28 Wednesday
January 2026
2026 January 28
1447 Chabân 9

വൈകിപ്പോയ ഏറ്റുപറച്ചില്‍

ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം തെറ്റായിരുന്നു എന്ന ഒരു പത്രപ്രവര്‍ത്തകന്റെ കുമ്പസാരം കേട്ടില്ലേ? ഈ ഏറ്റുപറച്ചിലിന് ഈ മഹാനായ പൊതുപ്രവര്‍ത്തകന്റെ മരണം വരെ കാത്തിരിക്കേണ്ടിവന്നു ഈ മാന്യനായ പത്രപ്രവര്‍ത്തകന്!
ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയും കുടുംബവും കേരള സമൂഹവും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനവും അനുഭവിച്ച നാണക്കേടിനും മനോവേദനയ്ക്കും ആര് പരിഹാരം കാണും? കേവലം വോട്ട്ബാങ്ക് മാത്രം ലക്ഷ്യം വെച്ച്, രാഷ്ട്രീയ മാന്യതയും നീതിയും ന്യായവും സത്യസന്ധതയും കൈവെടിഞ്ഞ് ലൈംഗികാരോപണം നടത്തി ആ രാഷ്ട്രീയ നേതാവിനെയും കുടുംബത്തെയും വ്യക്തിപരമായി തേജോവധം ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എന്ത് പേരിട്ടാണ് വിളിക്കുക?
രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ കേവലം വികല മനസ്സുകളെ ഇക്കിളിപ്പെടുത്തുന്ന നാലാംകിട മഞ്ഞപ്പത്ര കുപ്രചാരണമായി അധഃപതിച്ച ഒരു കാലഘട്ടമായിരുന്നു ആ കാലഘട്ടം. ഒരു സോളാര്‍ വനിതയുടെ അസ്ഥിരമായ ജല്‍പനങ്ങളെ പുല്‍കാന്‍ വെമ്പല്‍ കാണിച്ച രാഷ്ട്രീയ മനോഗതിയെ എന്തു പേരിട്ടാണ് വിളിക്കുക?
മഹാനായ ഈ പൊതുപ്രവര്‍ത്തകന്‍, നിഷ്‌കളങ്കനായ, നിസ്വാര്‍ഥനായ, അഹങ്കാരം തൊട്ടുതീണ്ടാത്ത എളിമയുടെ മകുടോദാഹരണമായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ 53ലേറെ വര്‍ഷം സ്വന്തം നാട്ടില്‍ ഒരേ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്നും ആള്‍ക്കൂട്ടത്തിനിടയില്‍ അവരുടെ പ്രയാസങ്ങളും ദുഃഖങ്ങളും പരിഹരിക്കാന്‍ രാവും പകലും ഇല്ലാതെ, സ്വന്തം ശരീരം പോലും നേരാംവണ്ണം ശ്രദ്ധിക്കാതെ പ്രവര്‍ത്തിച്ച ഈ മഹാനായ ജനകീയ നേതാവിനു കേരളം നല്‍കിയ ചരിത്രം സൃഷ്ടിച്ച യാത്രയയപ്പ് നാം കണ്ടതല്ലേ? ഏത് രാഷ്ട്രീയക്കാരനാണ് ഇത്തരമൊരു ജനകീയ യാത്രയയപ്പ് ഇതുവരെ ലഭിച്ചത്? നേതൃത്വം എന്തു പറഞ്ഞാലും അപ്പടി വിഴുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക.
സ്വന്തം ചിന്താശക്തിയെയും തിരിച്ചറിവുകളെയും സ്വന്തം പാര്‍ട്ടിയാപ്പീസില്‍ പണയം വയ്ക്കാതെ സത്യസന്ധമായ ആത്മാര്‍ഥതയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സജ്ജരാവുക. നേതൃത്വത്തിന്റെ നട്ടാല്‍ കുരുക്കാത്ത വ്യാജ പ്രചാരണങ്ങളോട് രാജിയാവുക, മുഖം തിരിക്കുക. രാഷ്ട്രീയ പ്രവര്‍ത്തനത്തെ സത്യസന്ധമായ, ആത്മാര്‍ഥമായ, പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുക. അതുല്യ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയോട് അവസാനമായി ഒരു വാക്ക്. മാപ്പ്. താങ്കളെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനായി അപവാദക്കഥകള്‍ പ്രചരിപ്പിച്ച ഈ സാക്ഷര കേരളത്തിന്റെ പേരില്‍.

Back to Top