വര്‍ഗീയവാദി എന്ന ചാപ്പ
സുഫ്‌യാന്‍
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചു. വോട്ടുകളെല്ലാം പെട്ടിയിലായതുകൊണ്ട് വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ല. കേരളത്തില്‍ ഇരുമുന്നണികളും അഭിമാനപോരാട്ടം എന്ന് വിലയിരുത്തുന്നത് വടകര ലോക്‌സഭയിലെ മത്സരമാണ്. ബി ജെ പി മത്സരരംഗത്തുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ ഒരു ബ്രേക്ക് നല്‍കാന്‍ മാത്രം ശക്തിയുള്ളവരായി ആരും ആ പാര്‍ട്ടിയെ ഗണിക്കുന്നില്ല. എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് കേരളത്തിലെ പോരാട്ടം.
വടകര ലോക്‌സഭാ മണ്ഡലം കഴിഞ്ഞ തവണയും ശ്രദ്ധാകേന്ദ്രമായിരുന്നു. സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് പി ജയരാജനും കോണ്‍ഗ്രസിന്റെ ക്രൗഡ്പുള്ളര്‍ കെ മുരളീധരനും തമ്മിലായിരുന്നു മത്സരം. ഫലം പുറത്തു വന്നപ്പോള്‍ മുരളീധരന്‍ എം പിയായി. ഇത്തവണ ഇരു മുന്നണികളും രംഗത്തിറക്കിയത് എം എല്‍ എമാരെയാണ്. കെ കെ ശൈലജയും ഷാഫി പറമ്പിലും. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ചില ലെഫ്റ്റ് ലിബറല്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്, വടകരയില്‍ ഷാഫി പറമ്പില്‍ ജയിച്ചാല്‍ അത് വര്‍ഗീയതയുടെ വിജയമായിരിക്കുമെന്നാണ്. സി പി എമ്മിന് അങ്ങനെയൊരു അഭിപ്രായമുണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. എതിര്‍ സ്ഥാനാര്‍ഥി ജയിക്കുമ്പോഴേക്ക് അത് വര്‍ഗീയതയാണ് എന്ന് മുദ്രയടിക്കുന്നത് വോട്ടര്‍മാരെ പരിഹസിക്കലാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധ്യമുണ്ടാവും. ഷാഫി മുസ്‌ലിം വോട്ടുകള്‍ കണ്‍സോളിഡേറ്റ് ചെയ്യാനായി വര്‍ഗീയ പ്രചാരണം നടത്തിയെന്നാണ് ആരോപണം. അതിനുള്ള തെളിവാകട്ടെ, ഒരു കാഫിര്‍ വിളി അടങ്ങിയ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടും. ഈ വിവാദത്തില്‍ പല കാര്യങ്ങളും ഉള്ളടങ്ങിയിട്ടുണ്ട്.
ഏജന്‍സി
ഏജന്‍സി അഥവാ കര്‍തൃത്വം സംബന്ധിച്ച് ഈ കോളത്തിലൂടെ മുമ്പും എഴുതിയിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ പെട്ട ഒരു സ്ഥാനാര്‍ഥി വിജയിക്കുമെന്ന ഘട്ടമെത്തുമ്പോള്‍ വര്‍ഗീയവാദി ചാപ്പ കുത്തുന്നത് സംഘപരിവാരത്തിന്റെ സ്ഥിരംപണിയാണ്. അതിന്റെ പ്രധാന കാരണം, ആ വിജയത്തിലൂടെ ലഭിക്കുന്ന വിസിബിലിറ്റിയും കര്‍തൃത്വവുമാണ്. വടകര മുസ്‌ലിം ലീഗിന്റെ അപ്രഖ്യാപിത സീറ്റാണെന്നും ഷാഫിക്കു വേണ്ടി മുസ്‌ലിം ലീഗുകാര്‍ പണിയെടുത്തുവെന്നുമാണ് മറ്റൊരു പ്രചാരണം. മുസ്‌ലിം സമുദായം സ്വന്തം നിലക്ക് അതിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നു എന്നു തോന്നുമ്പോഴെല്ലാം ഇത്തരം കുപ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമുദായത്തിന്റെ കര്‍തൃത്വത്തെ ഭയപ്പെടുന്നവരാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. സമുദായം എന്ന നിലയില്‍ സ്വന്തം ഏജന്‍സി പ്രകടിപ്പിക്കാന്‍ പാടില്ലെന്നും മറ്റുള്ളവരെ തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഡെലിഗേറ്റ് ചെയ്യണമെന്നും സ്വന്തമായി സംസാരിക്കുന്നത് വര്‍ഗീയതയാണ് എന്നുമാണ് ഇവരുടെ സിദ്ധാന്തം.
