28 Thursday
March 2024
2024 March 28
1445 Ramadân 18

വൈജ്ഞാനികതീരത്തെ കൗതുകച്ചെപ്പുകള്‍

ഡോ. ഇ കെ അഹ്മദ്കുട്ടി / ഹാറൂന്‍ കക്കാട്‌


സ്വന്തം വീടും കുടുംബവും നാടും നല്‍കിയ ഒട്ടേറെ കെല്‍പുറ്റ അനുഭവസമ്പത്തുമായാണ് ഡോ. ഇ കെ അഹ്മദ്കുട്ടി നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. ചെറുപ്പകാലം തൊട്ടേ മത-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുക വഴി ജീവിതത്തില്‍ ഒട്ടേറെ നന്മകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചു. വല്യുപ്പ ഇ കെ മൗലവിയുടെയും പ്രധാന ഗുരുനാഥന്മാരായ എടപ്പാറ കുഞ്ഞഹമ്മദ് മൗലവി, എന്‍ കെ അഹ്മദ് മൗലവി, കെ എന്‍ ഇബ്‌റാഹീം മൗലവി തുടങ്ങിയവരുടെയും ദീപ്തസാന്നിധ്യവും ധന്യമായ പ്രവര്‍ത്തനചാതുരിയും അദ്ദേഹത്തിന് ഔത്സുക്യവും ആത്മാഭിമാനവും നല്‍കി.
തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തിയ കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തില്‍ തന്നെ അംഗത്വമെടുത്തുകൊണ്ട് ഡോ. ഇ കെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. വിദ്യാഭ്യാസ ആവശ്യാര്‍ഥം കൂടുതല്‍ സമയവും നാട്ടില്‍ നിന്ന് അകന്നുകഴിയേണ്ടി വന്നതിനാല്‍ നുസ്‌റത്തിന്റെ മുഴുസമയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പലപ്പോഴും അദ്ദേഹത്തിനു കഴിഞ്ഞില്ല.
1960-63ല്‍ ഫാറൂഖ് കോളജിലെ പഠന കാലഘട്ടത്തില്‍ കോളജ് യൂനിയന്റെ ഭാഗമായ ഇസ്‌ലാമിക് അസോസിയേഷന്റെ സെക്രട്ടറിയായി ഡോ. ഇ കെ തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസിലെ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളിന്റെ സെക്രട്ടറിയും അദ്ദേഹമായിരുന്നു. ഇരു സംഘടനകളുടെയും ബാനറില്‍ വിവിധ മത-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. പുതുതായി കോളജ് കാമ്പസിലെത്തുന്ന കൗമാരക്കാര്‍ക്കിടയില്‍ ശാസ്ത്രീയമായും ക്രിയാത്മകമായും വ്യത്യസ്ത ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
1965ല്‍ മമ്പാട് കോളജില്‍ അധ്യാപകനായിരുന്ന കാലത്ത് സജീവമായ മത-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ഇ കെ മുന്നിട്ടിറങ്ങി. കോളജ് കാമ്പസിലെ പള്ളിയുമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങളായിരുന്നു അന്ന് പ്രധാനമായും സംഘടിപ്പിച്ചിരുന്നത്. ഖുര്‍ആന്‍ പഠന ക്ലാസുകള്‍, ഇസ്‌ലാമിക ചര്‍ച്ചാവേദികള്‍, ലൈബ്രറി തുടങ്ങിയവയെല്ലാം അവിടെ നടത്തിയിരുന്നു. ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടായിരുന്നില്ല ഇത്തരം പരിപാടികള്‍ക്ക്.
