വരൂ, കരുണാമയനോടൊപ്പം രാപ്പാര്‍ക്കാം
മുര്‍ശിദ് പാലത്ത്
അല്ലാഹുവിനോടും റസൂലിനോടുമുള്ള അഗാധമായ സ്‌നേഹവും ഇസ്ലാമിലുള്ള ആത്മാര്‍ഥമായ സമര്‍പ്പണവും നല്കുന്ന ഉത്പന്നമാണ് ഐച്ഛിക പുണ്യങ്ങള്‍. അഥവാ, ചെയ്താല്‍ അല്ലാഹു മഹത്തായ പുണ്യം നല്കുന്നതും ചെയ്തില്ലെങ്കില്‍ ശിക്ഷാനടപടികള്‍ ഇല്ലാത്തതുമായ സുന്നത്തുകള്‍. ചില കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതും ഇങ്ങനെ തന്നെ പുണ്യമുള്ളതും ഉപേക്ഷിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കാത്തതുമാണ്.
ഇത്തരം സുന്നത്തുകളുടെ പെരുപ്പമാണ് ഒരു മനുഷ്യന്റെ ദീനീ ആത്മാര്‍ഥതയും ആത്മീയ ഔന്നത്യവും അളക്കുക. അത്തരത്തില്‍ മുസ്ലിമിന്റെ മഹത്വമേറ്റാനുള്ള ആരാധനയാണ് രാപ്രാര്‍ഥനയെന്ന ഐച്ഛിക ആരാധന. ഇത് വിശ്വാസിയാകാന്‍ അടിസ്ഥാനപരമായി വേണ്ട കാര്യമല്ല. അതിനാല്‍ തന്നെ ഇത് നിര്‍വഹിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുകയില്ല.
എന്നാല്‍, ദാസന്‍ തന്റെ യജമാനനോടുള്ള അദമ്യമായ കൂറും സ്‌നേഹവും മൂലമാണ് ഈ കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നതിനാല്‍ അതിമഹത്തായ പ്രതിഫലമാണ് ഉദാരനും അഭിമാനിയും പ്രതാപിയുമായ ഉടമസ്ഥന്‍ വാഗ്ദാനം ചെയ്യുന്നത് (വിശുദ്ധ ഖുര്‍ആന്‍ 51: 15-18). നിര്‍ബന്ധ നമസ്‌കാരവും നോമ്പും സകാത്തുമെല്ലാം അവന്‍ നിര്‍വഹിച്ചത് ശിക്ഷ പേടിച്ചിട്ടാണെങ്കില്‍ ഇവിടെ പ്രചോദനമാകുന്നത് തനിക്ക് ദൈവപ്രീതിയും പ്രിയപ്പെട്ടവര്‍ക്കുള്ള മുന്തിയ സമ്മാനവും ലഭിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ്. എല്ലാവരും അഗാധമായ ഉറക്കത്തിലാഴുന്ന, പല അസ്വസ്ഥതകളാലും രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നവനും കണ്ണുമാളിപ്പോകുന്ന സുഖദമായ സമയത്തും ഉറക്കമിളച്ചിരുന്ന് ഇത് നിര്‍വഹിക്കാന്‍ അവനെ പ്രേരിപ്പിച്ചതും ഈ മോഹന സ്വപ്‌നങ്ങളാണ്. കര്‍മങ്ങളുടെ ഇത്തരം നിര്‍വഹണ സാഹചര്യങ്ങളും പ്രാതികൂല്യങ്ങളും സര്‍വജ്ഞനായ അല്ലാഹു പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ് നീതിമാനായ നാഥന്‍ ഈ പുണ്യകര്‍മത്തിന് പരലോകത്തെന്ന പോലെ ഇഹലോകത്തും അളവറ്റ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും.
