26 Friday
July 2024
2024 July 26
1446 Mouharrem 19

വക്കം മൗലവി ധീരനായ പരിഷ്‌കര്‍ത്താവ്

ഹാറൂന്‍ കക്കാട്‌


വക്കം മൗലവി എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്‍ഖാദര്‍ മൗലവി കേരളം ദര്‍ശിച്ച മികച്ച പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവും ധീരനായ പ്രസാധകനും പത്രാധിപരുമായിരുന്നു. കേരളത്തിലെ അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും കുലപതിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. 1873 ഡിസംബര്‍ ഇരുപത്തിയെട്ടിന് തിരുവനന്തപുരം ജില്ലയിലെ വക്കത്ത് മുഹമ്മദ് കുഞ്ഞിന്റെയും ആഷ് ബീവിയുടേയും മകനായാണ് അബ്ദുല്‍ഖാദര്‍ മൗലവി ജനിച്ചത്.
തിരുവനന്തപുരം ടൗണില്‍ ഒരു ഏക്കര്‍ ഭൂമിക്ക് നൂറ് രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്ത്, 12000 രൂപയുടെ വിദേശ നിര്‍മിത പ്രസ്സിനും 12000 രൂപയോളം അനുബന്ധകാര്യങ്ങള്‍ക്കും വേണ്ടി ചിലവഴിച്ച് പത്രപ്രസിദ്ധീകരണം തുടങ്ങിയ അത്യപൂര്‍വ ചരിത്രമാണ് വക്കം മൗലവി എന്ന മഹാ ത്യാഗിയുടേത്. നവോത്ഥാന ഭൂമിക ദര്‍ശിച്ച ഉജ്വലനായ സാമൂഹിക പരിഷ്‌കര്‍ത്താവാണ് വക്കം മൗലവി. ഭീമമായ പണം മുടക്കി പത്രം തുടങ്ങിയാല്‍ വന്നേക്കാവുന്ന സാമ്പത്തിക നഷ്ടത്തിനെയും അപകടങ്ങളെയും കുറിച്ച് അദ്ദേഹം ചിന്തിച്ചില്ല. സമൂഹത്തില്‍ നിലനിന്നിരുന്ന അനീതികള്‍ക്കെതിരെ പോരാടുന്നത് സ്വന്തം ധര്‍മമാണെന്ന അചഞ്ചലമായ വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്. ശൈഖ് അബ്ദുവിന്റെ സ്വാധീനത്തെ തുടര്‍ന്ന് സ്വദേശാഭിമാനിയും മുസ്ലിമും അദ്ദേഹം ആരംഭിച്ചു.
വര്‍ത്തക പ്രമുഖനായ തന്റെ സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയ ഒരു അറബ് പൗരന്‍ സമ്മാനിച്ച അല്‍മനാര്‍ മാസിക വക്കം മൗലവിയെ വളരെയേറെ സ്വാധീനിച്ചു. ഈജിപ്തില്‍ നിന്ന് സയ്യിദ് റശീദ് രിദയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രസ്തുത മാസികയുടെ വരിക്കാരനായി അദ്ദേഹം. അല്‍മനാറിന്റെ താളുകള്‍ എല്ലാ അര്‍ഥത്തിലും വക്കം മൗലവിയുടെ ജീവനായി മാറി.
