7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

വക്കം പി മുഹമ്മദ് മൈതീന്‍ ഇരുട്ടിനെ തോല്‍പിച്ച ജ്ഞാനപ്രകാശം

ഹാറൂന്‍ കക്കാട്‌


കേരളീയ നവോത്ഥാന ചരിത്രത്തിലെ സാഹിത്യനഭസ്സില്‍ മികച്ച സംഭാവനകള്‍ നല്‍കിയ അപൂര്‍വ പ്രതിഭയായിരുന്നു വക്കം പി മുഹമ്മദ് മൈതീന്‍ സാഹിബ്. മതവിഷയങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത തലങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടിയ ബഹുഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം.
1899ല്‍ തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ഫഖീര്‍ മൈതീന്‍ സാഹിബിന്റെയും പാത്തുമ്മ ബീവിയുടെയും മകനായാണ് വക്കം പി മുഹമ്മദ് മൈതീന്‍ സാഹിബിന്റെ ജനനം. കേരളം കണ്ട ഉജ്വല പരിഷ്‌കര്‍ത്താവും സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയുമായിരുന്ന വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി അദ്ദേഹത്തിന്റെ മാതൃസഹോദരനാണ്. ആദ്യകാല മതപഠനവും അറബിഭാഷാ പരിശീലനവും വക്കം മൗലവിയുടെ കീഴിലായിരുന്നു. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായ സമയത്ത് ക്ഷയരോഗ ബാധിതനായതിനാല്‍ അദ്ദേഹത്തിന്റെ പഠനം നിലച്ചു. എന്നാല്‍ അസുഖം ഭേദമായതിനു ശേഷം സ്വന്തം പ്രയത്‌നത്താല്‍ ഇംഗ്ലീഷ്, അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകളില്‍ പ്രാവീണ്യം നേടി. ശാരീരിക പ്രയാസങ്ങള്‍ പലതും ക്ഷമയോടെ അദ്ദേഹം നേരിട്ടു. കണ്ണിനു കാഴ്ച നഷ്ടപ്പെട്ടിട്ടും അദ്ദേഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിനു യാതൊരു നിലക്കും മങ്ങലേറ്റില്ല.
കേരള മുസ്‌ലിം ഐക്യസംഘം, കേരള മുസ്ലിം ഇശാഅത്ത് കോണ്‍ഫ്രന്‍സ് എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച വക്കം മൈതീന്‍ സാഹിബ് ഇരു സംഘടനകളുടെയും പ്രധാനപ്പെട്ട പല പദവികളും വഹിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിലൂടെ മാതൃകാപരമായ ചരിത്രങ്ങള്‍ സൃഷ്ടിക്കാള്‍ അദ്ദേഹത്തിന് സാധിച്ചു. വ്യക്തിജീവിതത്തിലെ മാതൃകാപരമായ ലാളിത്യവും വിനയവും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി.
മുസ്‌ലിം ലോകത്തെ ആധുനിക ചിന്തകള്‍ കേരളത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വക്കം മൈതീന്‍ സാഹിബ് വഹിച്ചത്. നവോത്ഥാന നായകരും ആധുനിക ചിന്തകരുമായിരുന്ന സയ്യിദ് റശീദ് രിദ, ശൈഖ് മുഹമ്മദ് അബ്ദു, ഇന്ത്യന്‍ പണ്ഡിതനും ചരിത്രകാരനുമായിരുന്ന സയ്യിദ് സുലൈമാന്‍ നദ്‌വി എന്നിവരുടെ വിശ്രുത ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുക വഴി നവോത്ഥാന മേഖലയില്‍ നിരവധി പരിഷ്‌കരണ മുന്നേറ്റങ്ങള്‍ക്ക് ചാലകശക്തിയായി വര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സയ്യിദ് റശീദ് രിദയുടെ വഹ്‌യുല്‍ മുഹമ്മദി, ശൈഖ് മുഹമ്മദ് അബ്ദുവിന്റെ രിസാലതുത്തൗഹീദ്, സയ്യിദ് സുലൈമാന്‍ നദ് വിയുടെ ഖുതുബാതെ മദ്രാസ് എന്നിവയെല്ലാം വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത മലയാള പത്രപ്രസിദ്ധികരണങ്ങളിലൂടെ അദ്ദേഹം ലളിതമായ ഭാഷയില്‍ പരിഭാഷപ്പെടുത്തി.
