8 Sunday
February 2026
2026 February 8
1447 Chabân 20

വക്കം മൗലവി സവര്‍ണ വ്യവസ്ഥയെ അനുകൂലിച്ചിട്ടുണ്ടോ?

ഡോ. ടി കെ ജാബിര്‍


ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഒരു സാമൂഹ്യ ആചാരമാണ് ജാതിവ്യവസ്ഥ. മനുസ്മൃതി പോലെയുള്ള പുരാതന ഗ്രന്ഥങ്ങളില്‍ അതിന്റെ വിശദീകരണങ്ങള്‍ കാണാം. ജാതിവ്യവസ്ഥയുടെ ഉത്ഭവവും വളര്‍ച്ചയും ഇന്ത്യയില്‍ തന്നെയാണ് എന്ന് കാണാന്‍ കഴിയും. ചരിത്രപരമായി ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ സമുദായങ്ങളിലും ജാതീയതയുടെ ചില അംശങ്ങള്‍ നമുക്ക് കാണുവാന്‍ കഴിയും. അതിന്റെ ഏറ്റവും പ്രധാനമായ വശം എന്താണെന്നാല്‍ അയിത്തവും ഉച്ചനീചത്വങ്ങളും ആണ്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും ജാതീയത തീവ്രമായ രൂപത്തില്‍ അനുഷ്ഠിച്ച് വരുന്നുണ്ട്. ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ- ശൂദ്ര തുടങ്ങി നിരവധി ജാതികളും ഉപജാതികളും നമുക്ക് കാണാം. ശ്രേണി വല്‍കൃതമായ ഒരു അയിത്ത സംവിധാനമാണ് നിലനില്‍ക്കുന്നത് എന്ന് അംബേദ്ക്കറിന്റെ ജാതിയെ കുറിച്ചുള്ള പഠനത്തില്‍ പറയുന്നു. നമ്മുടെ കേരളത്തിലും ഒരുകാലത്ത് ജാതിവ്യവസ്ഥ തീവ്രതയില്‍ നിലനിന്നിരുന്നു. ഇന്ന് അതിന് കുറെയൊക്കെ കുറവ് വന്നിട്ടുണ്ടെങ്കിലും നിശബ്ദമായിട്ടെങ്കിലും അത് നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ജാതി വ്യവസ്ഥയുടെ അനുഷ്ഠാനം തീവ്ര രൂപം ഉപേക്ഷിക്കുന്നതിന് കാരണമായത് പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ ഉത്ഭവിച്ച സാമൂഹ്യ പരിഷ്‌കരണ പദ്ധതികളാണ്. നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അതിന്റെ പിന്നിലുണ്ട്. അതില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സമകാലികനായ ശ്രീനാരായണ ഗുരുവിന്റെ പങ്ക് വളരെ വലുതാണ്.
വക്കം മൗലവിയും
സ്വദേശാഭിമാനിയും

