വഖ്ഫ്: സ്ഥായിയായ ദാനധര്‍മം
ശംസുദ്ദീന്‍ പാലക്കോട്
നമുക്ക് ഇഷ്ടപ്പെട്ടതും ആവശ്യമുള്ളതുമായ വസ്തുക്കള്‍ അല്ലാഹുവിന്റെ പ്രീതിയും പരലോകത്തെ പ്രതിഫലവും മാത്രം കാംക്ഷിച്ച് സാമൂഹികക്ഷേമ മാര്‍ഗത്തില്‍ വ്യക്തിഗതമായോ സംഘടിതമായോ ചെലവഴിക്കുന്നതിനാണ് ദാനധര്‍മം എന്ന് പറയുന്നത്. സ്വദഖ എന്ന വിശാലാര്‍ഥമുള്ള ഒരു പൊതുപദമാണ് ഇസ്ലാം ഈ ആശയത്തെ പ്രകാശിപ്പിക്കാന്‍ ഉപയോഗിച്ചത്. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക’ എന്ന ആഹ്വാനത്തോടെ വിശുദ്ധ ഖുര്‍ആനില്‍ വര്‍ധിതമായ രൂപത്തില്‍ ദാനധര്‍മത്തെ പരാമര്‍ശിച്ചതായി കാണാം. ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും (അതിന്റെ പ്രതിഫലം) നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കപ്പെടും. നിങ്ങളോട് അന്യായം ചെയ്യപ്പെടുകയില്ല.” (അന്‍ഫാല്‍ 60)
”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴ് കതിരുകളെ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറുവീതം ധാന്യമണികള്‍! അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഇരട്ടിപ്പിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും വിശാലതയുള്ളവനുമാകുന്നു.” (അല്‍ബഖറ 261). അല്‍ബഖറ 265,267,270,271, ആലു ഇംറാന്‍ 92, ഹദീദ് 10, തൗബ 24 തുടങ്ങിയ വചനങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ദാനധര്‍മം രണ്ട് വിധം
ദാനധര്‍മം രണ്ട് വിധമുണ്ട്. ഒന്ന് താല്‍ക്കാലികാശ്വാസം മാത്രം നല്‍കുന്ന ദാനധര്‍മം. മറ്റൊന്ന് സ്ഥായിയായതോ ദീര്‍ഘകാലം നിലനില്‍ക്കുന്നതോ ഉപഭോക്താവിന് വര്‍ധിതമായ പ്രയോജനം ലഭിക്കുന്നതോ ആയ ദാനധര്‍മം. വഖ്ഫ് രണ്ടാമത് പറഞ്ഞ ഗണത്തിലാണ് പെടുക. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: വിശന്നു വലഞ്ഞ ഒരു സാധുവിന് വിശപ്പ് മാറുന്ന വിധത്തില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കുന്നത് സ്വദഖയാണ്. ഇതിന് പ്രതിഫലമുണ്ടാകുമെങ്കിലും ഇത് ഒരു താല്‍ക്കാലികാശ്വാസം മാത്രമാണ്. നാളെ വീണ്ടും അയാള്‍ക്ക് വിശപ്പനുഭവപ്പെടുമ്പോള്‍ അയാള്‍ വീണ്ടും യാചിക്കുകയോ മറ്റുള്ളവരെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും.
എന്നാല്‍ യാചിച്ചും മറ്റുള്ളവരെ ആശ്രയിച്ചും മാത്രം ജീവിക്കുന്ന ഒരു സാധുവിനെ കണ്ടെത്തി അയാള്‍ക്കും കുടുംബത്തിനും പരാശ്രയമില്ലാതെ ജീവിക്കാനാവശ്യമായ ഒരു കൃഷിയിടമോ വരുമാനമുള്ള ഒരു കടയോ വാഹനമോ ദാനം ചെയ്യുകയും അതിലൂടെ അയാളെയും കുടുംബത്തെയും സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആ സ്വത്ത് അയാളുടെ പേരില്‍ അല്ലാഹുവിന് വഖ്ഫ് ചെയ്യുകയാണെങ്കില്‍ അത് സ്ഥായിയായ ദാനധര്‍മമാണ്. അത് അല്ലാഹുവിന് വഖ്ഫുമാണ്. വഖ്ഫ് ചെയ്തയാള്‍ (വാഖിഫ്) മരണപ്പെട്ടാലും ആ ദാനധര്‍മത്തിന്റെ ഗുണഭോക്താക്കള്‍ അതില്‍ നിന്ന് ഗുണമനുഭവിച്ചു കൊണ്ടേയിരിക്കും. ഈ അവസ്ഥ നിലനില്‍ക്കുവോളം മരണപ്പെട്ട വാഖിഫിന് ആ സ്ഥായിയായ ദാനധര്‍മത്തിന്റെ പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും.
വഖ്ഫ് സ്ഥായിയായ ദാനധര്‍മമാണ്. ഹദീസില്‍ വന്നിട്ടുള്ള സ്വദഖത്തുന്‍ ജാരിയ എന്ന വിഭാഗത്തിലാണ് വഖ്ഫ് ഉള്‍പ്പെടുക. ”മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങള്‍ മുറിഞ്ഞു. (അഥവാ കര്‍മങ്ങള്‍ ചെയ്യാനുള്ള അവസരം അവസാനിച്ചു.) മൂന്ന് കാര്യങ്ങള്‍ ഒഴികെ. സ്ഥായിയായ ദാനധര്‍മം, പ്രയോജനകരമായ വിജ്ഞാനം, മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സന്താനം എന്നിവയാണാ മൂന്ന് കാര്യങ്ങള്‍.” ഈ നബി വചനം മുസ്ലിം, തിര്‍മിദി തുടങ്ങിയ പ്രധാന ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഉദ്ധരിക്കപ്പെട്ടതാണ്.
ഹദീസിലെ സ്വദഖത്തുന്‍ ജാരിയ എന്ന പദത്തിന് ‘ഒഴുകുന്ന ദാനം’ എന്നാണ് പദാനുപദ പരിഭാഷ. സ്ഥായിയായ, ദീര്‍ഘകാല പ്രയോജനക്ഷമതയുള്ള ദാനധര്‍മമാണ് ഇതുകൊണ്ടുദ്ദേശ്യം. പള്ളി നിര്‍മിച്ചു നല്‍കുക, പള്ളിയില്‍ മുസ്ഹഫ് സംഭാവന ചെയ്യുക, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിലേക്കായി സ്‌കോളര്‍ഷിപ്പും മറ്റും നല്‍കാന്‍ നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം സ്ഥിരമായി മാറ്റിവെക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്യുക തുടങ്ങിയ ബഹുമുഖ രൂപങ്ങള്‍ സ്ഥായിയായ ദാനധര്‍മത്തിന് അഥവാ വഖ്ഫിന് ഉദാഹരണമായി പറയാം.
വഖ്ഫിന്റെ നിബന്ധനകള്‍
സ്വന്തം ഉടമസ്ഥതയിലുള്ളതും അനുവദനീയ സമ്പാദ്യങ്ങളില്‍ പെട്ടതുമായ വസ്തു വഹകള്‍ മാത്രമേ വഖ്ഫ് ചെയ്യാവൂ. സ്വമനസ്സാലെയും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചും കൊണ്ടുമായിരിക്കണം വഖ്ഫ് ചെയ്യേണ്ടത്. വഖ്ഫ് ചെയ്യുന്നത് എന്താണെന്നും എത്രയാണെന്നും എന്തിന് വേണ്ടിയാണെന്നും വഖ്ഫ് ചെയ്യുന്നയാള്‍ (വാഖിഫ്) വ്യക്തത വരുത്തണം. വഖ്ഫ് സ്വത്ത് വില്‍ക്കാനോ ദാനം ചെയ്യാനോ അനന്തരാവകാശ സ്വത്തായി കൈമാറ്റം ചെയ്യപ്പെടാനോ പാടില്ല. വഖ്ഫ് സ്വത്ത് കവര്‍ന്നെടുക്കപ്പെടുകയും ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്ലായ്മയാല്‍ അന്യാധീനപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ശുഭ സൂചനയല്ല. അമാനത്തില്‍ വരുത്തുന്ന ഗുരുതര വീഴ്ചയാണിത്തരം പ്രവണതയെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവിന്റെ പേരില്‍ സ്ഥായിയായ ദാനമായി നല്‍കപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്നതും അശ്രദ്ധ മൂലമോ മറ്റോ അന്യാധീനപ്പെട്ടു പോകുന്നതും വിശ്വാസി സമൂഹം ഗൗരവമായി കാണണം. ഉപയോഗക്ഷമമായതും ഉപകാരപ്പെടുന്നതുമായിരിക്കണം വഖ്ഫ് ചെയ്യേണ്ടത്. നാം മരണപ്പെട്ടാലും നമുക്ക് പ്രതിഫലാര്‍ഹമായി പരിഗണിച്ചുകൊണ്ടേയിരിക്കുന്ന സ്ഥായിയായ ദാനധര്‍മത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ സമീപിക്കണം.