രാവിലെ കോളജ് പഠനം തുടങ്ങുന്നതിനു മുമ്പ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഇസ്‌ലാമിക പഠന ക്ലാസുകള്‍ ഡോ. ഇ കെയുടെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചിരുന്നു. ഏതാനും വര്‍ഷം മമ്പാട് കോളജ് പള്ളിയില്‍ ജുമുഅ ഖുത്ബ നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. മമ്പാട് അധികാരി സ്ഥാപിച്ച കാമ്പസിലെ ഈ പള്ളിയില്‍ മാത്രമാണ് ആ ഏരിയയില്‍ അന്ന് മലയാളത്തില്‍ ജുമുഅ ഖുത്ബ നടന്നിരുന്നത്. അതിനാല്‍ മമ്പാടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നെല്ലാം നിരവധി പേര്‍ ജുമുഅയില്‍ പങ്കാളികളാവാന്‍ പള്ളിയിലെത്തുക പതിവായിരുന്നു. മമ്പാട് കോളജില്‍ സേവനമനുഷ്ഠിക്കുന്ന കാലത്ത് കേരള നദ്‌വത്തുല്‍ മുജാഹിദീനുമായുള്ള ബന്ധവും പ്രവര്‍ത്തനങ്ങളും ക്രമേണ വര്‍ധിച്ചു. പ്രൊഫ. ടി അബ്ദുല്ല സാഹിബ്, അദ്ദേഹത്തിനു ശേഷം പ്രൊഫ. ടി പി മുഹമ്മദ് കുഞ്ഞ് എന്നിവരായിരുന്നു ഇകെയുടെ സേവനകാലത്ത് മമ്പാട് കോളജിന്റെ പ്രിന്‍സിപ്പല്‍മാര്‍. സി എന്‍ അഹ്മദ് മൗലവി പ്രസിഡന്റായിരുന്ന ഏറനാട് എജ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ച മമ്പാട് കോളജ് പിന്നീട് ഡോ. പി കെ അബ്ദുല്‍ഗഫൂര്‍ പ്രസിഡന്റായ എം ഇ എസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.
കാലം കാത്തുവെച്ച ഒട്ടേറെ കൗതുകങ്ങളുടെ മനോഹരമായ ചെപ്പ് തുറക്കാനുള്ള അപൂര്‍വ സൗഭാഗ്യങ്ങളുമായാണ് ഡോ. ഇ കെ മലപ്പുറം ജില്ലയിലെ ചേളാരിക്കു സമീപമുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലെത്തിയത്. മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ത്യാഗനിബദ്ധമായ ഇടപെടലുകളാല്‍ യാഥാര്‍ഥ്യമായ ഈ യൂനിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിക്കാന്‍ നിയോഗം ലഭിച്ചത് അദ്ദേഹത്തിന് ഏറെ സന്തോഷം നല്‍കി. അന്നത്തെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം എം അബ്ദുല്‍ഗനിയും യൂനിവേഴ്‌സിറ്റി ഡീന്‍ എം ശൈഖ് മുഹമ്മദ് മൗലവിയും നല്‍കിയ പ്രോത്സാഹനങ്ങളും ആത്മധൈര്യം പകര്‍ന്നു.
1974ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗത്തില്‍ ലക്ചററായി ഡോ. ഇ കെ നിയമിതനായി. 29 വര്‍ഷത്തിനു ശേഷം 2003ല്‍ അറബി വകുപ്പു മേധാവിയായാണ് സര്‍വീസില്‍ നിന്ന് പടിയിറങ്ങിയത്. ഔദ്യോഗിക ജീവിതത്തിന് വര്‍ണാഭമായ ശോഭ നല്‍കിക്കൊണ്ട് ഒട്ടേറെ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ ഭാഗമാവാനും ശ്രദ്ധേയമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. യൂനിവേഴ്‌സിറ്റിയിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളുമായി സഹകരിച്ച് വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചിരുന്നു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുസ്‌ലിം അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലാതെ പൊതുപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന യൂനിവേഴ്‌സിറ്റിയിലെ സജീവമായ ഒരു കൂട്ടായ്മയായിരുന്നു ഇത്. മാതൃകാപരമായ വിദ്യാഭ്യാസ പരിപാടികളും കാലിക ചര്‍ച്ചകളും ഈ പൊതുവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്നു.

