വളപ്പില്‍ റഫീഖ്
ഐ പി ഉമര്‍ കല്ലുരുട്ടി
കൊടിയത്തൂര്‍: പ്രദേശത്തെ മത-സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന വളപ്പില്‍ റഫീഖ് (വി അബ്ദുര്‍റഫീഖ്) നിര്യാതനായി. സൗത്ത് കൊടിയത്തൂരിലെ ഇസ്‌ലാഹീ പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് സജീവമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു റഫീഖ്. മുക്കം മണ്ഡലം കെ എന്‍ എം സനാബീല്‍ ഫണ്ട് കണ്‍വീനറായിരുന്നു. മുക്കം കരുണ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ സ്ഥാപകാംഗവും കൊടിയത്തൂര്‍ സലഫി സ്ഥാപനങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്നു. ത്യാഗസന്നദ്ധതയും നിസ്വാര്‍ഥതയും ലളിതജീവിതവും മുഖമുദ്രയാക്കി ജീവിച്ചു. ഏല്‍പിക്കപ്പെട്ടതും സ്വയം ഏറ്റെടുത്തതുമായ ഉത്തരവാദിത്തങ്ങള്‍ വളരെ കൃത്യനിഷ്ഠയോടെ ചെയ്തു തീര്‍ക്കുക പതിവായിരുന്നു. സംഘടനാ യോഗങ്ങളിലും ചര്‍ച്ചകളിലും സരസമായ സംസാരശൈലിയാല്‍ സദസ്സിനെ കയ്യിലെടുക്കാന്‍ പാടവമുണ്ടായിരുന്നു. കൊടിയത്തൂര്‍ പ്രദേശത്തിലെയും മുക്കം മണ്ഡലത്തിലെയും നവോത്ഥാന പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മര്‍ഹൂം സൈനുല്‍ ആബിദ് സുല്ലമിയുടെ നഷ്ടം വലിയ വേദനയാണുണ്ടാക്കിയതെങ്കില്‍ റഫീഖിന്റെ വേര്‍പാട് വല്ലാത്തൊരു അസ്വസ്ഥത തന്നെയാണുണ്ടാക്കുന്നത്.
‘ശബാബി’ന്റെ പ്രചാരണത്തിനായി അഹോരാത്രം പരിശ്രമിച്ചു. ‘ശബാബ്’ വാരികയുടെ വരിസംഖ്യയുമായി ബന്ധപ്പെട്ട് അദ്ദേഹം വീടുകള്‍ കയറിയിറങ്ങും. വളരെ നേരം സൗഹൃദ സംഭാഷണം നടത്തിയാണ് അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളത്. അല്ലാഹുവിന്റെ പരീക്ഷണമായ രോഗത്തെ ഉറച്ച മനസ്സോടെയും പുഞ്ചിരിയോടെയും സ്വീകരിച്ച അദ്ദേഹം, അതെല്ലാം മറന്ന് കര്‍മനിരതനാവുകയായിരുന്നു.
സുല്ലമുസ്സലാം കോളജ് ഓഫ് ആര്‍ട്‌സിലെ പ്രീഡിഗ്രി പഠനശേഷം ബി.ഫാം ചെയ്ത് കുറച്ചു കാലം വിദേശത്തായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി മെഡിക്കല്‍ രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു. കടലുണ്ടി ടി എം എച്ച് ആശുപത്രിയിലെ ഫാര്‍മസി ചുമതലയുണ്ടായിരുന്ന റഫീഖ് ആശുപത്രിക്കടുത്ത് അത്താണിക്കല്‍ താമസിച്ചുവരുമ്പോഴും മനസ്സ് കൊടിയത്തൂരിലും മുക്കത്തും തന്നെയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാമൂഹികക്ഷേമ പദ്ധതികളുടെയും പാവപ്പെട്ട രോഗികള്‍ക്കുള്ള ചികില്‍സാസഹായങ്ങളുടെയും മുഖ്യ കോ-ഓഡിനേറ്ററായിരുന്നു റഫീഖ്. മരണപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് പാലത്ത് പ്രദേശത്തുകാരുടെ പാത്ത്‌വേ ട്രസ്റ്റിനു വേണ്ടി തന്റെ നാട്ടില്‍ നിന്ന് ലക്ഷം രൂപയാണ് ശേഖരിച്ചുകൊടുത്തത്. രണ്ടു പതിറ്റാണ്ടായി സൗത്ത് കൊടിയത്തൂരിലെ ദരിദ്ര കുടുംബങ്ങളിലേക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന്റെ മുഖ്യ സംഘാടകന്‍ റഫീഖായിരുന്നു. അദ്ദേഹം സജീവമായി ഇടപെട്ടിരുന്ന സൗത്ത് കൊടിയത്തൂര്‍, പന്നിക്കോട്, അത്താണിക്കല്‍ പ്രദേശങ്ങളില്‍ സര്‍വസ്വീകാര്യനായിരുന്നു.
വളപ്പില്‍ മുഹമ്മദ് മാസ്റ്ററുടെയുടെയും കണ്ണഞ്ചേരി ആമിനയുടെയും മകനാണ്. ഭാര്യ: ഹുസ്‌ന (കുനിയില്‍). മക്കള്‍: ഹനൂന്‍ റഫീഖ് (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് വിദ്യാര്‍ഥി), ഹന്ന റഫീഖ്, ആമിന ഹസ്സാ, ഹയാഫാത്തിമ. സഹോദരങ്ങള്‍: അബ്ദുര്‍റഷീദ്, റിയാസ്, സുഹ്‌റ, റസിയ. അല്ലാഹുവേ, പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ (ആമീന്‍).