30 Monday
December 2024
2024 December 30
1446 Joumada II 28

സമീകരണം കൊണ്ട് വര്‍ഗീയതയെ നേരിടാനാവില്ല

ഡോ. ടി കെ ജാബിര്‍


ഇന്ത്യയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ നേട്ടം കൊയ്‌തെടുക്കാന്‍ മൂന്നു നാലു ദശകങ്ങളായി ശ്രമങ്ങളുണ്ട്. അടുത്ത കാലത്ത് അത് വര്‍ധിച്ച തോതിലാണ്. അതിന് ഏതെല്ലാം രാഷ്ട്രീയ കക്ഷികള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നത് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന കുട്ടികള്‍ക്കു പോലും അറിയാം. ഇന്ത്യയില്‍ ഉണ്ടായ എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തുടക്കം, അന്യ മത-സമുദായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും തികഞ്ഞ അജ്ഞതയും അവിശ്വാസവും സൃഷ്ടിച്ച ശേഷമായിരുന്നു. ”അവര്‍ നമ്മെ ആക്രമിക്കും, നമ്മുടെ സ്വത്തുക്കള്‍ അപഹരിക്കുന്നു, അവര്‍ നീചരാണ്” ഇങ്ങനെ പോകുന്നു വര്‍ഗീയ-വംശീയ കലാപങ്ങളുടെ അടിസ്ഥാന ആശയങ്ങള്‍.
1945ലെ ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ പറയുന്നു: ”രാഷ്ട്രീയ ഭൂരിപക്ഷവും വര്‍ഗീയ ഭൂരിപക്ഷവും രണ്ടാണ്. രാഷ്ട്രീയ ഭൂരിപക്ഷം എന്നത് ഉറപ്പുള്ളതല്ല. അത് സ്ഥായിയായ ഒരു ഭൂരിപക്ഷവുമല്ല. അത് സദാ നിര്‍മിക്കപ്പെടുന്നു, നിര്‍മിക്കപ്പെടാതിരിക്കുന്നു, പുനര്‍നിര്‍മിക്കപ്പെടുന്നു. വര്‍ഗീയ ഭൂരിപക്ഷം എന്നത് സ്ഥായിയായ ഒരു ഭൂരിപക്ഷം ആയിരിക്കും. അതിന്റെ മനോഭാവം ഉറപ്പുള്ളതാണ്. അതിനെ നശിപ്പിക്കാന്‍ കഴിയും. പക്ഷേ, പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.” ഏറക്കുറേ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ തന്നെയാണ് ആ വാക്കുകള്‍ കൊണ്ട് അംബേദ്കര്‍ വ്യാഖ്യാനിച്ചത്. ഇന്ത്യയുടെ ആത്മാവിനെ ആദ്യമായി തൊട്ടറിഞ്ഞ ആധുനിക സാമൂഹിക ശാസ്ത്രജ്ഞന്‍ അംബേദ്കറാണ്.
വര്‍ഗീയത
എങ്ങനെയാണ്
അപകടകരം?

