7 Saturday
December 2024
2024 December 7
1446 Joumada II 5

വറുതിയുടെ കാലമാണോ നമ്മെ കാത്തിരിക്കുന്നത്?

പുലാപ്രെ ബാലകൃഷ്ണന്‍


ലോകത്ത് ഏറ്റവും ദ്രുതഗതിയില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേത് ആയിരിക്കാം, എന്നാല്‍ ഭക്ഷ്യവിലയില്‍ കനത്ത വര്‍ധനവാണ് രാജ്യത്ത് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. 2019ലാണ് ആദ്യമായി ഭക്ഷ്യവില കുത്തനെ ഉയര്‍ന്നത്. തുടര്‍ന്ന് മിക്ക വര്‍ഷങ്ങളിലും അത് ഉയര്‍ന്നുകൊണ്ടിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ വാര്‍ഷിക വിലക്കയറ്റം പതിറ്റാണ്ടിലെ ഉയര്‍ന്ന നിരക്കായി പതിനൊന്നു ശതമാനം കവിഞ്ഞു. തുടരുന്ന വിലക്കയറ്റം കാണിക്കുന്നത് ജനങ്ങളില്‍ ഒരു വിഭാഗത്തിനു പോഷകാഹാരം ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടാവാം എന്നാണ്.
ഇത് സംബന്ധിക്കുന്ന തെളിവുകള്‍ നമുക്കിന്നു ലഭ്യമാണ്. 2023 ഓഗസ്റ്റ് 31ന് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചു ഭക്ഷ്യസുരക്ഷയുടെയും പോഷണത്തിന്റെയും സ്ഥിതി സംബന്ധിച്ച് Food and Agriculture Orga nization (FAO) ലോകരാജ്യങ്ങളില്‍ പോഷകാഹാരം ലഭ്യമാക്കാന്‍ സാധിക്കാത്ത ജനങ്ങളുടെ അനുപാതം കണക്കാക്കുന്നുണ്ട്. അതനുസരിച്ചു 2021 ലെ ഇന്ത്യയുടെ കണക്ക് പരിതാപകരമാണ്. ജനസംഖ്യയുടെ ഏകദേശം 74 ശതമാനത്തിനും ആരോഗ്യകരമായ ഭക്ഷണം വാങ്ങാന്‍ കഴിവില്ല. 140 കോടി വരുന്ന ജനസംഖ്യയില്‍ ഇത് ഏകദേശം നൂറു കോടി ഇന്ത്യക്കാരുടെ കാര്യത്തില്‍ ശരിയായിരിക്കും. ഇന്ത്യയില്‍ തന്നെ നടന്ന പഠനങ്ങളിലും വീടുകളില്‍ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവ് കുറഞ്ഞുവരുന്നത് വ്യക്തമാണ്
ഈ കണ്ടെത്തല്‍
സത്യമാവാന്‍
സാധ്യതയില്ലേ?

2023 ആഗസ്ത് 30ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ മുംബൈ നഗരത്തില്‍ ഭക്ഷണത്തിന്റെ വിലയുടെ രീതി പരിശോധിക്കുമ്പോള്‍ വീട്ടിലുണ്ടാക്കുന്ന താലി ഒരുക്കുന്നതിനുള്ള ചിലവ് 2018 -2023 കാലയളവില്‍ 65 ശതമാനം വര്‍ധിച്ചിരിക്കുന്നതായും ഇതേ കാലയളവില്‍ കായികാധ്വാനമുള്ള ജോലി ചെയ്യുന്നവരുടെ വേതനം 38 ശതമാനം വര്‍ധിച്ചിരിക്കുന്നതായും ശമ്പളമുള്ള ജോലിചെയ്യുന്ന ആളുകളുടെ വേതനം 28 ശതമാനം വര്‍ധിച്ചിരിക്കുന്നതായും കണ്ടു. ആളുകളുടെ വാങ്ങാനുള്ള കഴിവില്‍ ഗണ്യമായ കുറവ് വന്നതായി സൂചിപ്പിച്ചിരിക്കുന്നതുകൊണ്ട് അത് ഭക്ഷണ ഉപഭോഗത്തെ ബാധിച്ചിട്ടുമുണ്ടാവണം. 2019-21 ല്‍ നടത്തിയ ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്ത പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയുടെ വ്യാപനത്തിലെ വര്‍ധനവ് ഇതിന് അനുസൃതമാണ്.
