9 Sunday
March 2025
2025 March 9
1446 Ramadân 9

രേഖകള്‍ പറയുന്നു; മുനമ്പം എസ്റ്റേറ്റ് വഖഫ് ഭൂമിയാണ്‌

ടി റിയാസ് മോന്‍


‘കോളെജിന്റെ സ്ഥിരാംഗീകാരത്തിന് മദിരാശി യൂനിവാഴ്‌സിറ്റിക്ക് അഞ്ച് ലക്ഷം ഉറുപ്പികയുടെ എന്‍ഡോവ്‌മെന്റ് നല്‌കേണ്ടതുണ്ടായിരുന്നു. ഇതിലേക്ക് 1,70,000 ഉറുപ്പിക പിരിച്ചുണ്ടാക്കി. ബാക്കി ഭൂസ്വത്തായി നല്‍കാന്‍ യൂനിവാഴ്‌സിറ്റി അനുവദിച്ചു. ഈ പ്രതിസന്ധിയില്‍ കോളജിനെ സ്വത്ത് നല്കി സഹായിക്കാന്‍ പലരും മുന്നോട്ട് വന്നു. അതുമൂലം 1950-ല്‍ യൂനിവേഴ്‌സിറ്റിക്ക് ആവശ്യമായ എന്‍ഡോവ്‌മെന്റ് നല്കാന്‍ കഴിഞ്ഞു. അന്ന് സ്വത്ത് നല്കിയവരാണ് 1. ജ: കോടിത്തൊടിക അഹമ്മദ് കുട്ടി ഹാജി, അക്കാലത്ത് 20000 ക. വിലമതിപ്പുള്ള 15 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കോടിത്തൊടി എസ്‌റ്റേറ്റ് എന്നറിയപ്പെടുന്ന കൊണ്ടോട്ടി എക്കാപ്പറമ്പിലെ ഒരു നല്ല തെങ്ങിന്‍തോട്ടമാണ് അദ്ദേഹം സംഭാവന ചെയ്തത്. മൊറയൂര്‍ ബീരാന്‍ ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ സ്ഥാപകനായ അദ്ദേഹം വിദ്യാഭ്യാസ തത്പരനും വലിയ ധര്‍മിഷ്ഠനുമായിരുന്നു.
2. കെ യം സീതി സാഹിബ്. കൊടുങ്ങല്ലൂരിലെ തന്റെ സഭാപറമ്പ് എന്ന തെങ്ങിന്‍തോട്ടമാണ് അദ്ദേഹം നല്കിയത്. 3. ജ: സിദ്ദീഖ് സേട്ട് സാഹിബ്; അക്കാലത്ത് ഒരു ലക്ഷം ഉറുപ്പിക വിലമതിപ്പുള്ളതും 404 ഏക്കര്‍ വിസ്തീര്‍ണ്ണം ഉള്ളതുമായ പള്ളിപ്പുറം മുനമ്പം എസ്‌റ്റേറ്റാണ് അദ്ദേഹം സംഭാവന ചെയ്തത്. കൊച്ചിന്‍ സ്വദേശിയായ അദ്ദേഹം ഇതിനു പുറമെ പല സഹായങ്ങളും കോളെജിന് നല്കിയിട്ടുണ്ട്. 4. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സാഹിബ്; അന്ന് ഒരു ലക്ഷം രൂപ വിലമതിപ്പുള്ളതും 112 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ളതുമായ വൈക്കം മുണ്ടാര്‍ എസ്‌റ്റേറ്റാണ് അദ്ദേഹം നല്കിയത്. കേരളത്തിലെ എല്ലാ നല്ല പ്രസ്ഥാനങ്ങളുടെയും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1922ല്‍ തന്ന മുസ്‌ലിംകളുടെ വകയായി ആലുവയില്‍ ഒരു കോളെജ് സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഫാറൂഖ് കോളെജ് സ്ഥാപിതമായപ്പോള്‍ അതിന്റെ അഭിവൃദ്ധിയിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. 