സ്വന്തം മത-ജാതി-ഗോത്രവിഭാഗങ്ങളുടെ പ്രതിലോമകരമായ സ്വാര്‍ഥതാല്‍പര്യ സംരക്ഷണമെന്ന വാദമാണ് വര്‍ഗീയത എന്നു നിര്‍വചിക്കപ്പെടുന്നത്. ഇന്ത്യയില്‍ ചരിത്രപരമായി രാഷ്ട്രീയ തന്ത്രങ്ങളുടെ പേരില്‍ സ്ഥാപിച്ചെടുക്കുന്നതാണത്. ‘ഗുരു’ (1997) എന്ന പ്രശസ്ത മലയാള ചലച്ചിത്രം അതിനെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ആ രംഗങ്ങള്‍ ചിത്രീകരിച്ചതിന് അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആദരവ് അര്‍ഹിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ല ഭൂരിപക്ഷ വര്‍ഗീയത ഉണ്ടായത്. ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് ഒരുപക്ഷേ ഭൂരിപക്ഷ വര്‍ഗീയതയെ പെെട്ടന്ന് വളര്‍ത്താന്‍ കഴിഞ്ഞേക്കും. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ അനേകമിരട്ടി നശിപ്പിക്കാന്‍ പ്രഹരശേഷിയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ വര്‍ഗീയത ആദ്യം തന്നെ ഇല്ലാതാകേണ്ടതുണ്ട്. അതായത് രാഷ്ട്രത്തിന്റെ മതേതരവത്കരണം സാധ്യമാകണം. രാഷ്ട്രത്തിന്റെ മതേതരവത്കരണം എന്നാല്‍ ഭൂരിപക്ഷത്തിന്റെ മതേതരവത്കരണം എന്നാണ് അര്‍ഥം. വര്‍ഗീയത എല്ലാ സമുദായങ്ങളിലുമുണ്ട്. ന്യൂനപക്ഷ വര്‍ഗീയത ഒരു സാമൂഹിക സുരക്ഷാ ഭീഷണി തന്നെയാണ്. പക്ഷേ ന്യൂനപക്ഷ വര്‍ഗീയത ഇല്ലാതായാല്‍ ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകില്ല. അതാണ് സാമൂഹിക യാഥാര്‍ഥ്യം.
പ്രശസ്ത ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ടി എന്‍ മദന്‍ ഇതേ വാദം ഉന്നയിക്കുന്നുണ്ട്. അഥവാ ന്യൂനപക്ഷങ്ങള്‍ എല്ലാ വിഭാഗങ്ങളും മതേതര ആധുനിക സമൂഹങ്ങളായി പരിവര്‍ത്തനം നടത്തിയാലും ഇവിടെ രാഷ്ട്രത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകില്ല. രാഷ്ട്രം തന്നെ ശക്തമായ നിയമവാഴ്ചാ നടപടികളിലൂടെ ആധുനിക-മതേതരവത്കരണത്തിനു വിധേയമാക്കുകയാണ് വേണ്ടത്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ മണിപ്പൂരില്‍ ഉള്‍പ്പെടെ അതിക്രൂരമായി വേട്ടയാടപ്പെടുന്നു. ഇന്ത്യന്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ ഇതെല്ലാം മുമ്പേ പ്രവചിച്ചതാണ്.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ മതേതര വിശ്വാസികളും ജനാധിപത്യവാദികളും തന്നെയാണ്. അവര്‍ സ്വതന്ത്ര ഇന്ത്യയില്‍ നിസ്സംശയമായും രാഷ്ട്രനിര്‍മിതിയില്‍ ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ ഒന്നാകെ ക്രൈസ്തവ മതരാഷ്ട്രമാക്കുക എന്ന രാഷ്ട്രീയ അജണ്ടയൊന്നും അടിസ്ഥാനപരമായി അവര്‍ക്കുമില്ല. അനേകായിരം ക്രൈസ്തവ സ്ഥാപനങ്ങള്‍ നമുക്ക് അറിയാം. കോളജുകള്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി മറ്റ് വ്യവസായ സംരംഭങ്ങള്‍ വരെയും ഇന്ത്യയിലുണ്ട്. ഇവയെല്ലാം ഇന്ന് ഭീഷണിയിലാണ്. എത്ര ആര്‍ജവത്തോടെ ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിച്ചിട്ടും ക്രൈസ്തവരെ തൃണവത്ഗണിക്കുന്ന, ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയമാണ് ഇന്ന് മണിപ്പൂരില്‍ വ്യാപകമായി കാണുന്നത്. ഒറീസയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണിത്.
