കുട്ടികള്‍ക്ക് കൂട്ടായി പുസ്തകങ്ങള്‍ നല്‍കൂ
ഗിഫു മേലാറ്റൂര്‍
വായന ചിലര്‍ക്കൊരു വിനോദമാണ്. ചിലര്‍ക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവര്‍ക്കു ഭാവനയുടെ അതിരുകള്‍ തകര്‍ത്തു വിസ്മയങ്ങളുടെ ലോകത്തേക്കു പറക്കാനുള്ള ചിറകു മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യമനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസുകൊണ്ടു പറന്നുതീര്‍ക്കാനുള്ള അത്ഭുതസൂത്രമാണു വായന. ബുദ്ധിയുടെയും മനസിന്റെയും വളര്‍ച്ചയ്‌ക്കൊപ്പമേ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്റെയും വളര്‍ച്ചയ്ക്കുള്ള വളമാകുന്നതു വായനയാണ്. ഇതു തിരിച്ചറിഞ്ഞു മലയാളിയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുത ലോകത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ വ്യക്തിയായിരുന്നു പി എന്‍ പണിക്കര്‍.
വായന പല തരത്തിലുണ്ട്. പുസ്തകങ്ങള്‍ വായിക്കുന്നതു പോലെ തന്റെ ചുറ്റുപാടുകളും വായിക്കാം. പ്രകൃതിയെ വായിക്കാം. നല്ല മനുഷ്യരെ വായിക്കാം. വായനശീലം ചെറുപ്പത്തില്‍ത്തന്നെ വളര്‍ത്തിയില്ലെങ്കില്‍ പിന്നീടു പരിശീലിച്ചെടുക്കുക ബുദ്ധിമുട്ടാണ്. പുസ്തകങ്ങള്‍ വായിക്കാന്‍ ദിവസേന ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം. അങ്ങനെയെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ നല്ല ശീലം നെമ്മ പിന്തുടരും. അങ്ങനെ ജീവിതത്തിലും സന്തോഷം നിറയും. ഹോബിയായി സ്മാര്‍ട്ട്‌ഫോണും ഗെയിമുകളും മറ്റുമില്ലാതിരുന്ന ഒരു കാലത്ത് വായനയിലും മറ്റുകലകളിലും അഭിരമിച്ചിരുന്നവരാണ് ഇന്നും വായന തുടരുന്നത് എന്നു കാണാം. പുതിയ തലമുറക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ ഓണ്‍ലൈന്‍ പഠനത്തിനും മറ്റും കിട്ടിത്തുടങ്ങിയതോടെ വായനയും പുസ്തകങ്ങളും ചതുര്‍ഥിയായി മാറിത്തുടങ്ങി എന്ന പരമാര്‍ഥം കാണാതിരുന്നുകൂടാ.
വാക്കുകളുടെ വൈകാരികത
അനുഭവിച്ചു കൊണ്ടുള്ള വായന
വര്‍ത്തമാന കാലം പുസ്തകങ്ങളുടെ സുവര്‍ണയുഗവും വായനയുടെ മൃത്യുയുഗവുമാണ് എന്നു പറഞ്ഞാല്‍ അധികമാകില്ല. പുസ്തകങ്ങള്‍ പലവിധമാണ്. ചിലത് നുണച്ചിറക്കേണ്ടതാണെങ്കില്‍ മറ്റുചിലത് വിഴുങ്ങേണ്ടതും, വേറെചിലത് ചവച്ചരച്ച് കഴിക്കേണ്ടതുമാണ്. എങ്ങനെയാണെങ്കിലും ഒരു പ്രഭുവിന്റെ രക്തത്തേക്കാള്‍ വില കൂടിയത് ഒരു പിച്ചക്കാരന്റെ പുസ്തകമാണെന്നാണ് ഹെന്‍ട്രി എട്ടാമന്റെ മതം.
മനസിന്റെ ആഗാധതയിലേക്ക് ഇറങ്ങിച്ചെന്ന് അനുരണനങ്ങള്‍ സൃഷ്ടിക്കുകയാണ്, മനസിന്റെ അവിശ്രാന്തികളെ നശിപ്പിക്കുകയാണ് വായനയുടെ ലക്ഷ്യം. രചനകളുടെ അമൃതാംശം തിരഞ്ഞ് ചെല്ലാതെ വായന ചില വരമ്പുകളില്‍ തങ്ങിനില്‍ക്കുന്നതോടെ വന്ധ്യമായിത്തീരുകയാണ്. ക്ഷണികമായൊരു ആശ്വാസമായിരിക്കരുത് വായനയുടെ ലക്ഷ്യം. വാക്കുകളുടെ വൈകാരികമായ ഭാരം അനുഭവിച്ചു കൊണ്ടുള്ളവയാവണം.
