31 Thursday
July 2025
2025 July 31
1447 Safar 5

പെണ്‍കരുത്ത് വിളിച്ചോതി വനിതാസംഗമം


കരിപ്പൂര്‍: പ്രാതിനിധ്യം കൊണ്ടും ഗഹനമായ ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായ വേദിയായിരുന്നു വനിതാ സമ്മേളനം. പ്രസ്ഥാനത്തിന്റെ പെണ്‍കരുത്ത് പ്രകടമാകും വിധം അച്ചടക്കത്തോടെ വനിതാ പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയപ്പോള്‍ സദസ് നിറഞ്ഞു കവിയുകയായിരുന്നു. പ്രധാന പന്തലില്‍ നടന്ന സമ്മേളനം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്. മുസ്ലിം സ്ത്രീകള്‍ കരുത്താര്‍ജിച്ചുകൊണ്ട് മുന്നോട്ടു വരുന്നത് സന്തോഷം പകരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇന്നത്തെ കേരളീയ അന്തരീക്ഷത്തില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ അതിശക്തമായ മുന്നേറ്റത്തില്‍ അഭിമാനിക്കുന്നു. ശാക്തീകരണത്തിന്റെ ഉത്തമ മാതൃക ആവാന്‍ നമുക്ക് സാധിക്കണണം. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗം മനുഷ്യര്‍ക്കും സവിശേഷമായ പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉന്നതിക്കായി 3000 കോടി രൂപ നീക്കി വെച്ചതായും ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തെ സംഘപരിവാര്‍ അജണ്ടകളെ സംബന്ധിച്ച് ബോധവാന്മാരായിരിക്കണമെന്നും അവര്‍ പറയുകയുണ്ടായി.
വിശ്വാസത്തെ മുറുകെ പിടിച്ച് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് മുസ്ലിം സ്ത്രീകള്‍ കടന്നുവരണം, വിദ്യാഭ്യാസത്തിന് പിറകിലുള്ള ലക്ഷ്യം സാമൂഹിക നന്മയായിരിക്കണമെന്നും ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ ഗുല്‍സാര്‍ കരിഷ്മ പറഞ്ഞു. സാമ്പത്തിക മേഖലയിലെ അസമത്വം സ്ത്രീകളെ പിറകോട്ട് വലിക്കുന്നു; സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുകയും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മുനീബ പ്രസംഗത്തിന്റെ സാരാംശം അവതരിപ്പിച്ചു.
മുഖ്യാതിഥി ഗുല്‍സാര്‍ കരിഷ്മ എംജിഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഖമറുന്നിസ അന്‍വറിനെ ആദരിച്ചു. 10 യുവ എഴുത്തുകാരികളുടെ കഥാസഞ്ചയമായ ‘അമ്മമൊഴി’ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ് ഡോ. ജുവൈരിയ അന്‍വാരിയക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. എംജിഎം സംസ്ഥാന സമിതി അംഗം നജീബ എം ടി പുസ്തക പരിചയം നടത്തി. എം ജി എം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ട ഗാനം ഷഹന ഷറിന്‍, നിഅ്മ ഫാത്തിമ, ഫെല്ല പി, റഷ, ഹിബ എന്നിവര്‍ ആലപിച്ചു. പരിപാടി ഖുബ എജ്യു ഹോമിലെ വിദ്യാര്‍ത്ഥിനികളുടെ ഹൃദ്യമായ പാരായണത്തോടെയാണ് ആരംഭിച്ചത്.

Back to Top