50%ലേറെ സ്ത്രീകളില്‍ വിളര്‍ച്ച ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ഇന്ത്യയിലെ പകുതിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വാങ്ങാനാവുന്നില്ല എന്ന ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണ്ടെത്തല്‍ ഈ സാധ്യത കാണിക്കുന്നു. ഏജന്‍സി നൂറു ശതമാനം വരെ കണക്കുകള്‍ കൂട്ടി കാണിച്ചുവെങ്കില്‍പോലും ഈ വിഭാഗത്തില്‍ അഞ്ഞൂറ് മില്യന്‍ ആളുകളുണ്ടാവും. ചൈനയൊഴികെ ലോകത്തിലെ മറ്റേത് രാജ്യത്തെ മൊത്തം ജനസംഖ്യയെക്കാളും വലുതാണത്.
ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക എന്നതാണ്. ഈ സന്ദര്‍ഭത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനായി ആശ്രയിച്ചുപോന്ന മാക്രോഇക്കണോമിക് പോളിസി പ്രയോജനരഹിതമാണെന്ന് തെളിഞ്ഞു. ഈ നാലു വര്‍ഷത്തെ ലക്ഷ്യത്തേക്കാളും ഉയര്‍ന്നു തന്നെയാണ് പൊതുവെ വിലക്കയറ്റ നിരക്ക് എന്നതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ ദൗത്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ നിരക്ക് ഉയരുമ്പോള്‍ ഉത്പാദനം ചുരുക്കുന്ന, വിലക്കയറ്റത്തെ ലക്ഷ്യം വെക്കുന്നു എന്ന് തെറ്റായി പേരിട്ട സമീപനം വിതരണത്തില്‍ വരുന്ന ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്രബാങ്കുകള്‍ വിതരണ മേഖലയില്‍ ഇടപെട്ട് ഉത്പാദനം വര്‍ധിപ്പിക്കുന്നത് വഴി സ്ഥിരമായി വിളവ് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താനായി ഭക്ഷ്യ ഉത്പന്നങ്ങള്‍ സ്ഥിരമായ വിലക്ക് ഉല്‍പാദിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം.
ഹരിത വിപ്ലവത്തിന്റെ പ്രാധാന്യം
1960കളില്‍ ഹരിതവിപ്ലവം സൃഷ്ടിച്ച ഇന്ത്യക്ക് ഈ മേഖലയില്‍ സമ്പന്നമായ അനുഭവമുണ്ട്, പക്ഷേ അത് പ്രയോജനപ്പെടുത്തുന്നില്ല. അക്കാലത്ത്, തുടര്‍ച്ചയായ രണ്ട് വരള്‍ച്ചയെത്തുടര്‍ന്ന് കടുത്ത ഭക്ഷ്യക്ഷാമത്തില്‍ ആടിയുലഞ്ഞപ്പോള്‍, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളും കുറഞ്ഞ വായ്പയും സംഭരണത്തിലൂടെ ഉറപ്പായ വിലയും നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വിതരണ മേഖലയെ ക്രമീകരിച്ചു. ഇത് ഗംഭീരമായി വിജയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കാതെയായി.
