3 Saturday
December 2022
2022 December 3
1444 Joumada I 9

വല്യുപ്പയുടെ ജീവിതം നല്‍കിയ പ്രചോദനങ്ങള്‍

ഡോ. ഇ കെ അഹ്മദ്കുട്ടി / ഹാറൂന്‍ കക്കാട്‌

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടിയുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

കേരളത്തിന്റെ നവോത്ഥാന ശില്‍പികളില്‍ പ്രമുഖനും പരിഷ്‌കര്‍ത്താവുമായിരുന്ന ഇ കെ മൗലവി എന്നും അസാധാരണമായ തിരക്കുകളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ആവശ്യമായിരുന്ന ഓരോരോ ദൗത്യനിര്‍വഹണത്തിനും കൃത്യമായ അച്ചടക്കത്തോടെയും ചിട്ടയോടെയും അദ്ദേഹം കഠിനാധ്വാനം ചെയ്തു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പുതുയുഗപ്പിറവിയായിരുന്ന കേരള മുസ്ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായകമായ പങ്കാണ് വഹിച്ചത്. അല്‍ഇത്തിഹാദ്, അല്‍മുര്‍ശിദ് എന്നിവയില്‍ ഐക്യസംഘത്തിന്റെ ഐതിഹാസികമായ ഔദ്യോഗിക ചരിത്രം എഴുതിയത് അദ്ദേഹമാണ്. ഐക്യസംഘത്തിന്റെ മുഖപത്രമായിരുന്ന ‘മുസ്‌ലിം ഐക്യം’ മാസികയുടെ പ്രധാന പ്രവര്‍ത്തകനും അല്‍ഇര്‍ശാദ് മാസികയുടെ പത്രാധിപരുമായിരുന്നു അദ്ദേഹം. 1945ല്‍ ‘കൊച്ചിന്‍ മെയില്‍’ എന്ന പേരില്‍ സ്വന്തമായി ഒരു പത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
1918ല്‍ കൊടുങ്ങല്ലൂരില്‍ എത്തിയ ഇ കെ മൗലവി സുദീര്‍ഘമായ മൂന്ന് ദശാബ്ദക്കാലം കൊച്ചി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സംഭവബഹുലമായ ജീവിതത്തിലൂടെയാണ് കടന്നുപോയത്. പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജീവിതത്തിന്റെ സിംഹഭാഗവും സമര്‍പ്പിച്ച ദിനരാത്രങ്ങളായിരുന്നു ആ കാലഘട്ടം. പിന്നീട് 1947ലാണ് അദ്ദേഹം മലബാറില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 1959 വരെ കേരളത്തില്‍ യത്തീംഖാന പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ ചരിത്രം രചിച്ച തിരൂരങ്ങാടി യത്തീംഖാനയുടെ നെടുംതൂണായി പ്രവര്‍ത്തിച്ചു. ഇവിടങ്ങളിലെ വിശ്രമമില്ലാത്ത ജീവിതത്തിരക്കുകള്‍ക്കിടയിലും ജന്മദേശമായ തലശ്ശേരിക്ക് അടുത്ത കടവത്തൂരില്‍ എത്തുകയും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗികമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന കാലത്ത് പ്രവര്‍ത്തന തട്ടകം കണ്ണൂര്‍ ജില്ലയിലേക്ക് അദ്ദേഹം പറിച്ചുനട്ടു. അങ്ങനെയാണ് ഇ കെ മൗലവി തലശ്ശേരി ദാറുസ്സലാം യത്തീംഖാനയുടെ അമരക്കാരനായത് എന്ന് പേരമകന്‍ ഡോ. ഇ കെ ഓര്‍ക്കുന്നു.
1959ല്‍ തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ ഡോ. ഇ കെ വിദ്യാര്‍ഥിയായിരുന്ന കാലത്ത് യാത്രാസൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. അതിനാല്‍ വല്യുപ്പയുടെ നിര്‍ദേശപ്രകാരം ദാറുസ്സലാം യത്തീംഖാനയുടെ ഹോസ്റ്റലില്‍ ആയിരുന്നു അദ്ദേഹം താമസിച്ചത്. മാസാന്ത ഹോസ്റ്റല്‍ ഫീസ് കൃത്യമായി നല്‍കിയിരുന്നത് വല്യുപ്പയായിരുന്നു. ഈ കാലഘട്ടത്തില്‍ വല്യുപ്പയുമായി കൂടുതല്‍ ആത്മബന്ധം സ്ഥാപിക്കാനും പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും സൗഭാഗ്യം സിദ്ധിച്ചത് ജീവിതത്തിലെ വലിയ അനുഭൂതിയായിരുന്നു.
എല്ലാ ഘട്ടത്തിലും മനസ്സറിഞ്ഞ പ്രോത്സാഹനവും പ്രചോദനങ്ങളുമായിരുന്നു വല്യുപ്പ നല്‍കിയിരുന്നത്. ഏതു കാര്യത്തിലും സന്ദര്‍ഭോചിതമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 1960ല്‍ ഫാറൂഖ് കോളജില്‍ നിന്ന് പ്രീ-യൂനിവേഴ്‌സിറ്റി എക്‌സാം മികച്ച മാര്‍ക്കോടെയാണ് ഡോ. ഇ കെ വിജയിച്ചത്. മെഡിസിന്‍ പഠനത്തിനു ചേരണമെന്ന് പലരും നിര്‍ദേശിച്ചു. എന്നാല്‍ അറബി സാഹിത്യ പഠനമാണ് ഏറ്റവും നല്ലതെന്നാണ് വല്യുപ്പ നിര്‍ദേശിച്ചത്. ജീവിതത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവായിരുന്നു ഇതെന്ന് ഡോ. ഇ കെ ഏറെ ആത്മാഭിമാനത്തോടെ പറയുന്നു. അങ്ങനെ ഫാറൂഖ് കോളജില്‍ അറബി ഭാഷാപഠനം തെരഞ്ഞെടുക്കുകയായിരുന്നു. 1963ല്‍ ബി എ അറബി സാഹിത്യത്തില്‍ ബിരുദം നേടാന്‍ കഴിഞ്ഞതോടെ ഭാഷാസ്‌നേഹവും സാഹിത്യാഭിരുചികളും പഠനതാല്‍പര്യവും കൂടുതല്‍ സന്തോഷകരമായി മാറിയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

അക്ഷരസ്ഫുടതയും സംസാരശുദ്ധിയും വല്യുപ്പയുടെ വലിയ സവിശേഷതയായിരുന്നു. പത്രപാരായണം വലിയ കുറ്റമായി കണ്ടിരുന്ന കാലത്താണ് പത്രങ്ങളുടെയും ഗ്രന്ഥങ്ങളുടെയും നിരന്തര വായന ചെറുപ്പം മുതല്‍ അദ്ദേഹം പതിവാക്കിയിരുന്നത് എന്നത് വിസ്മയകരമാണ്! പാനൂരിലെ സബ് രജിസ്ട്രാര്‍ സ്ഥലം മാറിപ്പോകുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജനകീയ യാത്രയയപ്പുവേദിയില്‍ പലരുടെയും പ്രസംഗത്തിനു ശേഷം അമുസ്‌ലിമായ അധ്യക്ഷന്‍ പറഞ്ഞു: ”ഇവിടെ കൂടിയ മാപ്പിളമാരില്‍ ആരും പ്രസംഗിച്ചില്ല. സംസാരിക്കാന്‍ കഴിയുന്നവര്‍ ആരും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.” ഉടനെ ഇ കെ മൗലവി എന്ന ചെറുപ്പക്കാരന്‍ വേദിയിലേക്ക് കയറി അതിമനോഹരമായ ശൈലിയിലും അത്യാകര്‍ഷകമായ ഭാഷാശുദ്ധിയോടെയും പ്രസംഗിച്ചപ്പോള്‍ ഒരു സമുദായത്തെ പരിഹസിച്ചു സംസാരിച്ച അധ്യക്ഷന്‍ ക്ഷമാപണം നടത്തി. ഇങ്ങനെ പ്രസംഗിക്കാന്‍ തനിക്ക് പ്രചോദനമായത് പത്രവായന കൊണ്ടാണെന്ന് വല്യുപ്പ പറഞ്ഞിരുന്നു. ഭാഷാശുദ്ധി അനുവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം വല്യുപ്പ പ്രത്യേകം ഉണര്‍ത്തുമായിരുന്നു.