വാസ്തവത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകുമ്പോള്‍, അതായത് രാ്രഷ്ടത്തിന്റെ മതേതരവത്കരണം സാധ്യമാകുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയത സ്വാഭാവികമായും ഇല്ലാതാകും. കാരണം മതേതരത്വമെന്ന ആ ഭൂരിപക്ഷ സംസ്‌കാരം ഉള്‍ക്കൊള്ളാതെ അവര്‍ക്ക് അതിജീവനം സാധ്യമല്ലാതെ വരുമെന്ന് ഉറപ്പാണ്. ഭൂരിപക്ഷത്തിന്റെ മതേതരവത്കരണം സാധ്യമാകാതെ ന്യൂനപക്ഷത്തിന്റെ മതേതരവത്കരണം സാധ്യമല്ല. മതേതരവത്കരണത്തിലൂടെ സാമൂഹിക പുരോഗതി സാധ്യമാകുമ്പോള്‍ ഈ പ്രക്രിയയില്‍ മറ്റുള്ളവര്‍ക്ക് ആകര്‍ഷണീയത തോന്നുന്നത് സ്വാഭാവികമാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇപ്പോള്‍ മതേതരവത്കരണത്തിന്റെ, ബഹുസ്വരതയുടെ പാതയില്‍ സഞ്ചരിക്കുന്നത് അതുകൊണ്ടാണ്. ഇതിനാല്‍ തന്നെ ന്യൂനപക്ഷ വര്‍ഗീയത സമം ഭൂരിപക്ഷ വര്‍ഗീയത എന്ന തിയറി തെറ്റാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മനുസ്മൃതി പോലുള്ള ആധുനിക പൂര്‍വ ആശയധാരകള്‍ ഭരണഘടനയായി വരുമ്പോള്‍ മറ്റു മത-ആശയ-മൂല്യ വ്യവസ്ഥകളെ ഉള്‍ക്കൊള്ളാന്‍ അതിന് തീരെ സാധിക്കാതെവരും. അഥവാ നീതി, സമത്വം, സാഹോദര്യം, അവകാശങ്ങള്‍ എന്നീ മൂല്യങ്ങളും മനുസ്മൃതിയും തമ്മിലാണ് ഇവിടത്തെ സൂക്ഷ്മമായ തലത്തില്‍ അടിസ്ഥാനപരമായ പോരാട്ടം. അതാണ് അടിസ്ഥാന പ്രശ്‌നം എന്ന് ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത സമീകരണവാദക്കാര്‍ തിരിച്ചറിയേണ്ടതാണ്. ബഹുസ്വരതയെ ഉള്‍ക്കൊള്ളാന്‍ മതേതര ഭരണഘടനകള്‍ക്ക് മാത്രമേ സാധിക്കൂ. മതേതരവത്കരണം സാധ്യമാകാതെ ഒരൊറ്റ രാഷ്ട്രത്തിനും ആധുനികമാകാനും പുരോഗതിയിലേക്ക് വളര്‍ന്നു വികസിക്കാനും കഴിയില്ല. അതാണ് ഇന്ത്യയില്‍ നിന്ന് 2014നു ശേഷം യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ലക്ഷക്കണക്കിന് പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കുടിയേറിക്കൊണ്ടിരിക്കുന്നത്. നിരന്തരമായി ഉയര്‍ത്തുന്ന അക്രമാസക്ത ദേശീയതാ കോലാഹലങ്ങള്‍ക്കിടയില്‍ 2022 നവംബറില്‍ ‘ദി ഹിന്ദു’ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഈ വിഷയം ഇവിടെ വലിയ ചര്‍ച്ചയായതേയില്ല. ഒടുവില്‍ സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വരെയും അത് പ്രസ്താവിച്ചു.
സംവരണത്തില്‍
അപകര്‍ഷബോധം
എന്തിന്?