വക്കം മൗലവിയുടെ സ്വദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗ ഉള്ളടക്കത്തെ മുന്‍നിര്‍ത്തി സവര്‍ണ ജാതി സേവ എന്ന പേരില്‍ അടുത്ത കാലത്ത് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ‘സ്വദേശാഭിമാനിയുടെ നിലപാടുകള്‍’ എന്ന പേരില്‍ ഉമൈര്‍ ബുഖാരി എഴുതിയ ഒരു ലേഖനമാണ് വക്കം മൗലവിയുടെ ചരിത്ര ദൗത്യത്തെ സ്വദേശാഭിമാനിയുടെ എഡിറ്റോറിയലിനെ വച്ച് കൊണ്ട് തള്ളിപ്പറയുന്നത്. കേരള മുസ്ലിം നവോത്ഥാനം (2017) എന്ന പേരിലുള്ള ഒരു പുസ്തകത്തിലാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിട്ടുള്ളത്. കേരളാ മുസ്ലിം നവോത്ഥാനത്തെ കുറിച്ച് ഉപരിപ്ലവമായ കേവല പരാമര്‍ശങ്ങള്‍ക്കപ്പുറത്തേയ്ക്ക് അതെന്താണെന്ന് ഈ പുസ്തകം വിലയിരുത്തുന്നതായി കാണുവാനാകുന്നില്ല. ദളിത് എഴുത്തുകാരുടെയും, ചുരുക്കം ചില മുസ്ലിം എഴുത്തുകാരുടെയും ഭാഗത്തു നിന്നും വിമര്‍ശനമുണ്ടായിട്ടുണ്ട്. ദലിത് പക്ഷത്ത് നിന്നുള്ള വിമര്‍ശനം രാമകൃഷ്ണപിള്ളയുടെ നിലപാടിനെതിരെ ആണെങ്കില്‍ മുസ്ലിം പക്ഷത്ത് നിന്നുള്ള വിമര്‍ശനം വക്കം മൗലവിയുടെ പരിഷ്‌ക്കരണ ചിന്തകള്‍ എന്ന വ്യവഹാരത്തിനെതിരെയാണ് എന്നത് കൊണ്ട് പ്രസ്തുത പുസ്തകത്തിന്റെ സമീപനം ബൗദ്ധിക സത്യസന്ധത ഇല്ലാത്തതാണെന്ന് മനസിലാക്കാം. വിമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്ന നിര്‍ണായകമായ ചരിത്ര വസ്തുതകള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനെ കുറിച്ചുള്ള ഒരു വസ്തുനിഷ്ഠമായ അന്വേഷണമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍ക്ക് എതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ത്തുന്നത്. സ്വദേശാഭിമാനി പത്രത്തിന്റെ ഉള്ളടക്കത്തില്‍ പത്ര ഉടമസ്ഥന്‍ ആയിരുന്ന വക്കം മൗലവി ഒരിക്കലൂം ഇടപെട്ടിരുന്നില്ല എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ട ഒന്നാമത്തെ വസ്തുത. മുസ്ലിം സമുദായ പരിഷ്‌കരണം സ്വദേശാഭിമാനിയുടെ ഉദ്ദേശം ആയിരുന്നേയില്ല. സമൂഹത്തില്‍ പൊതുവെ ഇടപെടുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ആദ്യം ഗോവിന്ദപിള്ള എന്ന ഒരു പത്രാധിപര്‍ സ്വദേശാഭിമാനിക്ക് ഉണ്ടായിരുന്നു. പിന്നീടാണ് രാമകൃഷ്ണപിള്ള പത്രാധിപര്‍ ആയി എത്തുന്നത്. രാമകൃഷ്ണപിള്ള ജാതിവ്യവസ്ഥയെ തുറന്ന് എതിര്‍ത്തിരുന്നില്ല എങ്കില്‍ അതിന് വിമര്‍ശന വിധേയമാക്കേണ്ടത് രാമകൃഷ്ണപിള്ളയെ തന്നെയാണ്. വക്കം മൗലവി മുസ്ലിം സമുദായ പരിഷ്‌കരണത്തിന് വേണ്ടിയുള്ള മുസ്ലിം എന്ന മാസിക മലയാള ഭാഷയില്‍ തന്നെ വിപ്ലവകരമായി നടത്തിക്കൊണ്ട് പോയത് 1906 മുതല്‍ 1916 വരെയാണ്.

