വൈരുധ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവോ?
മുഹമ്മദ് കക്കാട്
ജമാഅത്തെ ഇസ്‌ലാമി എന്തോ വല്ലാതെ ഭയക്കുന്നുണ്ടെന്ന് അടുത്തു നടന്ന ചില കാര്യങ്ങളെ നോക്കുമ്പോള്‍ തോന്നുന്നു. ഫെകോഴിക്കോട് മുക്കത്ത് ജമാഅത്തെ ഇസ്‌ലാമി ഒരു ‘സോഷ്യല്‍ ഓഡിറ്റിംഗ്’ പരിപാടി സംഘടിപ്പിച്ചിരുന്നു. ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്ക് സംഘടനയെക്കുറിച്ച് തുറന്നുപറയാനുള്ള അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. മാതൃകാപരമായൊരു പരിപാടി.
ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക ഘടകങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എല്ലാവരും പ്രശംസിച്ചു. അതോടൊപ്പം ജമാഅത്തിന്റെ ആദര്‍ശത്തിലും നിലപാടിലുമുള്ള വൈരുധ്യങ്ങള്‍ തുറന്നുപറയുകയും ആശങ്കകള്‍ പങ്കിടുകയും ചെയ്തു. അതില്‍ വ്യക്തത ലഭിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ, പരിപാടി നിയന്ത്രിച്ച സംസ്ഥാന-ജില്ലാ നേതാക്കള്‍ പല വിഷയങ്ങളിലും മൗനം പാലിക്കുകയായിരുന്നു.
അതിലൊന്ന് 2023 ജനുവരി 14ന് ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ വസതിയില്‍ വെച്ച് ആര്‍ എസ് എസ് നേതാക്കളായ ഇന്ദ്രേഷ് കുമാര്‍, റാംലാല്‍, കൃഷ്ണ ഗോപാല്‍ എന്നിവരുമായി ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ലഈഖ് അഹ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ചയായിരുന്നു. അവിടെ നടന്ന ചര്‍ച്ചയില്‍ മറ്റു ചില മുസ്‌ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്തു എന്നതായിരുന്നു ജമാഅത്ത് നേതാക്കള്‍ നല്‍കിയ മറുപടി. എവിടെയും ഈ ചര്‍ച്ച സംബന്ധിച്ച് ജമാഅത്ത് നേതാക്കളും എഴുത്തുകാരും ആശങ്കകള്‍ക്ക് മറുപടി നല്‍കുന്നില്ല.
ചര്‍ച്ചയെപ്പറ്റി, നല്ലൊരു അവസരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നു പറയുന്ന ജമാഅത്ത് നേതാക്കള്‍, സ്വന്തമായി പത്രവും ചാനലുമുണ്ടായിട്ടും ജനുവരി 26 വരെ ഇത് മൂടിവെച്ചതെന്തേ? സംഗതി വേറെ വഴികളിലൂടെ പുറത്തുവരുകയും വിവാദമാവുകയും ചെയ്തപ്പോഴാണ് ‘മാധ്യമ’ത്തിലൂടെ ജമാഅത്തെ ഇസ്‌ലാമി ഇക്കാര്യം പുറത്തുവിടുന്നത്.
‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ ടി ആരിഫലിയുടെയും ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെയും അഭിമുഖം പ്രസിദ്ധപ്പെടുത്തിയിരുന്നു. ചര്‍ച്ചയിലൂടെ പല ഉറപ്പുകളും ലഭിച്ചുവെന്ന ഇന്ദ്രേഷ് കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ശക്തമായി പ്രതിഷേധിച്ചത്.
തുടര്‍ന്ന് ഫെബ്രുവരി 17ന് ‘മാധ്യമം’ വീണ്ടും വിശദീകരണവുമായെത്തി. പക്ഷേ, എ ആറിന്റെ ലേഖനത്തിലും വിവാദ പരാമര്‍ശത്തെക്കുറിച്ച് ഒന്നും കണ്ടില്ല. ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും ഒന്നിച്ച് ജയിലില്‍ കഴിഞ്ഞ കാലം എടുത്തുദ്ധരിച്ച എ ആര്‍, ഇസ്‌ലാമിനെപ്പറ്റി ആര്‍ എസ് എസ് നേതാക്കള്‍ക്ക് വ്യക്തമാക്കിക്കൊടുത്തതായി പറയുന്നു. ഇക്കഴിഞ്ഞ ചര്‍ച്ചയിലും ഇത് നടന്നോ ആവോ? ഇതര മുസ്‌ലിം സംഘടനകളെ സംബന്ധിച്ചേടത്തോളം ഇതും ആശങ്ക തന്നെ. കാരണം ജമാഅത്ത് ലക്ഷ്യമിടുന്ന മതരാഷ്ട്രമല്ല ഇതര മുസ്‌ലിം സംഘടനകളുടെ ഇസ്‌ലാം.
ഇന്ത്യന്‍ ജനാധിപത്യ- മതേതരത്വത്തെ ശക്തിപ്പെടുത്തണമെന്നു പറയുകയും മൗലാനാ മൗദൂദിയുടെ മതരാഷ്ട്രവാദത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമി എന്തൊക്കെയോ ഭയക്കുകയും പലതും ഒളിച്ചുവെക്കുകയും ചെയ്യുന്നുവെന്നാണ് ഈ സംഭവവികാസങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ജമാഅത്തെ ഇസ്‌ലാമി ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. താലിബാന്‍ വിസ്മയവും അഫ്ഗാന്‍ സ്വാതന്ത്ര്യവും കൊട്ടിഘോഷിച്ച ജമാഅത്തെ ഇസ്‌ലാമി, പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം പോലും നിഷേധിച്ച നിലവിലെ താലിബാന്‍ ഭരണത്തോടുള്ള നിലപാടിനെപ്പറ്റിയും മിണ്ടുന്നില്ല. നിലപാടുകള്‍ മാറലും മാറ്റലും സ്വാഭാവികം. സമ്മതിക്കാനും തുറന്നുപറയാനും സന്മനസ്സുണ്ടായാല്‍ മതി. ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് ഇത് പ്രതീക്ഷിക്കാമോ?