1883-ല്‍ വിരചിതമായ മായന്‍കുട്ടി ഇളയയുടെ അറബിമലയാള ഖുര്‍ആന്‍ പരിഭാഷയ്ക്ക് ശേഷം ആദ്യമായി 1935-ല്‍ വിശുദ്ധ ഖുര്‍ആനിന്റെ മുപ്പതാം ഭാഗം പരിഭാഷപ്പെടുത്തിയത് വക്കം മൈതീന്‍ സാഹിബാണ്. ഇരുപത്തിയേഴ്, ഇരുപത്തെട്ട്, ഇരുപത്തൊമ്പത് ഭാഗങ്ങളും സൂറത്തുന്നൂറും യാസീനും അദ്ദേഹത്തിന്റെ ഹദ്‌യുല്‍ ഇസ്‌ലാം ബുക്ക്സ്റ്റാള്‍ കണിയാപുരത്തു നിന്ന് 1948, 1950 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. സി എന്‍ അഹ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ ആദ്യഘട്ടമായ ഏഴര ജുസ്അ് (ഭാഗം) മജീദ് മരക്കാര്‍ പുറത്തിറക്കിയ ശേഷം പിന്നീട് അത് തുടരാത്തത് കാരണം വക്കം മൈതീന്‍ സാഹിബ് അതിന്റെ രണ്ടാം ഭാഗത്തിന്റെ വിവര്‍ത്തനവും വ്യാഖ്യാനവും നല്‍കി പ്രസിദ്ധീകരിച്ചു. സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ അദ്ദേഹം 1954ല്‍ പൂര്‍ത്തിയാക്കി. എന്നാല്‍ അത് പ്രസിദ്ധീകൃതമായത് 55 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 2009-ല്‍ കേരള സര്‍വകലാശാല പ്രസാധന വിഭാഗമാണ് ഈ പരിഭാഷ പുറത്തിറക്കിയത്.
അറബി ഭാഷാ വ്യാകരണം മലയാള വ്യാകരണവുമായി തുലനം ചെയ്തു വക്കം മൈതീന്‍ രചിച്ച ‘അറബി വ്യാകരണ പാഠങ്ങള്‍’ എന്ന കൃതിയുടെ ആദ്യഭാഗം 1954-ല്‍ ഭാരതചന്ദ്രിക പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കി. 2016ല്‍ കേരള സര്‍വകലാശാല പബ്ലിക്കേഷന്‍ വിഭാഗം ഇതിന്റെ മുഴുവന്‍ ഭാഗങ്ങളും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു.
അമീര്‍ ശകീബ് അര്‍സലാന്‍ രചിച്ച ‘മുസ്ലിംകള്‍ എന്തുകൊണ്ട് പിന്നോക്കമായി?’ എന്ന വിഖ്യാത കൃതി അല്‍അമീന്‍ പത്രത്തില്‍ 1935 സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള 22 ലക്കങ്ങളിലായി വക്കം മൈതീന്‍ സാഹിബ് വിവര്‍ത്തനം ചെയ്തു. 1946ല്‍ ഇത് പുസ്തകരൂപത്തില്‍ ഇടവയിലെ എം എസ് ജമാല്‍ മുഹമ്മദ് പ്രസിദ്ധീകരിച്ചു.