ഒരു ഘട്ടത്തില്‍ അല്‍മനാറിന്റെ കോപ്പികള്‍ മൗലവിക്ക് കിട്ടാതായി. ഇത് മൗലവിയെ അസ്വസ്ഥനാക്കി. ഈ സമയത്ത് വക്കം മൗലവി റശീദ് രിദക്ക് എഴുതിയ കത്ത് എത്രമേല്‍ ആ പ്രസിദ്ധീകരണം അദ്ദേഹത്തെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നതാണ്. അല്‍മനാര്‍ തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ജീവനായിരുന്നു. അത് കിട്ടാതായത് മുതല്‍ ഊണും ഉറക്കവുമില്ലാതെ താന്‍ വളരെയേറെ പ്രയാസത്തിലും സങ്കടത്തിലുമായിരിക്കുന്നു, എത്രയും വേഗം അല്‍മനാറിന്റെ കോപ്പികള്‍ തനിക്ക് അയച്ചുതരാന്‍ നടപടിയുണ്ടാവണം തുടങ്ങിയ ആശയത്തിലുള്ള കത്ത് ചരിത്രത്തിലെ അതി മനോഹരമായ ഒരധ്യായമാണ്. കത്ത് കൈപ്പറ്റിയ സയ്യിദ് റശീദ് രിദ വക്കം മൗലവിയെ ആശ്വസിപ്പിച്ചു കൊണ്ട് മറു കുറിപ്പ് അയക്കുകയും അല്‍മനാറിന്റെ കോപ്പികള്‍ കൃത്യമായി ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സയ്യിദ് റശീദ് രിദയുടെ മറുപടിക്കത്ത് വക്കം മൗലവിയെ വീണ്ടും സക്രിയനാക്കി. അല്‍മനാറില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് അല്‍ ഇസ്ലാം ദീപിക എന്നീ പ്രസിദ്ധീകരണങ്ങള്‍ മൗലവി പുറത്തിറക്കി.
പത്ര ഉടമ എങ്ങനെ ആയിരിക്കണം എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് വക്കം മൗലവി. അദ്ദേഹവും രാമകൃഷ്ണ പിള്ളയും തമ്മിലുണ്ടായിരുന്ന അടുപ്പം പത്രമുടമയും പത്രാധിപരും തമ്മിലുണ്ടാവേണ്ട മാതൃകാപരമായ ബന്ധമായിരുന്നു. പത്രത്തിനെതിരെ അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴൂം നിര്‍ണായക ഘട്ടത്തില്‍ പത്രം കണ്ടുകെട്ടിയപ്പോഴും വക്കം മൗലവി പത്രാധിപരോടൊപ്പമായിരുന്നു.
ബ്രിട്ടീഷ് കോളനിയായ അഞ്ചുതെങ്ങില്‍ പ്രസ്സ് സ്ഥാപിച്ച് സ്വദേശാഭിമാനി എന്ന പത്രം അദ്ദേഹം തുടങ്ങിയത് വിപ്ലവകരമായ മുന്നേറ്റമായിരുന്നു. സി പി ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപര്‍. കേരള വര്‍മ വലിയ കോയിത്തമ്പുരാന്‍, എ ആര്‍ രാജരാജവര്‍മ, മഹാകവി ഉള്ളൂര്‍ എന്നിവരുടെ സഹായങ്ങളും സര്‍ സി ശങ്കരന്‍ നായരെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കളുടെ സഹകരണവും അക്കാലത്തു മൗലവിക്കു ലഭിച്ചിരുന്നു.
പിന്നീട് സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണം വക്കത്തേക്കു മാറ്റി. കെ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രാധിപരായി. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായത് അന്നു മുതലാണ്. പത്രാധിപരുടെ ഉപരിവിദ്യാഭ്യാസ സൗകര്യാര്‍ഥം ഏറെ വൈകാതെ സ്വദേശാഭിമാനി പ്രസിദ്ധീകരണം തിരുവനന്തപുരത്തു നിന്നായി. ദിവാന്‍ വാഴ്ചയ്ക്കും രാജവാഴ്ചയ്ക്കുമെതിരായി സ്വദേശാഭിമാനി ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ 1910 സെപ്റ്റംബര്‍ 26 ന് സര്‍ക്കാര്‍ സ്വദേശാഭിമാനി പ്രസ്സ് കണ്ടുകെട്ടി. സ്വന്തം സമുദായത്തെ പിന്നോക്കാവസ്ഥയില്‍ നിന്ന് ഉദ്ധരിക്കാനുള്ള ഉല്‍ക്കടലമായ അഭിലാഷം, ദേശാഭിമാന പ്രചോദിതമായ പൊതു സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയില്ലെന്നു ജീവിതം കൊണ്ടും കര്‍മശൈലികൊണ്ടും തെളിയിച്ച മഹാത്മാവായിരുന്നു വക്കം മൗലവി.
