26 Friday
April 2024
2024 April 26
1445 Chawwâl 17

വാക്കുകളെ ഭയപ്പെടുന്നവര്‍


പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് 65-ഓളം വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം, അരാഷ്ട്രീയവാദി, ശകുനി, ഏകാധിപതി, ഖാലിസ്ഥാനി, കരിദിനം, കഴിവില്ലാത്തവന്‍, കാപട്യം തുടങ്ങിയ വാക്കുകള്‍ക്കാണ് വിലക്ക്. ഈ വാക്കുകളെ മുഴുവന്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യം, പ്രതിപക്ഷ ദൗത്യം നിര്‍വഹിക്കുന്ന മാധ്യമങ്ങളിലും വിമര്‍ശകരിലും എപ്പോഴും കടന്നുവരാവുന്ന വാക്കുകളാണിവ. മാത്രമല്ല, ഈ വാക്കുകളൊക്കെ ഉപയോഗിക്കേണ്ട സാഹചര്യം പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ക്കേ ഉണ്ടാവുകയുമുള്ളൂ. വിമര്‍ശനത്തിന്റെ എല്ലാ വാതിലുകളും അടച്ചുകളയുകയും വരാവുന്ന വിമര്‍ശനത്തിന്റെ കാഠിന്യം കുറയ്ക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യമാണിന്നുള്ളത്. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. പണപ്പെരുപ്പം വര്‍ധിക്കുന്നു. രാജ്യത്തിന്റെ കടം വര്‍ധിക്കുകയും ആളോഹരി വരുമാനം കുറയുകയും ചെയ്യുന്നു. കോവിഡാനന്തരം ജി ഡി പി കുത്തനെ താഴോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. സമാന സാഹചര്യം അല്ലെങ്കിലും സാമ്പത്തിക വെല്ലുവിളികള്‍ മുമ്പും രാജ്യത്തുണ്ടായിട്ടുണ്ട്. 1990-ലെ ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി, 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയ പ്രതിസന്ധി തുടങ്ങിയവ ഉദാഹരണമാണ്. 1990-ലെ വെല്ലുവിളിയെ അതിജയിക്കാനാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ എല്‍ പി ജി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. ഇതൊക്കെ ചരിത്രമാണ്. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധി മുന്നിലുണ്ടാകുമ്പോഴാണ് പാര്‍ലമെന്റ് സെഷന്‍ കൂടുന്നത്. കഴിവില്ലാത്തവന്‍ അല്ലെങ്കില്‍ അഴിമതിക്കാരന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാതെ എങ്ങനെയാണ് ഈ സാഹചര്യത്തെ വിമര്‍ശിക്കാന്‍ സാധിക്കുക? ഈ രാജ്യത്തിന് സ്വാഭാവികമായ ഉത്തേജന ശേഷിയുണ്ട്. അതുപോലും ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ഭരണകൂടം കഴിവില്ലാത്തവര്‍ തന്നെയല്ലേ. ഇങ്ങനെ നിരോധിക്കപ്പെട്ട വാക്കുകള്‍ ഓരോന്നു പരിശോധിച്ചാലും ഭരണകൂട വിമര്‍ശനവുമായി അതിന് ഒഴിച്ചുകൂടാനാവാത്ത ബന്ധമുണ്ടെന്ന് കാണാനാവും.
വിമര്‍ശനത്തിനുള്ള വാക്കുകള്‍ മാത്രമല്ല, പ്ലക്കാര്‍ഡും ലഘുലേഖകളും നിരോധിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സവിശേഷമായ അധികാരങ്ങള്‍ നല്‍കപ്പെടുന്ന രാജ്യമാണ് നമ്മുടേത്. നിയമപരമായി തന്നെ അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വിവിധ സഭകളിലെ അംഗങ്ങളുടെ പ്രസംഗങ്ങളും സഭാനടപടികളും കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല. സഭയിലെ ഒരു പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാനാവില്ല. അത്തരമൊരു സംരക്ഷണം നല്‍കിയിരിക്കുന്നതു തന്നെ രൂക്ഷമായ വിമര്‍ശനത്തിന്റെയും സൂക്ഷ്മമായ നിരൂപണത്തിന്റെയും ജനാധിപത്യപരമായ സംവാദാന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. പാര്‍ലമെന്റ് ദുര്‍ബലപ്പെട്ടാല്‍ അത് രാജ്യത്തിന്റെ ദൗര്‍ബല്യമാണ്. ഒരു രാജ്യത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സൂചിക പരിഗണിക്കപ്പെടുന്നതില്‍ പാര്‍ലമെന്റിലെ ജനാധിപത്യ സംവാദങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കാരണം, ഔദ്യോഗികമായി രേഖപ്പെട്ടുകിടക്കുന്ന ഭരണകൂട വിമര്‍ശനങ്ങളാണ് പാര്‍ലമെന്റ് സംവാദങ്ങള്‍. സമീപകാലത്തായി അത്തരം സൂചികകളിലെല്ലാം നാം പിറകോട്ട് പോകുന്നത് അത്യന്തം ഗൗരവതരമാണ്.
വിമര്‍ശനങ്ങളുടെ ഗ്രാവിറ്റി നഷ്ടപ്പെടുത്തുകയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശക്തമായ ഭാഷയില്‍ അംഗങ്ങള്‍ സംസാരിച്ചാല്‍ തന്നെയും അത് പാര്‍ലമെന്റ് രേഖകളില്‍ നിന്ന് ആവശ്യാനുസരണം ഒഴിവാക്കാന്‍ ഈ നിരോധനം കൊണ്ട് സാധിക്കും. ഡിക്‌റ്റേറ്റര്‍ഷിപ്പ് എന്ന വാക്കും നിരോധിച്ചവയില്‍ പെടുന്നു. അതായത് ഈ നിരോധനത്തെക്കുറിച്ച് പോലും സംസാരിക്കാന്‍ കഴിയാത്ത വിധം വാക്കുകളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ കിച്ചണ്‍ കാബിനറ്റിന് സമാനമായ വിധത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നത്. ഇതിനെപ്പറ്റി സംസാരിക്കാന്‍ പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടി വരും. വിമര്‍ശനങ്ങള്‍ ഒന്നുമില്ലാത്ത, പ്രതിപക്ഷശബ്ദം പോലും കേള്‍ക്കാത്ത ഒരു ഭരണസംസ്‌കാരം എന്നത് ജനാധിപത്യത്തില്‍ ഭൂഷണമല്ല. കേരളത്തിലെ ഒരു എം എല്‍ എ പ്രതിപക്ഷ നേതാവിനു വേണ്ടി ചെലവഴിക്കുന്ന പണം ധൂര്‍ത്താണ് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സഭാധ്യക്ഷന്‍ അത് തിരുത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. കാരണം, തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ കക്ഷികള്‍ മാത്രം ഉള്‍പ്പെടുന്നതല്ല, പ്രതിപക്ഷ വിമര്‍ശനവും പ്രവര്‍ത്തനവും കൂടി ചേരുന്നതാണ് ജനാധിപത്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x