1924ല്‍ ആലുവയില്‍ നടന്ന സര്‍വ മതസമ്മേളനത്തില്‍ ഇസ്‌ലാം മതത്തെ പ്രതിനിധീകരിച്ച് പ്രഭാഷണം നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. ആ സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗവും അതായിരുന്നു. സമ്മേളനത്തിന്റെ സംഘാടകനായ ശ്രീനാരായണഗുരു തന്റെ അദ്വൈതാശ്രമത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി ഇ കെ മൗലവിയെ ആദരിച്ചത് കേരളത്തിന്റെ മതസൗഹാര്‍ദ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ്.
ജീവിതത്തില്‍ ഒരിക്കല്‍ പോലും പഠിക്കാന്‍ വേണ്ടി സ്‌കൂളില്‍ പോവാത്ത വല്യുപ്പ ആദ്യമായി സ്‌കൂളില്‍ പോയത് ഒരു ഹൈസ്‌കൂള്‍ അധ്യാപകനായി ചുമതലയേല്‍ക്കാനായിരുന്നു എന്നത് ചരിത്രത്തിലെ കൗതുകകരമായ മറ്റൊരു അധ്യായമാണ്. എറണാകുളം മഹാരാജാസ് കോളെജില്‍ അറബി പ്രഫസറായും അദ്ദേഹം സേവനം ചെയ്തു. ഈ അത്ഭുതം ഞങ്ങളോട് വല്യുപ്പ പറഞ്ഞിരുന്നു. പ്രമുഖ പണ്ഡിതന്‍ കെ എന്‍ ഇബ്‌റാഹീം മൗലവിയുടെ പിതാവും തന്റെ അമ്മാവന്റെ മകനുമായ കുഞ്ഞേതു മുസ്‌ല്യാരുമൊന്നിച്ചാണ് ഇ കെ മൗലവി വാഴക്കാട് ദാറുല്‍ഉലൂമില്‍ പഠിക്കാനെത്തിയത്. കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു അവരുടെ ഗുരുനാഥന്‍. ഇ കെ മൗലവിക്ക് മലയാള ഭാഷയിലുള്ള പ്രാവീണ്യം ബോധ്യമായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന് ‘ഇന്ദുലേഖ’ നോവല്‍ വായിക്കാന്‍ നല്‍കിയത് ചരിത്രത്തില്‍ കാണാം.
കേരള മുസ്‌ലിം ഐക്യസംഘവും നവോത്ഥാനവും, ശൈഖ് ജീലാനി, അല്‍ഇസ്‌ലാം, ഇസ്‌ലാമും കമ്മ്യൂണിസവും, ഇസ്‌ലാമും എച്ച് ജി വെല്‍സും, ഇസ്‌ലാം മതവിശ്വാസങ്ങള്‍, കിതാബുന്നഹ്‌വ്, കിതാബുല്‍ ഈമാന്‍, തുഹ്ഫതുത്താലിബീന്‍, കോട്ടപ്പുറത്ത് സീതി മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലും വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന പഠനാര്‍ഹവും ചിന്തോദ്ദീപകവുമായ അസംഖ്യം ലേഖനങ്ങളിലും ഇ കെ മൗലവിയുടെ തിളക്കമാര്‍ന്ന ആ ഭാഷാസൗന്ദര്യവും പ്രയോഗങ്ങളും വായനക്കാര്‍ക്ക് ബോധ്യമാവും. അദ്ദേഹത്തിന്റെ ഓരോ രചനയിലെയും ഉള്ളടക്കങ്ങളും ആശയങ്ങളും ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നുവെന്നതും മറ്റൊരു സവിശേഷതയാണ്. ഇ കെ മൗലവിയുടെ രചനകള്‍ ശേഖരിച്ച് സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രമുഖ ചരിത്രകാരനായ അബ്ദുറഹ്മാന്‍ മങ്ങാടിന്റെ നേതൃത്വത്തില്‍ ഡോ. ഇ കെയും സഹോദരന്‍ പ്രൊഫ. ഇ കെ ഫസ്‌ലുറഹ്മാനും (റിട്ട. ഹെഡ് ഓഫ് ഹിസ്റ്ററി ഡിപാര്‍ട്ട്‌മെന്റ്, ഫാറൂഖ് കോളജ്) ഈ വലിയ ഉദ്യമത്തിലാണ് ഇപ്പോള്‍.
മതരംഗത്ത് തനതായ കര്‍മവിശുദ്ധിയോടെ നിറഞ്ഞുനിന്നപ്പോഴും രാഷ്ട്രീയരംഗത്തും ഇ കെ മൗലവി ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അക്കാലത്ത് തലശ്ശേരിയിലും കടവത്തൂരിലും മുസ്‌ലിംലീഗിന്റെ വിപുലമായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കെ എം സീതി സാഹിബിനെ മുസ്‌ലിംലീഗിലേക്ക് കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഇ കെ മൗലവിയും കെ എം മൗലവിയുമായിരുന്നു എന്നു ചരിത്രത്തില്‍ കാണാം. എന്തു കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചു മാത്രം തീരുമാനിച്ചിരുന്ന ത്രിമൂര്‍ത്തികളായാണ് മൂവരെയും കാലം അടയാളപ്പെടുത്തിയത്.
1974 ജൂൈല 18നു വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് 84ാം വയസ്സിലാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇ കെ മൗലവി നിര്യാതനായത്. വടക്കേ മലബാറില്‍ നവോത്ഥാന ജാഗരണ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ പ്രസിഡന്റായി കര്‍മഗോദയില്‍ പ്രകാശം പരത്തുകയായിരുന്നു അദ്ദേഹം അപ്പോഴും.
എടപ്പാറ ഉസ്താദ്:
ഏറെ സ്വാധീനിച്ച പണ്ഡിതന്‍


കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ ഉജ്ജ്വല പണ്ഡിതന്മാരാലും ചിന്തകന്മാരാലും ധന്യമായ പ്രദേശമാണ്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളക്കൂറുള്ള മണ്ണ് കടവത്തൂരിന്റെ സൗഭാഗ്യമായിരുന്നു. തന്റെ ജീവിതത്തില്‍ വല്യുപ്പ ഇ കെ മൗലവിയെപ്പോലെ ശക്തമായ സ്വാധീനം ചെലുത്തിയ വലിയ പണ്ഡിതനാണ് എടപ്പാറ ഉസ്താദ് എന്ന പേരില്‍ വിശ്രുതനായ എടപ്പാറ കുഞ്ഞഹമ്മദ് മൗലവിയെന്ന് ഡോ. ഇ കെ പറയുന്നു.
ലാളിത്യത്തിന്റെയും വിനയത്തിന്റെയും പര്യായമായ അദ്ദേഹം ജീവിതവിശുദ്ധി സദാ കാത്തുസൂക്ഷിച്ച അപൂര്‍വ പണ്ഡിതനായിരുന്നു. നാട്ടിലെയും അയല്‍നാട്ടിലെയും എല്ലാ മതവിഭാഗം ജനങ്ങളും ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു എടപ്പാറ ഉസ്താദിന്റേത്. കഴിവുറ്റ യൂനാനി വൈദ്യ ചികിത്സകന്‍ കൂടിയായിരുന്നു അദ്ദേഹം.
യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്ന് നിരവധി ആരോപണങ്ങള്‍ക്കും ആക്ഷേപശരങ്ങള്‍ക്കും അദ്ദേഹം വിധേയനായിട്ടുണ്ട്. ഒരു വാദപ്രതിവാദ പരിപാടിയെ തുടര്‍ന്ന് സംജാതമായ വധശ്രമത്തില്‍ നിന്ന് അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയെത്തുടര്‍ന്നാണ് അത്യദ്ഭുതകരമായി ഉസ്താദ് രക്ഷപ്പെട്ടത്. സംഭവബഹുലമായ ജീവിത പരീക്ഷണങ്ങളിലൂടെയും വൈതരണികളിലൂടെയും കടന്നുപോയിരുന്ന എടപ്പാറ ഉസ്താദിന്റെ ജീവിതവും കടവത്തൂരിലെ ഇരഞ്ഞിന്‍കീഴില്‍ പള്ളിയില്‍ അദ്ദേഹം നിര്‍വഹിച്ചിരുന്ന ജുമുഅഃ പ്രഭാഷണങ്ങളും തന്റെ ജീവിതത്തെ വളരെ സ്വാധീനിച്ചതായി ഡോ. ഇ കെ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായി മതവിജ്ഞാനീയങ്ങളും നവോത്ഥാന ആശയാദര്‍ശങ്ങളും ആര്‍ജിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലമാണ്.
എന്‍ കെ അഹ്മദ്
മൗലവിയുടെ ശിഷ്യത്വം


കേരളത്തിലെ പ്രശസ്തനായ അറബി കവിയായിരുന്ന എന്‍ കെ അഹ്മദ് മൗലവി കടവത്തൂര്‍ സംഭാവന ചെയ്ത മറ്റൊരു പ്രമുഖ പണ്ഡിതനാണ്. നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അദ്ദേഹത്തിന്റെ ശിഷ്യനാവാന്‍ ഡോ. ഇ കെക്ക് അവസരം ലഭിച്ചിരുന്നു. സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളിലും വൈജ്ഞാനിക മുന്നേറ്റങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹം വിദ്യാര്‍ഥികള്‍ക്കെല്ലാം ഏറെ ആദരണീയനായ ഗുരുനാഥനും മാര്‍ഗദര്‍ശിയുമായിരുന്നു.
ഒരു പ്രദേശത്തെ സാംസ്‌കാരിക ഔന്നത്യത്തിലേക്കും വിദ്യാഭ്യാസ വികാസത്തിലേക്കും ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ ജീവനാഡികളായിരുന്നു എന്‍ കെ അഹ്മദ് മൗലവിയെ പോലുള്ളവര്‍. നിരവധി തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിനു ജീവന്‍ നല്‍കിയ ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. സി എച്ച് അബ്ദുറഹ്മാന്‍ മൗലവി, ഇയ്യച്ചേരി അബ്ദുല്‍ ഖാദര്‍ മൗലവി, സി എച്ച് അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയ മഹാരഥന്മാര്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ്.
കെ എന്‍ ഇയുടെ
മാര്‍ഗദര്‍ശനം

തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു രക്ഷിതാവിനെപ്പോലെ തന്റെ ജീവിതത്തിന് ആവശ്യമായ എല്ലാ ഉപദേശനിര്‍ദേശങ്ങളും നല്‍കിയ ഗുരുനാഥനായിരുന്നു കെ എന്‍ ഇബ്‌റാഹീം മൗലവി. അറബി ഭാഷയിലും സാഹിത്യത്തിലും പ്രത്യേക താല്‍പര്യമുണര്‍ത്തുകയും ഈ രംഗത്ത് ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃനിരയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും വിദ്യാര്‍ഥിളുടെ ക്ഷേമത്തില്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു എന്ന് ഇ കെ പ്രത്യേകം സ്മരിക്കുന്നു.
വിദ്യാര്‍ഥി ജീവിതത്തിലെ
ഹൃദ്യമായ അനുഭവങ്ങള്‍

കടവത്തൂരിലെ വിദ്യാര്‍ഥിജീവിത കാലഘട്ടത്തില്‍ ‘ഇരുമെയ്യാണെങ്കിലും മനമൊന്നായ്’ എന്നതുപോലെ ആഴത്തില്‍ ആത്മബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച പലരുമുണ്ടായിരുന്നു. അവരില്‍ മറക്കാനാവാത്ത ചിലരാണ് ഗോപി പാലത്തായി, ഡോ. സി എച്ച് കുഞ്ഞമ്മദ് എന്നീ സഹപാഠികളും എം കെ ഗുരുക്കള്‍, പി പി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്ന തമ്പുരാന്‍ മാസ്റ്റര്‍, സി എച്ച് അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയ അധ്യാപകരും.
എന്റെ അമ്മാവന്‍ ഇ കെ കെ മുഹമ്മദ്, മൂത്താപ്പ സി എച്ച് ഹസന്‍ സാഹിബ്, എളാപ്പ സി എച്ച് കുഞ്ഞബ്ദുല്ല സാഹിബ്, കുടുംബ ബന്ധുക്കളായ വി എന്‍ കെ അഹ്മദ് ഹാജി, ഒ കെ കുഞ്ഞമ്മദ് ഹാജി, മലയംകണ്ടി അബ്ദുല്‍ ഹക്കീം എന്നിവരും ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിത്വങ്ങളാണ്.
ബാല്യകാലത്ത് നാട്ടില്‍നിന്ന് കൈയെഴുത്ത് മാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കടവത്തൂര്‍ കൃഷ്ണന്‍ നായര്‍ ഇതില്‍ കവിതകള്‍ എഴുതിയിരുന്നു. പിന്നീട് സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സാഹിത്യ സമാജം സംഘടിപ്പിക്കാറുണ്ടായിരുന്നു. ഒരു ടേമില്‍ സ്‌കൂള്‍ പാര്‍ലമെന്റ് സ്പീക്കറായി തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും ഡോ. ഇ കെ ഓര്‍ക്കുന്നു.
തലശ്ശേരി മുബാറക് ഹൈസ്‌കൂള്‍ പഠനകാലത്താണ് പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന കെ പി കുഞ്ഞിമൂസയുമായി സൗഹൃദമുണ്ടായത്. ഡോ. ഇ കെയെ എം എസ് എഫില്‍ അംഗമാക്കിയതും മുസ്ലിംലീഗുമായി അടുപ്പിച്ചതും അദ്ദേഹമാണ്. മുഹമ്മദ് നബിയുടെ ജീവചരിത്ര ഗ്രന്ഥമെഴുതിയ പ്രൊഫ. പി കെ മുഹമ്മദലി, പ്രൊഫ. എ പി അബ്ദുല്‍ഖാദര്‍, തലശ്ശേരി യത്തീംഖാന മാനേജറായിരുന്ന ബി കുട്ട്യാമു, ഗ്രന്ഥകാരനായ പ്രൊഫ. എ പി സുബൈര്‍ തുടങ്ങിയവരെല്ലാം ആ കാലഘട്ടത്തിലെ മുല്ലപ്പൂമണമുള്ള സൗഹൃദങ്ങള്‍ സമ്മാനിച്ചവരാണ്. വ്യക്തിത്വ രൂപീകരണത്തിലും വളര്‍ച്ചയിലും ഗുണപരമായ സദ്ഫലങ്ങള്‍ സമ്മാനിച്ച ആ കാലവും സ്‌നേഹബന്ധങ്ങളും അത്രമേല്‍ മധുരിക്കുന്ന ഓര്‍മകളാണ്.
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x