ശീതയുദ്ധത്തിന്റെ ഏറെ ധ്രുവീകരിക്കപ്പെട്ട അവസ്ഥയില്‍ സ്വയം ആശ്രയിക്കാനുള്ള ഇന്ത്യയുടെ അന്വേഷണത്തെ സഹായിച്ച ഒരു സംഭവമുണ്ടെങ്കില്‍, അത് ഇതാണ്. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള അമേരിക്കന്‍ ദൗത്യത്തിന്റെ വിജയത്തെ ഒരു ‘സംരംഭക രാജ്യ’ത്തിന്റെ ഉദാഹരണമായി പാശ്ചാത്യ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വലിയൊരു തോതില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന വെല്ലുവിളി നേരിടുന്ന, തീര്‍ത്തും ദരിദ്രമായ ഒരു രാജ്യമായിരുന്ന ഒരു സമയത്ത് ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന് രൂപം നല്‍കിയത് ഒരുപക്ഷേ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
തിരിഞ്ഞു നോക്കുമ്പോള്‍, പിഴവുകള്‍ സംഭവിച്ചതായി നമുക്ക് കാണാന്‍ കഴിയും. വ്യാപകമായി രാസവളങ്ങളുടെ ഉപയോഗത്തിനായി സബ്സിഡി നല്‍കിയത് ഉദാഹരണമാണ്. അത് മണ്ണിനെ നശിപ്പിക്കുകയാണ് ചെയ്തത്. കാര്‍ഷിക വരുമാനം ഉറപ്പാക്കാന്‍ ഉല്‍പാദന വര്‍ധനയെക്കാള്‍ സംഭരണ വിലയെ ആശ്രയിക്കുന്നതും പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. മിക്ക ഇന്ത്യക്കാരുടെയും പ്രോട്ടീന്റെ പ്രധാന സ്രോതസ്സായ പയറുവര്‍ഗങ്ങള്‍ക്ക് പകരം ധാന്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നു നയം എന്നു കാണാം. എന്നിരുന്നാലും, അസാധാരണമാംവണ്ണം വിജയകരമായി സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നതിനിടെ സംഭവിച്ച പിഴവുകളെ കുറിച്ച് ചിന്തിക്കുന്നതിനുപകരം, നമ്മള്‍ ഇപ്പോള്‍ അവ തിരുത്തുകയാണ് വേണ്ടത്. അതേസമയം, ഭക്ഷ്യ ഉല്‍പാദനച്ചെലവ് കുറയ്ക്കുക എന്ന പ്രത്യേക ലക്ഷ്യത്തില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
ഒന്നാം ഹരിതവിപ്ലവത്തിന് ഒരു പ്രത്യേക അജണ്ടയുണ്ടായിരുന്നു – ഇന്ത്യയെ ഭക്ഷണത്തില്‍ സ്വയംപര്യാപ്തമാക്കുക എന്നത്. ഇതില്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ മികച്ച രീതിയില്‍ വിജയിച്ചു. പക്ഷേ, ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതിനുള്ള ചെലവില്‍ ശ്രദ്ധ ചെലുത്താതെയായിരുന്നു അത്. ഇതിനായി രണ്ടാം കാര്‍ഷിക വിപ്ലവമാണ് ഇപ്പോള്‍ ആവശ്യം.
ഭക്ഷണത്തിന്റെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പല മേഖലകളിലും നടപടി ആവശ്യമാണ്; ഒരു പ്രത്യേക ദൗത്യം തന്നെ ആവശ്യമാണ്. നയത്തെ സംബന്ധിച്ചിടത്തോളം, സംഭരണ വിലകള്‍, പണം കൈമാറ്റം, പൊതുവിതരണ സംവിധാനം, ആവശ്യമായ മുന്‍ഗണനാ വായ്പ എന്നിങ്ങനെ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ലഭ്യമാക്കേണ്ടവ പര്യാപ്തമല്ലെന്ന് വ്യക്തമാണ്. ഉല്‍പാദനച്ചെലവ് കുറയ്ക്കാന്‍ സാധിച്ചില്ലെങ്കിലും കൂടാതിരിക്കാനെങ്കിലും ഫാമിലെ വിളവ് വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ ആവശ്യമാണ്.
കിഴക്കന്‍ ഏഷ്യയെ അപേക്ഷിച്ച് ഇന്ത്യയില്‍ കാര്‍ഷിക വിളവ് കുറവാണ്, ഇത് വര്‍ധനവിന്റെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. മൊത്തം വിതച്ച സ്ഥലത്തു മുഴുവനുമായി ജലസേചനം വ്യാപിപ്പിക്കുന്നതിനും ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിനും കാര്‍ഷിക ഗവേഷണം വേഗത്തിലാക്കുന്നതിനും വിപുലീകരണത്തിന്റെ പുനഃസ്ഥാപനത്തിനും ശ്രദ്ധ ആവശ്യമാണ്.
