2 Saturday
August 2025
2025 August 2
1447 Safar 7

കര്‍ഷകസമര നേതാക്കളുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: സര്‍ക്കാര്‍ നിലപാട് നിരാശാജനകം

കോഴിക്കോട്: കര്‍ഷകസമര പോരാളികളുടെ ജീവനെടുത്തും ചോരചിന്തിയും കര്‍ഷകപ്രക്ഷോഭം അടിച്ചമര്‍ത്തുന്ന ധിക്കാരം അവസാനിപ്പിച്ച് കര്‍ഷക പ്രക്ഷോഭകരുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. കോര്‍പറേറ്റ് തലവന്മാരുമായും സെലിബ്രിറ്റികളുമായും കുശലം പറയാന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകനേതാക്കളുമായി സംസാരിക്കാന്‍ സമയമില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണം. രാജ്യദ്രോഹികളെന്ന് അധിക്ഷേപിച്ചും രാജ്യദ്രോഹക്കുറ്റം ചുമത്തിയും ആര്‍ എസ് എസ് ഗുണ്ടകളെയിറക്കിയും കര്‍ഷകപ്രക്ഷോഭം അടിച്ചമര്‍ത്താമെന്നത് മോദീ സര്‍ക്കാറിന്റെ വ്യാമോഹമാണ്. നിലനില്പിന്നായി ജീവന്‍മരണ പാരോട്ടം നടത്തുന്ന കര്‍ഷക സംഘടനകളോട് രാജ്യം ഒറ്റക്കെട്ടായി ഐക്യപ്പെടണമന്ന് മീറ്റ് ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാക്കിയത് വഴി മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉദ്യോഗവിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ള അവസരനഷ്ടം നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഉദ്യോഗവിദ്യാഭ്യാസ മേഖലകളിലെ സാമുദായിക പ്രാതിനിധ്യം വ്യക്തമാക്കുന്നതിനായി സമഗ്രമായ ധവളപത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍വീസിലുള്ള ബാക്ക്‌ലോഗ് നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് പിന്നാക്ക വിഭാഗങ്ങളുടെ നിരന്തരമായ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശക്തമായ അതൃപ്തി പ്രകടിപ്പിച്ചു.
കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രഫ. പി അബ്ദുല്‍അലി മദനി, ഡോ. ഫുക്കാര്‍ അലി, ശഹീര്‍ വെട്ടം, റുക്‌സാന വാഴക്കാട്, അഫ്‌നിദ പുളിക്കല്‍, അഡ്വ. എം മൊയ്തീന്‍കുട്ടി, അഡ്വ. മുഹമ്മദ് ഹനീഫ, ഡോ. അനസ് കടലുണ്ടി, പ്രഫ. കെ പി സകരിയ്യ, എം അഹ്മദ്കുട്ടി മദനി, സി അബ്ദുല്ലത്തീഫ്, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ നന്മണ്ട, മുഹ്‌സിന്‍ തൃപ്പനച്ചി, നബീല്‍ പാലത്ത്, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, ഇസ്മാഈല്‍ കരിയാട്, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.

Back to Top