വക്കം മൗലവി:
വീക്ഷണവും
ഇടപെടലുകളും

മലയാളഭാഷയോട് അന്ന് മുസ്ലിം സമുദായം അയിത്തവും നീചത്വവും പൊതുവില്‍ പാലിച്ചു വന്നു എന്ന വസ്തുത ഇത്തരം അസ്ഥാനത്തുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വിസ്മരിക്കരുത്. ‘നരകത്തിലെ ഭാഷയാണ് മലയാളം’ എന്ന അന്ധവിശ്വാസം അന്ന് ആധികാരികമായി മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്നു എന്നും, അതേസമയം കോടതി/ സര്‍ക്കാര്‍ വ്യവഹാരങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മുസ്ലിം സമുദായത്തിന് മലയാള ഭാഷയെ ഒഴിവാക്കുവാനുമായിരുന്നില്ല, അതിനെ ആശ്രയിക്കേണ്ടതായി വന്നു എന്ന വിരോധാഭാസവും അക്കാലത്ത് നിലനിന്നിരുന്നു എന്നത് ഇവിടുത്തെ വിമര്‍ശകര്‍ ഓര്‍ക്കേണ്ടതാണ്.
എന്നിരിക്കെ മലയാള ഭാഷാ നൈപുണ്യം സമുദായം കൈവരിക്കുന്നതിന് വക്കം മൗലവി സദാ ആഹ്വാനം ചെയ്തു. അതെല്ലാം മൗലവിക്കെതിരേ കുറ്റാരോപണത്തിനാണ് മറുഭാഗം ഉപയോഗപ്പെടുത്തിയത്. മാത്രമല്ല, തന്റെ പരിശ്രമങ്ങള്‍ വിജയം നേടുന്നില്ലെന്ന് കണ്ടാണ് 1918-ല്‍ മറ്റൊരു സമുദായ പരിഷ്‌ക്കരണ പ്രസിദ്ധീകരണമായ അല്‍ ഇസ്ലാം അറബി മലയാള ഭാഷയില്‍ അദ്ദേഹം തുടങ്ങുന്നത്. വക്കം മൗലവിയുടെ ചരിത്ര ദൗത്യം നിഷേധിക്കുന്നവര്‍ ഇത് ഒരാവര്‍ത്തി കൂടി വായിക്കേണ്ടതാണ്. അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന കയ്യെഴുത്ത് വിലക്കുന്ന ആധിപത്യ മുസ്ലിം വ്യവഹാരത്തിനെതിരേ ‘മുസ്ലിം സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കുന്നതില്‍ തെറ്റില്ല’ എന്ന ഒരു വിപ്ലവ ചിന്ത വക്കം മൗലവി 1918-ല്‍ കൊണ്ടുവന്നിരുന്നു എന്നത് കൂടി വിമര്‍ശകര്‍ ഓര്‍ക്കണം.
ആ കയ്യെഴുത്ത് വിലക്കിനെ സംബന്ധിച്ച് ഇന്ന് ആലോചിച്ചു നോക്കുന്നത് പോലും ആത്മാഭിമാനത്തെ അലോസരപ്പെടുത്തുന്ന ഒന്നല്ലേ എന്നതും ഓര്‍മിക്കേണ്ടതാണ്. നിരവധി ഇസ്ലാമിക പ്രമാണങ്ങളില്‍ ഗവേഷണം നടത്തിയാണ് വക്കം മൗലവി ആ വ്യവഹാരം സ്ഥാപിച്ചെടുക്കുന്നത്. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം 1925-ല്‍ മുസ്ലിം സ്ത്രീയെ കയ്യെഴുത്ത് പഠിപ്പിക്കേണ്ടതില്ല എന്ന മതവിധി കേരളത്തില്‍ ഈ വിമര്‍ശകരുടെ ഭാഗത്ത് നിന്നും പുറത്തു വന്നു എന്നതും വിസ്മരിക്കാവുന്നതല്ല ഈ സന്ദര്‍ഭത്തില്‍.
അന്നത്തെ മലയാള ഭാഷയോടുള്ള ആ നിലപാട് ഇന്ന് ഈ വിമര്‍ശകര്‍ക്ക് ചര്‍ച്ച ചെയ്യുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതാണ്. ഇംഗ്ലീഷ് ഭാഷയെ ‘കാഫിറിന്റെ ഭാഷ’യെന്ന അര്‍ഥത്തില്‍ തള്ളിക്കളഞ്ഞിരുന്നു എന്നത് നമുക്ക് പരിചിതമാണ്. അതിലാണെങ്കില്‍ പക്ഷെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമര ബോധം ഉണ്ടെന്ന് ഓര്‍ക്കാം. രാമകൃഷ്ണ പിള്ളയെക്കാള്‍ യോഗ്യതയുള്ള ഒരു പത്രാധിപര്‍ ഏതൊരു സമുദായത്തില്‍ നിന്നു ലഭിച്ചാലും പത്രാധിപരായി നിയമിക്കുവാന്‍ വക്കം മൗലവിക്കുണ്ടായിരുന്ന പ്രതിബദ്ധതയെ സംശയിക്കുന്നത് വലിയ അബദ്ധമാണ്. അതിന് ഏറ്റവും നല്ല തെളിവാണ് മുസ്ലിം ജേര്‍ണലില്‍ കാണുന്ന ‘ഹിന്ദു മുസ്ലിം ഐക്യം’ എന്ന തലക്കെട്ടിലുള്ള ലേഖനം. ഹിന്ദു മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യം നിര്‍മിച്ചെടുക്കുന്നതിന് വേണ്ടിയുള്ള യത്‌നങ്ങളാണ് അതില്‍ ദര്‍ശിക്കുവാനാകുന്നത്.
വക്കം മൗലവിയും
സവര്‍ണ ജാതിവ്യവസ്ഥയും

അദ്ദേഹം എഴുതുന്നു: ‘ജാതി വൈരത്തെ മുളപ്പിക്കുന്ന തൂലികകള്‍ ഈയിടെ ആയി ചില മലയാളം പത്രങ്ങളില്‍ പ്രയോഗിക്കപ്പെട്ടു കാണുകയും അങ്ങനെയുള്ള ദുഷ് ചിന്തകളൊന്നും കൂടാതെ കഴിയുന്ന മുസ്ലിം സമുദായവും ജാതി വൈരക്കളരിയിലേക്ക് വലിക്കപെട്ടു പോകുമോ എന്ന് അല്പം ശങ്ക ജനിക്കുകയും ചെയ്തതിനാല്‍….”.
ഇവിടെ ജാതീയതയുടെ വളര്‍ച്ച മലയാള മാധ്യമങ്ങളില്‍ വളര്‍ന്നു വരുന്നതിനെ ഒരു സാമൂഹിക വിപത്തായി കാണുകയും അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുകയാണ് മുസ്ലിം ജേര്‍ണലില്‍ വക്കം മൗലവി. കൂടാതെ ഹിന്ദു മുസ്ലിം ബന്ധം വഷളായ സാഹചര്യത്തില്‍ ‘ഈദുല്‍ അദ്ഹ’ യോടനുബന്ധിച്ച് ഗോവധം സാമൂഹ്യ സുരക്ഷയെ ബാധിക്കുമെങ്കില്‍ ഗോവധം ഒഴിവാക്കി സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി നിലനിര്‍ത്തി ആഘോഷിക്കുവാന്‍ 1910 -കളില്‍ മുസ്‌ലിം ജേര്‍ണലില്‍ മുസ്ലിം സമുദായത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. ഇത് ഈ വിഷയത്തില്‍ കേരളത്തിലെ ഒരു മുസ്ലിം പണ്ഡിതന്റെ / പരിഷ്‌ക്കര്‍ത്താവിന്റെ ശ്രദ്ധേയമായ, ഇദംപ്രഥമമായ നിലപാട് പ്രഖ്യാപനമാെണന്ന് വിസ്മരിക്കരുത്.
സവര്‍ണ ജാതി വ്യവസ്ഥയെ കുറിച്ച് ദീപികയില്‍ (പേജ് 445, 446) എഴുതുന്നു. ‘….ഉയര്‍ന്ന ജാതിക്കാര്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വര്‍ഗക്കാര്‍ (നമ്പൂതിരിമാര്‍) നിവൃത്തിയില്ലാതെ വരുന്ന ഘട്ടത്തില്‍ അല്ലാതെ അന്യരുടെ ആചാരങ്ങളെയും മറ്റും കൈകൊള്ളുകയില്ല. അവര്‍ അവരുടെ (നമ്പൂതിരിമാരുടെ) ഈ വിശ്വാസം പരമാര്‍ഥമാണ് എന്ന് വിശ്വസിച്ച് തല താഴ്ത്തുന്ന അസംഖ്യം കീഴ്ജാതിക്കാരാല്‍ പൂജിക്കപ്പെടുന്നവരും ആണ്. ജാതി എന്നത് ചിലര്‍ സ്വയം അവകാശപ്പെടുകയും അവരുടെ സേവകരായിട്ടു ഉള്ളവര്‍ അത് സമ്മതിക്കുന്നു എന്നുമാണ്. സവര്‍ണ ജാതി വ്യവസ്ഥ സാമൂഹ്യ അംഗീകൃതം ആണെന്നോ, അവ പാലിക്കേണ്ടവ ആണെന്നോ വക്കം മൗലവിയുടെ രചനകളില്‍ ഒരിടത്തും കാണുക സാധ്യമല്ല. ആയതിനാല്‍ വക്കം മൗലവി സവര്‍ണ്ണ സേവയില്‍ ആണെന്ന ആരോപണം കേവലം അര്‍ഥശൂന്യമാണ്. ദീപികയുടെ പേജ് 227-ല്‍ ‘വിജയത്തിലേക്ക്’ എന്ന പി ജി നാരായണ പണിക്കരുടെ കവിതയില്‍ ഉദ്ധരിക്കുന്ന നാല് വരികള്‍ ശ്രദ്ധിക്കുക.
ഉച്ചനീചത്വമല്ല
ദേശഭേദങ്ങളല്ല
സച്ചരിത്രമേ മര്‍ത്യ
മേന്മയ്ക്കുള്ളടയാളം
ജാതിയാമുരകല്ലിലുര
ച്ചോ നരോത്തമാ
നീതിയാം സ്വര്‍ണ്ണത്തിന്റെ
മാറ്റു നിര്‍ണയിക്കുന്നു

