10 Saturday
January 2026
2026 January 10
1447 Rajab 21

വസ്ത്രസ്വാതന്ത്ര്യം: ഭരണകൂട നീക്കം ജനാധിപത്യവിരുദ്ധം – കെ എന്‍ എം പ്രബോധക ശില്പശാല

കോഴിക്കോട്: മാന്യമായ വസ്ത്രധാരണം നടത്താനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ തടയിട്ട് വസ്ത്ര സ്വാതന്ത്ര്യത്തില്‍ കടന്ന് കയറാനുള്ള ഭരണകൂട നീക്കങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ പ്രബോധക ശില്‍പശാല അഭിപ്രായപ്പെട്ടു.
ഹിജാബിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വര്‍ഗീയത പടര്‍ത്തി ലാഭം കൊയ്യാനുള്ള ഫാസിസ്റ്റ് നീക്കങ്ങളെ ജാഗ്രതയോടെ കാണണം. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്തി ധ്രുവീകരണത്തിന് ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. ധാര്‍മ്മിക മൂല്യങ്ങള്‍ ചവിട്ടിമെതിച്ചും സദാചാരത്തെ കൊല ചെയ്തും ഉദാരവാദത്തിന് ചൂട്ട് പിടിക്കുന്നവര്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് വഴി നടത്തുകയാണെന്നും മതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മൂല്യ നിരാസങ്ങളെ പ്രതിരോധിക്കാന്‍ സമൂഹത്തെ സജ്ജമാക്കേണ്ടതുണ്ടെന്നും ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
‘കരുത്താണ് ആദര്‍ശം, കരുതലാണ് കുടുംബം’ കാമ്പയി ന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാല സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, ഡോ. ജാബിര്‍ അമാനി, ടി പി ഹുസൈന്‍കോയ, പ്രഫ. സഹദ് ബിന്‍ അലി, ഫൈസല്‍ ഇയ്യക്കാട്, ശുക്കൂര്‍ കോണിക്കല്‍, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, പി സി അബ്ദുറഹിമാന്‍, അബ്ദുല്‍ജലീല്‍ അത്തോളി, എന്‍ ടി അബ്ദുറഹിമാന്‍, മഹബൂബ് ഇടിയങ്ങര പ്രസംഗിച്ചു.

Back to Top