മൂന്നു പതിറ്റാണ്ട് കാലത്തോളം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ അറബി വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ കര്‍മനിരതനായിരുന്ന ഡോ. ഇ കെയുടെ വൈജ്ഞാനിക ചക്രവാളത്തിലൂടെയുള്ള സഞ്ചാരം ഏറെ ഹൃദ്യമായിരുന്നു. ദീര്‍ഘിച്ച ഈ കാലയളവില്‍ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍മാരായി വിവിധ ഘട്ടങ്ങളില്‍ സേവനമനുഷ്ഠിച്ച ഡോ. എം എം അബ്ദുല്‍ഗനി, ഡോ. എന്‍ എ എ നൂര്‍ മുഹമ്മദ്, പ്രൊഫ. കെ എ ജലീല്‍, ഡോ. ടി എന്‍ ജയചന്ദ്രന്‍ ഐ എ എസ്, ഡോ. ടി കെ രവീന്ദ്രന്‍, പ്രൊഫ. എ എന്‍ പി ഉമ്മര്‍കുട്ടി, ഡോ. കെ കെ എന്‍ കുറുപ്പ്, പ്രൊഫ. സയ്യിദ് ഇഖ്ബാല്‍ ഹസനൈന്‍ തുടങ്ങിയവരുടെ കീഴില്‍ സേവനമനുഷ്ഠിക്കാനും ആത്മബന്ധം സ്ഥാപിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഹൃദ്യമായ അനുഭൂതിയായിരുന്നു എന്ന് ഡോ. ഇ കെ പറയുന്നു. മലയാള വിഭാഗം മേധാവിമാരായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട്, ഡോ. എം എം ബഷീര്‍, ഡോ. എം എന്‍ കാരശ്ശേരി, ചരിത്ര വിഭാഗം മേധാവിയായിരുന്ന ഡോ. എം ജി എസ് നാരായണന്‍, ഹിന്ദി വിഭാഗം മേധാവിമാരായിരുന്ന പ്രൊഫ. മാലിക് മുഹമ്മദ്, പ്രൊഫ. ജി ഗോപിനാഥ് സംസ്‌കൃതവിഭാഗം മേധാവിയായിരുന്ന ഡോ. എന്‍ വി പി ഉണിത്തിരി തുടങ്ങിയ പ്രമുഖരുമായും വളരെ അടുത്ത സ്‌നേഹബന്ധം സ്ഥാപിക്കാനും യൂനിവേഴ്‌സിറ്റി ജീവിതകാലത്ത് കഴിഞ്ഞു.
യൂനിവേഴ്‌സിറ്റിക്ക് സമീപമുള്ള കോഹിനൂര്‍ സലഫി മസ്ജിദുമായും അനുബന്ധ പ്രവര്‍ത്തനങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ ഈ കാലയളവില്‍ നിരവധി അവസരങ്ങള്‍ ഡോ. ഇകെക്ക് ലഭിച്ചു. കോഹിനൂരിലെ മുജാഹിദ് പള്ളി യാഥാര്‍ഥ്യമായത് എം കെ ഹാജിയുടെ ധീരമായ ഇടപെടലിലൂടെയായിരുന്നു. പ്രദേശത്ത് ഒരു സംഘടനാ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ധീരമായ ഒരു പ്രഖ്യാപനം നടത്തി: ‘അടുത്ത ആഴ്ച മുതല്‍ കോഹിനൂരില്‍ മലയാളത്തില്‍ ജുമുഅ ഖുത്ബ നിര്‍വഹിക്കുന്ന ഒരു പള്ളി ആരംഭിക്കണം. അതിന്റെ നിര്‍മാണത്തിന് ആവശ്യമായ മരം, ഓല തുടങ്ങിയ വസ്തുക്കള്‍ നിങ്ങള്‍ക്ക് സംഘടിപ്പിക്കാന്‍ പ്രയാസമാണെങ്കില്‍ ഞാന്‍ തിരൂരങ്ങാടിയില്‍ നിന്ന് കൊണ്ടുവരാം”- ഈ പ്രഖ്യാപനം കേട്ട് അഡ്വ. പി എം മുഹമ്മദ്കുട്ടി സാഹിബ് ഉള്‍പ്പെടെയുള്ള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ സാരഥികള്‍ ആവേശഭരിതരായി. അവിടെ ഒരു പള്ളി പണിയണമെന്നത് എല്ലാവരുടെയും വലിയ സ്വപ്‌നമായിരുന്നു. അങ്ങനെ അതിവേഗം ഒരു ഓലഷെഡ് നിര്‍മിച്ച് കോഹിനൂര്‍ സലഫി മസ്ജിദ് യാഥാര്‍ഥ്യമാക്കി. തുടര്‍ന്ന് പള്ളി കേന്ദ്രീകരിച്ച് നിസ്വാര്‍ഥരായ പ്രവര്‍ത്തകന്മാര്‍ ബഹുമുഖ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രമുഖ പണ്ഡിതന്‍ പി കെ അലി അബ്ദുറസാഖ് മദനിയായിരുന്നു പള്ളിയിലെ ഖതീബ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഡോ. ഇകെയും ഇവിടെ ഖതീബായി സേവനമനുഷ്ഠിച്ചു.
യൂനിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിച്ച കാലഘട്ടത്തില്‍ കോഴിക്കോട് മുജാഹിദ് സെന്ററുമായി സ്ഥിരമായി ബന്ധപ്പെടാനും വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാനും ഡോ. ഇകെക്ക് സാധിച്ചു. അവിഭക്ത കെ എന്‍ എമ്മിന്റെ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനായി കുറെ വര്‍ഷം അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മദ്‌റസാ വിദ്യാഭ്യാസ സിലബസ് രൂപീകരണം, പാഠപുസ്തക രചന തുടങ്ങിയവക്ക് നേതൃത്വം നല്‍കി. വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ കെ എന്‍ എം സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ എക്‌സ് ഒഫീഷ്യോ മെമ്പറായിരുന്നു. ആ കാലഘട്ടത്തില്‍ നടന്നിരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളിലും ജില്ലാ-മണ്ഡലം സംഗമങ്ങളിലും പ്രഭാഷകനായും പ്രബന്ധാവതാരകനായും അദ്ദേഹം സംബന്ധിച്ചു. മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. കെ എന്‍ എം പബ്ലിഷിങ് വിങിലൂടെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കര്‍മമണ്ഡലത്തില്‍ സജീവമായിരുന്ന ആ കാലഘട്ടത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചിരുന്നുവെന്നും ഡോ. ഇ കെ ഓര്‍ക്കുന്നു.
തിരൂരങ്ങാടിയില്‍ താമസമാക്കിയ ആദ്യകാലത്ത് അവിഭക്ത കെ എന്‍ എമ്മിന്റെ ശാഖാ, മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികളിലും സംസ്ഥാന കൗണ്‍സിലിലും അംഗമായിരുന്നു ഡോ. ഇ കെ. എന്നാല്‍ ഈ കാലത്ത് സംഘടനാ നേതൃതലങ്ങളില്‍ മുഖ്യ ഭാരവാഹിത്വം വഹിച്ചിരുന്നില്ല.
എം കെ ഹാജി:
മറക്കാനാവാത്ത ജീവിതം

1968ലായിരുന്നു ഡോ. ഇ കെയും എം കെ ഹാജിയുടെ മകള്‍ എം കെ സഫിയയും വിവാഹിതരായത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന ഇ കെ മൗലവിയും എം കെ ഹാജിയും തമ്മിലുണ്ടായിരുന്ന അതുല്യമായ ആത്മബന്ധമാണ് ഈ വിവാഹത്തിന് നിമിത്തമായത്. മക്കളുടെ വൈവാഹിക ബന്ധത്തിന് ആദര്‍ശപ്പൊരുത്തം മാത്രം മുഖ്യ ഘടകമായി സ്വീകരിച്ച വ്യക്തിയായിരുന്നു എം കെ ഹാജി. അദ്ദേഹത്തിന്റെ മറ്റു മക്കളെ എന്‍ വി അബ്ദുസ്സലാം മൗലവിയുടെ മകന്‍ പ്രൊഫ. എന്‍ വി അബ്ദുറഹ്മാനും കുഞ്ഞോയി വൈദ്യരുടെ മകന്‍ ഡോ. എം അബ്ദുല്‍മജീദും എ വി അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ എ വി അബ്ദുല്ലയും ഫലക്കി മുഹമ്മദ് മൗലവിയുടെ അനുജന്‍ പ്രൊഫ. പി എം അബ്ദുര്‍ റഹ്മാനുമാണ് വിവാഹം ചെയ്തത്.
