നാട് കത്തിക്കുന്ന വര്‍ഗീയ കാര്‍ഡുകള്‍
കെ വി നദീര്‍
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും ഹീനമായ വര്‍ഗീയ പ്രചാരണത്തിനാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. അതിനു നേതൃത്വം നല്‍കിയത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. പച്ചക്ക് വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നുവെന്ന അപഖ്യാതിക്കൊപ്പമായിരിക്കും ജനാധിപത്യത്തില്‍ ബിജെപിയുടെയും അതിനു നേതൃത്വം കൊടുത്ത നരേന്ദ്ര മോദിയുടെയും സ്ഥാനം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തില്‍ മോദി ഗ്യാരന്റി പറഞ്ഞുതുടങ്ങിയവര്‍ പൊടുന്നനെ മതത്തിലേക്കും വിദ്വേഷ വിഷയങ്ങളിലേക്കും വഴിമാറുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പിന്നിട്ടപ്പോള്‍ കാറ്റ് അനുകൂലമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വര്‍ഗീയ പ്രചാരണത്തിലേക്കുള്ള ചുവടുമാറ്റം. പത്തു വര്‍ഷത്തെ ഭരണത്തില്‍ ജനക്ഷേമകരമായ ഒന്നും ഉയര്‍ത്തിക്കാട്ടാനില്ലെന്ന ബോധ്യത്തില്‍ നിന്നായിരുന്നു വംശീയ അധിക്ഷേപത്തിലൂന്നിയുള്ള പ്രചാരണ രീതിയിലേക്ക് മാറിയത്.
മഹാരാഷ്ട്രയിലെ നാസികില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിനിടെ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ പ്രധാനമന്ത്രി പ്രതിരോധിച്ചത് ജയ് ശ്രീറാം മുഴക്കിയായിരുന്നു. ഉള്ളിയുടെ കയറ്റുമതി വിലയുമായി ബന്ധപ്പെട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. അതിനെ പ്രതിരോധിച്ചതാകട്ടെ മന്ത്രധ്വനികളിലൂടെ. ജയ് ശ്രീറാം വിളിയുടെ രാഷ്ട്രീയത്തെ മറയില്ലാതെ പ്രകടമാക്കുന്നതായിരുന്നു നാസികിലെ വേദി. വികസനവും ജനക്ഷേമവും മാത്രം പറഞ്ഞ് തിരഞ്ഞെടുപ്പു മഹായുദ്ധത്തെ നേരിടാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് നെറികെട്ട വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളിലേക്കുള്ള യൂടേണ്‍. 400 പ്ലസ് എന്ന കാമ്പയിന്‍ തന്നെ അവര്‍ മറന്നിരിക്കുന്നു. മുസ്‌ലിമും ഹിന്ദുവുമാണ് പ്രചാരണ യോഗങ്ങളില്‍ നിറയുന്ന വാക്കുകള്‍.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്നും 2028 ഓടെ നമ്മുടെ രാജ്യത്തെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നുമാണ് മോദിയുടെ മാനിഫെസ്റ്റോ. ഇത് ഉയര്‍ത്തിപ്പിടിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത്. മോദിക്കും കേന്ദ്ര സര്‍ക്കാരിനും റാന്‍ മൂളുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും സെലിബ്രിറ്റികളും ഇത് ഉയര്‍ത്തിപ്പിടിച്ചാണ് തുടര്‍ഭരണത്തിനായി സ്‌പോക്‌സ്മാന്‍ സ്ഥാനം സ്വയം ഏറ്റത്. ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് തിരിച്ചറിയുകയും, ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്ത മോദിയും കൂട്ടരും മുസ്‌ലിം വിരുദ്ധതയെന്ന തുറുപ്പുഗുലാന്‍ പുറത്തെടുക്കുകയായിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമവും തിരഞ്ഞെടുപ്പ് ഗോദയില്‍ വിലപ്പോവില്ലെന്ന് നേരത്തെ നിശ്ചയമുണ്ടായിരുന്നു. അതില്‍ നിന്നാണ് 2004ലെ ഇന്ത്യ ഷൈനിങിനു സമാനമായി മോദി ഗ്യാരന്റി പ്രചാരണ മുദ്രാവാക്യമാക്കിയത്. പത്ത് വര്‍ഷത്തെ വാഗ്ദാന പെരുമഴയുടെ ലംഘനത്തില്‍ മൊഞ്ചുള്ള മുദ്രാവാക്യങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലെന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പിനു ശേഷം ബിജെപി തിരിച്ചറിഞ്ഞു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും കര്‍ഷക ദ്രോഹവും സാമ്പത്തിക അസമത്വവും പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതിനെയെല്ലാം നിലംപരിശാക്കാനുള്ള മോദിയുടെയും സംഘത്തിന്റെയും വജ്രായുധമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം.