5. ഐക്യസംഘം വക അന്ന് കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്തിരുന്ന 30000 ക വിലമതിപ്പുള്ള ഒരു സ്വത്തും കോളെജിന് ലഭിക്കുകയുണ്ടായി. സംഘത്തിന്റെ പ്രതിനിധിയായി പ്രസ്തുത സ്വത്ത് കോളെജില്‍ രജിസ്റ്റര്‍ ചെയ്ത് കൊടുത്തതും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തന്നെയായിരുന്നു’. (ഫാറൂഖ് കോളെജ് 40-ാം വാര്‍ഷിക സുവനീര്‍. 1988).
മുനമ്പം എസ്‌റ്റേറ്റ് കയ്യേറി ബണ്ട് മുറിച്ചതുമായി ബന്ധപ്പെട്ട് അബുസ്സബാഹ് മൗലവിയും പ്രഫ. കെ എ ജലീലും മുനമ്പത്തു പോയ കഥ കെ എ ജലീല്‍ തന്നെ എഴുതിയിട്ടുണ്ട്: ‘വസ്തു മുഴുവന്‍ പുറമ്പോക്കാണ്, കോളെജിന് അവിടെ സ്ഥലമില്ല എന്നതായിരുന്നു ഒരു സംഘം പ്രാദേശിക പി എസ് പിക്കാരുടെ വാദം. ആ സന്ദര്‍ഭത്തില്‍ കോളെജ് കോടതിയെ സമീപിച്ചു. വസ്തു റസീവര്‍ ഭരണത്തിന് കീഴിലായി. റസീവര്‍ ഭരണത്തിന്റെ ന്യൂനതകള്‍ സഹിക്കേണ്ടി വന്നു. ഡിസ്ട്രിക്ട് കോടതി വിധി കോളെജിന് അനുകൂലമായിരുന്നു. റസീവര്‍ കെട്ടിവെച്ച ഒരു ലക്ഷത്തിലധികം ഉറുപ്പിക ലഭിച്ചു. പക്ഷേ ഭൂമി കൈയേറ്റങ്ങള്‍ ഒഴിവാക്കി തിരിച്ചു തരണമെന്ന അപേക്ഷ വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ എതിര്‍കക്ഷി ഹൈക്കോടതിയില്‍ അപ്പീലും നല്‍ കി. വാദം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ജഡ്ജിയുടെ ചില പ്രസ്താവനകള്‍ വിപരീത വിധിയുണ്ടാക്കുമെന്ന ധാരണയുണ്ടായി. കോളെജിന് വേണ്ടി വാദിച്ചിരുന്ന അഡ്വ. കേശവന്‍ നായര്‍ വാദം പെട്ടെന്ന് നിര്‍ത്തി രോഗം അഭിനയിച്ച് കേസില്‍ നിന്ന് പിന്‍വാങ്ങിയ വിവരം കോളെജില്‍ അറിഞ്ഞു. ഹൈക്കോടതി വിധി വിപരീതമായാല്‍ ഒരു ലക്ഷത്തിലധികം രൂപ തിരിച്ചടക്കേണ്ടി വരും. ആ പണം കോളെജ് ഉപയോഗിച്ച് കഴിഞ്ഞിരുന്നു. അത് കൊണ്ടാണ് ന്യൂ ഇഖ്ബാല്‍ ഹോസ്റ്റലിന്റെ ആദ്യഭാഗം പണിതത്.
കമ്പി കിട്ടിയ ഉടനെ ഞാന്‍ എറണാകുളത്ത് പോയി. കേശവന്‍നായരുടെ നിര്‍ദേശാനുസരണം വേറെ വക്കീലിനെ ഞാനും ടി ഒ അബ്ദുല്ലയും ചേര്‍ന്ന് ഏര്‍പ്പാട് ചെയ്തു. വലിയ തുക ഫീസ് കൊടുക്കേണ്ടി വന്നു. അവസാനം കേസ് ആ ജഡ്ജിയുടെ ബെഞ്ചില്‍ നിന്ന് വേറൊരു ബെഞ്ചിലേക്ക് മാറ്റി. അനുകൂലമായ വിധിയുണ്ടായി. ഇപ്പോഴും തല്‍സംബന്ധമായ കേസുകള്‍ നടന്നു കൊണ്ടിരിക്കുന്നു.’ (പ്രൊഫ. കെ എ ജലീല്‍, ഫാറൂഖ് കോളെജ് സുവനീര്‍, 1986).