സംവരണമെന്നത് ഇന്ത്യന്‍ പബ്ലിക് പോളിസിയില്‍ ഉള്‍പ്പെടുന്നതുകൊണ്ട് അപകര്‍ഷബോധം എന്തിനാണ്? നൂറ്റാണ്ടുകളായി തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ വിഭവങ്ങളിലുള്ള ആനുപാതിക പ്രാതിനിധ്യം, വിഹിതം മാത്രമാണത്. നീതിയാണ് അതിന്റെ അടിസ്ഥാന തത്വം. അമേരിക്കയില്‍ ഉള്‍പ്പെടെ (ആഫ്രിക്കന്‍ വംശജര്‍ക്ക്) പല രാഷ്ട്രങ്ങളിലും സംവരണം പബ്ലിക് പോളിസിയില്‍ ഉള്‍പ്പെട്ടതാണ്. സംവരണം എന്നത് ഇന്ത്യാ രാജ്യത്തിന്റെ സാമൂഹിക വികസനത്തിന് അനിവാര്യമായ ഒരു പബ്ലിക് പോളിസിയാണ്. അഖിലേന്ത്യാ തലത്തില്‍ സാമൂഹിക സമത്വവും നീതിയും സ്ഥാപിച്ചെടുക്കാന്‍ നിലവില്‍ പ്രായോഗികമായ സുപ്രധാന നടപടിയാണിത്. അതിനെ ഏതെങ്കിലും യുവജനതയുടെ അപകര്‍ഷബോധം കാരണം ആത്മവിശ്വാസം തകര്‍ക്കുമെന്നൊക്കെയുള്ളത് കേവലം അജ്ഞതയും അബദ്ധവും വെറുപ്പിന്റെ സൃഷ്ടിയുമാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും അത് ഉണ്ടാക്കുന്ന ശ്രേണീകൃതമായ അയിത്തത്തെയും കുറിച്ച് ആദ്യം മനസ്സിലാക്കുകയെന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്നു. അതൊന്നും ചെയ്യാതെ സംവരണത്തെ എതിര്‍ക്കുന്നവര്‍ ജനാധിപത്യ വിരുദ്ധര്‍ തന്നെയാണ്.
1958ലെ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തില്‍ നെഹ്‌റു പറഞ്ഞു: ”ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ അപകടകരം. കാരണം ഭൂരിപക്ഷ വര്‍ഗീയത ദേശീയതയോടൊപ്പം പ്രവര്‍ത്തനസജ്ജമാകുന്നു. അങ്ങനെ വര്‍ഗീയത നമ്മില്‍ രൂഢമൂലമാണ്. കേവലമായ ഒരു പ്രകോപനത്തിലൂടെ അത് പെട്ടെന്ന് പുറത്തുവരും. വളരെ ആദരിക്കപ്പെടുന്ന വ്യക്തികള്‍ പോലും അതില്‍ ഉത്തേജിതരായി ബാര്‍ബേറിയന്‍മാരെ പോലെ പെരുമാറും. ഇന്ത്യയ്ക്ക് പ്രതീക്ഷ മതേതര രാഷ്ട്രീയത്തില്‍ മാത്രമാണ്. ഏതൊരു രൂപത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയവും ഒരു സംസ്‌കാരത്തിന്റെ തന്നെ ഉന്മൂലനത്തില്‍ ആയിരിക്കും പര്യവസാനിക്കുക.”
ജനാധിപത്യവത്കരണം എന്നത് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്. മതം-ആധുനികത, ചര്‍ച്ചകള്‍, സാമൂഹിക പരിണാമങ്ങള്‍, സാമൂഹിക സഹവര്‍ത്തിത്വം, ബഹുസ്വരത എന്നിവയെയും വിവിധ മതസമുദായങ്ങള്‍ പരസ്പരം സഹിഷ്ണുതയില്‍ കഴിയേണ്ട ആവശ്യകതയെയും സംബന്ധിച്ച് നിര്‍ബന്ധമായും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കപ്പെടണം. അവിടെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതമാക്കപ്പെടും. സക്രിയമായ പൗരത്വം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഈ വിഷയങ്ങള്‍ പൊതു ഇടങ്ങളില്‍ സംവദിക്കപ്പെടണം. ഇത്തരം സന്ദര്‍ഭോചിതമായ നയങ്ങളും പദ്ധതികളും ഭരണകൂടം നടപ്പാക്കാതെ വന്നാല്‍ നശിച്ചുപോകുന്നത് ഒരു നാഗരികത തന്നെയാകും.