വക്കം മൈതീന്‍ സാഹിബ് എഴുതിയ ഇസ്ലാംമത തത്വപ്രദീപം എന്ന ആദ്യ ഹദീസ് സമാഹാരം 1939ല്‍ പുറത്തിറങ്ങി. 2015ല്‍ അല്‍ഹുദാ ബുക്ക്സ്റ്റാള്‍ ഇത് പുന:പ്രസിദ്ധീകരിച്ചു. ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീനിലെ ‘അജാഇബുല്‍ ഖല്‍ബ്’ എന്ന അധ്യായം ‘ഹൃദയത്തിലെ അത്ഭുതങ്ങള്‍’ എന്ന തലക്കെട്ടില്‍ അദ്ദേഹം പുറത്തിറക്കി. ഇതിന്റെ രണ്ടാം പതിപ്പ് 2014-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരിച്ചു. ഈജിപ്ഷ്യന്‍ പണ്ഡിതനായ അല്ലാമാ ഖുള്‌രി ബെയ്ക്കിന്റെ നൂറുല്‍ യഖീന്‍ എന്ന പ്രവാചക ചരിത്രം ‘അറേബ്യയിലെ ജ്യോതിര്‍ദീപം അഥവാ മുഹമ്മദ് നബി’ എന്ന പേരിലും ശൈഖ് മുഹമ്മദ് ബ്‌നു അബ്ദില്‍വഹാബിന്റെ അല്‍ ഉസൂലുസ്സലാസ എന്ന കൃതി ‘മൗലികമായ മൂന്നു കാര്യങ്ങള്‍’ എന്ന പേരിലും ആര്‍ദ്രത, അലിവ് എന്നീ ആശയങ്ങളുള്ള ഹദീസുകളുടെ സമാഹാരം സൂക്തികിരണങ്ങള്‍ എന്ന പേരിലും വിവര്‍ത്തനം ചെയ്തു. ഒരു താരതമ്യ വിവേചനം അഥവാ ഇസ്ലാം മതത്തിലെ ഖഡ്ഗ പ്രയോഗം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനയാണ്. വക്കം മൈതീന്‍ സാഹിബിന്റെ നിരവധി ലേഖനങ്ങളും വിവര്‍ത്തനങ്ങളും യുവകേസരി, അന്‍സാരി, അര്‍മുര്‍ശിദ്, അല്‍ ഫാറൂഖ്, ചന്ദ്രിക ആഴ്ചപതിപ്പ് എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രമുഖ ചരിത്ര പണ്ഡിതന്‍ അബ്ദുറഹ്മാന്‍ മങ്ങാട് സമാഹരിച്ച വക്കം പി മുഹമ്മദ് മൈതീന്റെ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ എന്ന കൃതി ഈയിടെ ഗ്രെയ്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിനെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഈ കൃതി വളരെ പ്രയോജനകരമാണ്.
അറിവിന്റെ ആഹ്വാനവുമായി അവതരണം ആരംഭിച്ച വിശുദ്ധ ഖുര്‍ആനില്‍ അറിവിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഔന്നത്യം നേടാന്‍ കഴിയുക എന്ന അര്‍ഥത്തിലുള്ള നിരവധി സൂക്തങ്ങളുണ്ട്. അറിവ് നേടാന്‍ ഹേതുവാകുന്ന പരിശ്രമങ്ങള്‍ക്ക് അളവറ്റ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പ്രവാചക വചനങ്ങളും ധാരാളമുണ്ട്. എന്നിട്ടും അറിവ് നേടി ഔന്നത്യം നേടാന്‍ മുസ്ലിം സമൂഹം മടികാണിച്ച ഒരു കാലഘട്ടത്തില്‍ ഖുര്‍ആനിക ആശയങ്ങള്‍ കൊണ്ടു മാത്രമേ പരിഷ്‌കരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്നു തിരിച്ചറിയുകയും അതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മഹാനായിരുന്നു വക്കം മൈതീന്‍ സാഹിബ്.
ജീവിതയാത്രയില്‍ പിടികൂടിയ അന്ധത എന്ന രോഗത്തെ അക്ഷര പ്രകാശം കൊണ്ട് അദ്ദേഹം ശോഭനമാക്കി. നന്മയുടെ പ്രകാശകിരണങ്ങള്‍ സമൂഹത്തിന് പകരാന്‍ അഹോരാത്രം യത്‌നിച്ച ത്യാഗിവര്യനായ വക്കം മൈതീന്‍ സാഹിബ് 1967 മെയ് 10ന് നിര്യാതനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x