ലീഗ് മത്സരിക്കാത്ത ഇടങ്ങളില്‍ പോലും ലീഗ് നടത്തിയ പ്രചാരണത്തിന് ഏറ്റവും വലിയ ഉദാഹരണം വയനാട് മണ്ഡലം തന്നെയാണ്. അത് മുന്നണി മര്യാദയുടെ ഭാഗമാകാം. 2019-ല്‍ ലീഗിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ഉത്തരേന്ത്യയില്‍ വര്‍ഗീയ ചുവയോടെ അവതരിപ്പിച്ചത് സംഘപരിവാരമാണ്. ഈ വര്‍ഷത്തെ കൊടിവിവാദമൊക്കെ അതിന്റെ ഭാഗമാണ്. സംഘപരിവാരത്തിന്റെ ഈ കര്‍തൃത്വവിരുദ്ധ വംശീയബോധത്തെ ലെഫ്റ്റ് ലിബറലുകളെന്ന് അവകാശപ്പെടുന്നവര്‍ പോലും എടുത്തണിയുന്നത് ശുഭകരമല്ല.
മറ്റൊന്ന്, വടകരയില്‍ കോണ്‍ഗ്രസ് മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ന്യൂനപക്ഷ കണ്‍സോളിഡേഷനു വേണ്ടിയാണ് എന്ന ആരോപണമാണ്. അത് മുഖവിലക്കെടുത്താല്‍ എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ചും സമാനമായ ഏകീകരണ ഗൂഢാലോചന ആരോപിക്കാമല്ലോ. മാത്രമല്ല, മലപ്പുറം, പത്തനംതിട്ട ഉള്‍പ്പെടെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും എല്ലാ മുന്നണികളും പരീക്ഷിച്ചിട്ടുള്ളത് പല തരത്തിലുള്ള കണ്‍സോളിഡേഷന്‍ തന്നെയാണ്. മുസ്‌ലിം കണ്‍സോളിഡേഷന്‍ ഉണ്ടാകുമ്പോള്‍ മാത്രം അതില്‍ അസ്വസ്ഥത കാണിക്കേണ്ടതുണ്ടോ?
കോണ്‍ഗ്രസ് മുസ്‌ലിം ന്യൂനപക്ഷത്തിന് വിസിബിലിറ്റി കൊടുക്കുമ്പോള്‍ വിറളി പിടിക്കാറുള്ളത് സംഘപരിവാരത്തിനാണ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏക മുസ്‌ലിം സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തോന്നുമ്പോള്‍ ഈ വര്‍ഗീയവാദി ചാപ്പയുമായി രംഗത്തുവരുന്നത് സംഘപരിവാരിനോടുള്ള ഐക്യദാര്‍ഢ്യമാണ്. മാത്രമല്ല, കാഫിര്‍ വിളിയുമായി പ്രചാരണം നടത്താറുള്ളത് സംഘപരിവാരത്തിന്റെ വോട്ട്‌ബേസ് ഏകീകരിക്കുന്നതിനു വേണ്ടിയാണെന്ന് രാഷ്ട്രീയം പ്രാഥമികമായി നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാവും. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ അത്തരമൊരു തിരഞ്ഞെടുപ്പ് തന്ത്രം ബോധമുള്ളവരാരും ചെയ്യാറില്ല.