എം കെ ഹാജിയുടെ അസാധാരണമായ വ്യക്തിത്വവും സ്ഫടികസമാനമായ ജീവിതവിശുദ്ധിയും നേരിട്ടറിയാന്‍ അദ്ദേഹത്തിന്റെ മകളുമായുള്ള വിവാഹബന്ധത്തിലൂടെ ഒട്ടേറെ അവസരങ്ങള്‍ ഡോ. ഇകെക്ക് ലഭിച്ചു. നവോത്ഥാന പ്രക്രിയകളില്‍ പരമാവധി സജീവമാവാന്‍ കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി വന്നുചേര്‍ന്നു. വിനയത്തിന്റെയും ദയാനുകമ്പയുടെയും ദൂതനായി കാലം അടയാളപ്പെടുത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു മൂന്നുകണ്ടം കുഞ്ഞഹമ്മദ് ഹാജി എന്ന എം കെ ഹാജി. പരീക്ഷണങ്ങളുടെ അഗ്നിജ്വാലകള്‍ മഹാമാരികളുടെയും മഹാപ്രളയങ്ങളുടെയും ഭീകരരൂപത്തില്‍ കനത്ത പ്രതിസന്ധികളുടെ വന്‍മതിലുകള്‍ സൃഷ്ടിച്ചപ്പോഴും സുസ്‌മേരവദനനായി എല്ലാം ക്ഷമയോടെ അതിജീവിച്ച് സമൂഹത്തെ അദ്ദേഹം മുന്നോട്ടു നയിച്ചു. ഔപചാരിക മതവിദ്യാഭ്യാസമോ ബിരുദ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതിരുന്നിട്ടും അദ്ദേഹം സമുദായത്തിലെ ഉന്നത വിദ്യാഭ്യാസ പ്രചാരകനും ഉജ്ജ്വലമായ വൈജ്ഞാനിക സമുച്ചയങ്ങളുടെ സ്ഥാപകനുമായിത്തീര്‍ന്നത് അര്‍പ്പണബോധത്തോടെയും കഠിനാധ്വാനത്തിലൂടെയുമായിരുന്നു.

എം കെ ഹാജി വലിയൊരു പ്രസ്ഥാനസമാനയിരുന്നു എന്ന് ഡോ. ഇ കെ സാക്ഷ്യപ്പെടുത്തുന്നു. പതിനഞ്ചാം വയസ്സില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായി ജീവിതമാരംഭിച്ച എം കെ ഹാജി ഇരുപതാം വയസ്സില്‍ മദിരാശിയിലെത്തി, 1928ല്‍ അഹ്മദ് റസ്റ്റാറന്റ് സ്ഥാപിച്ചു. പിന്നീട് ഹോട്ടലുകളും ബേക്കറികളുമായി വിവിധ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. റബര്‍-തേയില എസ്റ്റേറ്റുകളുടെ ഉടമസ്ഥനായി. ഓരോ സ്ഥാപനങ്ങളും സംരംഭങ്ങളും നിര്‍ധനരായ അനേകം കുടുംബങ്ങള്‍ക്ക് വലിയ ആശ്രയമായി. എല്ലാറ്റിന്റെയും ഫലം അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല, ഒരു സമുദായം മുഴുവനായി അനുഭവിച്ചു. കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനവും മുസ്‌ലിംലീഗും ശക്തമായി വളര്‍ന്നു പന്തലിച്ചതിനു പിന്നില്‍ എം കെ ഹാജിയുടെ നേതൃത്വവും ധീരതയും സാമ്പത്തിക സഹായങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ എം മൗലവി, കെ എം സീതി സാഹിബ് തുടങ്ങിയ പ്രതിഭാശാലികള്‍ക്കൊപ്പം ആദര്‍ശപ്രചാരണരംഗത്തും സാമൂഹിക സേവന-കാരുണ്യ മേഖലകളിലും ജീവിതകാലം മുഴുവന്‍ നിറഞ്ഞുനിന്ന കര്‍മയോഗിയായിരുന്നു അദ്ദേഹം.