ശ്രദ്ധ ചെലുത്തേണ്ട സംരംഭങ്ങള്‍
ഈ പദ്ധതികള്‍ ഓരോന്നും ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. ജലസേചനത്തിനായുള്ള പൊതുചെലവ് വര്‍ധിച്ചത് ജലസേചന പ്രദേശത്തിന്റെ വര്‍ധനവില്‍ പ്രതിഫലിക്കുന്നില്ലെന്ന് കുറച്ചുകാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നു – പാഴായിപോവുന്നതുകൊണ്ടോ ഫണ്ട് വഴിതിരിച്ചുവിടല്‍ മൂലമോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള ചെറിയ ഭൂസ്വത്തുക്കളുടെ വിഘടനം ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്ന മൂലധന നിക്ഷേപത്തിനുള്ള ശേഷി കുറയ്ക്കുന്നു. ഇതിന് നിലം പാട്ടത്തിനെടുക്കല്‍ ഒരു പരിഹാരമാണ്.
ഇന്ത്യയിലെ പൊതു കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ ശൃംഖലയെ 1960കളില്‍ അവര്‍ വഹിച്ചിരുന്ന മഹത്തായ പങ്ക് പുനരാരംഭിക്കുന്നതിനായി ഊര്‍ജ്ജസ്വലമാക്കേണ്ടതുണ്ട്. അവസാനമായി, മികച്ച കൃഷി സമ്പ്രദായങ്ങളുടെ വ്യാപനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുപോന്ന, ഒരുകാലത്തു ഗ്രാമത്തില്‍ പരിചിതമായിരുന്ന ഗ്രാമസേവകന്‍ ഇപ്പോള്‍ ഏറെക്കുറെ അപ്രത്യക്ഷമായി. അത് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഈ സംരംഭങ്ങളെ ഇന്ത്യ കടുത്ത അപര്യാപ്തത നേരിടുന്ന പ്രോട്ടീനിന്റെ സ്രോതസ്സായ വിളകളുടെ ഉല്‍പാദനം പലമടങ്ങ് വര്‍ധിപ്പിക്കാനുള്ള ഒരു പരിപാടിയായി ഉള്‍പ്പെടുത്തണം.
മേല്‍ പറഞ്ഞ മേഖലകളില്‍ സ്റ്റേറ്റിന്റെ പങ്ക് നിര്‍ണായകമാണ്. 1960കളില്‍, പുതിയ സാങ്കേതികവിദ്യയുടെ വ്യാപനത്തിനായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സഹകരണ ഫെഡറലിസത്തിന്റെ ആശയം ഉള്‍ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ കൊണ്ടുപോകുന്നതിലൂടെ രാജ്യത്തിന് മൊത്തത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ ഇത് ആവര്‍ത്തിക്കേണ്ടതുണ്ട്. അതേസമയം, കേന്ദ്ര പൂളില്‍ നിന്നുള്ള പൊതുവിതരണ സംവിധാനത്തിലേക്കുള്ള ഭക്ഷ്യ വിഹിതത്തെ ആശ്രയിക്കുന്നതിനു പകരം കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ അവരുടെ പങ്ക് വഹിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നേക്കാം.
പക്ഷേ, ഒരു വ്യത്യാസം വരുത്തണമെങ്കില്‍, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പ്രത്യയശാസ്ത്രപരമല്ലാത്ത സമീപനം ആവശ്യമാണ്. സ്വകാര്യ സംരംഭങ്ങളെ ആശ്രയിച്ച് ഇന്ത്യയെ ഭക്ഷ്യകാര്യത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ സോഷ്യലിസ്റ്റ് ഇമേജ് കാര്യമാക്കാതെ മുതലാളിത്ത സമീപനം തിരഞ്ഞെടുത്തു എന്നതാണ് ഒന്നാം ഹരിതവിപ്ലവത്തിന്റെ ശ്രദ്ധേയമായ സവിശേഷത. ഹരിതവിപ്ലവമാണ് ഇന്ത്യയില്‍ ആദ്യമായി ദാരിദ്ര്യം ഇല്ലാതാക്കിയത്. അതിനാല്‍, പാവപ്പെട്ടവര്‍ക്ക് ഈ തന്ത്രത്തിന്റെ പ്രയോജനം ലഭിച്ചു. അതുപോലെ, ഇപ്പോള്‍, എല്ലാ ഇന്ത്യക്കാര്‍ക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് ശാശ്വതമായ പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കാന്‍, പാരിസ്ഥിതിക സുരക്ഷയുമായി പൊരുത്തപ്പെടുന്ന ഒരു സമീപനവും അവഗണിക്കരുത്.
(തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടറും സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ലേഖകന്‍)
വിവ. ഡോ. സൗമ്യ പി എന്‍

Back to Top