മണിപ്പൂരില്‍ നിന്നു
സുപ്രധാന പാഠങ്ങള്‍

സംഘ്പരിവാര്‍ ആചാര്യനായ ഗോള്‍വാള്‍ക്കര്‍ എഴുതിയ ‘വിചാരധാര’, ‘നാം, നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്നീ ഗ്രന്ഥങ്ങള്‍ അടുത്ത കാലത്ത് വീണ്ടും വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. മുസ്‌ലിം, ക്രിസ്ത്യന്‍, മാര്‍ക്‌സിസ്റ്റ് എന്നീ മൂന്നു വിഭാഗങ്ങളെ നിങ്ങള്‍ ആഭ്യന്തര ശത്രുക്കളായി കാണണം എന്ന് ഏഴു പതിറ്റാണ്ടു മുമ്പേ ആഹ്വാനം ചെയ്യുന്നുണ്ട് ഈ ഗ്രന്ഥങ്ങള്‍. എന്താണ് ഈ മൂന്നു വിഭാഗക്കാരും ശത്രുക്കളാകാന്‍ കാരണം? ഇസ്‌ലാം സാഹോദര്യത്തിനും നീതിക്കും ഊന്നല്‍ നല്‍കുന്നു. ക്രിസ്തുമതം സ്‌നേഹത്തിനും സമഭാവനയ്ക്കും പ്രാധാന്യം കൊടുക്കുന്നു. മാര്‍ക്‌സ് സോഷ്യലിസം അടിസ്ഥാനമാക്കുന്നു.

മുസ്‌ലിം ഒന്നാമത് വരാന്‍ കാരണം എന്താണ്? ഉത്തരം അവര്‍ ഏറ്റവും വലിയ ന്യൂനപക്ഷമാണ്. ജനസംഖ്യയില്‍ താരതമ്യേന വ്യാപ്തിയുണ്ട്. ക്രിസ്ത്യാനികള്‍, മാര്‍ക്‌സിസ്റ്റുകള്‍ അതില്‍ രണ്ടും മൂന്നും ആയതിനു കാരണം അവരുടെ എണ്ണം താഴെയായതുകൊണ്ടുതന്നെ. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഉണ്ടാകുന്ന വളര്‍ച്ചയെ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്രയധികം പ്രമാദമായ കേസായി മാറിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. മനുഷ്യ സമൂഹത്തെ തട്ടുകളായി തിരിക്കുന്ന, അങ്ങേയറ്റം വിധേയത്വം ആവശ്യപ്പെടുന്ന, അയിത്തം ആചരിക്കേണ്ട ഒരു വ്യവസ്ഥയാണ് ഇതിനെല്ലാം പകരം ഇവിടെ സ്ഥാപിച്ചെടുക്കാന്‍ പദ്ധതിയിട്ടുകൊണ്ടിരിക്കുന്നത്.
