വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി പിന്‍വലിക്കുക – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കുക തന്നെ വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാറിനോടാവശ്യപ്പെട്ടു. വഖഫുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിനുണ്ടായ ആശങ്കയകറ്റാന്‍ അത് മാത്രമാണ് പോംവഴി. മുസ്‌ലിം സമുദായത്തിന്റെ വികാരം മാനിച്ച് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണം. വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അറുതി വരുത്തി പ്രശ്‌ന പരിഹാരത്തിന് മുസ്‌ലിം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി സന്നദ്ധമാവണം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുമായി നേരില്‍ ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.
വഖഫ് നിയമന നടപടികളുമായി ബന്ധപ്പെട്ട തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഒപ്പു ശേഖരണം നടത്തും. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം നല്‍കുന്നതിന് നിയമ ഭേദഗതി വരുത്തുന്നതോടൊപ്പം മുസ്‌ലിംകളടക്കമുള്ള സംവരണ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നിയമ നിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രൊഫ കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുസ്സലാം പുത്തൂര്‍, അഡ്വ. എം മൊയ്തീന്‍ കുട്ടി, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ എം കുഞ്ഞമ്മദ് മദനി, ഫൈസല്‍ നന്മണ്ട, കെ എല്‍ പി ഹാരിസ്, പ്രൊഫ പി അബ്ദുല്‍അലി മദനി, പി സുഹൈല്‍ സാബിര്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, അബ്ദല്ലത്തീഫ് കരുമ്പുലാക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, കെ അബ്ദുസ്സലാം മാസ്റ്റര്‍ തൃശൂര്‍, പി പി ഖാലിദ്, കെ.പി അബ്ദുറഹ്മാന്‍, ഡോ. ഐ പി അബ്ദുസ്സലാം, എം അഹ്മദ് കുട്ടി മദനി, സി മമ്മു കോട്ടക്കല്‍, കെ എ സുബൈര്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഇസ്മായില്‍ കരിയാട്, എം ടി മനാഫ്, ബി പി എ ഗഫൂര്‍, ഫിദ ബിസ്മ യു പി, ഫഹീം പുളിക്കല്‍, അഫ്‌നിദ പുളിക്കല്‍ പ്രസംഗിച്ചു.