വിശ്വാസിയുടെ ദിനേനയുള്ള അഞ്ചുനേര നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും പുണ്യം കിട്ടുന്ന നമസ്‌കാരം രാത്രി നമസ്‌കാരമാണ്. ഖിയാമുല്ലൈല്‍, ഖിയാമു റമദാന്‍, തറാവീഹ്, വിത്ര്‍, തഹജ്ജുദ് എന്നിങ്ങനെ വ്യത്യസ്ത പേരുകളുള്ള ഈ നമസ്‌കാരം ഇശാഇനും സുബ്ഹിനുമിടയില്‍ ഈരണ്ടു റക്അത്തു വീതം എപ്പോഴും നമസ്‌കരിക്കാം. അവസാനം ഒറ്റ റക്അത്താകണം. റസൂലിന്റെ(സ) മാതൃക ഇഷ്ടപ്പെടുന്നവര്‍ പതിനൊന്നു റക്അത്തില്‍ വര്‍ധിപ്പിക്കാന്‍ പാടില്ല. ഉറങ്ങി ഉണര്‍ന്ന് നമസ്‌കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. ഉണരാതെ നമസ്‌കാരം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്കും പ്രയാസം തോന്നുന്നവര്‍ക്കും ഇശാഇന് ശേഷവും ആകാം. എത്ര നേരവുമാകാം. കുറച്ച് നമസ്‌കരിക്കുന്നവര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍, സുബ്ഹിനു മുമ്പുള്ള സമയത്ത് നിര്‍വഹിക്കുന്നതാണ് ഉത്തമം. ഏതു സൂറത്തും പാരായണം ചെയ്യാം. അവസാനത്തെ മൂന്നു റക്അത്തുകളില്‍ സൂറത്തുല്‍ അഅ്‌ലാ, കാഫിറൂന്‍, ഇഖ്‌ലാസ് എന്നിവ ഓതുന്നത് പ്രത്യേകം സുന്നത്താണ്. ഒരു റക്അത്തില്‍ ഓതിയതു തന്നെ അടുത്ത റക്അത്തിലും ഓതാം. ഒരു റക്അത്തില്‍ പല സൂറത്തുകള്‍ ഓതാം. മുസ്ഹഫില്‍ നോക്കിയും ഓതാം. ഖുര്‍ആനില്‍ നിന്ന് ധാരാളം ഭാഗം മനപ്പാഠമാക്കി ദീര്‍ഘിച്ച് ഓതുന്നതാണ് കൂടുതല്‍ പ്രതിഫലാര്‍ഹമാവുക. സുജൂദും റുകൂഉം ആനുപാതിമായി ദീര്‍ഘിപ്പിക്കാം.
റമദാനില്‍ മാത്രമേ പള്ളിയില്‍ ഇത് ജമാഅത്തായി, സംഘമായി നടത്താവൂ. ഏതു കാലത്തും വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നത് തന്നെയാണ് നബി(സ)യുടെ സ്ഥിര മാതൃക. (പിന്നെ എന്തിനാ, ഈ കൊറോണയുടെ കര്‍ഫ്യൂ കാലത്ത് നാം പള്ളിയില്‍ തിരക്കു കൂട്ടുന്നത്. ഇത്തിരി ബുദ്ധിമുട്ടിയാലും വീട്ടില്‍ ജമാഅത്ത് നടത്തുന്നതല്ലേ പുണ്യം വര്‍ധിപ്പിക്കുക.) ഏറെ പുണ്യമുള്ള റമദാന്‍ രാവുകളില്‍ ഖിയാമിന്റെ മഹത്വം കൂടുതലാളുകള്‍ക്ക് ലഭിക്കുകയായിരിക്കാം രണ്ടോ മൂന്നോ ദിനം മാത്രം പള്ളിയില്‍ ജമാഅത്തായി ഇത് നിര്‍വഹിച്ച് നബി(സ) മാതൃക കാണിച്ചതിന് കാരണം.
ഈ നമസ്‌കാരത്തിന്റെ മഹത്വമറിഞ്ഞ പ്രവാചകാനുയായികള്‍ മത്സരിച്ചു. സമയബോധമില്ലാതെ രാത്രിയുടെ മൂന്നില്‍ രണ്ട് ഭാഗവും പകുതിയുമെല്ലാം നമസ്‌കരിക്കുന്നത് അവര്‍ക്ക് പ്രയാസമായിരുന്നിട്ടും അവരത് തുടര്‍ന്നു. അവസാനം അല്ലാഹു വഹ്‌യ് അവതരിപ്പിച്ച് അവരെ സാമാധാനിപ്പിക്കുകയാണ്. വേണ്ട, അത്ര സമയം കഴിയില്ല. നിങ്ങളില്‍ യാത്രക്കാരുണ്ടാകും, നേരത്തേ വിഭവം തേടിപുറപ്പെടേണ്ടവരുണ്ടാകും, യോദ്ധാക്കളുണ്ടാകും. അതിനാല്‍ ഖുര്‍ആനില്‍ നിന്ന് ആകുന്നത് പാരായണം ചെയ്ത് അവസാനിപ്പിച്ചോളൂ. (മുസ്സമ്മില്‍, 20)
