13 Monday
May 2024
2024 May 13
1445 Dhoul-Qida 5

വര്‍ഗീയതയോടുള്ള നവോത്ഥാന പ്രസ്ഥാനത്തിന്റെ കലഹം

മുഹ്‌സിന്‍ തൃപ്പനച്ചി


‘മതം മനുഷ്യ സൗഹാര്‍ദത്തിന്’ എന്ന പ്രമേയം മതേതര കേരളത്തിന് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയുന്ന ഒന്നല്ല. പതിനായിരക്കണക്കിന് മുസ്‌ലിം ചെറുപ്പക്കാരെ വര്‍ഗീയ ചേരികളിലേക്ക് പോകാതെ തടഞ്ഞുനിര്‍ത്തിയ മഹത്തായൊരു മുദ്രാവാക്യമാണത്. 1992. ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ മനസ്സിനു മേല്‍ ആഴത്തില്‍ മുറിവേല്‍പിച്ച്, ഇന്ത്യയുടെ അഭിമാനകരമായ ചരിത്രവും പൈതൃകവുമേറുന്ന താഴികക്കുടങ്ങള്‍ ഹിന്ദുത്വ ഭീകരവാദികള്‍ തകര്‍ത്ത സമയം. ഇന്ത്യന്‍ മുസല്‍മാന്റെ വൈകാരിക വേദനകളെ മുതലെടുക്കാന്‍ ഏറ്റവും നല്ല നിമിഷങ്ങള്‍. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് നയപരവും ധിഷണാപരവുമായ വഴികാട്ടിയായ മുജാഹിദ് പ്രസ്ഥാനം, 1992 ഡിസംബറില്‍ സംസ്ഥാന സമ്മേളനത്തിന് തെരഞ്ഞെടുത്ത തലവാചകമായിരുന്നു ‘മതം മനുഷ്യ സൗഹാര്‍ദത്തിന്’ എന്നത്.
മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം, പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച ഈ സമയത്ത് മുജാഹിദ് യുവജന വിഭാഗം ‘കാത്തുവെക്കാം സൗഹൃദ കേരളം’ എന്ന പേരില്‍ സമാനമായൊരു സന്ദേശ പ്രചാരണത്തിലാണ് എന്നത് കേവല യാദൃച്ഛികതയല്ല. ജനാധിപത്യ-മതേതര രാജ്യത്ത്, മതപരമായ കടമ നിര്‍വഹണത്തിന്റെ, വിവേകപൂര്‍ണമായ മാതൃകയാണ് അത്.
ഇസ്‌ലാമോഫോബിക് ചിന്താഗതികളും മതവര്‍ഗീയതയുടെ ഭരണപരമായ സ്വാധീനവും കൊണ്ട്, മുസ്‌ലിം സമൂഹം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഇത്തരം വിവേചനങ്ങള്‍ മുതലെടുത്ത്, വൈകാരികമായി സംഘടിക്കുന്ന വര്‍ഗീയ ചിന്തകളോട് കേരളത്തിലെ മുസ്‌ലിം സംഘടനകളും പൊതു മുസ്‌ലിം സമൂഹവും എക്കാലത്തും അകലം പാലിക്കാറുണ്ട്. കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ, പ്രത്യേകിച്ചും മുജാഹിദ് സംഘടനകളുടെ പങ്ക് ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. വിശ്വാസപരമായി സമൂഹത്തെ സമുദ്ധരിക്കുന്നതിനോടൊപ്പം തന്നെ വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ഇസ്‌ലാഹി പ്രസ്ഥാനം കൃത്യമായ അവസരങ്ങളില്‍ തന്നെ ശബ്ദമുയര്‍ത്തിയിട്ടുണ്ട് എന്നു കാണാവുന്നതാണ്.
