22 Tuesday
October 2024
2024 October 22
1446 Rabie Al-Âkher 18

വഖഫ്: ഇടതുപക്ഷം സംഘപരിവാറിന് ട്യൂഷനെടുക്കുകയാണോ?


ഒരിടവേളക്കു ശേഷം വഖഫ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പി എസ് സിക്ക് വിട്ട ബില്ല് നിയമസഭ പാസാക്കിയെങ്കിലും നടപ്പില്‍ വരുത്തിയിരുന്നില്ല. മുസ്ലിം സംഘടനകളുടെ സംയുക്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. നിയമം നടപ്പാക്കുന്നത് ബന്ധപ്പെട്ടവരോട് ആലോചിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി വിവിധ മുസ്ലിം സംഘടനകള്‍ക്ക് ഉറപ്പു നല്‍കിയത്. ആ ഉറപ്പു പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്നാണ് മുസ്ലിം സംഘടനകള്‍ക്ക് വീണ്ടും പറയാനുള്ളത്. ഇനിയും സമരം ചെയ്താലേ അനാവശ്യമായി വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്നെടുത്തതില്‍ നിന്ന് പിന്മാറൂ എന്ന് വരുന്നത് ഖേദകരമാണ്.
മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുമെന്നും ചര്‍ച്ച ചെയ്തു മുന്നോട്ടു പോകാമെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശി ഇല്ല എന്നുമാണ് നേരത്തെ നല്‍കിയ ഉറപ്പ്. നിയമം പി എസ് സിക്ക് വിട്ട നടപടിയില്‍ രണ്ടു കാര്യങ്ങളേ ചെയ്യാനുള്ളൂ. ഒന്നുകില്‍ ആ നിയമം പിന്‍വലിക്കുക അല്ലെങ്കില്‍ അതുമായി മുന്നോട്ടു പോവുക. മുന്നോട്ടു പോകില്ല എന്ന വ്യക്തമായ സൂചനയാണ് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി മുസ്ലിം സംഘടനകള്‍ക്ക് നല്‍കിയത്. അന്ന് നല്‍കിയ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയ നിയമമാണ് എന്നതു കൊണ്ടുതന്നെ, അത് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എങ്കില്‍ സമാനമായ രീതിയില്‍ ഭേദഗതി നിയമം പാസാക്കുകയാണ് വേണ്ടത്. ഇതിന് നിയമസഭ കൂടണമെന്ന ഒരു കാലതാമസം ഉണ്ടാവുക സ്വാഭാവികമാണ്. ഇപ്പോള്‍ ബജറ്റ് സമ്മേളനം കഴിഞ്ഞു. പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധാര്‍ഷ്ട്യത്തോടെയാണ് വകുപ്പ് മന്ത്രി മറുപടി പറഞ്ഞത്. മന്ത്രിയുടെ രാഷ്ട്രീയ അജണ്ട നമുക്ക് മനസ്സിലാക്കാനാകും. എന്നാല്‍ ആ വെല്ലുവിളി കേവലം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മാത്രമല്ല, മുഴുവന്‍ മുസ്ലിം സംഘടനകളോടുമാണ്.
വഖഫ് ഭേദഗതി നിയമം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് സര്‍ക്കാരിന്റെ പരാതി എങ്കില്‍ അതിന് അവസരം നല്‍കിയത് ഭരണപക്ഷം തന്നെയാണ്. ഒരു മുസ്ലിം സംഘടന പോലും ആവശ്യപ്പെടാതെയാണ് വഖഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. അതേസമയം, സ്‌കോളര്‍ഷിപ്പ്, അധികാര പ്രാതിനിധ്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പോലെയുള്ള കാതലായ വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആവശ്യത്തിന് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. ബി ജെ പി സര്‍ക്കാര്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് ശേഷം, മുസ്ലിം സ്ത്രീകളെ രക്ഷിക്കാനാണ് ഞങ്ങള്‍ നിയമം കൊണ്ടുവന്നത് എന്നവകാശപ്പെട്ടത് പോലെ, ഒരു മുസ്ലിംസംഘടനയും ആവശ്യപ്പെടാത്ത ഒരു കാര്യം കൊണ്ടുവന്ന് സമുദായത്തെ രക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന പരിവേഷം കൊടുക്കുന്നത് പരിഹാസ്യമാണ്.
ദേശീയ- പ്രാദേശിക തലങ്ങളില്‍ നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിടുന്ന മുസ്ലിം സമുദായത്തോട് സമാനരീതിയില്‍ തന്നെയാണ് ഇടതുപക്ഷ സര്‍ക്കാറും സമീപിക്കുന്നത്. അവരുടെ സാമുദായിക ചിഹ്നങ്ങളോടും അവകാശങ്ങളോടും നിഷേധാത്മകമായ സമീപനം പുലര്‍ത്തുന്നത് ആരെ സന്തോഷിപ്പിക്കാനാണ്? വിവിധ സമുദായങ്ങള്‍ സൗഹാര്‍ദത്തോടെ കഴിയുന്ന കേരളത്തില്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ പല ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. അതിനെതിരെ കാര്യമായി പ്രതികരിക്കേണ്ട സമയമാണിത്. ഈ നേരത്തും വഖഫ് നിയമ ഭേദഗതിയുമായി സമയം പാഴാക്കുന്നതിലാണ് സര്‍ക്കാറിന്റെ ശ്രദ്ധ എന്നത് അത്ര ശുഭകരമല്ല.
വഖഫ് നിയമനം പി എസ് സിക്ക് വിടുക എന്നത് ഏതെങ്കിലും മുസ്ലിം സംഘടനകള്‍ മുന്നോട്ടുവെച്ച ആശയമല്ല. എന്നിരിക്കെ അത്തരമൊരു ആവശ്യവുമായി ഇടതുപപക്ഷം മുന്നോട്ട് വരികയും അത് മുന്നില്‍വച്ച് കേരള മുസ്ലിംകള്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കങ്ങളെ, മുട്ടനാടുകളുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെ കുബുദ്ധിയില്‍, പതപ്പിച്ചു നിര്‍ത്തുകയുമാണ് ഇപ്പോള്‍ ഇടതുപക്ഷം ചെയ്യുന്നത്. ഇപ്പോഴത്തെ വകുപ്പ് മന്ത്രി, കൃത്യമായും സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ ഒരു പക്ഷത്തിന്റെ കൂടെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചാണ് നില്‍ക്കുന്നത്. കേരളത്തിലെ പ്രബല മുസ്ലിം വിഭാഗമായ സമസ്തയില്‍ ഇതുപയോഗിച്ച് എങ്ങനെ മുതലെടുക്കാമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത് എന്ന് തോന്നിപ്പോകുന്നു. മുസ്ലിം പ്രശ്‌നങ്ങളെ സമീപിക്കുന്നതിലും അതിനെ കത്തിച്ചു നിര്‍ത്തുന്നതിലും ഇടതുപക്ഷം സംഘപരിവാറിന് ഇപ്പോള്‍ ട്യൂഷന്‍ എടുക്കുകയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x