ചില വഖ്ഫ് മാതൃകകള്‍
മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ പ്രവാചകന്‍(സ) ബനുന്നജ്ജാര്‍ ഗോത്രത്തിലെ ചിലര്‍ നല്‍കിയ സ്ഥലത്താണ് പള്ളി (മസ്ജിദുന്നബവി) നിര്‍മിച്ചത്. നബി(സ) ആ സ്ഥലത്തിന്റെ ഉടമകള്‍ക്ക് അതിന്റെ വില നല്‍കാന്‍ തയ്യാറായിരുന്നുവെങ്കിലും പള്ളി നിര്‍മാണത്തിനാണെന്നറിഞ്ഞപ്പോള്‍ അവര്‍ വില സ്വീകരിക്കാതെ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്തതായി പ്രവാചകനെ അറിയിച്ചു. അവര്‍ ഇപ്രകാരം പറയുകയും ചെയ്തു: ”അല്ലാഹുവാണ് സത്യം, ഞങ്ങള്‍ അതിന് വില കാംക്ഷിക്കുന്നില്ല, അല്ലാഹുവില്‍ നിന്നല്ലാതെ.” ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട ആദ്യത്തെ വഖ്ഫ് ആയി ഇത് വിലയിരുത്തപ്പെടുന്നു.
മറ്റൊരു സംഭവം ഉസ്മാനുമായി(റ) ബന്ധപ്പെട്ടതാണ്. ബനൂ ഗഫാര്‍ ഗോത്രക്കാരനായ ഒരാളുടെ ഉടമസ്ഥതയില്‍ ഒരു കിണറുണ്ടായിരുന്നു. ക്ഷാമകാലത്ത് ജനങ്ങള്‍ കുടിവെള്ള ലഭ്യതക്ക് ഈ കിണറിനെയാണ് അവലംബിച്ചിരുന്നത്. എന്നാല്‍ തന്റെ കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് അയാള്‍ ജനങ്ങളില്‍ നിന്ന് പ്രതിഫലം ഈടാക്കിയിരുന്നു. ഇത് പാവപ്പെട്ട ജനവിഭാഗത്തിന് പ്രയാസമാകുന്നതും കിണറിന്റെ ഉടമ വെള്ളം വിറ്റ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ഉസ്മാന്റെ(റ) ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം കിണറുടമയെ സമീപിച്ച് കിണര്‍ വില്‍ക്കുന്നോ എന്നാരാഞ്ഞു. അയാള്‍ വലിയ വില പറഞ്ഞ് അതിന് തയ്യാറായി. അങ്ങനെ 35,000 ദിര്‍ഹം കൊടുത്ത് ഉസ്മാന്‍(റ) അത് വാങ്ങുകയും പൊതുകിണറായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുകയും ചെയ്തു. അഥവാ ആ കിണര്‍ അദ്ദേഹം അല്ലാഹുവിന് വഖ്ഫ് ചെയ്തു.
അബൂത്വല്‍ഹ സ്വഹാബികളില്‍ എണ്ണപ്പെട്ട ഒരു ധനാഢ്യനായിരുന്നു. ധാരാളം ഫലസമൃദ്ധമായ തോട്ടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത് നല്ല ഫലസമൃദ്ധിയുമുള്ള ബൈറുഹാഅ എന്ന തോട്ടമായിരുന്നു. ”നിങ്ങള്‍ക്കിഷ്ടപ്പെട്ടത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ പുണ്യം നേടിയവരാകുകയില്ല” (ആലുഇംറാന്‍ 92) എന്ന പരാമര്‍ശം അദ്ദേഹത്തിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചു. തനിക്കേറ്റവും ഇഷ്ടപ്പെട്ടത് ബൈറുഹാഅ എന്ന തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ വിവരം പ്രവാചകനെ അറിയിച്ചപ്പോള്‍ പ്രവാചകന്‍ അങ്ങേയറ്റം സന്തോഷിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇതും വഖ്ഫിന്റെ മനോഹരമായ ഉദാഹരണമായാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിച്ചത്. സ്വഹാബികളുടെ ജീവിതത്തിലും തുടര്‍ന്നുവന്ന ഇസ്ലാമിക ചരിത്രത്തിലും ഇത് പോലെയുള്ള വഖ്ഫിന്റെ മനോഹരമായ ധാരാളം ഉദാഹരണങ്ങള്‍ കാണാം.
വഖ്ഫ് സ്വത്തിന്റെ സംരക്ഷണം
പള്ളികള്‍ പരിപാലിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ പറ്റി വിശുദ്ധ ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം വിശ്വാസി സമൂഹത്തെ ഉല്‍ബോധിപ്പിക്കുന്നുണ്ട്. ”തീര്‍ച്ചയായും അല്ലാഹുവിന്റെ ഭവനങ്ങള്‍ പരിപാലിക്കുക അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മാത്രമായിരിക്കണം. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയും സകാത്ത് കൊടുത്ത് വീട്ടുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാത്തവരുമായിരിക്കും അവര്‍. അങ്ങനെ അവര്‍ സന്മാര്‍ഗം പ്രാപിച്ചവരില്‍ പെട്ടവരായിരിക്കും.” (തൗബ 18)
വഖ്ഫ് സ്വത്തുക്കള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, അനാഥ- അഗതി സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ ബഹുമുഖമായ മതകീയ ലക്ഷ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് അധികവും നിര്‍വഹിക്കപ്പെടുക എന്നത് ഒരു വസ്തുതയാണ്. പവിത്രതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും പരലോക വിചാരണയിലുള്ള ഭയത്തോടെയുമാണ് അത് കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ അതിന്റെ നടത്തിപ്പും പരിപാലനവും ഭരണ നിര്‍വഹണവും അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവരും മതനിഷ്ഠ പുലര്‍ത്തുന്നവരുമായിരിക്കണം എന്ന കാര്യം വ്യക്തമാണ്.