വായനയുടെ അഭിരാമം
മനുഷ്യന്‍ ഭിന്ന വ്യക്തിത്വമുള്ളവരാണ്. അപ്രകാരം തന്നെയാണ് അഭിരുചിയുടെ കാര്യത്തിലും. വ്യത്യസ്ത അഭിരുചിയുള്ളവര്‍ താന്താങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് എന്തു വായിക്കണം എന്തെല്ലാം ഒഴിവാക്കണമെ ന്നു തീരുമാനിക്കുകയാണ് വേണ്ടത്. ചിലര്‍ എല്ലുറപ്പുള്ള തത്വശാസ്ത്രഗ്രന്ഥങ്ങള്‍ വായിക്കുമ്പോ ള്‍, നോവലുകളിലായിരിക്കും ചിലര്‍ അഭിരമിക്കുന്നത്. നോവലുകളും കനപ്പെട്ട സാഹിത്യ സൃഷ്ടികളും ചരിത്രഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും തുടങ്ങി അപരിമേയമായ മേഖലകളിലേക്ക് വ്യാപിച്ച് കിടക്കുന്നതാണ് ഹോമോസാപ്പിയന്‍സിന്റെ വായന.
വായനക്കാരന്‍
വായനക്കാരനാവണം
വായന പോകുന്ന വഴിയും പോകേണ്ട വഴിയും(ഞശഴവ േജമവേ) ഒന്നായിക്കൊള്ളണമെന്നില്ല. പക്ഷെ, പോകുന്ന വഴിയെ തെളിക്കുന്നവരാണ് നമ്മുടെ പ്രസാധകന്മാരിലധികവും. പൊട്ട കൃതികള്‍ നല്ല നിലവാരം പുലര്‍ത്തുന്നത് എന്ന ആമുഖത്തോടെ അനുവാചകന്റെ മുമ്പിലേക്ക് വെക്കാന്‍ ചില പ്രസാധകര്‍ക്ക് മടിയില്ല. വായനക്കാരനാദ്യം വായനക്കാരന്‍ തന്നെയായിരിക്കണം. കണിശമായ മുന്‍വിധികള്‍ വായന വശംകെട്ട് പോകാനേ സഹായിക്കൂ. തനിക്ക് താല്‍പര്യമുള്ള ഭാവങ്ങള്‍ മാത്രം ഒരു സൃഷ്ടിയില്‍ അന്വേഷിക്കുന്നവന് കലാസൃഷ്ടിയുടെ വ്യക്തമായ കാര്യം നഷ്ടപ്പെടുകയായിരിക്കും ഫലം.
പുസ്തകം ഒന്ന്, വായന പലത്
പുസ്തകത്തെ പല രീതിയില്‍ വായിക്കാന്‍ കഴിയുമെന്ന് പറയാറുണ്ട്. വായിക്കുമ്പോള്‍ ചിലര്‍ അതിന്റെ സാഹിത്യാംശത്തിലുപരി കൃതിയുടെ ആന്തരാര്‍ഥങ്ങള്‍ കൂടി കണ്ടെത്തും. മറ്റുചിലര്‍ മികച്ച നിരൂപകനോ എഴുത്തുകാരനോ ഒന്നും കാണാത്ത ആഴക്കാഴ്ചകളിലേക്കു പോകും. വായനയെ ഗൗരവമായിക്കാണുന്നവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണിത്. പുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും വാരികകളും സുലഭമല്ലാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ രമണന്‍ എന്ന പുസ്തകത്തിന്റെ കോപ്പി സംഘടിപ്പിക്കാന്‍ കുട്ടിക്കാലത്ത് നടത്തിയ ശ്രമങ്ങളെക്കുറിച്ച് എം ടി വാസുദേവന്‍ നായര്‍ രമണീയം ഒരു കാലം എന്ന ലേഖനത്തില്‍ അനുസ്മരിച്ചിട്ടുണ്ട്. ജനിച്ചു വളര്‍ന്ന ഉരുളികുന്നം എന്ന ഗ്രാമത്തില്‍ വായനശാലയില്ലാത്തതിനാല്‍ അടുത്ത ഗ്രാമത്തിലേക്ക് പുസ്തകം തേടിപ്പോയതിന്റെ കഥ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയും പറഞ്ഞിട്ടുണ്ട്.
ഇന്നാകട്ടെ, അത്തരം അസൗകര്യങ്ങളും ദൗര്‍ലഭ്യങ്ങളുമൊന്നുമില്ല. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കയ്യെത്തും ദൂരത്തുണ്ട്. സ്‌കൂളുകളിലെയും നാട്ടിന്‍ പുറത്തെയും നഗരങ്ങളിലെയും ലൈബ്രറികള്‍ വായനക്കാരെയും കാത്തിരിപ്പാണ്. അവിടുത്തെ അലമാരകളില്‍ നിറയെ പുസ്തകങ്ങളാണ്. നമ്മുടെ നാട്ടിലെ നാടോടിക്കഥകളും മറ്റു രാജ്യങ്ങളിലെ കഥകളുമുണ്ട്. വേട്ടക്കഥകളും സാഹസിക കഥകളും മൃഗകഥകളും പേടിപ്പിക്കുന്ന കഥകളുമുണ്ട്. ചിത്രകഥകളും ഗുണപാഠ കഥകളുമുണ്ട്. അതൊന്നും വേണ്ടാത്തവര്‍ക്ക് അറിവും വിജ്ഞാനവും തരുന്ന പുസ്തകങ്ങളുണ്ട്. അനുവാചകരെ കാത്തിരിക്കുന്ന നിശബ്ദരായ നല്ല ചങ്ങാതിമാര്‍.