മനുഷ്യരിലെ ഉത്തമ സ്വര്‍ണ്ണത്തിന്റെ മാറ്റു നിശ്ചയിക്കുന്നത് മാനവികതയാണ് എന്നാണ് ഈ കവിതയുടെ ഉദ്ദേശം. ദീപികയില്‍ നിരവധി ഭാഗത്ത് ഈ വിഷയത്തിലുള്ള പരാമര്‍ശങ്ങള്‍ കാണാം. അപരവല്‍ക്കരിക്കയ്ക്കപ്പെടുന്ന, പുറന്തള്ളപ്പെടുന്ന സമൂഹങ്ങളെ കുറിച്ചുള്ള കൃത്യമായ ജനാധിപത്യ വീക്ഷണം/കരുതല്‍ വക്കം മൗലവി കാലികമായി വെച്ച് പുലര്‍ത്തിയിരുന്നു.
ഉന്നത സംസ്‌കാരമെ
ന്നുരക്കുന്നവയെല്ലാം
മന്നവന്‍മാരിലല്ല,
സാധുവിലത്രേ

ഈ കവിതയും കീഴാള സമൂഹത്തെ, സാധാരണ മനുഷ്യരെ അംഗീകരിക്കുന്നതിന്റെ വരികളാണ്.
മാളിക മുകളിലെ
മണി മഞ്ചത്തിലല്ല
മേളിപ്പു മഹിമകള്‍
പുല്ലു മാടത്തിലല്ലോ

ഈ കവിതയും പ്രസ്തുത ഉദ്ദേശത്താല്‍ തന്നെയുള്ളതാകുന്നു. ഇവയെല്ലാം അക്കാലത്ത് ഉയര്‍ന്ന ജാതിയില്‍പ്പെടുന്ന വ്യക്തിയെന്ന് കരുതപ്പെടുന്ന കവിയായ പി ജി നാരായണപണിക്കരുടെ വാക്യങ്ങള്‍ ദീപികയില്‍ നിരൂപണം നടത്തിയവയാണ്. ദീപികയില്‍ മറ്റൊരിടത്ത് പറയുന്നു. ‘ദക്ഷിണ ഇന്ത്യയിലും ബംഗാളിലും അതിഭയങ്കരമായ നിലയെ പ്രാപിച്ചിരിക്കുന്ന ക്രൂരമായ ജാതി ആചാരം ഇവിടുത്തെ ആദ്യ നിവാസികളെയും താഴ്ന്ന ജാതിക്കാരെയും ദയനീയമായ അവസ്ഥയില്‍ ആക്കി കളഞ്ഞിരിക്കുന്നു. കീഴ്ജാതിയില്‍ പെട്ട ഒരാള്‍ക്ക് ഒരു ഉയര്‍ന്ന ജാതിക്കാരനോട് 70 വാരയില്‍ കൂടുതല്‍ അടുത്ത് നില്‍ക്കുവാന്‍ പാടില്ലായിരുന്നു. പെരുവഴിയില്‍ വച്ച് അവര്‍, തങ്ങളുടെ മലിനമായ സാമീപ്യത്തെ അറിയാതെ കടന്നു പോകുവാന്‍ വരുന്ന ഒരു ഉല്‍കൃഷ്ട ജാതിക്കാരനെ ഏങ്ങി വിളിച്ചു വിവരമറിയിച്ച് അയാളെ മാലിന്യത്തില്‍ നിന്ന് രക്ഷിക്കേണ്ടതുമായിരുന്നു. (ദീപിക, പേജ് 481, 482)
‘മറ്റുള്ളവര്‍ക്ക് വസ്ത്രങ്ങള്‍ നെയ്തുകൊടുക്കുകയും തുകല്‍ സാമാനങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്ന കോരീ വര്‍ഗക്കാരും ചാമാര്‍ വര്‍ഗക്കാരും കഷ്ടാരിഷ്ടതകളുടെയും അപകൃഷ്ടതയുടെയും ഏറ്റവും അഗാധമായ പടിയില്‍ എത്തിയിരുന്നു. ജാതിമഹിമ കൊണ്ട് കലപ്പകളില്‍ കൈ തൊടുവാന്‍ കഴിയാത്ത ബ്രാഹ്മണനോ ക്ഷത്രിയനോ ആ യജമാനനു വേണ്ടി അവന്‍ നിലം ഉഴകുകയും അവനേക്കാള്‍ വൃത്തികേടു കുറഞ്ഞതായ പന്നികളോട് ഒന്നിച്ച് ഗ്രാമത്തില്‍ ഒരു ഒഴിഞ്ഞ ഭാഗത്തുള്ള പ്രത്യേക സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്യുന്നു…. സഹജീവികളായ മനുഷ്യരുടെ ഇടയില്‍ മൃഗങ്ങളെക്കാളും നികൃഷ്ടമായുള്ള ഒരു ജീവിതത്തിലേക്ക് അവരെ തള്ളി വിട്ടിരിക്കുന്നു’.
ബ്രഹ്മര്‍ഷിമാര്‍ മുഖ്യനെ
മുക്കുവത്തി
പെറ്റുള്ള പുണ്യ ക്ഷിതി
മണ്ഡലത്തില്‍
അഹോ! മനുഷ്യന്
മനുഷ്യനോട്
സാമീപ്യ സമ്പര്‍ക്കമ
ധര്‍മം ആയി .
കുടിച്ചു ചാകുമ്പോഴു
മൊട്ടുമൊപ്പം
കൂടെ പിറന്നവര്‍ക്ക്
കുടിച്ചുകൂടാ..

ദീപികയില്‍ (പേ. 540) വിശദമാക്കുന്നു ഈ കവിത. അനന്തമായ അധര്‍മം അനുഭവിച്ച് കൊണ്ടിരിക്കുന്ന ജനതയുടെ രോദനം സാത്വികമായ കവി ഹൃദയത്തില്‍ ചെന്നു ആഞ്ഞടിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ ഗാനം. തുടര്‍ന്ന് എഴുതുന്നു. അധ:പതനത്തില്‍ ആപതിച്ചു കിടക്കുന്ന അധ:കൃത സമുദായത്തിന്റെ ദീനസ്വരം കവിതയില്‍ നിന്നും പ്രതിധ്വനിക്കുന്നത് കേള്‍ക്കുക .
അന്തണനെച്ചമച്ചുള്ളാരു
കൈയ്യല്ലോ
ഹന്ത നിര്‍മ്മിച്ചു
ചെറുമനെയും..
* * *
എത്ര പെരുമാക്കള്‍
ശങ്കരാചര്യന്‍മാ-
രെത്രയോ തുഞ്ചന്‍മാര്‍
കുഞ്ചന്‍മാരും
ക്രൂരയാമീ ജാതിയില്‍
നൂനം അലസിപ്പോയി
കേരള മാതാവേ! നിന്‍
വയറ്റില്‍..

ജാതി പിശാചിന്റെ അനര്‍ഥങ്ങള്‍ അനുഭവിച്ച് കവിഹൃദയം വെന്തു വെണ്ണീറാകുമ്പോഴാണ് ഇത്തരം കവിതകള്‍ ഉണ്ടാകുന്നത് എന്ന് പരിതപിക്കുകയാണ് ഇവിടെ. ജാതീയത കാരണം, പണ്ഡിതരായും പ്രഗത്ഭരായും ജനിച്ച് വളര്‍ന്ന് വരേണ്ടിയിരുന്ന എത്രയോ കുട്ടികള്‍ കേരള മാതാവിന്റെ വയറ്റില്‍ വച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് കവിതയില്‍ നിന്നും വ്യക്തമാകുന്നു. തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ എന്നിങ്ങനെ അയിത്തം ആചരിക്കുന്ന സവര്‍ണ ജാതിക്കാരായ ജാതി കോമരങ്ങളെ നിര്‍ദയം വിമര്‍ശിക്കുന്ന കവികളും സാഹിത്യവും ഉണ്ടാവുന്നിടത്തോളം ജാതിപ്രഭാവം പതിയെ ക്ഷയിച്ചുപോകുക തന്നെ ചെയ്യുമെന്ന് ‘സാഹിത്യവും സമുദായവും’ എന്ന ദീപികയിലെ (പേജ് 541) ലേഖനത്തില്‍ കെ മുഹമ്മദലി പ്രത്യാശിക്കുന്നു.
കേരളത്തിലെ ഹൈന്ദവ സമുദായത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നേടിയ സ്വാതന്ത്ര്യ, സമത്വ ബോധത്തിന്ന് വള്ളത്തോള്‍, ഉള്ളൂര്‍, ആശാന്‍ എന്നീ കവികളുടെ കൃതികളുടെ പങ്കുകളും നിഷേധിക്കാനാവില്ല എന്നും ദീപികയില്‍ എഴുതുന്നു. തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, എന്നിങ്ങനെയുള്ള ജാതിക്കോമരങ്ങളെ നിര്‍ദയം മര്‍ദിക്കുന്ന ഈ കവികള്‍ ഉള്ളപ്പോള്‍ ജാതിപ്രഭാവം പൂര്‍ണമായി കേരളത്തില്‍ വിലസുകയില്ലെന്നുള്ളത് തീര്‍ച്ചയാണെന്നു ലേഖകന്‍ എഴുതുന്നു. 1930-കളില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിലാണ് ഇതെന്നത് ഇക്കാലത്ത് സവര്‍ണ സ്വഭാവം വക്കം മൗലവിയില്‍ അടിച്ചേല്‍പ്പിക്കുവാന്‍ പരിശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. അതോടൊപ്പം, ഈ വിമര്‍ശിക്കുന്നവര്‍ കേരളത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെ എന്തൊക്കയാണ് ഈ കാലയളവില്‍ ചെയ്തതെന്നും പരിശോധിക്കേണ്ടതാണ്.
ഹിന്ദു സമുദായത്തിന്റെ ഇടയില്‍ ഉള്ള ജാതികെട്ട് (ജാതീയത) നിമിത്തം അവര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന അസ്വാതന്ത്ര്യത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനാണ് കേരളത്തിലെ ഈഴവ സമുദായം ഇസ്ലാമിലേക്കും മറ്റു മതങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യുന്നത് എന്ന് ‘ഈഴവരും മതംമാറ്റവും’ എന്ന ഒരു കുറിപ്പില്‍ വക്കം മൗലവി എഴുതുന്നു (ദീപിക, പേജ് 421, 422)
അന്നത്തെ സുപ്രസിദ്ധ ഗദ്യകാരനായ സുകുമാരന്‍ ബി എ മിതവാദി എന്ന പത്രത്തില്‍ ഈഴവര്‍ തുടങ്ങിയ ‘പഞ്ചമന്‍മാരെല്ലാം ഇസ്ലാം മതത്തില്‍ ആണ് ചേരേണ്ടത് എന്ന് ബലമായി അഭിപ്രായപ്പെട്ടിരിക്കുന്നു’ എന്നത് വക്കം മൗലവി ഈ ലേഖനത്തില്‍ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. ഇന്നത്തെ കേരള കൗമുദി സ്ഥാപക പത്രാധിപരായിരുന്നു പ്രഗത്ഭനായ സുകുമാരന്‍. ഈഴവര്‍ക്ക് നല്ലത് ഇസ്ലാം എന്ന അദ്ദേഹത്തിന്റെ ചെറു കൃതി അടുത്തകാലത്ത് കേരളത്തില്‍ വിവാദം ആക്കുവാന്‍ ഉള്ള ശ്രമം പോലും ഉണ്ടായി. മേല്‍വിവരിച്ച നിരീക്ഷണങ്ങളില്‍ നിന്നും വക്കം മൗലവി സവര്‍ണതയെയും ജാതിവ്യവസ്ഥയെയും എങ്ങനെയായിരുന്നു നോക്കി കണ്ടത് എന്ന് മനസ്സിലാക്കാം. വക്കം മൗലവിയെ പോലുള്ള ചരിത്ര പുരുഷന്മാരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ കൃതികള്‍ സന്ദര്‍ഭോചിതമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ അവര്‍ ചെയ്യുന്നത് ചരിത്രത്തിലെ സ്വയം പാതകമായിരിക്കും.

Back to Top