1939ല്‍ തിരൂരങ്ങാടിയില്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ സ്ഥാപിക്കുന്നതിന് എം കെ ഹാജി മുമ്പില്‍ നിന്നു. സ്വന്തം വീട് പണയം വെച്ചാണ് മദ്‌റസക്കു വേണ്ടി അദ്ദേഹം സ്ഥലം വാങ്ങിയത്. അനാഥമക്കളെ സംരക്ഷിക്കാന്‍ സ്വന്തം വീട് യത്തീംഖാനയ്ക്കു വേണ്ടി അദ്ദേഹം വിട്ടുകൊടുത്തു. കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ തയ്യാറാക്കി ജീവകാരുണ്യ മേഖലയില്‍ പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചു. പി എസ് എം ഒ കോളജ്, സീതി സാഹിബ് മെമ്മോറിയല്‍ ട്രെയിനിങ് സ്‌കൂള്‍, കെ എം മൗലവി മെമ്മോറിയല്‍ അറബിക് കോളജ്, ഓറിയന്റല്‍ എല്‍ പി സ്‌കൂള്‍, യു പി ഉള്‍െപ്പടെയുള്ള ഓറിയന്റല്‍ ഹൈസ്‌കൂള്‍ തുടങ്ങി മാതൃകാപരമായ വിവിധ സ്ഥാപനങ്ങള്‍ തിരൂരങ്ങാടിയുടെ മണ്ണില്‍ യാഥാര്‍ഥ്യമാക്കി. കോഴയും കൈക്കൂലിയുമില്ലാതെ ഈ സ്ഥാപനങ്ങളെല്ലാം സമൂഹത്തിന് മഹത്തായ മാതൃകകളും ഉജ്ജ്വല സന്ദേശങ്ങളും കൈമാറി. അദ്ദേഹത്തിന്റെ കാലശേഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയവുമൊക്കെ യാഥാര്‍ഥ്യമാക്കാന്‍ കെല്‍പുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനും എം കെ ഹാജിക്ക് കഴിഞ്ഞു.

പാവങ്ങളുടെ അത്താണിയായി എല്ലാ മതവിഭാഗങ്ങളെയും എം കെ ഹാജി അഗാധമായി സ്‌നേഹിച്ചു. നിയമസഭാ സാമാജികനായി കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ കെ പി രാമന്‍ ഇതിനുദാഹരണമാണ്. സമൂഹത്തിന്റെ താഴേത്തട്ടില്‍ കഴിഞ്ഞിരുന്ന നിരവധി പേരെ അദ്ദേഹം മുഖ്യധാരയിലേക്ക് കൈപിടിച്ച് ആനയിച്ചു. ഇസ്‌ലാഹി ആദര്‍ശം ഒരു ഘട്ടത്തില്‍ പോലും രാഷ്ട്രീയലക്ഷ്യങ്ങള്‍ നിറവേറ്റാനോ മറ്റു കാര്യലാഭങ്ങള്‍ക്കു വേണ്ടിയോ അദ്ദേഹം ബലികഴിച്ചില്ല. മുസ്‌ലിംലീഗ് വേദികളില്‍ പോലും ഖുര്‍ആനും നബിചര്യയും ഉദ്‌ഘോഷിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 1983 നവംബര്‍ അഞ്ചിന് 79ാമത്തെ വയസ്സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് എം കെ ഹാജി നിര്യാതനായത്. അന്ത്യനിമിഷം വരെ ഊര്‍ജസ്വലനായ വിപ്ലവനായകനായി പോരാടിയ ആ പരിഷ്‌കര്‍ത്താവിനെ കുറിച്ചുള്ള ദീപ്തമായ ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ ഹരിതാഭമായി നില്‍ക്കുകയാണെന്ന് ഡോ. ഇകെയുമായുള്ള സംഭാഷണം സാക്ഷ്യപ്പെടുത്തുന്നു. കൈമെയ് മറന്ന് ഒരു കാലഘട്ടത്തെ നയിച്ച ത്യാഗിവര്യര്‍ ഇതിഹാസ നക്ഷത്രങ്ങളായി എന്നും ജ്വലിച്ചുനില്‍ക്കും.
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x