ഡിജിറ്റല്‍ ലൈബ്രറി
വെര്‍ച്വല്‍ ലൈബ്രറി, ഓണ്‍ലൈന്‍ ലൈബ്രറി, ഇലക്ട്രോണിക് ലൈബ്രറി എന്നെല്ലാം അറിയപ്പെടുന്ന ഡിജിറ്റല്‍ ലൈബ്രറിയുടെ ആവിര്‍ഭാവം ഇന്ന് ലൈബ്രറിയെപ്പറ്റിയുള്ള സങ്കല്പങ്ങളെല്ലാം മാറ്റി മറിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ രൂപത്തില്‍ സംഭരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ കംപ്യൂട്ടര്‍ വഴി ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ സംഭരണ വിതരണ സംവിധാനത്തെയാണ് ഡിജിറ്റല്‍ ലൈബ്രറി എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. പുസ്തക രൂപത്തിലും മറ്റുമുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ മിക്ക ലൈബ്രറികളിലും നടപ്പില്‍ വന്നു കഴിഞ്ഞു. ഏതു സമയത്തും ഉപയോഗിക്കാം. എവിടെവച്ചും ഇന്റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂട്ടറിന്റെ സഹായത്താല്‍ വിവരങ്ങള്‍ തേടാം. ഒരേ സമയം ഒന്നിലധികം പേര്‍ക്ക് ഒരേ വിവരം ലഭ്യമാക്കാം. ആവശ്യമായ വിവരങ്ങള്‍ വളരെ വേഗം കണ്ടെത്താം.
വിരല്‍ത്തുമ്പിലെ പുസ്തകം
വായിക്കാനിഷ്ടപ്പെടുന്ന വിഖ്യാത കൃതികള്‍ അന്വേഷിച്ചു നിങ്ങള്‍ ലൈബ്രറികളും പുസ്തകക്കടകളും തേടി നടക്കേണ്ട ആവശ്യം ഇന്നില്ല. പണം കൊടുത്തും സൗജന്യമായും വായിക്കാവുന്ന പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്. ലോകത്തെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം ഇതിനായി വെബ്‌സൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. പി ഡി എഫ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്തോ ടാബ്ലറ്റിലോ കംപ്യൂട്ടറിലോ നേരിട്ടോ ഈ പുസ്തകങ്ങള്‍ വായിക്കാം.
മാര്‍ക്കേസും വിജയനും
ബഷീറും
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ (ഔിറൃലറ ഥലമൃ െീള ടീഹശൗേറല). മക്കൊണ്ട എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ആ നോവല്‍ സിനിമയാക്കാനുള്ള ശ്രമവുമായി പലരും മാര്‍ക്കേസിനെ സമീപിച്ചിരുന്നു. എഴുത്തുകാരന്‍ സമ്മതം മൂളിയില്ല. ഓരോ ഭൂഖണ്ഡങ്ങളിലെയും നോവല്‍ വായിക്കുന്ന വായനക്കാര്‍ ഉള്ളില്‍ സൃഷ്ടിക്കുന്ന തങ്ങളുടേതായ മക്കൊണ്ടകളുണ്ടാകും. സിനിമയാകുന്നതോടെ അതിനുള്ള അവസരം വായനക്കാര്‍ക്ക് നഷ്ടപ്പെടുമെ ന്ന് മാര്‍ക്കേസ് പറഞ്ഞിരുന്നു. അതുപോലെ ഒ വി വിജയന്‍ തന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ സിനിമയാക്കുന്നതിനോട് യോജിച്ചിരുന്നില്ല. താന്‍ സൃഷ്ടിച്ച ഭാഷയുടെ മാന്ത്രികത ദൃശ്യഭാഷയ്ക്ക് കൊണ്ടുവരാനാകില്ലെന്ന് വിജയന്‍ ചിന്തിച്ചിരുന്നു.
എഴുത്തുകാര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ തുടിപ്പു കണ്ടെത്താന്‍ അവരെഴുതിയ പുസ്തകങ്ങളിലൂടെ കടന്നുപോയാല്‍ മതി. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ വള്ളത്തോളിന്റെ കവിതയിലും ബഷീറിന്റെ കഥകളിലും കാണാനാകും.
കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ കഥ തകഴിയിലൂടെ തെളിഞ്ഞുവരും. കേരളീയ സ്ത്രീജീവിതത്തെ ലളിതാംബിക അന്തര്‍ജനത്തിന്റെയും മാധവിക്കുട്ടിയുടെയും കഥകള്‍ വായിച്ചാല്‍ മനസ്സിലാകും. അങ്ങനെ പല കാലത്തിന്റെ ചരിത്രവും സംസ്‌കാരങ്ങളും കൂടി പുസ്തകങ്ങള്‍ കരുതി വയ്ക്കുന്നുണ്ട്. അത്തരം കാര്യങ്ങളെക്കൂടി കണ്ടെത്താനാണ് മികച്ച വായനക്കാര്‍ ശ്രമിക്കേണ്ടത്.
മതഗ്രന്ഥങ്ങളുടെ വായന
ഓരോ മത ഗ്രന്ഥങ്ങള്‍ തന്നെയായിരുന്നു അതാത് സംസ്‌കൃതിയെ സൃഷ്ടിച്ചത്. വായിക്കാനുള്ള ആഹ്വാനവുമായിട്ടാണ് പരിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തം തന്നെ. മാത്രമല്ല, ഖുര്‍ആന്‍ പാരായണം തന്നെ ഒരു ആരാധനയാണല്ലോ. ഖുര്‍ആന്‍ അവതരണത്തിലാദ്യം ദൈവത്തിന് ഉപയോഗിച്ച വിശേഷണങ്ങളിലൊന്ന് ‘തൂലിക കൊണ്ട് പഠിപ്പിച്ചവന്‍’ എന്നാണ്. ഇത് പോലെ തന്നെയാണ് മറ്റുമതങ്ങളുടെ കാര്യവും. മതങ്ങള്‍ വിപ്ലവകരമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് മതഗ്രന്ഥങ്ങളുടെ വായനയിലും ഗണ്യമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്.
വായന ഒരനുഭവമാണ്
അറിവിന്റെയും ആനന്ദത്തിന്റെയും വലിയ ലോകത്തേക്കുള്ള വാതിലുകളാണ് പുസ്തകങ്ങള്‍. വായന വെറുമൊരു ഹോബിയല്ല. പല പുസ്തകങ്ങളും വായനക്കാരെ ശുദ്ധീകരിക്കുകയും സംസ്‌കാര സമ്പന്നരാക്കുകയും ചെയ്യുന്നു. പല തെറ്റായ ധാരണകളേയും മാറ്റിമറിക്കുന്നു. നല്ലൊരു പുസ്തക ശേഖരം വീടിനൊരലങ്കാരം കൂടിയാണ്.
നല്ലതു വായിക്കാം
വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെ ഒരു പ്രത്യേക കോടതി രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ വിധിച്ചവര്‍ക്ക് ജയിലില്‍ വായിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ മലയാളം പതിപ്പും സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രവും നല്‍കാന്‍ ഉത്തരവിടുകയുണ്ടായി. നല്ല വായനയിലൂടെ കുറ്റവാളികളെ പോലും നേരിലേക്കു നയിക്കാനാണിവിടെ കോടതി ശ്രമിക്കുന്നത്.
എന്തും അറിയാനുള്ള ജിജ്ഞാസ നമുക്കുണ്ടാവും. ഇതിനുള്ള പ്രധാന ഉപാധി വായന തന്നെയാണ്. വിഷയങ്ങളെക്കുറിച്ചറിയാന്‍ വൈജ്ഞാനിക ഗ്രന്ഥങ്ങളും മഹദ്‌വ്യക്തികളെയും അവരുടെ ജീവിതത്തെയും ചിന്തകളെയും പറഞ്ഞുതരാന്‍ ജീവചരിത്രങ്ങളും ആത്മകഥകളും അനുഭവക്കുറിപ്പുകളുമുണ്ട്. എന്നാല്‍ പുസ്തകങ്ങളില്‍ തന്നെ നല്ലതും ചീത്തയുമുണ്ട്. ചീത്ത പുസ്തകങ്ങള്‍ രാജ്യത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിഷയങ്ങളെകുറിച്ചും തെറ്റായ ധാരണകള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂ. ഇവ വായനക്കാരെ വഴി തെറ്റിക്കുന്നു. അതിനാല്‍ നല്ല പ്രസാധകരുടെ നല്ല പുസ്തകങ്ങള്‍ ശീലമാക്കാം.
വായന പ്രചോദനമാകുന്ന ഘട്ടങ്ങള്‍
വായന പ്രധാനമായും രണ്ട് രീതിയിലാണ്. പഠനമാര്‍ഗങ്ങളിലൂടെ ആര്‍ജിച്ചെടുക്കുന്ന വിജ്ഞാനം ആദ്യത്തേത്. മഹാന്മാരുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരം, മറ്റനേകം ജീവിതങ്ങളിലേക്കുള്ള പ്രവേശം; അപരിചിത ഭൂ ഖണ്ഡങ്ങളിലൂടെയുള്ള മാനസികയാത്ര തുടങ്ങിയവയാണ് രണ്ടാമത്തേത്. അവരെ അപാരമായ മാനസികോന്നതിയിലേക്കും ധാര്‍മികമായ വെളിച്ചത്തിലേക്കും നയിക്കും. പുസ്തകവായന നാമറിയാതെ നമ്മില്‍ നടത്തുന്ന മനസംസ്‌കരണം കൂടിയാണ്. മനസിന്റെ കന്മഷങ്ങളെയും സങ്കുചിത ചിന്തകളെയും ദൂരീകരിക്കാ ന്‍ വായന വലിയൊരളവു വരെ സഹായിക്കുന്നു. ഉയര്‍ന്ന മൂല്യങ്ങളില്‍ അഭിരമിക്കുവാനും സഹജരായ മനുഷ്യരെക്കുറിച്ച് ചിന്തിക്കുവാനും പരിസ്ഥിതിയെ സ്‌നേഹിക്കുവാനും അങ്ങനെ ഒരു യഥാര്‍ഥ മനുഷ്യനായി ജീവിക്കുവാനും വായന പ്രചോദനമാകുന്നു.