രണ്ടാം മുജാഹിദ് സമ്മേളനം മുന്നോട്ടുവെച്ച പ്രമേയങ്ങളില്‍ പ്രധാനപ്പെട്ടത്, രാജ്യത്തെ വര്‍ഗീയ കലാപശ്രമങ്ങള്‍ക്കെതിരെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു. മതത്തെ അധികാരത്തിലേക്കുള്ള മാര്‍ഗമായി കണ്ട് അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ അതിന്റെ പ്രാഥമിക ഘട്ടം മുതല്‍ തന്നെ മുജാഹിദ് പ്രസ്ഥാനം എതിര്‍ത്തിട്ടുണ്ട്. വര്‍ഗീയ ചിന്താധാരകള്‍ക്ക് പ്രചോദനമാകുന്ന ഇത്തരം സമീപനങ്ങള്‍ മതത്തിന്റേതല്ലെന്നും അത്തരം ആശയധാരകളോട് ചേരുന്നത് ജനാധിപത്യ സംവിധാനങ്ങളുടെ അടിത്തറയിളക്കലാവുമെന്നും മുന്നറിയിപ്പ് നല്‍കാന്‍ മുജാഹിദ് പ്രസ്ഥാനം മുന്നില്‍ തന്നെയുണ്ടായിരുന്നു. വര്‍ഗീയ ചിന്താഗതികളിലേക്ക് മുസ്‌ലിം സമുദായം ഒട്ടും ചാഞ്ഞുപോകാതിരിക്കാനുള്ള അതീവ ശ്രദ്ധയായിരുന്നു സൂക്ഷ്മമായ വിഷയങ്ങളില്‍ പോലുമുള്ള ഈ നിലപാടുകള്‍. അക്കാലഘട്ടത്തില്‍ സമ്മേളന സുവനീറില്‍ വന്ന പരാമര്‍ശം നോക്കൂ:
”അടുത്ത കാലത്തായി പാരമ്പര്യത്തിനു വിപരീതമായി ചിലേടങ്ങളില്‍ വര്‍ഗീയതയും തീവ്രവാദവുമൊക്കെ തലപൊക്കിക്കാണുന്നത് ഖേദകരമാണ്. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഈ പ്രവണത തികച്ചും തെറ്റാണ്. മുസ്‌ലിംകള്‍ ഇവിടെ ന്യൂനപക്ഷമാണ് എന്നതുകൊണ്ടല്ല പണ്ഡിതന്മാര്‍ വര്‍ഗീയതയെയും തീവ്രതയെയും എതിര്‍ക്കുന്നത്. മുസല്‍മാനെ സംബന്ധിച്ചിടത്തോളം അവന്‍ ഏതു പക്ഷമായിരുന്നാലും വര്‍ഗീയതയും തീവ്രതയും അനുവദനീയമല്ലാത്തതുകൊണ്ടാണ്. മതമൈത്രിയും സഹിഷ്ണുതയുമാണ് പ്രവാചക ചര്യ. ഇന്നത്തെ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും വിശകലനം ചെയ്യുമ്പോള്‍ അതു ഭൂരിപക്ഷ വര്‍ഗീയതയുടെയും തീവ്രതയുടെയും സൃഷ്ടിയാണെന്ന് മനസ്സിലാകും.”

വര്‍ഗീയ-തീവ്രവാദ ആശയങ്ങളുടെയും സംഘങ്ങളുടെയും അടിസ്ഥാനം അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു, മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രതിരോധം. 1990കളുടെ തുടക്കത്തില്‍ തീവ്രവര്‍ഗീയ ചിന്തകള്‍ ശക്തിപ്പെടുന്ന സമയത്ത്, മുസ്‌ലിം യുവാക്കളെ അത്തരം ആശയങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ച ആശയാടിത്തറയുടെ ഉദാഹരണമാണ് മുകളില്‍ സൂചിപ്പിച്ചത്. എന്തുകൊണ്ട് തീവ്രവര്‍ഗീയ ചിന്തകള്‍ അരുത് എന്നതിന് ഉത്തരമായി കൊടുത്തത്, ‘ഒന്നാമതായി മതവിരുദ്ധമാണ്’ എന്ന പാഠമായിരുന്നു. അതേസമയം വര്‍ഗീയ ചിന്താഗതിയിലേക്ക് നയിക്കുന്ന ഭൂരിപക്ഷ വര്‍ഗീയതക്കും തദ്ഫലമായുണ്ടാവുന്ന അരക്ഷിതബോധത്തിനും നേരെ കണ്ണടയ്ക്കാതെയും മുന്നോട്ടുപോകുന്ന ശൈലിയായിരുന്നു അത്.
‘മതം തീവ്രവാദത്തിനെതിരെ’ എന്ന കാമ്പയിന്‍ തീവ്രവാദത്തിനെതിരെയുള്ള ഇസ്‌ലാമികമായ നയം ബോധ്യപ്പെടുത്തലായിരുന്നു. അനുബന്ധമായ നിരവധി കാമ്പയിനുകളും പ്രചാരണങ്ങളും ഉണ്ടായി. 90കള്‍ക്കു ശേഷം ഒരു പതിറ്റാണ്ട് കാലം ചെറുതും വലുതുമായ മുജാഹിദ് സമ്മേളനങ്ങളുടെയും കാമ്പയിനുകളുടെയും പ്രവര്‍ത്തന പദ്ധതികളുടെയും പ്രധാന വിഷയമായി, മതത്തിന്റെ മാനവിക തലവും സൗഹാര്‍ദവും കടന്നുവന്നത് കാണാനാവും. ‘സ്രഷ്ടാവിലേക്ക് സമാധാനത്തിലേക്ക്’, ‘മതം മാനവികത നവോത്ഥാനം’, ‘ദൈവമൊന്ന് മാനവരൊന്ന്’ തുടങ്ങിയ പ്രമേയങ്ങളുടെ പശ്ചാത്തലം അതായിരുന്നു.
