3 Thursday
July 2025
2025 July 3
1447 Mouharrem 7

വസ്ത്രം വിശ്വാസത്തെ അടയാളപ്പെടുത്തണം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


പ്രവാചകരേ, താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും വിശ്വാസി സമൂഹത്തിലെ സ്ത്രീകളോടും കല്‍പ്പിക്കുക, അവരുടെ ജില്‍ബാബ് ശരീരത്തിലേക്ക് താഴ്ത്തിയിടട്ടെ, അതാണ് അവര്‍ തിരിച്ചറിയപ്പെടാനും മറ്റുളളവര്‍ ശല്യപ്പെടുത്താതിരിക്കാനും കൂടുതല്‍ അനുയോജ്യമായത്. അല്ലാഹു കൂടുതല്‍ പൊറുക്കുന്നവനും കാരുണ്യവാനുമാണ്. (അഹ്‌സാബ് 59)

ആദര്‍ശവും ആരാധനകളും അവയുടെ അന്തസത്ത ഉള്‍ക്കൊളളുന്ന സംസ്‌കാരവുമാണ് മുസ്ലിമിന്റെ വ്യക്തിത്വത്തിന്റെ മുഖ്യ സവിശേഷത. ഇസ്ലാമില്‍ ഇവ മൂന്നും മറ്റു മത പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ആദര്‍ശ ആരാധനാ നിഷ്ഠയേക്കാള്‍ സംസ്‌കാരത്തിന് ബാഹ്യതല പ്രകടനങ്ങളുണ്ട്.
വസ്ത്ര ധാരണം അതില്‍ പ്രധാനമാണ്. എന്ത് ധരിക്കണം എന്നതിനേക്കാള്‍ എങ്ങന ധരിക്കണം എന്നതാണ് ഇസ്ലാം നല്‍കുന്ന വസ്ത്ര സങ്കല്‍പം. ആണിനും പെണ്ണിനും മതം നിശ്ചയിച്ച ഡ്രസ്സ് കോഡില്‍ എപ്പോഴും വിവാദ സ്ഥാനത്ത് നില്‍ക്കുന്നത് സ്ത്രീ വേഷമാണ്. സ്ത്രീ അണിഞ്ഞൊരുങ്ങുക എന്നതിനേക്കാള്‍ അവളുടെ ശരീര സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതില്‍ ഇസ്ലാം കണിശത ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ട് ദൗത്യമാണ് സ്ത്രീ വേഷത്തില്‍ പ്രധാനമായി ഖുര്‍ആന്‍ കാണുന്നത്. തിരിച്ചറിയാന്‍ കഴിയുക, സുരക്ഷിതത്വം ലഭിക്കുക (കറലിശേ്യേ മിറ ടമളല്യേ). സ്ത്രീയെന്ന വ്യക്തിയെക്കാള്‍ സ്ത്രീത്വം എന്ന വ്യക്തിത്വത്തെയാണ് ഈ ഡ്രസ്സ് കോഡിലൂടെ തിരിച്ചറിയുന്നത്. വേഷവിധാനം ഐഡന്റിറ്റിയുടെ ഭാഗമായി സ്വീകരിക്കുന്നത് മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, സാമൂഹിക ജീവിതത്തിലെ സുരക്ഷക്കും അത് അനിവാര്യമാണ്. മുസ്ലിമേതര സ്ത്രീകളിലും ഹിജാബിന് സമാനമായ വേഷം സ്വീകരിക്കുന്നവരുണ്ട്. അതും ഐഡന്റിറ്റിയുടെ ഭാഗമായാണ് അവരുടെ മതം കാണുന്നത്.
മുസ്ലിം സ്ത്രീയുടെ ഹിജാബ് അഴിച്ചുമാറ്റുന്നതിന് പിന്നില്‍ ഇസ്ലാം വെറുപ്പ് മാത്രമാണുള്ളത്. മതകീയ കാഴ്ചപ്പാടുകള്‍ക്കതീതമായി മതേതര സമൂഹവും മുസ്ലിം സ്ത്രീ വേഷത്തിന്റെ മാന്യതയും പവിത്രതയും ഉപയുക്തതയും അംഗീകരിക്കുന്നുണ്ട്. കേരളത്തില്‍ സാംസ്‌കാരിക രംഗത്തുള്ള പല സ്ത്രീകളും സെലിബ്രിറ്റി താരങ്ങളും പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ സുരക്ഷ ലഭിക്കാന്‍ പര്‍ദ ധരിക്കാറുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നു.
മത ചിന്തകളോട് പോരടിച്ച് രംഗത്ത് വന്ന ലിബറലിസം കാര്യമായി കൈ വെക്കുന്നതും സ്ത്രീയുടെ ഇസ്ലാമിക് ഐഡന്റിറ്റിയിലാണ്. ഹിജാബ് മുക്തയാകുകയാണ് സ്ത്രീ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം എന്നവര്‍ പ്രചരിപ്പിക്കുന്നു. സ്ത്രീ സ്വത്വത്തിന് വികലവും അപകടകരവുമായ വ്യാഖ്യാനമാണ് ഉദാരവത്കരണവാദികള്‍ നല്‍കുന്നത്. ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന രീതിയില്‍ പെണ്‍കുട്ടികള്‍ ചിന്തിക്കുന്നത് ഇതിന്റെ ദുസ്സ്വാധീനമാണ് കാണിക്കുന്നത്. ഈ സങ്കല്‍പത്തിന്റെ ഉല്‍പ്പന്നമായ അര്‍ധ വസ്ത്ര ധാരികള്‍ പീഡനത്തിന് ഇരയാകുന്നതും നാം കാണുന്നു. ഏത് വഴിവിട്ട ലൈംഗിക വൈകൃതങ്ങളും തന്റെ അവകാശമാണ് എന്ന് ചിന്തിക്കുന്ന വ്യക്തിത്വ ഉദാരവല്‍കരണമാണ് ഹിജാബിനെതിരില്‍ യുദ്ധപ്രഖ്യാപനം നടത്തുന്നത്.
ആയത്തില്‍ പരാമര്‍ശിച്ച ജില്‍ബാബിന് നല്‍കുന്ന മലയാള അര്‍ഥ കല്‍പനയും പുനപ്പരിശോധിക്കേണ്ടതുണ്ട്. അറബ് സമൂഹത്തില്‍ പരിചിതമായ സ്ത്രീ വേഷമാണ് ജില്‍ബാബ്. അത് അതേപടി അനുകരിച്ച് കണ്ണും മുഖവും മറക്കുന്ന മൂടുപടം ധരിച്ചാല്‍ മാത്രമേ ഹിജാബാകുകയുള്ളൂ എന്ന വ്യാഖ്യാനം ജില്‍ബാബിന് നല്‍കേണ്ടതുണ്ടോ? ഓരോ നാട്ടിലെയും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സ്ത്രീ വസ്ത്രത്തില്‍ ഇസ്ലാമിക നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അവയെല്ലാം ജില്‍ബാബ് തന്നെ.
‘സ്വാഭാവികമായി വെളിപ്പെടുന്നതൊഴികെ’ (24:31) എന്ന സ്ത്രീ വസ്ത്ര പരാമര്‍ശത്തിന് കൂടുതല്‍ വ്യാഖ്യാതാക്കളും നല്‍കുന്ന വിവരണം ‘മുഖവും മുന്‍കയ്യും ഒഴികെ’ എന്നാണ്. മുകളില്‍ പറഞ്ഞ ഐഡന്റിഫിക്കേഷന് ആവശ്യവും മുഖം വെളിപ്പെടുത്തുക എന്നതാണ്. ഏത് സംസ്‌കാരത്തിലെ വസ്ത്രത്തെ കുറിച്ചാണോ ജില്‍ബാബ് എന്ന് പറഞ്ഞത്, അവര്‍ അത് ധരിക്കട്ടെ. മറ്റു രാജ്യങ്ങളിലും സമൂഹങ്ങളിലും ഉള്ളവര്‍ പ്രാദേശിക സ്ത്രീ വസ്ത്രങ്ങള്‍ക്ക് ഇസ്ലാമികത നല്‍കി ജില്‍ബാബിന്റെ ദൗത്യം നിര്‍വഹിച്ചാല്‍ മതി.

Back to Top