ആടുജീവിതം, എന്‍മകജെ
പുസ്തക വായനയിലൂടെ നമുക്ക് ഒരുപാട് ജീവിതങ്ങള്‍ വായിച്ചു തീര്‍ക്കാനാകും. ഓരോ പുസ്തകവും ഓരോ ജീവിതമാണ്. അതില്‍ മുങ്ങി നിവരുമ്പോള്‍ വായനക്കാരനും ജീവിതം ജീവിച്ച് തീര്‍ക്കുകയാണ്. ‘ആടുജീവിതം’ നമുക്ക് അപരിചിതമായ മരുഭൂമിയുടെ കഥയാണ്. മരുഭൂമിയില്‍ പണിയെടുക്കാന്‍ പോകുന്ന മലയാളിയുടെ ദുരിതം നിറഞ്ഞ ജീവിതം അറിയുവാനും അവരോടൊപ്പം ജീവിക്കുവാനും വായനയിലൂടെ നമുക്ക് കഴിയുന്നു. ‘എന്‍മകജെ’ എന്ന നോവല്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി കാസര്‍കോട്ടെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വികൃതമായ മരണത്തിന്റെ വിത്തുകള്‍ മഹാമാരി പോലെ വാരി വിതറി മനുഷ്യരെ വേട്ടയാടുന്നത് കണ്ട് നാം നടുങ്ങുന്നു. ദുരിതബാധിതരോടുള്ള സമീപനം കരുണാഭരിതമാവണമെങ്കില്‍ ആ അനുഭവങ്ങള്‍ നാമറിയണം. വായന നമ്മെ അതിന് സഹായിക്കുന്നു.
യാന്ത്രികത മുഷിപ്പിക്കുന്ന പരിധികള്‍
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ മുഖമില്ലാ സല്ലാപങ്ങള്‍ക്കും ഇന്റര്‍നെറ്റ് വഴിയുള്ള ചാറ്റിങ്ങിലുമാണ് കുട്ടികള്‍ക്കും മറ്റു യുവതലമുറകള്‍ക്കുമിപ്പോള്‍ ഏറെ താല്‍പര്യം. അതൊക്കെ വലിയ തെറ്റാണ് എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ, അവ ശരിയായുപയോഗിക്കുന്നിടത്തോളം മാത്രം. അല്ലാതെയായാല്‍ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്കും മറ്റ് അനാശാസ്യ പ്രവണതകളിലേക്കും വഴുതിമാറുന്നത് പതിവ് കാഴ്ചയാണ്. അവിടെയും വായനയ്ക്കുള്ള സ്ഥലം വിശാലമാണ്. ബ്ലോഗുകളിലും മറ്റും നിരവധി സാഹിത്യരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളത്തിന്റെ ശ്രേഷ്ഠപദവി സൈബര്‍ ബ്ലോഗിനെയും ആവേശിച്ചിരിക്കുന്നു. വൈജ്ഞാനികമായ ദാഹമകറ്റാന്‍ ഇന്റര്‍നെറ്റിന് കഴിയുന്നു. എന്നാല്‍ യാന്ത്രീകത ഒരു പരിധി കഴിഞ്ഞാല്‍ മുഷിപ്പിക്കുക തന്നെ ചെയ്യും. പുസ്തകം കൈയിലെടുക്കുമ്പോഴുണ്ടാകുന്ന ശാന്തി മറ്റെവിടുന്നും ലഭിക്കില്ല. ദൃഢമായ സൗഹൃദങ്ങള്‍ക്ക് നിമിത്തമായിട്ടുള്ളത് പുസ്തകങ്ങളാണെന്ന് നിരവധി മഹാന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘വായിക്കാത്തവന്‍
വികലാംഗന്‍’
വായനയുടെ അഭാവം നമ്മില്‍ ഇരുട്ടാണ് നിറയ്ക്കുന്നത്. അത് നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. വെളിച്ചത്തിനുവേണ്ടിയുള്ള അഭിവാഞ്ഛയാണ് പലപ്പോഴും മനുഷ്യനെ വായനയിലെത്തിച്ചത്. വായന മനുഷ്യരെ വിവേകമതികളാക്കുന്നു. ‘വായിക്കാത്തവന്‍ വികലാംഗനാണെന്ന്’ ആംഗലേയ കവിയായ ഗോയ്‌ഥേ പറഞ്ഞിട്ടുണ്ട്. ‘വെളിച്ചം കൂടുതല്‍ വെളിച്ചം’ എന്നുച്ചരിച്ചുകൊണ്ടാണത്രേ മഹാകവി മരണമടഞ്ഞത്. ജീവിതത്തിലുടനീളം വെളിച്ചം വേണമെന്നാഗ്രഹിച്ചു ആ കവി. ഗോയ്‌ഥേ പറഞ്ഞതുപോലെ കൂടുതല്‍ കൂടുതല്‍ വെളിച്ചത്തിനായി ഇനി പുസ്തകമെടുത്ത് നമുക്കും വായന തുടങ്ങാം. അല്ലെങ്കില്‍ നിര്‍ത്തിയേടത്തുനിന്ന് പുനരാരംഭിക്കാം.
കുട്ടികളോട്
മനസ്സിന്റെ ആരോഗ്യത്തിനും ബുദ്ധിയുടെ വികാസത്തിനും ഹൃദയത്തിന്റെ നൈര്‍മല്യത്തിനും സഹായിക്കുന്ന, അറിവിന്റെ വിശാലതയും ആഴവും കൂട്ടുന്ന, ധര്‍മബോധം ഉണര്‍ത്തുന്ന, നമ്മെ കര്‍മോന്മുഖരാക്കുന്ന പുസ്തകങ്ങള്‍ കൂട്ടുകാര്‍ തിരഞ്ഞെടുത്തു വായിക്കണം. നോവലുകളും കവിതകളും ചെറുകഥകളും നമ്മുടെ ഭാഷാപരമായ കഴിവുകളെ വര്‍ധിപ്പിക്കുന്നതോടൊപ്പം ധാര്‍മികചിന്ത ഉണര്‍ത്തി, കാര്യങ്ങളെ വിവേചിച്ചറിഞ്ഞ് നല്ല മനുഷ്യരാകാന്‍ സഹായിക്കും.
