വലില്ലാഹില്‍ ഹംദ്
വിശുദ്ധ റമദാനിന് വിട നല്‍കി ലോക മുസ്ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ പ്രകാരം രണ്ട് ആഘോഷങ്ങളാണ് നിശ്ചയിച്ചുനല്‍കിയിട്ടുള്ളത്. അതിലൊന്നാണ് റമദാന്‍ നോമ്പിനു ശേഷമുള്ള ഈദുല്‍ ഫിത്വ്ര്‍.
ആരാധനയും കര്‍മാനുഷ്ഠാനങ്ങളും സംസ്‌കാരവും പഠിപ്പിക്കുന്ന ഒരു മതത്തിന് എന്തിനാണ് പ്രാമാണികമായി ആഘോഷങ്ങള്‍ എന്നാലോചിക്കുമ്പോഴാണ് ഈദുല്‍ ഫിത്വ്‌റിന്റെ പ്രസക്തി നമുക്ക് മനസ്സിലാവുക. വര്‍ഷത്തില്‍ രണ്ട് ദിവസം ആഘോഷമെന്ന നിലയില്‍ ആചരിക്കണം എന്നാണ് മതം പഠിപ്പിക്കുന്നത്. ചാന്ദ്രമാസ കണക്കനുസരിച്ച് വരുന്ന ഈ രണ്ട് ദിനങ്ങള്‍ ഏതെങ്കിലും കാരണം കൊണ്ട് മാറ്റിവെക്കാന്‍ മതം ആവശ്യപ്പെടുന്നില്ല. നമ്മുടെ നാട്ടിലെ ചില ആഘോഷങ്ങള്‍ കുടുംബത്തിലെ മരണം കാരണമോ മറ്റോ പ്രസ്തുത വര്‍ഷം ആചരിക്കാതെ മാറ്റിവെക്കാറുണ്ട്. അങ്ങനെയൊരു പതിവ് പെരുന്നാളുകളുടെ കാര്യത്തിലില്ല. പ്രയാസമനുഭവിക്കുന്നവരെയും പീഡിതരെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടു തന്നെ പെരുന്നാളുകള്‍ ആഘോഷിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഈദുല്‍ ഫിത്വ്‌റിന്റെ കാര്യത്തിലാണെങ്കില്‍ അന്നേ ദിവസം ആരും പട്ടിണിയാകരുത് എന്ന നിലക്ക് സകാത്തുല്‍ ഫിത്വ്ര്‍ കൂടി അതിന്റെ ഭാഗമായി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതാകട്ടെ, പെരുന്നാള്‍ നമസ്‌കാരത്തിന് പോകുന്നതിനു മുമ്പേ തന്നെ നിര്‍വഹിക്കുകയും വേണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യത്തെയാണ് അവിടെ അഭിസംബോധന ചെയ്യുന്നത്. പെരുന്നാളുകളോട് അനുബന്ധിച്ചുള്ള നിര്‍ദേശങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഒട്ടേറെ കാര്യങ്ങള്‍ ബോധ്യമാകും. അതിലൊന്നാണ്, പെരുന്നാള്‍ നമസ്‌കാരത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ യാത്ര ചെയ്യണം എന്ന നിര്‍ദേശം. പോവുകയും മടങ്ങുകയും ചെയ്യുന്ന വഴി വ്യത്യസ്തമാക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ കാണുവാനും ബന്ധം പുതുക്കാനും സാധിക്കും. കുടുംബ സ്‌നേഹ ബന്ധങ്ങള്‍ പുതുക്കാനും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും ഈ പെരുന്നാള്‍ സുദിനങ്ങള്‍ ഉപയോഗിക്കാം. കുടുംബബന്ധം മാത്രമല്ല, സാമൂഹികബന്ധങ്ങളും ഇതര മതവിഭാഗങ്ങളോടുള്ള സൗഹൃദവും പുതുക്കാനുള്ള അവസരമായി പെരുന്നാള്‍ മാറണം.