ഒരു രാഷ്ട്രത്തിന് അതിന്റെ രാഷ്ട്രനിര്‍മിതി സാധ്യമാകണമെങ്കില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ആധുനിക രാഷ്ട്രീയം എപ്പോഴും രാഷ്ട്രീയ പാഠങ്ങള്‍ക്ക് റഫറന്‍സ് നോക്കുന്നത് യൂറോപ്പിനെയാണ്. അവിടത്തെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് ഇന്ത്യയിലെ വെറുപ്പിന്റെ വക്താക്കള്‍ക്ക് ധാരാളം പഠിക്കാനുണ്ട്. ജ്ഞാനോദയവും നവോത്ഥാനവും ആധുനികതയും രൂപപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെ യൂറോപ്പ് സാഹിത്യത്തിലൂടെയും വാമൊഴിയായും ജൂതരെ അപരവത്കരിച്ചു കായികമായി ക്രമേണ ഇല്ലാതാക്കിക്കൊണ്ടിരുന്നു. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറും വോള്‍ട്ടയറും ഇതില്‍ പങ്കാളിത്തം വഹിച്ചതിന് ചരിത്രം സാക്ഷിയാണ്. പക്ഷേ, അതേ യൂറോപ്പിലാണ് ആധുനിക ജനാധിപത്യ വികസനങ്ങള്‍, ആഗോള മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം ഉണ്ടായത് എന്നതും വാസ്തവം! അങ്ങനെ നിരവധി വൈരുധ്യങ്ങളും വിരോധാഭാസങ്ങളും ആധുനികതയില്‍ ദര്‍ശിക്കാവുന്നതാണ്.
ന്യൂനപക്ഷ വിഭാഗത്തോടുള്ള കടുത്ത മുന്‍ധാരണകളും വെറുപ്പും ചരിത്രത്തില്‍ രക്തപങ്കിലമായ ഏടുകള്‍ തീര്‍ത്ത സാമൂഹിക സാഹചര്യത്തെ ഐലന്‍ പപ്പേ എന്ന ഇസ്രായേലി ചരിത്രകാരന്‍ മുന്നോട്ടുവെക്കുന്നുണ്ട്. 19ാം നൂറ്റാണ്ടിലാണ് ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തിയത്. അധികം താമസിയാതെ സെമിറ്റിക്-ജൂതവിരുദ്ധത റഷ്യയില്‍ ഈ സിദ്ധാന്തത്തിന്റെ പേരില്‍ അരങ്ങേറിയിട്ടുണ്ട്. അഥവാ ‘അതിജീവന ശേഷിയുള്ളത് അതിജീവിക്കുന്നു’ എന്ന ആശയത്തെ റഷ്യയിലെ സാറിസ്റ്റ് ഭരണകൂടം പിന്തുണച്ചു. ‘ജൂതര്‍ യൂറോപ്പിന് കൊള്ളാത്തവരാണ്’ എന്ന് ഭരണകൂടങ്ങള്‍ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് കൂടുതല്‍ സജീവമായിരുന്നത് ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലായിരുന്നു. ജൂതരെ പരമ്പരാഗത ജീവിതം നയിക്കാനോ, ആഗോള സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലോ പങ്കാളിയായി സെമിറ്റിക് വിരുദ്ധത ഇല്ലാതാക്കാനോ ഉള്ള അവസരങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. അഥവാ ജൂതരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കിെല്ലന്ന് മനഃപൂര്‍വം ഉറപ്പിച്ച പോലെയായിരുന്നു 19ാം നൂറ്റാണ്ടില്‍ തന്നെ യൂറോപ്യന്‍ വംശീയതയുടെ ബോധ്യങ്ങള്‍.
രാഷ്ട്രീയക്കാര്‍
എന്ത് ചെയ്യണം?