നല്ല ജീവചരിത്ര ഗ്രന്ഥങ്ങള്‍ നമ്മെ നേര്‍വഴി കാണിക്കും. മതഗ്രന്ഥങ്ങളിലെ സാരോപദേശകഥകളും ചരിത്രകഥകളും സത്യം, ധൈര്യം, നീതിബോധം എന്നീ ഗുണങ്ങളുമുണ്ടാക്കും. ചരിത്ര പുസ്തകങ്ങള്‍ ഓരോ നാടിന്റെയും സംസ്‌കാരവും നേട്ടവും തിരിച്ചറിയുന്നതിനും നമ്മുടെ പുരോഗതിക്കു തടസ്സം നില്‍ക്കുന്ന കാര്യങ്ങളെ വിവേചിച്ചറിയാനും സഹായിക്കും. ഭൂമിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും അറിയാന്‍ ഭൂമിശാസ്ത്രം പുസ്തകങ്ങള്‍ സഹായിക്കും.
അധ്യാപകരോടും രക്ഷിതാക്കളോടും വായനാശീലമുള്ള മുതിര്‍ന്നവരോടും ഇത്തരം നല്ല പുസ്തകങ്ങള്‍ ഏതെന്നു ചോദിച്ചു മനസ്സിലാക്കുക. തൊട്ടടുത്ത ഗ്രാമീണ വായനശാലയില്‍ നിന്നോ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നോ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിക്കുക. ചീത്ത പുസ്തകങ്ങള്‍ മനസ്സിനെ ദുഷിപ്പിക്കും. വികാരങ്ങളെ മലിനമാക്കും. അതുകൊണ്ടാണ് പുസ്തകങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വേണമെന്നു നിഷ്‌കര്‍ഷിക്കുന്നത്.
വായിക്കുമ്പോള്‍
വായിക്കാനായി പുസ്തകം തിരഞ്ഞടുക്കുമ്പോള്‍ നമ്മുടെ പ്രായം ആവശ്യം എന്നിവയനുസരിച്ചു നിലവാരം ഉയര്‍ന്നു വരുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. വായിക്കുന്നതോടൊപ്പം വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. നിങ്ങള്‍ ജീവിതത്തില്‍നിന്നു സ്വരൂപിച്ച അനുഭവങ്ങളും അറിവുകളും ആ ചിന്തകളോടൊപ്പം നിങ്ങള്‍ക്ക് അതിരുകളില്ലാത്ത ഭാവനയുടെ ലോകം തുറന്നുതരും. വായനയില്‍ നിങ്ങള്‍ സജീവമായി ഇടപെടുന്നത് അപ്പോള്‍ മാത്രമാണ്.
വായിക്കുമ്പോള്‍ തന്നെ അതില്‍ നിരൂപണ ബുദ്ധിയോടെ ഇടപെടുകയും വേണം. പുസ്തകത്തിലെ ആശയങ്ങളെ വിശകലനം ചെയ്ത് അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക, ശരിയും തെറ്റും ബലവും ദൗര്‍ബല്യവും മനസ്സിലാക്കുക, തള്ളേണ്ടതു തള്ളുക, കൊള്ളേണ്ടത് ഉള്‍ക്കൊള്ളുക…. എന്നിങ്ങനെ കൃതികളെ സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും വേണം. പുസ്തക നിരൂപണവും വിമര്‍ശനക്കുറിപ്പും ആസ്വാദനവുമെല്ലാം തിരിച്ചറിയാന്‍ ഇത്തരത്തിലുള്ള വായന നിങ്ങളെ സഹായിക്കും.
മനസിനെ ഉണര്‍ത്തുന്ന
പുസ്തകങ്ങള്‍
തിരഞ്ഞെടുക്കാം
ഒരു ജീവിതത്തിനിടയില്‍ ഒരുപാട് ജീവിതം അറിയാനുള്ള അവസരമാണ് നമുക്ക് വായന നല്‍കുന്നത്. ഒരേ സമയം നമുക്ക് കള്ളനും പോലീസുമാകാം, രാജാവും ബുദ്ധിയുള്ള മന്ത്രിയുമാകാം, ഭിക്ഷക്കാരനും ധനവാനുമാകാം, പിശുക്കനും ധൂര്‍ത്തനുമാകാം, അധ്യാപകനും വികൃതിക്കുട്ടിയുമാകാം, റിക്ഷാക്കാരനും പൈലറ്റുമാകാം…. സ്വന്തം അനുഭവങ്ങളെ ഇത്തരത്തില്‍ സമ്പന്നമാക്കുകയാണ് വായനക്കാരന്‍.