മുനമ്പം ഭൂമിയുടെ വഖഫ് ആധാരത്തിന്റെ പകര്‍പ്പ്‌


1950-ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിക്ക് ഫാറൂഖ് കോളെജ് എന്‍ഡോവ്‌മെന്റ് ആയി നല്കിയ ഭൂമിയുടെ ആധാരങ്ങള്‍ 1957ല്‍ കേരളപ്പിറവിക്ക് ശേഷം കോളെജിന്റെ അഫിലിയേഷന്‍ കേരള സര്‍വകലാശായിലേക്ക് മാറ്റിയപ്പോള്‍ മദ്രാസ് യൂനിവേഴ്‌സിറ്റി തിരിച്ചു തന്നതായും, അത് കേരള സര്‍വകലാശായില്‍ എന്‍ഡോവ്‌മെന്റ് ആയി നല്‍കിയതായും ഫാറൂഖ് കോളെജിന്റെ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. കേരള സര്‍വകലാശാലക്ക് നല്‍കിയ പകര്‍പ്പുകള്‍ സര്‍വകലാശാല പിന്നീട് കോളെജിന് തിരിച്ചു നല്‍കിയിട്ടില്ലെങ്കിലും എടപ്പള്ളി രജിസ്ട്രാര്‍ ഓഫീസ്, കോടതി രേഖകള്‍ എന്നിവയില്‍ സിദ്ദീഖ് സേട്ട് സാഹിബ് ഫാറൂഖ് കോളെജിന് നല്‍കിയ വഖഫ് ആധാരത്തിന്റെ പകര്‍പ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഫാറൂഖ് കോളെജിന് അനുകൂലമായി 1970-കളില്‍ ഹൈക്കോടതിയും ജില്ലാ കോടതിയും മുന്‍സിഫ് കോടതിയും ഉത്തരവ് നല്കിയിട്ടുള്ള ഭൂമിയാണ് മുനമ്പത്തേത്. ആ ഭൂമിയുടെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ എടപ്പള്ളി രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖഫ് ആധാരത്തില്‍ നിന്ന് വായിക്കാം:
‘പരമ കാരുണികനും കരുണാനിധിയുമായ ഏക ഇലാഹിന്റെ തിരുനാമത്തില്‍ ആയിരത്തിത്തൊള്ളായിരത്തി അമ്പതാം ആണ്ട് നവംബര്‍ മാസം ഒന്നിന് ഇന്ത്യ ഗവണ്‍മെന്റ് സൊസൈറ്റി രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത് മദ്രാസ് സ്‌റ്റേറ്റില്‍ മലബാര്‍ ജില്ല ഏറനാട് താലൂക്കില്‍ ഫറൂക്ക് അംശം നല്ലൂര്‍ ദേശത്ത് ആഫീസ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തി വരുന്ന ഫാറൂഖ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി ടി കമ്മിറ്റിയുടെ ഇന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് അംശം ദേശത്ത് കല്ലടിയില്‍ മുസല്‍മാന്‍ മൊയ്തു സാഹിബ് അവര്‍കളുടെ പുത്രന്‍ തടിക്കച്ചവടം 66 വയസ്സായ ഖാന്‍ബഹദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബ് അവര്‍കളുടെ പേര്‍ക്ക് കൊച്ചി കണയന്നൂര്‍ താലൂക്ക് മട്ടാഞ്ചേരി വില്ലേജ് ബംബ്ലാശ്ശേരി ബംഗ്ലാവ് ഇരിക്കും കച്ചിമേമന്‍ മുസല്‍മാന്‍ ഹാജി ഹാഷിം സേട്ട് മകന്‍ കച്ചവടം മുഹമ്മദ് സിദ്ദീഖ് സേട്ട് എഴുതിക്കൊടുത്ത വഖഫ് ആധാരം. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ആഫീസ് 1123ലെ 875ാം നമ്പര്‍ തീറാധാര പ്രകാരം എനിക്ക് ക്രയവിക്രയ സ്വാതന്ത്ര്യം സിദ്ധിച്ചു ഞാന്‍ കൈവശം വെച്ചും ദേഹണ്ണാധികള്‍ ചെയ്തു 56ാം നമ്പര്‍ പട്ടയത്തുംപടി പേരില്‍ കൂട്ടി കരം തീര്‍ത്തും നിരാക്ഷേപമായി അനുഭവിച്ചു വരുന്നതുമായ വസ്തുക്കളില്‍ താഴെ വിവരം പറയുന്നതും ഒരു ലക്ഷം രൂപ വിലയുള്ളതുമായ നാന്നൂറ്റി നാല് ഏക്കര്‍ എഴുപത്തിയാറ് സെന്റ് സ്ഥലവും അതിലുള്ള സകല ദേഹണ്ണങ്ങളും കൂടി ടി കോളജ് ഇസ്‌ലാമിക ആദര്‍ശ പ്രകാരം നടത്തുമെന്നുള്ള വിശ്വാസത്താല്‍ എന്റെ ആത്മശാന്തിക്കായി അടിയില്‍ പറയുന്ന വ്യവസ്ഥകളോട് കൂടി എനിക്കുള്ള സകല അവകാശങ്ങളും ഒഴിഞ്ഞു വഖഫായി ടി മാനേജിങ് കമ്മിറ്റിക്ക് വേണ്ടി താങ്കള്‍ക്ക് കൈവശപ്പെടുത്തി തന്നിരിക്കുന്നു. പ്രസ്താവനകള്‍ ടി മാനേജിങ് കമ്മിറ്റിക്ക് വേണ്ടി താങ്കള്‍ കൈവശം വെച്ചും കരം തീര്‍ത്തും പട്ടയം പിടിച്ചു ക്രയവിക്രയ സ്വാതന്ത്ര്യത്തില്‍ ടി ഫറൂക്ക് കോളജിന്റെ ആവശ്യത്തിന് ഉപയോഗിച്ചു കൊള്ളുന്നതിനും സമ്മതിച്ചിരിക്കുന്നു.
എന്നാല്‍ ഇതില്‍ പെട്ട വകകളും അതില്‍ നിന്നു എടുത്ത ആദായവും പ്രസ്തുത കോളജിലെ വിദ്യാഭ്യാസത്തിനു ഉപയോഗിക്കുന്നതല്ലാതെ യാതൊരു മറ്റാവശ്യത്തിന് ഉപയോഗിക്കുന്നതിനു അവകാശമില്ലാത്തതും ഏതെങ്കിലും കാലത്ത് കോളജ് നടപ്പില്‍ വരാതെ വരികയും ഇതില്‍ പെട്ട വസ്തുവകകള്‍ ശേഖരിക്കുകയും ചെയ്യുന്നതായാല്‍ പട്ടികവകകള്‍ മടക്കിക്കൊടുക്കുവാന്‍ എനിക്കും എന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതുമാകുന്നു. (2115/1950 ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരത്തില്‍ നിന്ന്)

