12 Thursday
December 2024
2024 December 12
1446 Joumada II 10

വര്‍ഷാരംഭം ആഘോഷമാണോ?


ക്രിസ്താബ്ദ കണക്കനുസരിച്ച് ഒരു വര്‍ഷം കൂടി പിന്നിടുകയാണ്. വര്‍ഷാരംഭദിനം എന്ന നിലയില്‍ ജനുവരി ഒന്നാം തിയ്യതി ആഘോഷിക്കപ്പെടുന്നതു കാണാം. കുറേ വര്‍ഷമായി നമ്മുടെ നാട്ടിലും ഈ ആഘോഷം നടത്തപ്പെടുന്നുണ്ട്. ‘ന്യൂ ഇയര്‍ ഡെ’ എന്ന പേരില്‍ ഒരാഘോഷം സംഘടിപ്പിക്കുന്നതിന്റെ പ്രസക്തിയോ ചരിത്രഗതിയില്‍ ഒരു ദിവസമാറ്റത്തിന്റെ പ്രാധാന്യമോ നടത്തപ്പെടുന്ന പുതുവത്സരാഘോഷത്തിന്റെ രീതികളോ ആലോചനാവിധേയമാക്കിയിട്ടുണ്ടോ?
പിന്നിട്ട വര്‍ഷത്തെ പറ്റിയുള്ള വിശകലനങ്ങളും തിരിഞ്ഞുനോട്ടവും ഗുണദോഷങ്ങള്‍ വിലയിരുത്തലും ജീവസ്സുറ്റ ഒരു സമൂഹത്തിന് ആവശ്യമാണ്. വീഴ്ചകള്‍ പാഠമാകാന്‍, തെറ്റുകള്‍ തിരുത്താന്‍, മികവുകള്‍ വളര്‍ത്താന്‍ തുടര്‍ ജീവിതത്തിലേക്ക് ആസൂത്രണം ചെയ്യാന്‍…. വിലയിരുത്തല്‍ (ഇവാല്വേഷന്‍) ഇല്ലാത്ത ഒരു പ്രവര്‍ത്തനവും വിജയത്തിലെത്തിച്ചേരില്ല. ഇങ്ങനെ വിലയിരുത്തലിന്നായി കാലഗതിയിലെ ഏതു നിമിഷവും നമുക്ക് തെരഞ്ഞെടുക്കാം. ആ അര്‍ഥത്തില്‍ കലണ്ടര്‍ വര്‍ഷത്തിലെ അവസാനദിനം വീണ്ടുവിചാരത്തിനു വേണ്ടി വിനിയോഗിക്കുന്നുവെങ്കില്‍ അത് ശ്ലാഘനീയമാണെന്നു പറയാം.
ആപാതമധുരവും ആലോചനാമൃതവുമാകേണ്ട പുതുവര്‍ഷപ്പുലരി, നിര്‍ഭാഗ്യവശാല്‍, ആഘോഷത്തിമര്‍പ്പിന്റെ ആലസ്യത്തിലും കൂത്താട്ടത്തിന്റെ ഹാംഗ്ഓവറിലും വൈകിയുണരുന്ന പ്രഭാതമായിട്ടാണ് ഇന്ന് സമൂഹം കാണുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുടിച്ചു കൂത്താടാനുള്ള ഒരു ദിനമായി ഡിസംബര്‍ മുപ്പത്തിയൊന്നിനെ യുവതലമുറ കാണാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ബന്ധങ്ങളും ബന്ധനങ്ങളും വിസ്മരിച്ചുകൊണ്ട്, പാരമ്പര്യവും പൈതൃകവും മറന്നുകൊണ്ട്, പടിഞ്ഞാറിനെ പുല്കുന്ന പ്രവണതകളില്‍ ഒന്നായി നവവത്സരപ്പിറവിയും ആയിത്തീരുകയാണ്. അജണ്ടയിലെ സ്ഥിരമായ ഒരിനമെന്നോണം കലണ്ടര്‍ വര്‍ഷത്തിലെ ഒന്നാം തിയ്യതിക്കുശേഷമൊരു ദിനം അബ്കാരി കണക്കും മീഡിയ പ്രസിദ്ധപ്പെടുത്തുന്നു. അഥവാ പുതുവത്സരത്തിന് പുതുതലമുറ കുടിച്ചുതീര്‍ത്ത കള്ളിന്റെ കണക്ക്. ഇത്രമാത്രം അധപ്പതിച്ചുപോയോ സമൂഹം!
ആഘോഷങ്ങള്‍ കാലദേശ ഭേദങ്ങള്‍ക്കതീതമായ ഒരു സംഗതിയാണ്. ഒത്തുകൂടാനും ആനന്ദിക്കാനുമുള്ള പ്രവണത മനുഷ്യസഹജവുമാണ്. ദേശീയവും അന്തര്‍ദേശീയവും മതകീയവും സാമൂഹികവുമായ നിരവധി ആഘോഷങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്. ഓരോ ആഘോഷത്തിനും ഓരോ പശ്ചാത്തലവും പ്രത്യേകമായ രീതികളും കാണും. ജനങ്ങള്‍ ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കിടുക എന്നതാണ് ആഘോഷത്തിന്റെ മര്‍മമെങ്കിലും പ്രാചീന കാലം മുതല്‍ തന്നെ കണ്ടുവരുന്ന ചില പൊതു സ്വഭാവമുണ്ട്. ഏതാഘോഷത്തിലും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ചില ചടങ്ങുകളും മദ്യം കുടിച്ച് മദിച്ചു വിലസുന്ന പൊതുസ്ഥിതിയും കാണാം. മതാഘോഷങ്ങള്‍ മിക്കതും