പഠന പ്രവര്‍ത്തനങ്ങള്‍ക്കുപകരിക്കുന്ന പത്രമാസികകളിലെ പേജുകള്‍ കൂട്ടുകാര്‍ സൂക്ഷിക്കാറില്ലേ? ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ഓരോ ലക്കത്തിന്റെയും നമ്പറിട്ട് അതിലെ വിഷയങ്ങള്‍ ഒരു നോട്ടുപുസ്തകത്തില്‍ കുറിച്ചുവയ്ക്കുന്നത് പെട്ടെന്നു കണ്ടുപിടിക്കാനുപകരിക്കും. ഇവയും റഫറന്‍സ് പുസ്തകങ്ങളുമെല്ലാം എളുപ്പം കയ്യെത്തുന്നിടത്ത് വേണം സൂക്ഷിക്കാന്‍. നമ്മുടെ മനസ്സിനെ ഉണര്‍ത്തുന്ന പുസ്തകങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഒരിക്കലും മനസ്സിനെ മലീമസമാക്കാനനുവദിക്കരുത്. നല്ല പുസ്തകങ്ങള്‍ കണ്ടെത്താന്‍ അധ്യാപകരുടെ സഹായം തേടാം.
മൗനം സ്വരമായ്….
നമ്മള്‍ കൂടുതലും മൗനമായി വായിക്കുന്നവരാണ്. നമുക്ക് പരിചയമുള്ള എഴുത്തുകാരും നിരൂപകന്മാരും രാഷ്ട്രീയ നേതാക്കളുമൊക്കെ നിരവധി പുസ്തകങ്ങളും പത്രങ്ങളും ആനുകാലികങ്ങളും വായിക്കുന്നു. എങ്ങനെയാണില്‍ സാധിക്കുന്നത്. വേഗത്തില്‍ വായിക്കാന്‍ കഴിയുകയാണു പ്രധാനം. ഒറ്റനോട്ടത്തില്‍ കൂടുതല്‍ കാണാന്‍ കഴിയണം. നമ്മള്‍ ചെറിയ ക്ലാസില്‍ ഓരോ വാക്കും ഒറ്റയ്ക്ക് കണ്ടുവായിച്ചിരുന്നവരാണ്. ഇപ്പോഴോ ഒരു വരിയോ വാക്യമോ പെട്ടെന്നു കണ്ണില്‍ പെടുന്നില്ലേ. പരിശ്രമിച്ചാല്‍ ഇതിന്റെ വേഗം വര്‍ധിപ്പിക്കാം. കൂട്ടുകാരുമായി ചേര്‍ന്നോ വീട്ടിലുള്ള മുതിര്‍ന്നവരുടെ സഹായത്തോടെയോ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കൂ. ഒരു പേജിലെ അച്ചടി ശരിയായ ആശയ ഗ്രഹണത്തോടെ വായിക്കാന്‍ കണ്ടെത്തുക. അതിനേക്കാള്‍ ഇപ്പോള്‍ എത്ര സമയം വേണമെന്ന് സമയം കുറച്ചുകൊണ്ടുവരാനാണ് പരിശ്രമിക്കേണ്ടത്. ആശയ ഗ്രഹണം നടന്നോ എന്നറിയാന്‍ ചോദ്യങ്ങള്‍ ചോദിക്കണം. സുഹൃത്തുക്കള്‍ അന്യോന്യം സഹായിക്കാന്‍ തീരുമാനിച്ചാല്‍ സംഗതി അനായാസം നടക്കും. ടീച്ചര്‍മാരോട് നിങ്ങളുടെ ആഗ്രഹം പറഞ്ഞുനോക്കൂ. അവരും സഹായിക്കാതിരിക്കില്ല.
ഉറക്കെ വായിക്കണമോ…
ഭാഷാപഠനത്തിലൂടെ നമ്മള്‍ നേടേണ്ട അതിപ്രധനമായ ഒരു ശേഷിമേഖലയാണ് വായനയുമായി ബന്ധപ്പെട്ടത്. ഉച്ചത്തിലുള്ള വായനയെന്നത് ആരെങ്കിലും കേള്‍ക്കാനുള്ളതാണല്ലോ. ചിലപ്പോഴൊക്കെ ആകര്‍ഷകമായ ഗദ്യപദ്യങ്ങള്‍ സ്വയം കേട്ടാനന്ദിക്കാനും ഉച്ചത്തില്‍ വായിക്കാറുണ്ട്. ഉച്ചാരണത എന്ന ഉത്തരമാണ് മിക്കവാറും പറയാനിടയുള്ളത്. കാര്യം ശരിയുമാണ്. പക്ഷേ, സ്ഫുടതയെന്നതിന് ചില വിശദീകരണങ്ങള്‍ വേണ്ടിവരും. വാര്‍ത്ത വായിക്കുന്നതും കഥ വായിക്കുന്നതും ഒരു പോലെയാണോ? കഥയും കത്തും ഒരേ രീതിയില്‍ വായിക്കുന്നതാണോ കൂടതല്‍ ഗുണപ്രദമാവുക..
ഭാവം ഉള്‍ക്കൊണ്ടുള്ള
വായന
വായിക്കുന്നത് സംഭാഷണമാകുമ്പോള്‍ കഥയില്‍ നിന്നും കവിതയില്‍ നിന്നും വ്യത്യാസമുണ്ടാകേണ്ടതില്ല. അപ്പോള്‍ വായനയ്ക്കുള്ള സാമഗ്രി എന്താണോ അതിനനുസരിച്ചാകണം വായന. കത്തും കഥയും നാടകവുമൊക്കെ വായിക്കുമ്പോള്‍ നിര്‍വികാരമായി വായിക്കുകയല്ല. ഭാവം ഉള്‍ക്കൊണ്ടുള്ള വായനയാണു വേണ്ടത്. ആവശ്യാനുസരണം ശബ്ദം നിയന്ത്രിച്ച് ശ്രോതാവിന് വായന സാമഗ്രിയുടെ സമഗ്രാനുഭവം കിട്ടത്തക്ക വിധത്തില്‍ വായിക്കണം. പക്ഷേ, വായന അഭിനയമോ നാടകമോ ഒന്നുമായിത്തീരേണ്ടതില്ലതാനും.