മതഹിംസാത്മകത ചെറുക്കാന്‍ ഇവിടെ മതേതര രാഷ്ട്രീയത്തിനു മാത്രമേ സാധിക്കൂ. കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിരാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത്. കലാസാംസ്‌കാരികരംഗത്തു നിന്നുകൂടിയുള്ള മതേതര രാഷ്ട്രീയ ബോധവത്കരണവും ജനാധിപത്യ ഇടങ്ങളുമാണ് വളര്‍ത്തിയെടുക്കേണ്ടത്. അതാണ് നൈതികത. സാധാരണ മനുഷ്യര്‍ക്ക് വികാരത്തിന്റെ ഭാഷ്യമേ മനസ്സിലാകൂ. ആ ഭാഷ്യം മനുഷ്യകുലത്തെ ഉന്മൂലനം ചെയ്തുകൊണ്ടായിരിക്കും അവസാനിക്കുക. വിവേകത്തിന്റെ ഭാഷ്യം മനസ്സിലാക്കാന്‍ ഉയര്‍ന്ന ബോധ്യങ്ങള്‍ ഉണ്ടാവണം. അതിന് നിരന്തരമായ സംവാദങ്ങള്‍ വേണം. മുസ്‌ലിം സമുദായത്തില്‍ നിന്നുമുള്ള രാഷ്ട്രീയക്കാര്‍ ഈ നിലപാടുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. പ്രകോപനപരമായ മുദ്രാവാക്യമോ ശൈലിയോ ഒരു ഘട്ടത്തിലും ഭൂഷണമല്ല.
ഓക്‌സ്ഫഡ്-പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായിരുന്ന പ്രതാപ് ഭാനു മേത്തയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക: ”കേവലമൊരു സംഭവത്തിന്റെ നിമിത്തം പോലും സംഘ്പരിവാറിന് മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കുന്നതിന് കാരണമാകും. ഗോധ്രയില്‍ ‘നിയമവിധേയ’മായി നടന്ന പ്രതികാരം/ തിരിച്ചടി എത്ര അപരിഷ്‌കൃതമായിരുന്നാലും അടുത്ത ഒരു സംഭവത്തിന് സജീവമായി കാത്തുനില്‍ക്കുകയാണവര്‍. സംഘ്പരിവാറിന് മുസ്‌ലിം വിരുദ്ധ ഹിംസ ആരംഭിക്കാന്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുള്ള ഒരു മിലിറ്റന്‍സി അല്ലെങ്കില്‍ ഒരു സമാന സംഭവം ആഗ്രഹിക്കുന്നു. അവര്‍ മുസ്‌ലിംകളെ പരമാവധി നിരാശയിലേക്ക് എത്തിക്കാനും ആഗ്രഹിക്കുന്നു. (അങ്ങനെ നിരാശയിലെത്തുന്നവര്‍ ദാരുണമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുമെന്നാണ് മനഃശാസ്ത്രപരമായ മറ്റൊരു സത്യം). അത്തരം സാഹചര്യം ആ സമൂഹത്തെ ആത്മനിയന്ത്രണവും സംയമനം പാലിക്കുന്നവരുമാക്കേണ്ടതാണ്- ഇതൊരു രാഷ്ട്രീയ പരാജയമാണെന്ന് കരുതാന്‍ പാടില്ല. സന്ദര്‍ഭോചിതമായ രാഷ്ട്രീയ നിലപാടാണ്.
മഹാത്മാ ഗാന്ധിഅഹിംസയ്ക്കാണ് തന്റെ പോരാട്ടത്തില്‍ മുഖ്യ പരിഗണന കൊടുത്തത്. അതില്‍ ബ്രിട്ടീഷ് അധികാരികള്‍ ധാര്‍മികമായി പരാജയപ്പെട്ടു എന്നതാണ് സത്യം. ഗാന്ധി ധാര്‍മികമായി വിജയം നേടി. അതുകൊണ്ടാണ് ഗാന്ധി ഇന്നും അനുസ്മരിക്കപ്പെടുന്നത്. ഗാന്ധിജിയെയും കൂട്ടരെയും ആക്രമിച്ചവരെ ഇന്ന് ചരിത്രത്തില്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ബ്രിട്ടീഷുകാരെങ്കിലും? ഇല്ല എന്നതല്ലേ സത്യം? ഹിംസയുടെ വക്താക്കള്‍ ഇന്നും ഗാന്ധിജിയെ പ്രതീകാത്മകമായി വധിക്കുന്നതും അതുകൊണ്ടുതന്നെ. ഗാന്ധി ഹിംസയുടെ മാര്‍ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ ചരിത്രത്തില്‍ ചെറിയൊരു അപ്രസക്ത രാഷ്ട്രീയക്കാരനായി ഗാന്ധിയെ മാറ്റാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞേനെ.