2008ലെ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ്‌

2008ലെ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ്‌


മുനമ്പത്തെ ഭൂമി വഖ്ഫ് ആധാരമാണോ എന്ന് മനസ്സിലാക്കാന്‍ ആ ആധാരം ഒരു തവണ വായിച്ചാല്‍ മതി. വഖ്ഫ് ഭൂമി വില്‍ക്കാനാവില്ല. വില്‍ക്കണമെങ്കില്‍ ഭൂമി തീറാധാരം നല്‍കണമായിരുന്നു. മുനമ്പത്തെ ഭൂമി ഫാറൂഖ് കോളെജിന് ദാനാധാരം ലഭിച്ചതാണെന്ന് വാദിക്കുന്നവരുണ്ട്. ഫാറൂഖ് കോളെജിന് ലഭിച്ച മുഴുവന്‍ ഭൂമിയും വഖ്ഫ് ആണ്. അപ്പോള്‍ മുനമ്പത്തെ ഭൂമി മാത്രം ദാനാധാരമാണെന്ന് പറയുന്നതില്‍ സാംഗത്യമില്ല. ആധാരത്തില്‍ തന്നെ വഖ്ഫ് ആധാരം എന്ന് രണ്ട് തവണ മലയാളത്തില്‍ എഴിതിയിരിക്കെ അതൊരു ദാനാധാരമാണെന്ന വാദം കോടതി മുഖവിലക്കെടുത്തില്ല എന്നതാണ് സത്യം. വഖ്ഫ് ഭൂമി ആര്‍ക്കും വില്‍ക്കാനാവില്ല. മുതവല്ലി അതിന്റെ മേല്‍നോട്ടക്കാരന്‍ മാത്രമാണ്, അയാള്‍ ഉടമയല്ല. ഏതെങ്കിലും സബ് രജിസ്ട്രാര്‍ അത്തരം വഖ്ഫ് ഭൂമി വില്‍പന നടന്നതായി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തം.

മുനമ്പം എസ്റ്റേറ്റ് വഖഫ് ഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വിവരാവകാശ രേഖ

rti questions


വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ ഇടപ്പള്ളി സബ് രജിസ്ട്രാര്‍ 2024 ഒക്ടോബര്‍ 30ന് നല്കിയ മറുപടിയില്‍ ഇപ്രകാരം പറയുന്നു: ‘ഈ ഓഫീസിലെ 1 ബുക്ക് 23 വാള്യം 90 മുതല്‍ 93 വരെ വശങ്ങളില്‍ 2115/1950 നമ്പറായി രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ മുഹമ്മദ് സിദ്ദീഖ് സേട്ടു ഫാറൂഖ് കോളെജ് മാനേജിങ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഖാന്‍ ബഹദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബ് പേര്‍ക്ക് എഴുതിക്കൊടുത്ത വഖഫ് ആധാരം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു എന്ന വിവരം താങ്കളെ അറിയിക്കുന്നു.’
മേല്‍ ആധാരം തീരാധാരമാണോ, ധനനിശ്ചയ ആധാരമാണോ, ദാനാധാരം ആണോ എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് ബാധകമല്ല എന്ന മറുപടിയാണ് സബ് രജിസ്ട്രാര്‍ നല്കിയിരിക്കുന്നത്. 1998-ല്‍ മുനമ്പത്തെ ഭൂമിക്ക് ഫാറൂഖ് കോളെജ് നികുതി അടച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ക്ലൈം ഇല്ലാത്ത ഭൂമിക്ക് ആരും നികുതിയടക്കാറില്ല. അതേ ഭൂമിക്ക് കൈവശ സര്‍ട്ടിഫിക്കറ്റും ഫാറൂഖ് കോളെജ് കുഴപ്പിള്ളി വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങിയിട്ടുണ്ട്.
48 വര്‍ഷം ഫാറൂഖ് കോളെജ് നികുതിയടച്ച ഭൂമിയാണ് എറണാകുളം ജില്ലയിലെ കുഴപ്പിള്ളി വില്ലേജിലെ മുനമ്പം എസ്‌റ്റേറ്റ്. അത് പരിപാലിക്കാനല്ലാതെ, വില്‍ക്കാന്‍ ഫാറൂഖ് കോളെജിന് നിയമപരമായി അനുവാദമില്ല. ഫാറൂഖ് കോളെജിന് തീരാധാരം ലഭിക്കാത്തതും, വഖഫ് ആയി ലഭിച്ചതുമായ ഭൂമി വില്‍പന നടത്തിയെന്ന് പറഞ്ഞുള്ള ഏതൊരു രേഖയും നിയമത്തിന് മുന്നില്‍ നിലനില്‍ക്കുന്നതല്ല.
(അവസാനിക്കുന്നില്ല)

Back to Top