ഈ നമസ്‌കാരത്തിലെ റുകൂഉകളിലും സുജൂദുകളിലുമെല്ലാം നമുക്ക് പരിപാലകനോട്, യജമാനനോട് പറയാനുള്ളതെല്ലാം പറയാം. ഏതുഭാഷയിലും പറയാം. നമസ്‌കാരം കഴിഞ്ഞും പറയാം. രാവിന്റെ മറയില്‍, നിശ്ശബ്ദതയില്‍, ഏകാന്തതയില്‍ ഉയരുന്ന കൈകളും മന്ത്രിക്കുന്ന അധരങ്ങളും കാണാനും കേള്‍ക്കാനും നാഥന്‍ ഇറങ്ങി വന്ന്, ആരുണ്ട് ചോദിക്കാന്‍, ഞാന്‍ നല്കാമെന്നു പറയുന്ന സമയമാണത്. പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ ഏറെ അനുയോജ്യമായ സമയം. അതുകൊണ്ടു തന്നെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ചുരുക്കിയും ഒരുമിപ്പിച്ചുമൊക്കെ ഇളവെടുക്കാറുണ്ടായിരുന്ന യാത്രയില്‍ പോലും റസൂല്‍(സ) ഒഴിവാക്കാതെ നിലനിര്‍ത്തിയ നമസ്‌കാരമാണിത്. സൂക്ഷ്മതയുള്ള സലഫുകള്‍ പതിവാക്കിയ ആരാധന (32:16). ഇഖ്‌ലാസുള്ള, നാഥനോട് നന്ദിയുള്ള മുഅ്മിനിന്റെ അടയാളം. അഫലാ അകൂന അബ്ദന്‍ ശകൂറാ എന്ന റസൂലിന്റെ പ്രതിവചനമോര്‍ക്കുക. വിശ്വാസിയുടെ പ്രാര്‍ഥനകളില്‍ പ്രഥമസ്ഥാനം പാപമോചന പ്രാര്‍ഥനക്കായിരിക്കും. കാരണം അവന്റെ മറ്റേത് ആവശ്യങ്ങളും നിര്‍വഹിക്കപ്പെട്ടില്ലെങ്കിലും അവന് അത് കൂടുതല്‍ ഗുണകരമാണെന്നു കരുതി ക്ഷമിക്കാവുന്നതോ സമാധാനിക്കാവുന്നതോ ആണ്. എന്നാല്‍ മറ്റെല്ലാം ലഭിച്ചിട്ടും പാപമോചനം മാത്രം ലഭിച്ചെങ്കില്‍ മനുഷ്യന്‍ തീരാനഷ്ടത്തിലല്ലേ. അതുകൊണ്ടു തന്നെയാകണം വിശുദ്ധ വിശ്വാസിയുടെ രാത്രി പ്രാര്‍ഥന പാപമോചനാര്‍ഥനയാണെന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചത്, വബില്‍ അസ്ഹാരി ഹും യസ്തഗ്ഫിറൂന്‍. (51:18)
റമദാനിന്റെ അവസാന രാവുകളിലേക്കെത്തുമ്പോള്‍ ഈ രാപ്രാര്‍ഥനക്ക് പ്രസക്തിയും പ്രതിഫലവും ഏറുകയാണ്. സാധാരണ ഈ നമസ്‌കാരം ശ്രദ്ധിക്കാത്ത വീട്ടുകാരെപ്പോലും റസൂല്‍(സ) വിളിച്ചുണര്‍ത്തി നമസ്‌കരിപ്പിക്കുന്ന ദിനങ്ങള്‍. റമദാനിന്റെ നിയന്ത്രണങ്ങളുണ്ടാക്കിയ ശാരീരിക ക്ഷീണം മൂര്‍ധന്യതയിലെത്തുന്ന നാളുകള്‍. പിശാച് വട്ടം പിടിച്ച് നമ്മെ ഉറക്കിലേക്കും പെരുന്നാള്‍ തിരക്കിലേക്കും ഷോപ്പിംഗ് ഉത്സവങ്ങളിലേക്കും ഉത്സാഹിപ്പിക്കുന്ന സമയം. എന്നാല്‍, അവിടെ അത്യുദാരനായ അല്ലാഹുവിന്റെ എല്ലാവിധ ഓഫറുകളുമായി വിശ്വസ്താത്മാവായ ജിബ്‌രീലും മറ്റു മലക്കുകളും നിരന്തരം ഇറങ്ങിക്കൊണ്ടിരിക്കുന്ന, പുലരിവരെ സമാധാനം കളിയാടുന്ന, ആയിരം മാസത്തേക്കാള്‍ ഉത്കൃഷ്ടമായ ലൈലത്തുല്‍ ഖദ്ര്‍ വിശ്വാസിയെ കാത്തിരിക്കുമ്പോള്‍ ഈ പൈശാചിക പ്രലോഭനങ്ങളില്‍ അവനെങ്ങനെ കണ്ണഞ്ചിപ്പോകാനാണ്.
പരീക്ഷണങ്ങളായോ ശിക്ഷകളായോ മണ്ണിലും വിണ്ണിലും നിന്ന് ആപത്തുകള്‍ ഒന്നിനു പിറകെ ഒന്നായി പെയ്തിറങ്ങുന്ന ആസുരകാലത്ത് അഭയമാകാന്‍, ആശ്വാസമാകാന്‍, അവാച്യാനുഭൂതികളുടെ സ്വര്‍ഗം നേടാന്‍ (32:17) നിസ്വാര്‍ഥ ഖിയാമുകളുമായി ദയാനിധിയായ നാഥനിലേക്ക് ചേര്‍ന്നു നില്ക്കാം. അവന്‍ അനുഗ്രഹിക്കട്ടെ.