വാത്സല്യവും പച്ചത്തെറിയും പിന്നെ ഫോര്‍ത്ത് എസ്‌റ്റേറ്റ് പണിക്കാരും
യഹ്‌യ എന്‍ പി
ഒരു മാധ്യമപ്രവര്‍ത്തകയെ സുരേഷ് ഗോപി പരസ്യമായി അപമാനിച്ചതാണ് പോയ വാരത്തില്‍ കേരളത്തില്‍ ആളിപ്പടര്‍ന്ന വിവാദം. മാധ്യമപ്രവര്‍ത്തക അതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചപ്പോള്‍ സുരേഷ് ഗോപി സംഭവത്തെ ന്യായീകരിച്ചുകൊണ്ട് നടത്തിയ ഖേദപ്രകടനവും നാം കണ്ടതാണ്. സിനിമയില്‍ അഭിനയിക്കുകയാണെന്ന ഭാവത്തില്‍, യാഥാര്‍ഥ്യബോധം തെല്ലുമില്ലാതെ കാമറയ്ക്കും മൈക്കിനും മുന്നില്‍ നാടകീയമായി, വെളിവില്ലാത്ത ഡയലോഗ് അടിച്ചുകൂട്ടുക എന്നതാണ് ഗോപിയണ്ണന്‍ സാധാരണ ചെയ്യാറുള്ളത്.
ഈ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മാധ്യമപ്രവര്‍ത്തകയോട് അനുഭാവം പ്രകടിപ്പിച്ചു. എന്നാല്‍ അതോടെ വിവാദം കെട്ടടങ്ങിയിട്ടില്ല. സംഘികളുടെ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെയുള്ള ക്രൂരമായ സൈബര്‍ അറ്റാക്ക് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ് കാണുന്നത്. രസകരമായ സംഗതി, സുരേഷ് ഗോപിയുടെ വാത്സല്യത്തെക്കുറിച്ചും കരുതലിനെ കുറിച്ചും സാഹോദര്യ മനോഭാവത്തെക്കുറിച്ചും പറയാന്‍ സംഘികള്‍ പച്ചത്തെറിയാണ് ഉപയോഗിക്കുന്നത് എന്നതാണ്. അപരിചിതയായ ഏത് സ്ത്രീയുടെ തോളത്തും കൈവെക്കാന്‍ വാത്സല്യത്തിന്റെ പേരില്‍ സുരേഷ് ഗോപിക്ക് അവകാശമുണ്ട് എന്നാണ് സംഘികള്‍ ആക്രോശിക്കുന്നത്. നമ്മോട് ഇടപെടുന്ന വ്യക്തിക്ക് അവകാശപ്പെട്ട പേഴ്‌സണല്‍ സ്‌പേസ് ഉണ്ടെന്നും അതു വകവെച്ചുകൊടുക്കണമെന്നുമുള്ള ജനാധിപത്യബോധം പോലും സുരേഷ് ഗോപിക്കു മാത്രമല്ല, അദ്ദേഹത്തിന്റെ അനുയായികളായ സംഘികള്‍ക്കും ഇല്ലാതെപോയി.
അതിനു ശേഷം കഴിഞ്ഞ ദിവസം ഗോപിയണ്ണനെ കണ്ട മാധ്യമപ്രവര്‍ത്തകര്‍ പുതിയ പ്രതികരണങ്ങള്‍ക്കായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍, മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് ‘ഹലോ, നിര്‍ത്ത്, ആളാവാന്‍ വരല്ലേ’ എന്ന് കയര്‍ക്കുന്നതും കണ്ടു. ഗോപിയണ്ണന്‍ ആ മാധ്യമപ്രവര്‍ത്തകയോട് പുറത്തുപോകാന്‍ ആജ്ഞാപിച്ചു. അവര്‍ പുറത്തു പോയില്ലെങ്കില്‍ താനിനി സംസാരിക്കുന്നില്ലെന്നും പ്രഖ്യാപിച്ചു. അവര്‍ പിന്‍വാങ്ങുന്നത് മാധ്യമപ്രവര്‍ത്തകരായ ആണുങ്ങള്‍ മന്ദഹാസത്തോടെ നോക്കിനില്‍ക്കുന്നതും കാണാം. അതിനു ശേഷവും ഫോര്‍ത്ത് എസ്‌റ്റേറ്റ് പണിക്കാര്‍ യാചനാഭാവത്തോടെ ഗോപിയണ്ണന്റെ ‘ഷിറ്റ്’ മൊഴിമുത്തുകള്‍ ശേഖരിക്കുന്നതും രോമാഞ്ചജനകമായ കാഴ്ച തന്നെയായിരുന്നു. അക്കൂട്ടത്തില്‍ ഒറ്റയൊരുത്തനോ ഒരുത്തിയോ പോലുമില്ലായിരുന്നു ‘ഞങ്ങളില്‍ പെട്ട രണ്ടു പേര്‍ക്കു നേരെ സിനിമാ ഡയലോഗ് അടിച്ച താനിനി കൂടുതല്‍ പറയണമെന്നില്ല’ എന്നു വിരല്‍ ചൂണ്ടി പറയാന്‍. ഇത്രയും ‘ആണത്ത’മില്ലാത്ത, വര്‍ഗബോധമില്ലാത്ത ഒരു കൂട്ടത്തെ മാധ്യമപ്രവര്‍ത്തകരെയല്ലാതെ മറ്റെവിടെ കാണാന്‍ കഴിയും?