ഉപരിപ്ലവമായ ഒരു സന്ദേശ പ്രചാരണം എന്നതിലുപരി, തീവ്രവാദ പ്രചാരണങ്ങളുടെ അടിവേരറുക്കാവുന്ന തലത്തില്‍ യുവജനവിഭാഗത്തിന്റെ പദ്ധതികളും സ്മരണീയമാണ്. ഇന്നത്തെ പോപുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ നാദാപുരം ഡിഫന്‍സ് ഫോഴ്‌സില്‍ നിന്ന് നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ടിലേക്കുള്ള മാറ്റം ഒട്ടേറെ യുവാക്കളെ അതിലേക്ക് ആകര്‍ഷിച്ചു. ഇതിനെ തിരിച്ചറിഞ്ഞുകൊണ്ടാണ് ‘ശബാബുല്‍ ഇസ്‌ലാം മീറ്റു’കളിലൂടെ ഐ എസ് എം യുവാക്കളെ വൈകാരിക തലങ്ങളില്‍ നിന്നു വിചാരപരവും വിവേകപൂര്‍വവുമായ ഇടങ്ങളിലേക്ക് തിരിച്ചുനടത്തിയത്.
ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങളെ പ്രത്യേകിച്ച് ‘ജിഹാദ്’ ദുര്‍വ്യാഖ്യാനം ചെയ്യുകയും, ഇസ്‌ലാം വിമര്‍ശനത്തിന് ഹേതുവാകുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, ഇത്തരം ദുര്‍വ്യാഖ്യാനങ്ങളിലൂടെ വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയെ വ്യക്തമായി പഠിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രസ്ഥാനം രൂപം നല്‍കി, വികലമായ ഇത്തരം ആശയങ്ങളെ ശാശ്വതമായി ഉന്‍മൂലനം ചെയ്യാനുള്ള പരിഹാരം ആശയപരമായ പ്രതിരോധമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരം പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.
തീവ്രവാദ-വര്‍ഗീയ ചിന്താഗതിയുള്ളവരുമായും, അവയോട് സമരസപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായും ബന്ധമുണ്ടാവാതിരിക്കുക എന്നത് മുജാഹിദ് സംഘടനകളുടെ അടിസ്ഥാന അംഗത്വ യോഗ്യതകളില്‍ ഒന്നാണ്. മതത്തെ അറിയുക എന്നതുതന്നെയാണ് വികലമായ ഇത്തരം കൂട്ടായ്മകളോട് പുറംതിരിഞ്ഞു നടക്കാനുള്ള പ്രഥമമായ മാര്‍ഗം. അതോടൊപ്പം മതങ്ങളെ പരസ്പരം അറിയാനും ബഹുമാനിക്കാനും ആദരിക്കാനും സാധിക്കണം.
വര്‍ഗീയ ചിന്തകളില്‍ നിന്നു മുക്തമായി സൗഹാര്‍ദത്തിന്റെ ഇടങ്ങള്‍ വളരേണ്ടതുണ്ട്. കൊലപാതങ്ങളുടെയും അക്രമങ്ങളുടെയും കണക്കുകള്‍ കൊണ്ട് തൂക്കമൊപ്പിച്ചുകൊണ്ട് തീവ്രവാദ-വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ ന്യായാന്യായങ്ങളെ നിര്‍വചിക്കാനാവില്ല. മതങ്ങളുടെ സാങ്കേതിക പദങ്ങളെയും, ആചാരപരവും വിശ്വാസപരവുമായ അതിരുകളെയുമൊക്കെ ബോധപൂര്‍വം വക്രീകരിക്കുകയും വര്‍ഗീയവത്കരിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാന്‍ സാധിക്കേണ്ടത് മതവിശ്വാസികള്‍ക്കു തന്നെയാണ്.
മതങ്ങളും മതപാഠങ്ങളും പൂട്ടിവെച്ചുള്ള അസഹിഷ്ണുതാ മനോഭാവമല്ല, ആശയസംവേദനങ്ങളും പഠനങ്ങളുമാണ് വേണ്ടത്. സൗഹാര്‍ദത്തിന്റെ ഭൂമിക വളരാനുള്ള ശ്രമങ്ങളില്‍ ഒരുമിക്കാം.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x