27 Saturday
July 2024
2024 July 27
1446 Mouharrem 20

സത്യാഗ്രഹത്തിന്റെ ശതാബ്ദി


വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ഒരു വഴിത്തിരിവായ ചരിത്ര സംഭവമാണ് വൈക്കം സത്യാഗ്രഹം. ടി കെ മാധവന്റെയും കെ പി കേശവമേനോന്റെയും നേതൃത്വത്തില്‍ എല്ലാ മതസ്ഥരുടെയും പിന്തുണയോടെ നടന്ന വൈക്കം സത്യാഗ്രഹം അടിച്ചമര്‍ത്തുന്ന സാമൂഹിക വ്യവസ്ഥയ്‌ക്കെതിരായ ഐക്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ശ്രദ്ധേയമായ പ്രകടനമായിരുന്നു.
ജാതി വ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതിന്റെ എല്ലാ പ്രതിഫലനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്ന ശ്രേണീകൃത അസമത്വം കേരളത്തിലെയും സാമൂഹിക വ്യവസ്ഥയുടെ നെടുംതൂണായിരുന്നു. ഇതിനെതിരെയുള്ള ചെറുതും വലുതുമായ സമരങ്ങള്‍ കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ടു. കേരളം കൈവരിച്ചുവെന്ന് ഇന്ന് നാം അവകാശപ്പെടുന്ന നവോത്ഥാന മൂല്യങ്ങളുടെ പ്രസരണ കേന്ദ്രം ഇത്തരം സമരങ്ങളായിരുന്നു.
യഥാര്‍ഥത്തില്‍ നാം പ്രബുദ്ധത നേടിയോ എന്നത് വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. തൊട്ടുകൂടാത്തവര്‍ എന്ന് വിളിക്കപ്പെട്ടവര്‍ വിവേചനത്തിന് ഇരയായി. അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അവര്‍ക്ക് ക്ഷേത്രങ്ങളിലോ സ്‌കൂളുകളിലോ പൊതു ഇടങ്ങളിലോ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. വേര്‍തിരിക്കപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കേണ്ടിവന്നു. ജാതീയതയുടെ പേരിലുള്ള പീഡനങ്ങള്‍ വര്‍ധിച്ചു. കേരളത്തില്‍ നടന്ന മതപരിവര്‍ത്തനത്തിന് പിന്നില്‍ ഈ ജാതിപീഡനങ്ങളും ഒരു കാരണമായിരുന്നുവെന്ന് ചരിത്ര പണ്ഡിതന്മാര്‍ പറയുന്നുണ്ട്. ജാതിവിവേചനങ്ങള്‍ക്കെതിരെ പല രൂപത്തിലുള്ള സമരങ്ങളുണ്ടായി. പൊതു ഇടം നിഷേധിക്കപ്പെടുന്നതിനെതിരെ ആയിരുന്നു ഈ സമരങ്ങളൊക്കെയും. സവര്‍ണ സമൂഹം അവരുടെ സ്വകാര്യ ഇടങ്ങളെ പൊതുവായി അവതരിപ്പിക്കുകയും പൊതു ഇടങ്ങളെ അവരുടെ സ്വകാര്യ ഇടമായി മാറ്റുകയും ചെയ്യുന്ന പതിവാണ് കേരളത്തിലുണ്ടായിരുന്നത്.
1924 മാര്‍ച്ച് 30-ന് ടി കെ മാധവന്റെയും കെ പി കേശവ മേനോന്റെയും നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്കുള്ള മാര്‍ച്ചോടെയാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. പല തരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇരയായ മുസ്‌ലിംകളും ക്രിസ്ത്യാനികളും സത്യാഗ്രഹികളെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വരികയും അവരുടെ ഐക്യദാര്‍ഢ്യം പ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് ഇ വി രാമസ്വാമി നായ്ക്കര്‍ (പെരിയാര്‍), പഞ്ചാബില്‍ നിന്നുള്ള അകാലി പ്രസ്ഥാനം, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളില്‍ പിന്തുണയുമായി രംഗത്തെത്തി. ഗാന്ധിജിയും ഈ സമരത്തെ പിന്തുണച്ചിരുന്നു.
എന്നാല്‍, ഗാന്ധിയുടെ നിലപാട് വ്യത്യസ്തമായിരുന്നു. ഹിന്ദു സമൂഹത്തിലെ ആഭ്യന്തര വിഷയം എന്ന നിലയിലാണ് അദ്ദേഹമിതിനെ കണ്ടത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഒരു ഘട്ടത്തില്‍ സമരത്തിന് താല്‍ക്കാലിക വിരാമം ഉണ്ടായിരുന്നു. പിന്നീട്, സത്യാഗ്രഹികള്‍ ശക്തമായ സമരം ആരംഭിക്കുകയും വിജയത്തിലെത്തുകയും ചെയ്തു. സത്യഗ്രഹം എന്നത് തന്നെ ഗാന്ധിജിയുടെ ഒരു സമരമാര്‍ഗമായിരുന്നു. അന്നത്തെ രാജഭരണകൂടം, സമരത്തോട് മുഖം തിരിഞ്ഞുനിന്നെങ്കിലും, വൈക്കം പ്രസ്ഥാനം വളര്‍ന്നു. ഒടുവില്‍, ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ക്ഷേത്രം തുറന്നുകൊടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി. വൈക്കം സത്യാഗ്രഹം തൊട്ടുകൂടാത്തവരുടെ വിജയം മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മാനവികതയുടെയും മൂല്യങ്ങളുടെ വിജയമായിരുന്നു. വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സമൂഹത്തിലും സ്വാതന്ത്ര്യ സമരത്തിലും അഗാധമായ സ്വാധീനം ചെലുത്തി.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ന്യായമായ ലക്ഷ്യത്തിനായി പോരാടിയ സത്യാഗ്രഹികളുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നാം ഓര്‍ക്കണം. ഇന്ന് നാം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നാം ചിന്തിക്കണം. വൈക്കം സത്യാഗ്രഹം വെറുമൊരു ചരിത്ര സംഭവമായിരുന്നില്ല; അത് ഐക്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമാണ്, അത് ഇന്നും നമുക്ക് പ്രചോദനമാകേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x