എന്നാല്‍ കേവല മത നാമധാരികളും മതാനുഷ്ഠാനങ്ങളില്‍ നിഷ്ഠയില്ലാത്തവരും പള്ളികമ്മിറ്റി ഭാരവാഹികളായി വരുന്ന വിപരീതാവസ്ഥ അത്യപൂര്‍വമായെങ്കിലും ഉണ്ടാകാറുണ്ട്. അതേ പോലെ വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നവരിലും പരിപാലിക്കുന്നവരിലും മതാവബോധം കുറഞ്ഞ കേവല മതനാമധാരികളും മതനിഷ്ഠ പാലിക്കാത്തവരും ഉണ്ടാവുന്നത് കൊണ്ടാണ് വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും വഴിമാറ്റപ്പെടുകയും കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്.
ചിലപ്പോള്‍ അധികാരവും സ്വാധീനവുമുപയോഗിച്ച് വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുത്ത് വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യത്തെ തൃണവല്‍ഗണിച്ചു മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന ഉദാഹരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും നാം കാണുന്നു! ഇതെല്ലാം വിശ്വാസി സമൂഹത്തെ ആശങ്കയിലാക്കുന്ന അരുതായ്മകളാണെന്ന കാര്യത്തില്‍ സംശയമില്ല.
അതിനാല്‍ പൂര്‍ണമായും മതാഭിമുഖ്യമുള്ള വഖ്ഫ് സ്വത്തുക്കള്‍ മതാഭിമുഖ്യമുള്ള, ആത്മാര്‍ഥതയും ഉത്തരവാദിത്തബോധവും ദൈവഭയവുമുള്ള വിശ്വാസി സമൂഹം തന്നെ നിര്‍വഹിക്കുന്നതാണ് അഭികാമ്യം. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും ഈ മാനദണ്ഡം പരിഗണിക്കല്‍ അനിവാര്യമാണെന്ന് യഥാര്‍ഥ വിശ്വാസികള്‍ കരുതുന്നതും പറയുന്നതും അത് കൊണ്ട് തന്നെയാണ്.
മരണം വരും മുമ്പ്’
അല്ലാഹു നല്‍കിയ സമ്പത്ത് മരണം വരും മുമ്പ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചുള്ള ആഹ്വാനം കാണാം. മുനാഫിഖൂന്‍ 10,11, ഹദീദ് 10 തുടങ്ങിയ വചനങ്ങള്‍ ഉദാഹരണം. ദൈവപ്രീതി കാംക്ഷിച്ച് ജീവിത കാലത്ത് നാം ചെയ്യുന്ന ദാനധര്‍മത്തിന് 700 മടങ്ങ് വരെ പ്രതിഫലം ലഭിക്കുമെന്ന് ഒരു വിത്തിന്റെയും ഏഴ് നെല്‍ക്കതിരുകളുടെയും ഉപമ പറഞ്ഞ് സൂറത്തുല്‍ ബഖറയില്‍ വന്ന സൂക്തവും ശ്രദ്ധേയം. അതിനാല്‍ ആവശ്യക്കാര്‍ക്ക് താല്‍ക്കാലികാശ്വാസമായ സാധാരണ ദാനധര്‍മം (സ്വദഖ) മുതല്‍ ആവശ്യക്കാര്‍ക്ക് ദീര്‍ഘകാല പ്രയോജനം ലഭിക്കുന്ന വഖ്ഫ് പോലെയുള്ള സ്ഥായിയായ ദാനധര്‍മം (സ്വദഖതുന്‍ ജാരിയ) വരെയുള്ള സാമൂഹിക ക്ഷേമാധിഷ്ഠിതമായ ബഹുമുഖമായ ദാനധര്‍മത്തിന് വിശ്വാസികള്‍ ഉത്സുകരാകേണ്ടതാണ്. അത്തരം ദാനധര്‍മങ്ങളുടെ നടത്തിപ്പും സംരക്ഷണവും വിശ്വാസി സമൂഹത്തിന്റെ ബാധ്യതയുമാണ്.