങ്ങള്‍ക്ക് ശേഷവും സംതൃപ്തമായ ഒരു മനസ്സാണ് ബാക്കിയാവേണ്ടത്. ഇല്ലെങ്കില്‍ സന്തോഷം മരീചികയായി തീരും. ആയിരങ്ങള്‍ ആശിച്ചവന്‍ അതിന്റെ അധിപനാവുന്നതോടെ പതിനായിരങ്ങള്‍ കൊതിക്കും. ലക്ഷങ്ങളും കോടികളും നേടിയാലും സുഖതൃഷ്ണ അവനെ അസ്വസ്ഥനാക്കും.
മനുഷ്യന്റെ ഈ ആര്‍ത്തിയെ നബി(സ) ഇങ്ങനെ പരിചയപ്പെടുത്തി: ”മനുഷ്യന് സ്വര്‍ണ്ണത്തിന്റെ ഒരു താഴ്‌വര തന്നെ കിട്ടിയാലും രണ്ടാമതൊന്നവന്‍ കൊതിക്കും. രണ്ടെണ്ണം ലഭിച്ചാല്‍ മൂന്നാമത്തേത് മോഹിക്കും. മനുഷ്യന്റെ വയറ് നിറക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല. എന്നാല്‍ പശ്ചാത്തപിക്കുന്നവന് അല്ലാഹു പൊറുത്ത് കൊടുക്കുന്നു.” (ബുഖാരി)
ആഗ്രഹങ്ങള്‍ എല്ലാ അതിരുകളെയും അതിലംഘിക്കുമ്പോഴാണ് ആര്‍ത്തി വളരുന്നത്. ആര്‍ത്തി ചിന്ത മനസ്സില്‍ അങ്കുരിക്കുന്നതോടെ ഉള്ളതില്‍ തൃപ്തിപ്പെടാനുള്ള മനോഭാവമാണ് വേരറ്റു പോകുന്നത്. മോഹങ്ങളെ ചുരുക്കലാണ് ഭൗതിക വിരക്തിയുടെ വഴിയെന്ന് നബി(സ) പറഞ്ഞതിന്റെ പൊരുളുമതാണ്. വ്യാമോഹങ്ങള്‍ അവിവേകമാണ്. മോഹങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ പഠിക്കാന്‍ മറന്നുപോയ പാഠമാണത്. കോടികള്‍ കൈവശപ്പെടുത്തിയവനും ഒരു വയറേ നിറയ്ക്കാന്‍ കഴിയൂ. ഒരു ശരീരമേ മറയ്ക്കാന്‍ കഴിയൂ. ഒരു കസേരയിലേ ഇരിക്കാനൊക്കൂ. ഒരു വീട്ടിലെ ഒരു കട്ടിലിലേ കിടക്കാന്‍ കഴിയൂ. ആവശ്യങ്ങളുടെ പരിമിതിയറിഞ്ഞ് ആഗ്രഹങ്ങള്‍ക്ക് അതിരിടാന്‍ കഴിഞ്ഞാല്‍ സമാധാനം നമുക്ക് അന്യമാവില്ല. മനുഷ്യരുടേയെല്ലാം മനസ്സ് ദാഹിക്കുന്നതും മോഹിക്കുന്നതും സമാധാനമാണ്. ഇമാം ശാഫിഈ പറയുന്നു: ”ജീവിക്കുകയാണെങ്കില്‍ എനിക്ക് അന്നം കിട്ടാതിരിക്കില്ല. മരിച്ചാല്‍ ആറടി മണ്ണ് കിട്ടും. അതിനാല്‍ എന്റെ ധൈര്യം രാജാക്കന്മാര്‍ക്ക് പോലും അന്യം. മനസ്സ്വാതന്ത്ര്യവും’