സമുദായത്തെ അധഃപതനത്തില്‍ നിന്നു രക്ഷിക്കുവാന്‍ വേണ്ടിയുള്ള പ്രധാന മാര്‍ഗം വിദ്യാഭ്യാസം മാത്രമാണെന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞു എന്നുള്ളതാണ് വക്കം മൗലവിയെ നവോത്ഥാനത്തിന്റെ നായകനാക്കിത്തീര്‍ത്തത്. വിദ്യാഭ്യാസത്തെക്കുറിച്ച തന്റെ വീക്ഷണം നടപ്പിലാക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം ഈ മേഖലയിലുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവിതാംകൂറിലെ മുസ്ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം മദ്രസകളില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്നു. പൊതു സ്‌കൂളുകളില്‍ കുട്ടികളെ അയക്കുവാനും അവര്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കുവാനും താല്‍പര്യം കാണിക്കുന്നവര്‍ വളരെ വിരളമായിരുന്നു. അതുകൊണ്ട് അവര്‍ പൊതുധാരയില്‍ നിന്നു പിന്തള്ളപ്പെട്ടു. പൊതുവിദ്യഭ്യാസം നേടിയെടുക്കുകയെന്നുള്ളതാണ് അതിന് പ്രതിവിധിയായി വക്കം മൗലവി കണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ അധികൃതരുടെ സഹായം അഭ്യര്‍ഥിക്കുകയും അവയില്‍ മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കുകയും സാമ്പത്തികമായി കഴിവുള്ളവരെ തേടിപ്പിടിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഭൗതിക വിദ്യഭ്യാസം, മതവിദ്യാഭ്യാസത്തോടൊപ്പം തന്നെ മനുഷ്യപുരോഗതിക്ക് അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിക്കുക മാത്രമല്ല അത് കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തുവെന്നുള്ളതാണ് വക്കം മൗലവിയുടെ ഈ മേഖലയിലുള്ള മൗലികമായ സംഭാവന. കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരമായ ഒരു പരിവര്‍ത്തനത്തിന്റെ ആരംഭമായിരുന്നു.
പ്രവര്‍ത്തന മേഖലകളില്‍ പത്ര പ്രവര്‍ത്തനത്തിന് നിര്‍ണായകമായ സ്ഥാനമാണ് വക്കം മൗലവി നല്‍കിയത്. ജനകീയ ബോധവല്‍ക്കരണത്തിനു വേണ്ടി പ്രസിദ്ധീകരണത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ആദ്യമായി കാണിച്ചു കൊടുത്തത് അദ്ദേഹമായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശ്വാസികളുടെയിടയില്‍ പ്രചരിപ്പിക്കുവാനുള്ള മാധ്യമം എന്ന നിലയിലാണ് ‘മുസ്ലിം’ മാസിക അദ്ദേഹം നടത്തിയത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചിരുന്ന സ്ഥിതിവിവരക്കണക്കുകള്‍, സെന്‍സസ് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ വിദ്യാഭ്യാസപരമായി എവിടെ നില്‍ക്കുന്നുവെന്ന് കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മാതൃകയായി സ്വീകരിച്ചത് അലീഗര്‍ മുസ്ലിം സര്‍വകലാശാലയുടെ സ്ഥാപകനായിരുന്ന സര്‍ സയ്യിദ് അഹമദ് ഖാന്‍ എന്ന ധിഷണാശാലിയെയായിരുന്നു. മുസ്ലിം മാസികയിലൂടെ നിരന്തരം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ഫലമായി മുസ്ലിം വിദ്യാഭ്യാസം എന്ന വിഷയം സര്‍ക്കാരിന്റെ സജ്ജീവ ശ്രദ്ധയില്‍ കൊണ്ടുവരാനും മുസ്ലിംകളുടെ ഇടയില്‍ ബോധവല്‍ക്കരണമുണ്ടാക്കുവാനും കഴിഞ്ഞു.
മുസ്ലിംകളുടെ ഇടയില്‍ ഏകദൈവ വിശ്വാസം ഉണര്‍ത്തിക്കുകയും പ്രാദേശികമായി കടന്നുകൂടിയ അനാചാരങ്ങളില്‍ നിന്നു സമുദായത്തെ സ്വതന്ത്രമാക്കുകയും ചെയ്യുകയുമായിരുന്നു അല്‍ ഇസ്ലാം എന്ന അറബി മലയാളം മാസികയുടെ ലക്ഷ്യം. വക്കം മൗലവിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സാമൂഹ്യപരിവര്‍ത്തന പ്രക്രിയക്ക് ശക്തിപകര്‍ന്നു.. എന്നാല്‍ അവയെല്ലാം തന്നെ സാമ്പത്തികമായി പരാജയത്തിലാണ് കലാശിച്ചത്. നിര്‍ഭാഗ്യവശാല്‍ സ്വന്തം സമുദായത്തില്‍ നിന്നു പോലും അദ്ദേഹത്തിന് പ്രതീക്ഷിച്ച രീതിയിലുള്ള സഹകരണമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധികള്‍ അദ്ദേഹത്തെ നിരാശനാക്കിയില്ല. പ്രസിദ്ധീകരണ മേഖലയില്‍ വീണ്ടും പരീക്ഷണം നടത്തുവാന്‍ തന്നെയാണ് അദ്ദേഹം തീരുമാനിച്ചത്. മതപരവും സാംസ്‌കാരികവുമായ ഗ്രന്ഥങ്ങളുടെ പ്രകാശനത്തിന് വേണ്ടി ‘ഇസ്ലാമിക പ്രസിദ്ധീകരണാലയം’ എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിച്ചു. അതില്‍ നിന്നാണ് ‘ദീപിക’ എന്ന മാസിക പ്രസിദ്ധീകരികരിച്ചത്.്യു
സാമാന്യജനങ്ങളിലേക്ക് ആശയങ്ങള്‍ പകര്‍ന്നു നല്കാന്‍ വക്കം മൗലവി സ്വീകരിച്ച രണ്ടാമത്തെ മാര്‍ഗമായിരുന്നു സംഘടനാ രൂപീകരണം. സ്വന്തം ഗ്രാമമായ നിലയ്ക്കാമുക്കില്‍ ഒരു സംഘടന കെട്ടിപ്പടുത്തുകൊണ്ടാണ് അദ്ദേഹം അതിന് ആരംഭം കുറിച്ചത്. ചിറയന്‍കീഴിലും പെരുമാതുറയിലും പള്ളിപ്പുറത്തും ഇടവായിലും കൊട്ടാരക്കരയിലും അദ്ദേഹം സംഘടനകള്‍ക്ക് രൂപം നല്‍കി. 1921 ഓഗസ്റ്റ് 21-ാം തിയ്യതി തിരുവിതാംകൂര്‍ മഹാജന സഭയെന്ന പേരില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഒരു സംഘടന രൂപീകരിച്ചു. തിരുവനന്തപുരത്തുള്ള തമ്പാനൂരിലെ ആര്യശാല ഹാളില്‍ വെച്ചാണ് സമ്മേളനം നടന്നത്. തിരുവിതാംകൂറിലെ 29 താലൂക്കുകളില്‍ നിന്നുമായി 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നവോത്ഥാന ആശയങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി പുതിയ സംഘടനകള്‍ രൂപീകൃതമായി. തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറത്ത് ഒരു മുസ്ലിം ഹൈസ്‌കൂള്‍ സ്ഥാപിച്ചത് വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചു. അവിടെത്തന്നെ ‘മുനവ്വിറുല്‍ ഇസ്ലാം’ എന്ന പേരില്‍ ഒരു സംഘടനയും അതിനോടനുബന്ധിച്ച് ഒരു വായനശാലയും പ്രവര്‍ത്തിച്ചുതുടങ്ങി. വക്കം മൗലവിയുടെ സംഘടനാ പ്രവര്‍ത്തനം തിരുവിതാംകൂറില്‍ നിന്നും കൊച്ചിയിലേക്കും മലബാറിലേക്കും വ്യാപിച്ചു.
സംഭവബഹുലമായിരുന്നു വക്കം മൗലവിയുടെ ജീവിതം. എല്ലാ അര്‍ഥത്തിലും മാതൃകകള്‍ തീര്‍ത്ത അദ്ദേഹം 1932 ഒക്ടോബര്‍ 31ന് നിര്യാതനായി. ഭൗതിക ശരീരം വക്കം വലിയ പള്ളിയിലാണ് ഖബറടക്കിയത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x