ഇനി, പെരുന്നാളിന്റെ ആരാധനാപരമായ ഭാഗം പരിശോധിക്കുകയാണെങ്കില്‍ അതിന്റെ മഹത്വങ്ങള്‍ നിരവധിയാണ്. ആഘോഷങ്ങള്‍ എന്ന മനുഷ്യ മനസ്സിന്റെ വികാരത്തെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം, ആത്മീയ ആനന്ദത്തിനു കൂടി പെരുന്നാളുകള്‍ വഴിയൊരുക്കുന്നുണ്ട്. അല്ലാഹു അക്ബര്‍ എന്ന പദമാണ് പെരുന്നാളിന് ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്നത്. അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് എന്നീ പദങ്ങളും ഇതോടൊപ്പമുണ്ട്. ഈ മൂന്ന് പദങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ പ്രവാചകനോട് ഗ്രാമീണനായ ഒരു അറബി, എനിക്ക് നല്ലൊരു കാര്യം പഠിപ്പിച്ചുതരാമോ എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞുകൊടുത്തത് നാല് പദങ്ങളാണ്. ഈ മൂന്ന് പദങ്ങള്‍ക്കു പുറമെ സുബ്ഹാനല്ലാഹ് എന്നത് കൂടി ചേരുന്നു. ഈ നാല് പദങ്ങളും ചേര്‍ന്നൊരുക്കുന്ന ആശയ പ്രപഞ്ചം വളരെ വിശാലമാണ്. അല്ലാഹുവാണ് ഏറ്റവും വലിയവനെന്നും അവനിലേക്കാണ് സര്‍വ സ്തുതികളെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസമുണ്ട്. പ്രയാസങ്ങളിലും പീഡനങ്ങളിലും കഴിയുന്ന വിശ്വാസിയെ സംബന്ധിച്ചേടത്തോളം അത് ആശ്വാസം നല്‍കുമ്പോള്‍, ആനന്ദത്തില്‍ കഴിയുന്ന മറ്റൊരു വിശ്വാസിക്ക് തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ഉറ്റാലോചിക്കാനുള്ള പ്രചോദനമാണ് ഈ വാക്കുകള്‍ നല്‍കുന്നത്. പ്രയാസമനുഭവിക്കുന്നവനെ സംബന്ധിച്ചേടത്തോളം ‘അല്ലാഹുവാണ് ഏറ്റവും വലിയവന്‍’ എന്ന വാക്ക് എല്ലാ പ്രതിസന്ധികളെയും നിഷ്പ്രയാസം നേരിടാനുള്ള ഉള്‍ക്കരുത്താണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ പെരുന്നാള്‍ ഒരേ സമയം ആഘോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. പ്രതിസന്ധികളെ നെഞ്ചൂക്കോടെ നേരിടാനുള്ള ഇന്ധനമാണ് അല്ലാഹു അക്ബര്‍ എന്ന പ്രതിധ്വനി. അത് മനസ്സിലുറച്ചവനെ സംബന്ധിച്ചേടത്തോളം അനീതിയുടെ കൊടിമരങ്ങളെല്ലാം തന്നെ നിലംപതിക്കാനുള്ളതാണ് എന്ന തിരിച്ചറിവുണ്ടാകും. ഫലസ്തീനില്‍ ഉള്‍പ്പെടെ പീഡിപ്പിക്കപ്പെടുന്ന മനുഷ്യര്‍ക്ക് പെരുന്നാളുകള്‍ പ്രതീക്ഷയുടെ നാളുകളായി മാറുന്നത് അതുകൊണ്ടാണ്.
റമദാന്‍ പകര്‍ന്നുനല്‍കിയ പാഠങ്ങളെയും മൂല്യങ്ങളെയും കുറിച്ച് ഈ അവസരത്തില്‍ നാം ചിന്തിക്കേണ്ടതുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ക്ഷമ, കൃതജ്ഞതാബോധം, ആത്മനിയന്ത്രണം തുടങ്ങിയവ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന സദ്ഗുണങ്ങളാണ്. അവ പരിപോഷിപ്പിക്കാന്‍ തുടര്‍ന്നുള്ള നാളുകളിലും നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍.