23 Monday
December 2024
2024 December 23
1446 Joumada II 21

സാഹിത്യലോകം വക്കം മൗലവിയുടെ സമീപനം

ഡോ. ടി കെ ജാബിര്‍


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മലയാളത്തില്‍ നിരവധി ആനുകാലികങ്ങളും സാഹിത്യസൃഷ്ടികളും മലയാളി വായനക്കാരുടെ ഇടയില്‍ ഉണ്ടായിരുന്നു എന്നത് ഇന്ന് നമുക്ക് അതിശയകരമായി തോന്നാം. മലയാളി സമൂഹത്തിന്റെ വായനയോടുള്ള തീവ്രമായ അഭിവാഞ്ജ അന്നുമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് 1906-ല്‍ വക്കം മൗലവി മുസ്‌ലിം സമുദായ പരിഷ്‌കരണത്തിന് പ്രത്യേകമായി തുടങ്ങിയ മുസ്‌ലിം എന്ന ജേര്‍ണലില്‍ മലയാളത്തിലെ പല സാഹിത്യ കൃതികളും നിരൂപണം ചെയ്യുന്നതിന് അതാത് പ്രസാധകര്‍ ശ്രമിച്ചിരുന്നു എന്നത്. പ്രസ്തുത കൃതികളുടെ നിരൂപണം ലളിതമായ ഭാഷയില്‍ ഹ്രസ്വമായ കുറിപ്പുകളിലൂടെ വക്കം മൗലവി നിര്‍വഹിച്ചിരുന്നു. ഈ വിഷയം ഇവിടെ ഊന്നി പറയേണ്ടി വരുന്നത് മുന്‍നിര ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് പൊതു സമൂഹം വായിക്കുന്നവ നിരൂപണം ചെയ്യുന്നതായി കാണുന്നില്ല. സാഹിത്യ ലോകത്തിന്റെ പ്രസക്തിയെ സമുദായം അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്ത പോലെയുണ്ട്. മുസ്‌ലിം സമൂഹം സാഹിത്യ രചനകള്‍ പൊതുവെ വായിക്കാറുണ്ടെങ്കിലും അവ നിരൂപണം ചെയ്യുവാന്‍ മടിക്കുന്ന ഒരു പ്രവണതയുണ്ട്. സാഹിത്യ രചനകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളാകാം ഒരു പക്ഷെ ഇതിനു കാരണം.
കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഇസ്‌ലാം അന്യമാക്കിയിരിക്കുന്നു എന്ന ധാരണകള്‍ പോലും ചില പണ്ഡിതര്‍ക്കിടയിലുണ്ട്. വക്കം മൗലവി പക്ഷെ സാഹിത്യ ലോകത്തെ തിരിച്ചറിയുകയും അതിന്റെ പ്രാധാന്യത്തെയും സാധ്യതയേയും പരിഗണിക്കുകയും ചെയ്ത പ്രമുഖ പണ്ഡിതനാണ്. അതിനു നിരവധി ഉദാഹരണങ്ങളുണ്ട് മൗലവിയുടെ കൃതികളില്‍. മുസ്‌ലിം ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ‘പദ്മിനി’ എന്ന മദ്രാസ് തോട്ടക്കാട്ട് റാവു സാഹി ബ്രാമകൃഷ്ണപിള്ളയുടെ ഇംഗ്ലീഷ് കൃതിയെ കുറിച്ചുള്ള അഭിപ്രായങ്ങളും പി വി കൃഷ്ണവാര്യര്‍ രചിച്ച ‘ഭാഷാവിലാസം’ എന്ന സാഹിത്യ സമാഹരണങ്ങളുടെ വിലയിരുത്തലുകളും അതില്‍ ശ്രദ്ധേയമായവയാണ്.
സാഹിത്യ സംബന്ധമായി വക്കം മൗലവിയുടെ പ്രസിദ്ധമായ ദീപികയില്‍ നിരവധി നിരൂപണങ്ങളും കുറിപ്പുകളും നമുക്ക് കാണാം. പി കെ മൂസ മൗലവിയുടെ ഇക്‌സീറുല്‍ ഖലാസ് എന്ന ഖുര്‍ആനിലെ ‘സൂറത്തുല്‍ ഇഖ്‌ലാസിന്റെ’ വ്യാഖ്യാനമാണ് ഒന്ന്. ഇത് നിരൂപണത്തിന് ആയി തിരഞ്ഞെടുത്തതിന്റെ പ്രയോജനം മുഖ്യമായും വിവിധ മതങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍, വാദ-പ്രതിവാദങ്ങള്‍, നാസ്തിക വാദത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടങ്ങിയവ മുസ്‌ലിം സമുദായത്തെ ആദ്യമായി പരിചയപ്പെടുത്തുക എന്നതിനാണ്. കേവല വാദപ്രതിവാദങ്ങളില്‍ ഉപരി ആസ്തിക-നാസ്തികതയെ കുറിച്ചുള്ള തത്വചിന്താപരമായ ഉള്ളടക്കമാണ് അതിലുള്ളത് (ദീപിക, പേ. 219-229)
പി ശ്രീധരന്‍ പിള്ളയുടെ ‘നീര്‍ക്കുമിളകള്‍’ എന്ന ഒരു കവിത സമാഹാരത്തെ നിരൂപണം ചെയ്തു കവിതയുടെ ആധുനികതയിലേക്കുള്ള രൂപാന്തരത്തെ ഓര്‍മിപ്പിക്കുന്നുണ്ട് ഇവിടെ വക്കം മൗലവി. കുമാരനാശാന്റെയും ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെയും വള്ളത്തോളിന്റെയും സി വി രാമന്‍പിള്ളയുടെയും വിവിധ കൃതികളെക്കുറിച്ചും ദീപികയില്‍ നിരൂപണം നടത്തിയിട്ടുണ്ട് വക്കം മൗലവി. ഈ സാഹിത്യകാരന്മാരുടെ വിവിധ കൃതികളുടെ അനുകരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട് ഇതില്‍. അക്കാലത്തെ യുവ കവികളില്‍ ഒരാളായ ഗോപാലകൃഷ്ണന്‍ എന്നയാളുടെ കവിതകള്‍ പരിശോധിച്ച് പ്രോത്സാഹനാര്‍ഥം ഭാഷാശുദ്ധി പരിശോധിക്കുന്നുണ്ട് വക്കം മൗലവി.
ഇന്നത്തെ സാഹചര്യത്തില്‍ ദീപികയില്‍ ഉള്ള കൗതുകകരമായ വേറൊന്ന് ഇതാണ്: ‘തൃച്ചംബര മഹോത്സവം’ എന്ന പേരില്‍ സ്വാമി സാഹിത്യാനന്ദന്‍ എഴുതിയ ഒരു കൃതിയാണത്. അതിന്റെ ഉള്ളടക്കം കേരളത്തിലെ കേളികേട്ട ക്ഷേത്രങ്ങളിലൊന്നായ ‘സരസന്റെ’ കുലദൈവ സ്ഥാനവുമായ തൃച്ചംബരം ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ വര്‍ണ്ണനയാണ് ഇതിലുള്ളത്. ‘വിജയത്തിലേക്ക്’ എന്ന പി ജി നാരായണപ്പണിക്കരുടെ കവിതയെ വായിച്ച് അതിന്റെ പ്രതിപാദന രീതി, രചനാ ചാതുരി, ശബ്ദ മാധുരി എന്നിവയെല്ലാം മികച്ചതെന്ന് ദീപികയില്‍ പ്രശംസിക്കുന്നുണ്ട് വക്കം മൗലവി. കൂടാതെ സാമൂഹ്യ പ്രതിബദ്ധതയുള്ളതിനാല്‍ കവിയുടെ ഹൃദയ വിശാലതയേയും ലോക പരിജ്ഞാനത്തെയും കവിത ധര്‍മ്മത്തെയും പ്രകീര്‍ത്തിക്കുന്നുണ്ട് അദ്ദേഹം.
സാഹിത്യത്തില്‍ നിന്നും കവിതയില്‍ നിന്നും സംഗീതത്തില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത് എന്ന് ചില പണ്ഡിതര്‍ ഇക്കാലത്ത് പ്രസ്താവിക്കുന്നത് ഈ സാഹചര്യത്തില്‍ ഓര്‍മിക്കാവുന്നതാണ്. സാഹിത്യ രചന എന്നതിനെ ഒരു ജനസമുദായത്തിന്റെ മനോവികാസം, ബുദ്ധിശക്തി, ഭാവന വൈഭവം, മനോധര്‍മ്മ വിലാസം, സൗന്ദര്യ ബോധം എന്നിവയെല്ലാം ഏകോഭവിച്ച ഒരു കലാവിദ്യ ആയാണ് ദീപികയില്‍ ‘സാഹിത്യവും സമുദായവും’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ (പേജ് 537- 539) കെ മുഹമ്മദലി വിശേഷിപ്പിക്കുന്നത്. സാഹിത്യ-കലാ ലോകത്തു നിന്ന് അകല്‍ച്ച പാലിക്കേണ്ടവരല്ല മുസ്‌ലിം സമുദായം എന്ന് ഈ ലേഖനം ആഹ്വാനം ചെയ്യുന്നുണ്ട്.
ഒരു രാജ്യത്തിന്റെയോ, ഒരു സമുദായത്തിന്റെയോ സൗന്ദര്യബോധം, സംസ്‌കാര ചൈതന്യം തുടങ്ങിയവയുടെയെല്ലാം സ്പഷ്ടമായ പ്രതിഫലനമാണ് സാഹിത്യത്തില്‍ നാം കാണേണ്ടത്. ഓരോ ദേശത്തെയും സമുദായത്തെയും രാജ്യത്തെയും ഏറെക്കുറെ കൃത്യമായി ചിത്രീകരിക്കുന്നത് അവരുടേതായ സാഹിത്യങ്ങള്‍ ആണ്. സാഹിത്യം, വിനോദവും വിജ്ഞാനവും നല്‍കുന്നതാണെന്നതിനാല്‍ അതില്‍ വികാരവും, വിചാരവും ഉണ്ട് എന്നതാണ് വസ്തുത. വികാരവും വിചാരവും സാഹിത്യകാരന്റെ ഹൃദയത്തില്‍ സംജാതമാകുവാന്‍ കാരണം ആ സാഹിത്യകാരന്റെ പരിതസ്ഥിതികള്‍ ആണ്. മതം, സമുദായം, രാഷ്ട്രം എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു. ഓരോ സമുദായത്തിലെയും അനഭിലഷണീയമായതും ജീര്‍ണിതവുമായ സ്ഥിതികള്‍ സാഹിത്യകാരന്മാര്‍ തുറന്നെഴുതുന്നു. അപ്രകാരം അവര്‍ സാമൂഹ്യ പുനരുദ്ധാരകന്‍മാര്‍ കൂടിയാകുന്നു എന്ന് അക്കാലത്തെ ലേഖനത്തിന്റെ ഒടുവില്‍ എടുത്തുപറയുന്നത് അതീവ പ്രാധാന്യത്തോടെയാണ് മനസ്സിലാക്കേണ്ടത്. സാഹിത്യവും കലയും സാമൂഹ്യപരിഷ്‌കരണത്തിന്റെ ഉപാധികളാണ് എന്ന വസ്തുത വക്കംമൗലവി തിരിച്ചറിഞ്ഞിരുന്നു എന്നതാണ് ലേഖനത്തിലെ സന്ദേശങ്ങളില്‍ മുഖ്യമായത്. കൂടാതെ ഇവിടെ മുസ്‌ലിം സമുദായവും സാഹിത്യവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്നതും തികച്ചും ശ്രദ്ധേയമാണ്. ആ കാലഘട്ടത്തില്‍ കേരളീയ മുസ്‌ലീംകള്‍ സാഹിത്യപരമായി/സാഹിത്യത്തോട് കാണിക്കുന്ന പരാങ്മുഖത്വം, അനഭിലഷണീയമാണ് എന്ന് പ്രസ്തുത ലേഖനത്തില്‍ പറയുന്നുണ്ട്. കേരള മുസ്‌ലിംകളുടെ വകയായി ഒരു സാമുദായിക ആഖ്യായിക ഇല്ലെന്നുള്ളത് പരിഹാസ്യമാണ്. അവരുടെ ഇടയില്‍ കവികള്‍ ഇല്ലെന്നു തന്നെ പറയാം എന്നു വിമര്‍ശിക്കുന്നുണ്ട് ലേഖകന്‍. മുസ്‌ലിം സമുദായത്തിന് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ആസ്പദമാക്കി എത്രയെങ്കിലും അഖ്യായികകളും ചെറുകഥകളും എഴുതുവാന്‍ സന്ദര്‍ഭവുംസൗകര്യവും ഉണ്ട്. ഒരു കാര്യം നേരെ പറഞ്ഞാല്‍ നന്നായില്ലെങ്കില്‍ (അതായത് ഒരു വ്യക്തിയോ ഒരു സമൂഹമോ) തമാശയായി പറഞ്ഞാല്‍ നന്നാകുന്ന സമ്പ്രദായമുണ്ട്.
ഇപ്രകാരം ഓരോ ദുരാചാരത്തെയും അന്ധവിശ്വാസത്തെയും ഫലിതത്തിലൂടെയുള്ള ചെറുകഥകള്‍ ആക്കുന്ന പക്ഷം അവയെല്ലാം കൂടി ഒരൊന്നാന്തരം സാമുദായിക കഥാമാലികയായിത്തീരുന്ന സാഹചര്യമുണ്ടെന്ന് ലേഖകന്‍ പ്രത്യാശിക്കുന്നത് തികഞ്ഞ ഔചിത്യബോധത്തോടെയാണ്. അഭൂതപൂര്‍വ്വമായ ഒരു ചരിത്ര ബാന്ധവം ഇവിടെ ഈ സന്ദര്‍ഭത്തില്‍ വായനക്കാര്‍ സ്ഥാപിച്ചെടുക്കാവുന്നതാണ്. അതായത് ദീപികയിലെ ഈ ലേഖനവും വായിച്ച് അത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിശ്വസാഹിത്യകാരന്‍ എന്നു തോന്നിപ്പോകും പില്‍ക്കാലത്തെ ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനെണ്ടാര്‍ന്ന്’, ‘പാത്തുമ്മയുടെആട്’ തുടങ്ങിയ നിരവധി സാഹിത്യ രചനകള്‍ വായിച്ചു നോക്കുമ്പോള്‍, ആ കൃതികളുടെ ആന്തരാര്‍ഥങ്ങള്‍ അറിഞ്ഞവര്‍ക്ക്. ഈ ബാന്ധവം തികച്ചും യാദൃച്ഛികം അല്ലെന്ന് തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ബഷീര്‍ വക്കം മൗലവിയുടെ ദീപിക അതിന്റെ പ്രസിദ്ധീകൃത കാലത്ത് തന്നെ വായിച്ചിരുന്നിരിക്കാം. അതില്‍ നിന്നുള്ള പ്രചോദനത്താല്‍ ആകാം സാഹിത്യ ലോകത്തേയ്ക്ക് ബഷീര്‍ ചുവടു വച്ചത്.
മലയാള സാഹിത്യത്തിലെ സുല്‍ത്താനായി വാഴ്ത്തപ്പെടുന്ന ബഷീറിന്റെ രചനകള്‍ ഈ ദീപിക ലേഖനം മനസ്സിരുത്തി വായിച്ച ശേഷം വായിക്കുകയാണെങ്കില്‍ ബൗദ്ധിക സത്യസന്ധതയുള്ളവര്‍ക്ക് അത് മനസിലാക്കാം. സമുദായ പരിഷ്‌കരണങ്ങള്‍ക്ക് ഗഹനങ്ങളായ ലേഖനങ്ങളെക്കാള്‍ ചെറുകഥകള്‍ ഉപകരിച്ചേക്കാം. ആഖ്യായികകളും, നോവലുകളും, കവിതകളും മുസ്‌ലിം സമുദായത്തില്‍ നിന്നും ഉണ്ടായി വരേണ്ടിയിരിക്കുന്നു എന്ന് ഈ ലേഖനം അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണ്. ഈ കാലഘട്ടത്തില്‍ സിനിമയും പ്രസ്തുത വിഷയത്തില്‍ ഉപയോഗിക്കാനുള്ള മനോവികാസം നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ പണ്ഡിതന്മാരുടെയിടയില്‍ സമവായം ഉണ്ടാകേണ്ടതുണ്ട്. 1920-കളില്‍ മലയാളി മുസ്‌ലിംസമുദായത്തില്‍ ധാരാളം സാഹിത്യ വായനക്കാരും കേള്‍വിക്കാരും ഉണ്ടായിരിക്കെ മുസ്‌ലിം സമുദായത്തില്‍ നിന്നും സാഹിത്യകാരന്മാര്‍ ഭാവിയില്‍ രൂപപ്പെടാതിരിക്കാതെ നിവൃത്തിയില്ലെന്ന് ദീപികയിലെ ലേഖനം ദീര്‍ഘവീക്ഷണം നടത്തുന്നത് തികച്ചും ശ്രദ്ധേയമാണ്. ആ ദീര്‍ഘ വീക്ഷണത്തില്‍ നിന്നുള്ള മനോഹരമായ പാന്ഥാവ് ആയിരിക്കാം വൈക്കം മുഹമ്മദ് ബഷീര്‍ വെട്ടിയുണ്ടാക്കിയത്. എന്‍ പി മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സാമുദായിക ആഖ്യായികകളില്‍, കുറെ വൈകിയാണെങ്കിലും അനുഭവത്തില്‍ എത്തിയിട്ടുണ്ട് എന്ന് പറയാം.
കെ മുഹമ്മദലിയുടെ ‘സാഹിത്യവും സമുദായവും’ എന്ന ലേഖനവും അത് ദീപികയില്‍ വക്കം മൗലവി പ്രസിദ്ധീകരിക്കുവാന്‍ ഇടയായ സാഹചര്യവും പരാമര്‍ശിച്ചതിന്റെ അനുബന്ധമായി നാം വായിക്കേണ്ട ഒന്നാണ് ബഷീറിന്റെ വിഖ്യാതമായ ‘ബാല്യകാല സഖി’ എന്ന ചെറുനോവലിന് 1944-ല്‍ അന്നത്തെ മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എം പി പോള്‍ എഴുതിയ ആമുഖം. അതില്‍ നിന്നുള്ള വാക്യങ്ങള്‍ ശ്രദ്ധിക്കുക:
”ഒരു സമുദായത്തിന്റെ ഹൃദയത്തില്‍ പ്രവേശിക്കുവാനുള്ള ഏക മാര്‍ഗം സാഹിത്യമാണ്. കേരളത്തിലെ ഒരു വമ്പിച്ച ജനവിഭാഗമായ മുസ്‌ലിം സമുദായം നമ്മുടെ സാഹിത്യത്തിന് അപരിചിതമായിട്ടാണ് ഇതേവരെ കഴിഞ്ഞു കൂടിയിട്ടുള്ളത്. തന്നിമിത്തമുള്ള നഷ്ടം മുസ്‌ലിം സമുദായത്തിന് അല്ല മലയാള സാഹിത്യത്തിനാണ്.”
വളരെ നിര്‍ണായകമായ ഒരു സാംസ്‌കാരിക വിമര്‍ശനമാണ് ഇവിടെ എം പി പോള്‍ ഉന്നയിച്ചത്. സാഹിത്യവും കലയും ഒഴിവാക്കി നിലനില്‍ക്കുക എന്നത് മനുഷ്യ സമൂഹത്തിന് സാധ്യമല്ല. സാഹിത്യത്തിന്റെ വായനാലോകം മാത്രമല്ല സൃഷ്ടിയുടെ ലോകം കൂടി ഒരു സമുദായത്തിന് അനിവാര്യമാണെന്ന് അതിന്റെ ജൈവികതയില്‍ നിന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

Back to Top