എന്നാല്‍ പ്രതീക്ഷിച്ചതുപോലെ രാമക്ഷേത്രം ഒരു വിഭാഗം ഹിന്ദുക്കളില്‍ പ്രതിഫലനമൊന്നും ഉണ്ടാക്കുന്നില്ലെന്ന് അവര്‍ക്ക് മനസ്സിലായി. ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അടക്കം വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞുവെന്ന റിപോര്‍ട്ട് പുറത്തുവന്നപ്പോഴാണ് രാമക്ഷേത്രം മുസ്ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാനുള്ള തുറുപ്പുചീട്ടായി മാറിയിട്ടില്ല എന്ന യാഥാര്‍ഥ്യം സംഘ്പരിവാര്‍ മനസ്സിലാക്കിയത്. അതോടെയാണ് ഹിന്ദു-മുസ്‌ലിം വിഭജനം ലക്ഷ്യമിട്ട് മോദി തന്നെ രംഗത്തിറങ്ങിയത്.
”നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് വിഭജിച്ചുനല്‍കിയാല്‍ അത് അംഗീകരിക്കാനാകുമോ? കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അതാണ് നടക്കാന്‍ പോകുന്നത്.” മുസ്‌ലിം സമുദായത്തിനെതിരെ അങ്ങേയറ്റം വിഷം പുരണ്ട ഈ വാക്കുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മുസ്‌ലിം സമുദായത്തെ ലൈംഗികദാഹികളും മറ്റുള്ളവരേക്കാള്‍ കുട്ടികള്‍ ജനിപ്പിക്കുന്ന വിഭാഗക്കാരുമാക്കിയാണ് അവതരിപ്പിച്ചത്.
ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളായ അമ്മമാരുടെയും സഹോദരിമാരുടെയും മംഗല്യസൂത്രം പോലും സര്‍ക്കാര്‍ പിടിച്ചെടുത്ത് മുസ്‌ലിംകള്‍ക്ക് കൊടുക്കുമെന്നുവരെ പറഞ്ഞുകളഞ്ഞു. ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ ഹിന്ദുക്കളെ പിടിച്ച് ജയിലില്‍ അടയ്ക്കുന്ന സര്‍ക്കാരായിരിക്കും ഇന്‍ഡ്യാ ചേരിയുടേതെന്ന അപവാദ പ്രചാരണമായിരുന്നു അടുത്തത്. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഒബിസി വിഭാഗങ്ങളും അനുഭവിക്കുന്ന സംവരണം തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കാനാണ് ഇന്‍ഡ്യാ ചേരി ജാതി സര്‍വേ നടത്തുന്നതെന്നായിരുന്നു പിന്നീട് ആ നാവില്‍ നിന്നു വന്നത്. അധികാരത്തിലെത്താനും അധികാരത്തില്‍ തുടരാനും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പുറത്തെടുത്ത മുസ്‌ലിം വിരുദ്ധ വര്‍ഗീയ കാര്‍ഡാണ് പൊടി തട്ടി പുറത്തെടുത്തിരിക്കുന്നത്. പച്ചക്കള്ളവും തെറ്റിദ്ധരിപ്പിക്കലുമാണ് അതിനായി കൂടെ കൂട്ടിയിരിക്കുന്നത്.