വായനയുടെ കാര്യത്തില്‍ ആദ്യം പരിഗണിക്കേണ്ട കാര്യമാണ് നിര്‍ത്തേണ്ടിടത്തു നിര്‍ത്തിയുള്ള വായന. നിര്‍ത്തേണ്ടിടത്ത് എന്നു കേട്ടാല്‍ എന്തു മനസ്സിലാക്കും. എഴുതിയതോ അച്ചടിച്ചതോ ആയ വായന സാമഗ്രിയിലെ ചിഹ്നങ്ങളാണ് പരിഗണിക്കേണ്ട ഒരു കാര്യം. കോമ അല്‍പം നിര്‍ത്താനുള്ളതാണ്. പൂര്‍ണവിരാമം, ചോദ്യം, അതിശയസൂചന എല്ലാം വായിക്കുമ്പോള്‍ പരിഗണിക്കണം. ഇതു കൂടാതെ വലിയ വാക്യങ്ങളില്‍ രണ്ടോ മൂന്നോ ചെറുയൂണിറ്റുകളായി ആശയ പൂര്‍ണത പരിഗണിച്ച് നിര്‍ത്തി വായിക്കേണ്ടിവരും.
ദിവ്യമായ അറിവിന്റെ
വിത്തുകള്‍ ഇവിടെ
നഷ്ടപ്പെടുത്തരുതേ..
വലിയ മനുഷ്യനാവണമെങ്കില്‍ വലിയ വായനക്കാരന്‍ കൂടിയാവണമെന്ന് ചിന്തകനായ എമേഴ്‌സണ്‍ പറഞ്ഞു. പക്ഷെ, സഹജമായ പലതില്‍ നിന്നും അകന്ന് പോകുന്ന സംസ്‌കൃതി ആണ് നമ്മുടെത്. ദിശാരഹിതമായ പാച്ചിലില്‍ മനുഷ്യന് -ഭാഗികമായെങ്കിലും വിസ്മരിക്കേണ്ടി വന്ന പലതില്‍ ഒന്നാണ് വായന. സംസ്‌കൃ തിയുടെ അകമിഴികള്‍ അടഞ്ഞ് പോയതിന് ഒട്ടൊക്കെ കാരണവും ഇതിന്റെ നിരാസം തന്നെയാണ്. പൊരുളുണരുന്ന വായനയുടെ ശാന്ത നിമിഷങ്ങളില്‍ നിന്ന് വിളറി പിടിച്ച് പായുന്ന മരവിപ്പ് ബാധിച്ച പരിഷ്‌കൃത മസ്തിഷ്‌കങ്ങള്‍ക്ക് ദിവ്യമായ അറിവിന്റെ വിത്തുകള്‍ ഇവിടെ നഷ്ടപ്പെടുകയാണ്.
നിലനില്‍ക്കുന്ന വായന
സമീപ ഭൂതകാലം പവിത്രമെന്ന് കരുതിയ പല ലാവണ്യനിയമങ്ങളെയും ഉഴുത് മറിച്ച് പുതിയ എഴുത്തുകാര്‍ കുറെ പുതിയ വായനക്കാരെ സൃഷ്ടിച്ചിട്ടുണ്ട്. ഈ തിരസ്‌കാരം പലരെയും അരിശം കൊള്ളിച്ചിട്ടുണ്ട്. പൊതു ചര്‍ച്ചാവിഷയമാവുന്ന ഗ്രന്ഥം കൂടുതല്‍ വായിക്കപ്പെടുകയേ ചെയ്യൂ. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൃതികള്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്നവരും അന്ധമായി കൃതിയെ പിന്തുണക്കുന്നവരും അതില്‍ എന്തടങ്ങിയിരിക്കുന്നുവെന്നറിയാന്‍ ആത്മാര്‍ഥമായൊരു വായനക്ക് കൃതിയെ വിധേയമാക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്.
നമുക്കീ സവിശേഷമായ
വായന അന്യമാവുമോ….?
ഒറ്റ വാക്കില്‍ ‘ഇല്ല’ എന്നു തന്നെയാണ് മറുപടി, എന്തൊക്കെ തളര്‍ച്ചയും വരള്‍ച്ചയും നേരിട്ടാലും യഥാര്‍ഥ വായനക്കാരന്‍ കുറ്റിയറ്റ് പോവാതെ നിലനില്‍ക്കുക തന്നെ ചെയ്യും. സി. രാധാകൃഷ്ണന്‍ പറഞ്ഞതു പോലെ: ‘ഇല്ല, വായനാശീലം മനുഷ്യന് ഒരിക്കലും അന്യമാവുകയില്ല. പുസ്തകം മരിക്കുകയുമില്ല. മരിക്കുന്നത് നാമൊക്കെ മാത്രം…’