ആരുടെയെങ്കിലും ജയന്തിയോ സമാധിയോ ആയിരിക്കും. അതിന് മതപ്രമാണ പിന്‍ബലം പോലും വേണമെന്നില്ല. ഇസ്‌ലാം നിശ്ചയിച്ച രണ്ട് ആഘോഷ സുദിനങ്ങള്‍ ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും ഇതിന്നപവാദമാണ്. അതില്‍ വിശ്വാസത്തിനും മാനവികതയ്ക്കുമാണ് ഊന്നല്‍ നല്കിയിരിക്കുന്നത്. അവയുടെ പശ്ചാത്തലമാകട്ടെ ജനിമൃതികളല്ല. ത്യാഗവും ആരാധനയും ചരിത്ര സ്മരണകളുമാണ്. മിത്തുകളിലും ഐതിഹ്യങ്ങളിലും സ്ഥാപിക്കപ്പെട്ടവയല്ല.
പുതുവത്സരമെന്നു പറയുന്നത് യഥാര്‍ഥത്തില്‍ ഒരാഘോഷമാണോ? അതിന്റെ പശ്ചാത്തലമെന്താണെന്ന് ആലോചിച്ചു നോക്കുക. നിലവിലുണ്ടായിരുന്ന ജൂലിയന്‍ കലണ്ടറനുസരിച്ച് സമരാത്ര ദിനങ്ങളില്‍ വര്‍ഷാരംഭം കണക്കാക്കുന്നതിനു പകരം മാര്‍ ഗ്രിഗോറിയോസ് എന്ന പാതിരി രൂപകല്പന ചെയ്ത ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം ജനുവരി ഒന്നുമുതല്‍ ആയി നിശ്ചയിച്ചു. െ്രെകസ്തവ മേല്‍ക്കോയ്മയില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമായി ലോകത്ത് പ്രചരിച്ച യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഒരംശമാണ് ഈ തിയ്യതി മാറ്റം ആഘോഷമാക്കിയതും അതിന് രാജ്യാന്തര അംഗീകാരം കിട്ടിയതും. സാമ്രാജ്യത്വത്തിന്റെ ഫലമായി സ്വന്തം ദേശീയത മറന്നുപോയ നിരവധി ചെറുരാഷ്ട്രങ്ങള്‍ ലോകത്തുണ്ട്.
ഭാരതത്തിന്റെ ഔദ്യോഗിക വര്‍ഷം ശകവര്‍ഷമായിരുന്നു എന്നുപോലും ഇന്ത്യക്കാര്‍ക്കറിയാതായി. മലയാളികള്‍ക്ക് സ്വന്തമായി ഒരു പുതുവത്സരദിനമുണ്ടെങ്കില്‍ അത് ചിങ്ങപ്പുലരിയാണ്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം തങ്ങളുടെ മതാനുഷ്ഠാനങ്ങള്‍ക്കാധാരമാക്കിയത് ചാന്ദ്രമാസങ്ങളെയാണ്. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതുവര്‍ഷാരംഭം ജൂണ്‍ ഒന്നാം തിയ്യതിയാണ്.
ഒന്നാം ക്ലാസിലെ പിഞ്ചുമക്കളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഇത് ഒരു തരത്തില്‍ പ്രവേശനോത്സവമായി കൊണ്ടാടുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന വര്‍ഷാരംഭം ഏപ്രില്‍ ഒന്നാണ്. ഇത്രയും സൂചിപ്പിച്ചത് ജീവിതത്തിന്റെ ഓരോ രംഗത്തുള്ളവര്‍ തങ്ങളുടെ ആണ്ടുകള്‍ ആരംഭിക്കുന്നത് ഓരോ വ്യത്യസ്ത പശ്ചാത്തലത്തിലാണ്. പുതിയ കലണ്ടര്‍ വാങ്ങി ചുമരില്‍ തൂക്കുന്നു എന്നതിലുപരി സാധാരണക്കാരന് ജനുവരി ഒന്നാം തിയ്യതിക്ക് ഒരു പ്രാധാന്യവുമില്ല. പിന്നെ ആര്‍ക്കാണ് പുതുവത്സരാഘോഷം!
എന്താണെന്നറിയാത്ത ഒരു പുതിയ വര്‍ഷത്തിന്റെ പിറവി എന്നതിനേക്കാള്‍, കഴിഞ്ഞുപോയ സജീവമായ ഒരു വര്‍ഷത്തിന്റെ അവസാനമല്ലേ ഡിസംബര്‍ മുപ്പത്തൊന്നിന് നാം സാക്ഷിയായത്! നമ്മുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി കുറഞ്ഞു. മരണത്തോട് ഒരു വര്‍ഷം നാം അടുത്തു. വിചാരപരമായി ഇക്കാര്യത്തെ സമീപിക്കുന്ന ഒരാള്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനല്ല, പിന്നിട്ട വര്‍ഷത്തെ ആലോചനാവിധേയമാക്കുന്നതിനാണ് ശുഷ്‌കാന്തി കാണിക്കേണ്ടത്.

Back to Top