ഇന്ത്യയിലെ വിഭവങ്ങളുടെ ആദ്യ അവകാശം പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസംഗത്തില്‍ പറഞ്ഞതിനെ യാതൊരു ഉളുപ്പുമില്ലാതെ വക്രീകരിച്ചാണ് മോദി അവതരിപ്പിച്ചത്. രാജ്യത്തിന്റെ വിഭവങ്ങള്‍ മുസ്‌ലിംകള്‍ക്ക് വിതരണം ചെയ്യുമെന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞതെന്നായിരുന്നു മോദി പ്രചരിപ്പിച്ചത്. എല്ലാവരും വോട്ടു ചെയ്തു കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചാല്‍ ഇന്ത്യയിലെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് വീതം വെക്കുമെന്നും, ഒരുവേള ഹിന്ദു സ്ത്രീകളെ മുസ്‌ലിം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്നും അദ്ദേഹം തട്ടിവിട്ടു. ഒരു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്ത വാക്കുകളായിരുന്നു ഇത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നു വരെ തട്ടിവിട്ടു. അത്യന്തം വിഷലിപ്തമായ പ്രചാരണങ്ങള്‍ മോദിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. അമിത്ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും ഇത് ഏറ്റെടുത്തു. താഴേത്തട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ ഇത് ആവര്‍ത്തിച്ചു. ആയിരക്കണക്കിന് സംഘ്പരിവാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഗ്രാമാന്തരങ്ങളിലെ വീടുകളിലേക്കു വരെയെത്തി.
നുണയില്‍ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷകലുഷിതമായ ഒരന്തരീക്ഷത്തില്‍ ഭൂരിപക്ഷ ജനവിഭാഗം അപരമതവിദ്വേഷത്തില്‍ ജ്വലിച്ചുനില്‍ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്താല്‍ മാത്രമേ തങ്ങള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന കടമ്പ കടക്കാനാവൂ എന്ന മാനസികാവസ്ഥയിലാണ് ഇക്കൂട്ടരുള്ളത്. പ്രചാരണരംഗത്തെ പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണിതെന്ന് തിരിച്ചറിയാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല.
എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് ഒരു ചെറുവിരലനക്കം പോലും ഉണ്ടാകുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിന്ദു, ജയ് ഭവാനി എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ഉദ്ധവ് താക്കറെക്കെതിരെ നോട്ടീസയച്ച തിരഞ്ഞെടുപ്പ് കമ്മീഷനാണിത്. പ്രതിപക്ഷ നേതാക്കളുടെ വായില്‍ നിന്നു വരുന്ന വാക്കും അക്ഷരവും നോക്കി വടിയെടുക്കുന്ന കമ്മീഷന്‍ മോദിയുടെ കാര്യത്തില്‍ അന്ധവും ബധിരവുമാവുകയാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കുമുള്ള സംവരണാനുകൂല്യം അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന സംഘ്പരിവാര്‍ ഇപ്പോള്‍ ആ വിഭാഗങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സംവരണം മുസ്‌ലിംകള്‍ക്ക് മറിച്ചുനല്‍കാനാണ് ഇന്‍ഡ്യാ ചേരി ജാതി സര്‍വേ നടത്തുന്നതെന്ന പരിഹാസ്യമായ പ്രചാരണമാണ് നടത്തുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഒബിസി സംവരണം നടപ്പാക്കുന്നതിനെതിരെ സവര്‍ണ വിദ്യാര്‍ഥികളെ അണിനിരത്തി കലാപത്തിനു നേതൃത്വം നല്‍കിയ ബിജെപി ഇപ്പോള്‍ സംവരണത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണ്.
ഇത്രയുമൊക്കെ പറഞ്ഞ ശേഷം മോദി വിശദീകരണമായി പങ്കുവെച്ചത് താന്‍ മുസ്ലിംകള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുസ്‌ലിംകള്‍ക്കെതിരെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മായ്ക്കപ്പെടാത്തവയായി നിലനില്‍ക്കെ ലോകം കേട്ട കാര്യങ്ങള്‍ പറഞ്ഞില്ലെന്ന് പറഞ്ഞാലും അതൊരു അതിശയോക്തിയാകില്ല. ഈ തിരഞ്ഞെടുപ്പു രാജ്യത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാകുന്നത് എന്തുകൊണ്ടാണെന്നത് പ്രചാരണരംഗത്തുനിന്ന് വമിക്കപ്പെടുന്ന ഓരോ വിഷലിപ്ത പ്രസ്താവനകളിലുമുണ്ട്.