ഹതാശരാക്കാനുള്ള തന്ത്രങ്ങള്‍ക്ക് വിധേയരാകാതെ ആത്മവീര്യം നിലനിര്‍ത്തുകയാണ് ഇപ്പോള്‍ വേണ്ടത്. ഇപ്പോഴത്തെ ഈ പ്രതിസന്ധികള്‍ ഒന്നിന്റെയും ആരംഭമോ അവസാനമോ അല്ല. ചരിത്രത്തിലെ ഒരു ദുരവസ്ഥയാണത്. ഇതിനെയും മറികടക്കാന്‍ നിമിത്തങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ ബോധവത്കരണങ്ങളോ പ്രതിഷേധങ്ങളോ റദ്ദാക്കണമെന്ന് അതുകൊണ്ട് അര്‍ഥമില്ല.
ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള നീതിയുടെ സംസ്ഥാപനത്തിനായുള്ള മുന്നേറ്റം തുടരുന്നതിന് ഈ ഡിജിറ്റല്‍ യുഗത്തില്‍ ലോകത്തെ ജനാധിപത്യ വിശ്വാസികളുടെ പിന്തുണയുണ്ടാവുമെന്ന് ഉറപ്പാണ്. അതിന് മാതൃകാപരമായ സാമൂഹിക ജീവിതവും ബഹുസ്വരതയെ പരിപോഷിപ്പിക്കുന്ന സംസ്‌കാരവുമാണ് വേണ്ടത്.
മുസ്‌ലിം ലീഗ് കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി നിലകൊള്ളുന്നത് സാമുദായിക കക്ഷിയായിട്ടാണെങ്കിലും അതിന്റെ സഹിഷ്ണുത മതേതര മനോഭാവങ്ങള്‍ കൊണ്ടാണെന്ന് ചരിത്രകാരന്‍ എം ഗംഗാധരന്‍ എഴുതിയിട്ടുണ്ട്. ആ ഗുണങ്ങളുടെ തകര്‍ച്ച ലീഗിന്റെയും സാമുദായിക സമാധാന സങ്കല്‍പങ്ങളുടെയും തകര്‍ച്ച തന്നെയായിരിക്കും. ന്യൂനപക്ഷ സമുദായത്തിന്റെ വളരെ കുറഞ്ഞ തോതിലുള്ള സാമൂഹിക വികസന പദ്ധതികളെ പോലും മുസ്‌ലിം പ്രീണനം എന്ന വ്യവഹാരം ഉയര്‍ത്തി പൈശാചികവത്കരിക്കുന്ന ഒരു പ്രകൃതം വളരെ സ്പഷ്ടമായ രൂപത്തില്‍ ഇവിടത്തെ പൊതുബോധത്തിലുണ്ട്. (ഉദാ: സംവരണത്തോടുള്ള, സച്ചാര്‍ റിപോര്‍ട്ടിനോടുള്ള എതിര്‍പ്പുകള്‍).
ശരീഅത്ത് നിയമ പരിഷ്‌കരണം എതിര്‍ക്കുന്ന സകല മുസ്‌ലിം വ്യവഹാരങ്ങളും ഷാബാനു കേസിലെ വിധിയെ ഇന്നും തള്ളിപ്പറയുന്നത് മറ്റൊരു ഉദാഹരണമാണ്. വിവാഹമോചനം നേടിയ, പുനര്‍വിവാഹം സാധ്യമല്ലാത്ത സ്ത്രീകളുടെ സംരക്ഷണം പിന്നെ ആര് നിര്‍വഹിക്കും എന്നത് നൈതികമായ ഒരു ചോദ്യമാണ്. അതിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.