വഖഫ്: മുസ്‌ലിം സംഘടനകളെ തമ്മിലടിപ്പിക്കുന്ന നിലപാട് അപലപനീയം – സി പി ഉമര്‍ സുല്ലമി
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം മുസ്്‌ലിം സമുദായത്തിനുണ്ടാക്കിയ ആശങ്കയകറ്റുന്നതിന് നടപടി സ്വീകരിക്കാതെ മുസ്്‌ലിം സംഘടനകളെ തമ്മിലടിപ്പിച്ച് ഉത്തരവാദത്തത്തില്‍നിന്ന് ഒളിച്ചോടുന്ന രാഷ്ട്രീയ നേതാക്കളുടെ നിലപാട് അപലപനീയമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു. വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ട മുസ്്‌ലിം സംഘടനകളൊന്നും തന്നെ നാളിതുവരെ ഉന്നയിക്കാത്ത കക്ഷിത്വ ആരോപണങ്ങള്‍ ഉന്നയിക്കുക വഴി മുന്‍ മന്ത്രി കെ ടി ജലീല്‍ മുസ്്‌ലിം സമുദായത്തിന്റെ സംഘടിത അവകാശ സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വഖഫ് സ്വത്തുക്കള്‍ വാഖിഫിന്റെ ഉദ്ദേശ്യമനുസരിച്ച് മാത്രമേ വഖഫ് ബോര്‍ഡിന് കൈകാര്യം ചെയ്യാനൊക്കൂ എന്നിരിക്കെ ആരോപണം അടിസ്ഥാനരഹിതമാണ്. ഇതൊരിക്കലും അംഗീകരിക്കാവതല്ല.
കേവലം വഖഫ് ബോര്‍ഡ് പ്രാതിനിധ്യത്തിന് വേണ്ടി ആദര്‍ശം മാറ്റിപ്പറയുന്നവരല്ല മുജാഹിദുകളെന്നത് കെ ടി ജലീല്‍ ഓര്‍ത്തിരിക്കണം. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പോരാട്ടം തുടരുന്നത് മുസ്്‌ലിം സമുദായത്തിന്റെ താല്പര്യം മാത്രം പരിഗണിച്ചാണ്. അതിനെ സമുദായ ഛിദ്രതക്കുള്ള ആയുധമാക്കുന്നത് കെ ടി ജലീലും ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളും തിരുത്തുക തന്നെ വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു.